August 14, 2021

COUNT DOWN (Novel) #21

അദ്ധ്യായം - 21

         മേശപ്പുറത്തിരുന്ന ഗ്ലാസിൻറെ മൂടി മാറ്റിയ ഡി ജി പി ഒറ്റ വലിക്ക് വെള്ളം മുഴുവൻ കുടിച്ചു തീർത്തു. പത്രക്കാർ മറുപടിക്കായി കാതോർത്തു.

“രാവണനെന്നത് പോലീസിനെ വഴിതെറ്റിക്കാൻ ഷൺമുഖനുണ്ടാക്കിയ ഒരു പുകമറ മാത്രമാണ്. അതിനുള്ള തെളിവുകൾ അയാളുടെ ഹൈറേഞ്ചിലെ താവളത്തിൽ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. ഷൺമുഖൻറെ ബ്ലാക്ക് സ്കോർപ്പിയോയ്ക്കുള്ളിൽ നിന്നും രാവണ സ്റ്റിക്കറുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാവണൻ പത്ത് പേരടങ്ങുന്ന ഒരു സംഘമാകുമെന്ന തരത്തിൽ കുറച്ച് ദിവസം പോലീസിൻറെ  വഴി തിരിച്ച് വിടാൻ അതിലൂടെ അയാൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കഥയുടെ ക്ലൈമാക്സിൽ ഷൺമുഖൻ തന്നെയാണ് ഈ കഥയിലെ രാവണൻ എന്ന് സ്ഥിതീകരിക്കാൻ ലഭ്യമായ തെളിവുകൾ പര്യാപ്തമാണ്.”

        ഡിജിപിയുടെ മറുപടിയിൽ അയാൾക്ക് പൂർണ്ണ തൃപ്തിയില്ലായിരുന്നു, പക്ഷേ അപ്പോഴേക്കും അടുത്ത ചോദ്യം വന്നു.

         “രാജ്യ സഭാ എം.പി യും ഐ.എസ്.പി യുടെ ദേശിയ അദ്ധ്യക്ഷനുമായിരുന്ന പി.ആർ പുരുഷോത്തമനും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇതേ രാത്രിയാണല്ലോ? അതേപ്പറ്റി അങ്ങേയ്ക്കെന്താണ് പറയാനുള്ളത്?

           “ശരിയാണ് ബഹുമാന്യനായ എം.പിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയത് ആർ.ഡി.എക്സ് ജോൺസണെന്ന കുപ്രസിദ്ധ ഗുണ്ടയാണ്. തങ്ങളുടെ ശക്തി തെളിയിക്കാനും അവരുടെ ലക്ഷ്യത്തിലേക്ക് വേഗമെത്താനുമാകാം ഒരു മുതിർന്ന ദേശീയ നേതാവിനെത്തന്നെ അവർ കൊലപ്പെടുത്തിയത്. ഷൺമുഖൻറെ സിംകാർഡിൽ നിന്നും ആ സംഭവത്തിനു മുൻപും ശേഷവും ജോൺസണിൻറെ ഫോണിലേക്ക് കോൾ പോയിട്ടുണ്ട്. ജോൺസണിൻറെ പേരിലുള്ള സിമ്മിൽ നിന്നാണ് മരണത്തിന് തൊട്ട് മുൻപ് പുരുഷോത്തമൻ സാറിന് കോൾ പോയിട്ടുള്ളതും.  അതിൽ നിന്നും ഇതിൻറെ പിന്നിലെ തിരക്കഥ വ്യക്തമല്ലേ. പിന്നാലെ നടന്ന പോലീസ് ആക്ഷനിൽ ഈ ജോൺസൺ കൊല്ലപ്പെട്ടു”

ഡി ജി പി പറഞ്ഞ് നിർത്തിയപ്പോൾ അടുത്ത ചോദ്യം വന്നു.

            “ഈ പത്രസമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുൻപാണ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് ശ്രീധരമേനോനും സൈമൺ ജോഷ്വ എന്ന പ്ലാൻററും സൈമണിൻറെ എസ്റ്റേറ്റിന് നടുവിലെ ഗസ്റ്റ്ഹൗസിൽ കൊല്ലപ്പെട്ടു കിടക്കുന്ന വാർത്ത വന്നത്. അതേപ്പറ്റി താങ്കൾക്കെന്താണ് പറയാനുള്ളത്.?”

         “അതിന് ചിലപ്പോൾ ഈ സംഭവ പരമ്പരകളുമായി ബന്ധമുണ്ടാകാം ഇല്ലായിരിക്കാം. ഈ ശ്രീധരമേനൊനെക്കുറിച്ച് നിങ്ങൾ തന്നെ കുറേയധികം ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതാണല്ലോ, പിന്നെ സൈമൺ ജോഷ്വ, അയാളും അത്ര നല്ല പുള്ളിയല്ലല്ലോ. ചിലപ്പോൾ ഈ അവസരത്തിൽ ആരെങ്കിലും പക തീർത്തതാവാം. നിങ്ങളെപ്പോലെ തന്നെ ഞാനും ഇവിടെക്ക് കയറുന്നതിന് തൊട്ട് മുൻപാണ് ആ സംഭവം അറിഞ്ഞത്. അവരുടെ മരണത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ വഴിയേ അറിയിക്കാം.”

********************************************

         ഡി ജി പിയുടെ വാർത്താ സമ്മേളനം ടി വിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേൽ. തന്നെ വിളിച്ച പത്രക്കാരോടെല്ലാം ഡി ജി പി കാര്യങ്ങൾ വിശദീകരിക്കും എന്നാണ് പറഞ്ഞത്. നാളെ സർക്കാർ വിശദമായ വാർത്താ സമ്മേളനം നടത്തുമെന്നും പറഞ്ഞിരുന്നു.  ഇന്ന് രാത്രി ഷൺമുഖൻറെ തടങ്കലിൽ നിന്നും രക്ഷപെട്ട് വന്നവർക്കായി ആഭ്യന്തര മന്ത്രി ഒരുക്കുന്ന അത്താഴവിരുന്നിനുള്ള ഒരുക്കങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്നുണ്ടായിരുന്നു. സർക്കാരിനെയും, സംസ്ഥാന പോലീസിനെയും, ആഭ്യന്തര മന്ത്രിയെയും മാധ്യമങ്ങൾ വാനോളം പുകഴ്ത്തുമ്പോളും ആർക്കും മുഖം നൽകാതെ സന്ദർശകരെ അനുവദിക്കാതെ ആ പകൽ ദിനകരൻ പാറക്കുന്നേൽ വീട്ടിൽ തന്നെയിരുന്നു.

******************************************

 ഡി.വൈ.എസ്.പി ഹരീഷിനെ കാണാൻ ആശുപത്രിയിൽ ഉമ കല്ല്യാണിയെത്തി ഒപ്പം മനോജ് സെബാസ്റ്റ്യനും ഉണ്ടായിരുന്നു. അവരെ കണ്ട ഹരീഷിൻറെ മുഖത്തൊരു ചമ്മലുണ്ടായിരുന്നു.

“സോറി മാഡം”
ഹരീഷ് എന്തിനാണ് സോറി പറഞ്ഞതെന്ന് ഉമയ്ക്ക് മനസിലായില്ല.

“എന്താണ് ഹരീഷ് ഒരു സോറി പറച്ചിൽ, എന്തിനാണ്?”

“ഈ കേസ് തുടങ്ങിയ നാൾ മുതൽ ഓരോ കുഴപ്പത്തിൽ ചെന്ന് ചാടി ഞാൻ ആശുപത്രിയിൽ തന്നെയായിപ്പോയി. അതിലെനിക്ക് ചമ്മലുമുണ്ട്, വിഷമവുമുണ്ട്.”

“അത് സാരമില്ല ഹരീഷ് താങ്കൾ വെറുതേയുണ്ടാക്കി വച്ച പരിക്കല്ലല്ലോ ഇതൊന്നും, അന്വേഷണത്തിൻറെ ഭാഗമായുണ്ടായതല്ലേ.” അവിടേക്ക് ഉമയുടെ സംഘത്തിലെ ബാക്കി അംഗങ്ങളുമെത്തി, ഉണ്ണിക്കൃഷ്ണനും, റഫീക്കും, വന്ദനയും ദീപികയും അഞ്ജനയും.

തുടർന്ന് എല്ലാവരോടുമായാണ് ഉമ സംസാരിച്ചത്.

“നമ്മൾ ഏറ്റെടുത്ത മിഷൻ പൂർത്തിയായി. കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ രക്ഷപെടുത്തി. കുറ്റക്കാർ കൊല്ലപ്പെടുകയും ചെയ്തു. ഇനി ചില ലീഗൽ ഫോർമാലിറ്റികൾ മാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ടുള്ളത്. ഹരീഷ് നിങ്ങളെ ഈ അവസരത്തിൽ ഒഴിവാക്കാനാവാത്തു കൊണ്ടാണ് ഇവിടെ വച്ച് ഇങ്ങനെയൊരു മീറ്റിംഗ് അറേഞ്ച് ചെയ്തത്. എല്ലാവർക്കും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു.
പിന്നെ എന്നെ അറിയിക്കാതെ ഹരീഷ് നേതൃത്വം നൽകിയ പാരലൽ അന്വേഷണം എവിടെ വരെയായി..... ?”

    ഉമയുടെ ആ ചോദ്യത്തിന് മുന്നിൽ ഹരീഷ് പതറി, ഉമ എങ്ങനെ ഇതറിഞ്ഞുവെന്നറിയാതെ ഹരീഷ് മനോജിനെ ഒളി കണ്ണിട്ട് നോക്കി. അത് ഉമ കണ്ടു.

“ഹരീഷേ മനോജിനെ നോക്കേണ്ട. മനോജ് എന്നോട് ഒരു ഫ്ലാഷ് ബാക്ക് കഥ പറഞ്ഞു. പക്ഷേ അത് മൊത്തം എഡിറ്റ് ചെയ്താണ് പറഞ്ഞതെന്ന് മാത്രം. യഥാർത്ഥത്തിൽ അതല്ല നിങ്ങൾ കണ്ടെത്തിയതെന്ന് എനിക്കറിയാം. എന്താ ഹരീഷേ അന്നത്തെ ആ എട്ടിൽ അവശേഷിച്ച ബാക്കി നാല് പേരെ കണ്ടെത്തിയോ, പിന്നെ രാവണന് പത്ത് തലയുണ്ടല്ലോ ? അപ്പോ അതിലൊരു തലയാണ് ഉമ കല്ല്യാണിയെന്നതിന് തെളിവ് കിട്ടിയോ?”

ഉമയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഹരീഷും മനോജും ഉൾപ്പെടെയുള്ള ടീമംഗങ്ങൾ മുഴുവൻ പതറിപ്പോയിരുന്നു. എല്ലാം ഉമ അറിഞ്ഞുവെന്നത് അവരെ അമ്പരപ്പിച്ചു.

        “നിങ്ങളെ ഞാൻ കുറ്റം പറയില്ല. കാരണം ഹരീഷ് എന്നെ സംശയിച്ചതിന് ന്യായീകരണമുണ്ട്. പക്ഷേ ഹരീഷ് നിങ്ങൾ ഈ രഹസ്യങ്ങൾ കണ്ടെത്തും വരെ എനിക്കും അതേപ്പറ്റി അറിവില്ലായിരുന്നു. എൻറെ കുടുംബത്തിന് സംഭവിച്ചത് ഒരു ആക്സിഡൻറ് ആണെന്ന് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. രാവണൻ ചെയ്തത് നിയമത്തിൻറെ കണ്ണിൽ തെറ്റു തന്നെയാണ്. പക്ഷേ നീതിയുടെ കണ്ണിലൂടെ നോക്കിയാൽ ഏറ്റവും വലിയ ശരിയും, അതുകൊണ്ട് തന്നെ ചിലയിടത്തൊക്കെ ഞാൻ ബോധപൂർവ്വം കണ്ണുകളടച്ചു.

ഈ ഒരു ഫ്ലാഷ് ബാക്കിലേക്ക് നിങ്ങളെ വലിച്ചിട്ടത് മനോജായിരുന്നില്ലേ, നിങ്ങളുടെ അന്വേഷണത്തെ ആ ഫ്ലാഷ് ബാക്കിൽ കുടുക്കിയിട്ടത് ഈ മനോജല്ലേ, രാവണന് ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ നമ്മുടെ അന്വേഷണത്തെ പലവഴിക്ക് ഗതി തിരിച്ച് വിടണമായിരുന്നു. ഒടുവിൽ ഈ ക്ലൈമാക്സിൽ രഹസ്യങ്ങൾ യാദൃശ്ചികമെന്നോണം എൻറെ ചെവിയിലെത്തിക്കണമായിരുന്നു. വെൽ എക്സിക്യൂട്ടട് പ്ലാൻ. പക്ഷേ ഹരീഷേ, രഹസ്യങ്ങൾ എന്നിൽ നിന്നും മറച്ച് വയ്ക്കാൻ ശ്രമിച്ചപ്പോൾ  നിങ്ങൾ ഉമയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു, രാവണനെയും. നിങ്ങൾ എന്നെ സംശയിച്ച പോലെ സി.ഐ. മനോജ് സെബാസ്റ്റ്യനെ സംശയിച്ചിരുന്നുവെങ്കിൽ താങ്കളുടെ അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടായേനേ. നിങ്ങൾ തിരിഞ്ഞ എട്ടിൽ ഒരാളാണ് ഹരിഷേ ഈ മനോജും. തെളിവുകൾ എൻറെ കയ്യിലില്ല. പക്ഷേ അതാണ് സത്യം.”

അത് കേട്ടിട്ടും മനോജിന് വലിയ ഭാവവ്യത്യാസങ്ങളില്ലായിരുന്നു. എന്നാൽ സംഘാംഗങ്ങളെല്ലാം വല്ലാത്തൊരു നടുക്കത്തിലായിരുന്നു.

**************************************************

            ആശുപത്രിക്കിടക്കയിൽ മണികർണ്ണികയുടെ അരികിൽ സതീഷ് ബോസും ശ്യാം മാധവുമുണ്ടായിയരുന്നു. തലയിണയിൽ ചാരിയിരുന്ന അവളുടെ വലം കൈ സതീഷ് തൻറെ വലം കൈയ്യോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.

“അഞ്ജനാ... ഞങ്ങൾ വാക്കു പാലിച്ചു. നിന്നെ വേദനിപ്പിച്ചവരാരും തന്നെ ഇനിയില്ല. നിൻറെ പകയും പ്രതികാരവും അവസാനിച്ചു. ഇനി നീ തന്ന വാക്കു പാലിക്കണം. ഇവിടുന്ന് ഡിസ്ചാർജ് ആയാൽ ഏതെങ്കിലുമൊരു ക്ഷേത്രമുറ്റത്ത് വച്ച് താലികെട്ടാൻ എനിക്ക് മുൻപിൽ നീ തല കുനിച്ച് തരണം. അതൊരിക്കലും സിമ്പതിയുടെ പുറത്തുള്ള തീരുമാനമല്ലെന്ന് നിനക്കിപ്പോൾ ബോദ്ധ്യമുണ്ടാകമല്ലോ. അഞ്ജനയായല്ല, ശത്രുവിൻറെ തല കൊയ്യുമ്പോൾ കൈ വിറയ്ക്കാത്ത, പതറിപ്പോകാത്ത ആ മണികർണ്ണികയെയാണ് ഞാൻ വിളിക്കുന്നത്. മുൻപ് ഈ ആവശ്യം പറഞ്ഞപ്പോഴൊക്കെ അവസാനിക്കാത്ത പകയുടെയും പ്രതികാരത്തിൻറെയും കാര്യങ്ങൾ പറഞ്ഞാണ് നീ ഒഴിവായത്. ഇനി നീ അനുസരിക്കേണ്ടി വരും”

സതീഷ് തൻറെ തീരുമനം പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ശ്യാമാണ് അവളുടെ കണ്ണുകൾ തുടച്ചത്.

“വേണ്ട സങ്കടക്കടലിൽ നിൽക്കുമ്പോഴും ഞങ്ങൾക്കുമുന്നിൽ ചിരിച്ചവളാണ് നീ. ഈ ശോകം നിനക്ക് തീരെ ഇണങ്ങുകയുമില്ല.  നിൻറെ കേസ് അന്വേഷിച്ചതിൻറെ പേരിൽ കുറേയേറെ പഴികൾ ഞാൻ കേട്ടു. ഉമ കല്ല്യാണിയുടെ നമ്പർ വൺ ശത്രുവായി മാറി, വേട്ടക്കാർക്ക് ഒപ്പമാണ് ഞാനെന്ന് പത്രക്കാരെഴുതി. ഈ കൊന്ന് തള്ളിയവൻമാരെയൊക്കെ അന്ന് നിയമത്തിൻറെ മുന്നിൽ കൊണ്ട് നിർത്തിയിരുന്നെങ്കിൽ എന്തായേനേ.... കോടതിയിലും മാധ്യമങ്ങളിലും അവർ നിന്നെ വിചാരണ ചെയ്ത് കാലങ്ങളോളം മാനം കെടുത്തും. എന്നിട്ടൊടുവിൽ നിയമത്തിൻറെ വലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് ആ വമ്പൻ സ്രാവുകൾ പുറത്തിറങ്ങി നിയമത്തെ കൊഞ്ഞണം കുത്തിക്കാണിക്കും. അതിനായി നിന്നെ വിട്ടു കൊടുക്കാൻ എനിക്കന്ന് തോന്നിയില്ല. അവർ അർഹിച്ചത് ഇങ്ങനെയൊരു അന്ത്യം തന്നെയാണ്. മരണത്തിൽ കുറഞ്ഞൊരു ശിക്ഷയും ഒരാളുടെയും മനസാക്ഷി അവർക്കെതിരേ വിധിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.”

ശ്യാം വികാരാധീനനായി, കണ്ണുകൾ നിറഞ്ഞിരുന്നു. മണികർണ്ണിക അത് കണ്ട് കണ്ണീരിനിടയിലും പുഞ്ചിരിച്ചു. “ഹേയ് കള്ളപ്പോലീസേ എൻറെ കണ്ണീരു തുടച്ചിട്ടെന്താ സാറിൻറെ കണ്ണീരൊഴുകുന്നേ... അന്ന് ഈ ലോകത്തിനു മുന്നിൽ ഇനിയെന്ത് എന്നറിയാതെ പകച്ച് നിന്ന എന്നെ ഒരു സഹോദരിയെപ്പോലെ സംരക്ഷിച്ച ശ്യാം മാധവ് ഐ.പി.എസ് അല്ലേ എൻറെ ഏറ്റവും വലിയ ശക്തി. എൻറെ ബിഗ് ബ്രദർ. ആ ബ്രദർ കണ്ണ് നനയ്ക്കരുത്. സതീഷ് സാർ പറഞ്ഞത് ശരിയാ. ആദ്യം കേസന്വേഷിച്ച ശ്യാം സാറും പിന്നെ വന്ന സതീഷ് സാറും എനിക്ക് തന്ന വാക്കു പാലിച്ചു. പിന്നെ പ്രണയം, സതീഷ് സാറിൻറെ പ്രണയം ഞാനർഹിക്കുന്നുവോ എന്ന ഒരു ഭയം മാത്രമേ ഇപ്പോഴുള്ളു.”

അവൾക്ക് മറുപടിയായി സതീഷ് അവളെ തൻറെ നെഞ്ചോട് ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു.

“അർഹത തീരുമാനിക്കേണ്ടത് നമ്മളാരുമല്ല. അങ്ങനെ നോക്കിയാൽ ഞാൻ ഈ ജീവിതത്തിൽ നേടിയ നേട്ടങ്ങൾ അർഹതയുള്ളതായിരുന്നുവോ? കുട്ടിക്കാലത്തേ പഠിക്കാനൊക്കെ മിടുക്കനായിരുന്നു ഞാൻ. അങ്ങനെയാണ് അന്നത്തെ ആ മത്സരത്തിൽ വിജയിയായതും, ടൂർ പോയതും. ശ്യാമിനെപ്പോലെ ആ ദുരന്തം കണ്ട എൻറെ കുഞ്ഞു മനസ്സും ആഗ്രഹിച്ചത് പോലീസ് കുപ്പായമായിരുന്നു. പക്ഷേ കുടുംബത്തിലെ ദാരിദ്രം ആ സ്വപ്നത്തിന് വിലങ്ങ് തടയായി നിന്നു. അവിടെ എന്നെ സഹായിക്കാൻ ഒരു സ്പോൺസറെത്തി. പിന്നെ പോലീസ് കുപ്പായം കിട്ടും വരെ പഠനത്തിൻറെ മുഴുവൻ ചെലവും വഹിച്ചത് ആ മനുഷ്യനായിരുന്നു. ഒരു പേരോ അഡ്രസോ ഇല്ലാത്ത അജ്ഞാതനായ ഒരു മനുഷ്യൻ. നേതാജിയോടുള്ള അടങ്ങാത്ത ആരാധന കൊണ്ട് അച്ഛൻ വാലിൽ എഴുതിച്ചേർത്ത ബോസ് എന്ന ബലം മാത്രമുണ്ടായിരുന്ന എൻറെ പേരിന് മുന്നിൽ ഐ.പി.എസ് എന്നെഴുതിച്ചേർത്തത് അദ്ദേഹമായിരുന്നു. എൻറെ ജീവിതത്തിൽ അങ്ങനെയൊരു രക്ഷകൻ അവതരിച്ച പോലെ നിൻറെ ജീവിതത്തിലെ രക്ഷാപുരുഷനായല്ല വിളിച്ചത്. എൻറെ പ്രാണൻറെ പാതിയാകാനാണ്. അതിന് പിന്നിൽ ഒറ്റക്കാരണം മാത്രമേയുള്ളു. പ്രണയം... പ്രണയം മാത്രം...”

അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാതെ ശ്യാം പതിയെ റൂമിന് പുറത്തേക്കിറങ്ങി, വാതിൽ ചാരി.
 
********************************************

 വൈകുന്നേരം തിരക്കിൽ നിന്നൊക്കെ ഒഴിവായി അഭിറാം അച്ഛൻറെ അരികിൽ ചെന്നു.

“ഇത്രകാലവും ഞാൻ അച്ഛൻ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചിട്ടേയുള്ളു, മുതിർന്നപ്പോൾ അച്ഛനെതിരായി സംസാരിക്കാൻ പറഞ്ഞത് അച്ഛൻ തന്നെയാണ്. ദിനകരൻ പാറക്കുന്നേലിൻറെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി സ്വന്തം മകൻ തന്നെയാണെന്ന് സർവ്വ മാധ്യമങ്ങളും എഴുതി. ഒരു രാഷ്ട്രീയപാർട്ടിയുടെയും തണലിൽ നിൽക്കാതെ യുവാക്കളുടെ ഒരു വലിയ സൈന്യം എൻറെ പിന്നിൽ അണി നിരന്നു. മുഖം നോക്കാതെ അഴിമതിക്കെതിരേയും കെടുകാര്യസ്ഥതകൾക്കെതിരേയും പ്രതികരിക്കുന്ന നേതാവെന്ന പട്ടം എനിക്ക് നേടിത്തന്നു. പരസ്പരം മത്സരിച്ചാൽ ദിനകരൻ പാറക്കുന്നേലിനെ തോൽപ്പിച്ച് നിയമസഭയിലേക്ക് പോകാൻ കെൽപ്പുള്ള മകനെന്നാണ് കഴിഞ്ഞ മാസത്തെ പോളിറ്റിക്സ് ടുഡേ മാസികയിൽ അടിച്ചു വന്നത്. അത്രത്തോളം എന്നെ വളർത്തിയത് അച്ഛൻറെ ബുദ്ധിയാണ്. എന്നിലൂടെ കൂട്ടത്തിലുള്ളതും എതിർചേരിയിലുള്ളതുമായ പല രാഷ്ട്രീയ കേമനൻമാരെയും അച്ഛൻ ഒഴിവാക്കി. അതൊക്കെ ഞാനും ആസ്വദിച്ചു. അഭിമാനിച്ചു. പക്ഷേ ഇപ്പോൾ എനിക്ക് സംശയങ്ങളുണ്ട്. ദിനകരൻ പാറക്കുന്നേൽ എന്ന ചാണക്യൻറെ തന്ത്രങ്ങളെക്കുറിച്ച്.”

അഭി പറഞ്ഞതെല്ലാം ക്ഷമയോടെയാണ് ദിനകരൻ കേട്ടത്.

“ശരിയാണ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ പലതും ഞാൻ നിന്നെക്കൊണ്ട് ചെയ്യിച്ചു. പക്ഷേ അങ്ങനെ ഭാരമെടുത്ത ആ തുമ്പിയുടെ കൈകൾക്കിപ്പോൾ ഏത് വന്മലയും ഇടിച്ച് നിരത്താൻ കെല്പുള്ള ജെ.സി.ബി യുടെ ബലമുണ്ട്. നിന്നെയെൻറെ തണലിൽ വളർത്തിയിരുന്നുവെങ്കിൽ നീ നാളെ അധികാരക്കസേരയിലെത്തുമ്പോ അത് മക്കൾ രാഷ്ട്രീയമെന്ന് എല്ലാവരും പറഞ്ഞേനെ, നിനക്കവിടെ സ്വന്തമായൊരു ഐഡൻറിറ്റി ഉണ്ടാകില്ല. നിന്നെ പിന്നിൽ നിന്ന് വെട്ടാൻ എൻറെയൊപ്പം നടക്കുന്നവരുമുണ്ടായേനെ. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. പ്രതിപക്ഷ പാർട്ടിയെപ്പോലെ തന്നെ ഐ.എസ്.പി യും നിന്നെ പാളയത്തിലെത്തിക്കാൻ പദ്ധതിയിടുന്നുണ്ട്ണ്ട്. എല്ലാവരുടെയും കാഴ്ചപ്പാടിൽ നമ്മൾ വലിയ ശത്രുക്കളാണല്ലോ. അവർക്ക് വേണ്ടത് എനിക്കെതിരായുള്ള ആയുധമാക്കാൻ നിന്നെപ്പോലെയൊരു കരുത്തനെയാണ്. ഈ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ നീ മത്സരിക്കണമെന്ന് ഈ സംസ്ഥാനത്തെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നു. അവിടെ നീ ദിനകരൻ പാറക്കുന്നേലിൻറെ പിൻമുറക്കാരനല്ല. അഭിറാം മാത്രമാണ്. അതിനുവേണ്ടിത്തന്നെയാണ് ഞാൻ കാത്തിരുന്നതും. പക്ഷേ അധികാര രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറഞ്ഞ് ഇത്തവണയും അഭിറാം മത്സരിക്കാതെ മാറി നിൽക്കും. പിന്നെ പതിയെ ദിനകരൻ പാറക്കുന്നേൽ എന്ന മുഖ്യമന്ത്രിയുടെ പാതയാണ് ശരിയെന്ന് നീ പ്രഖ്യാപിക്കും, നീ പാർട്ടി മെമ്പർഷിപ്പ് സ്വീകരിക്കും, നിനക്കൊപ്പം യുവതയുടെ വലിൊരു കുത്തൊഴുക്ക് ഈ പാർട്ടിയിലേക്കുണ്ടാകും. പിന്നെ നീ അധികാരക്കസേരയിലേക്കെത്തും. ഒരു പാട് വളരും.  ദിനകരൻ വളർന്ന് ഇത് വരെയെത്തിയതും ഇതുപോലുള്ള തന്ത്രങ്ങൾ കൊണ്ട് തന്നെയാണ്. ആ തന്ത്രങ്ങളിലൂടെ തന്നെ അടുത്ത നിയമസഭയിൽ മുഖ്യമന്ത്രിക്കസേരയിൽ ഞാനിരിക്കുകയും ചെയ്യും. നീ എനിക്ക് നേരേയും സർക്കാരിനു നേരെയും തുടരേ ആരോപണങ്ങളുന്നയിച്ചപ്പോ, പ്രതിപക്ഷത്തിന് കാഴ്ചക്കാരുടെ റോൾ മാത്രമായിരുന്നു. ഇപ്പോഴത്തെ ഈ പോലീസ് ആക്ഷനിലൂടെ സർക്കാരിൻറെയും ആഭ്യന്തര മന്ത്രിയുടെയും ഗ്രാഫ് ഒരുപാടുയർന്നു. ഒന്നും ചെയ്യാൻ ഇല്ലാതെ നിഷ്ക്രിയരായിപ്പോയ പ്രതിപക്ഷത്തേക്കാൾ ജനങ്ങൾ സ്വീകരിക്കുക സ്വന്തം മകനെ നഷ്ടപ്പെടുമെന്ന ഘട്ടത്തിലും ഒത്ത് തീർപ്പിന് തയ്യാറാകാതെ പോലീസിനെ സ്വതന്ത്രമാക്കി വിട്ട് ഗുണ്ടാരാജ് അമർച്ച ചെയ്ത ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തെയായിരിക്കും.”

ദിനകരൻ വലിയ സന്തോഷത്തിലും ആത്മവിശ്വാസത്തിലായിരുന്നു. പക്ഷേ അഭിറാം സന്തുഷ്ടനായിരുന്നില്ല.

“സ്വന്തം ഗ്രാഫുയർത്താൻ വേണ്ടി ഈ മകനെ അറിഞ്ഞുകൊണ്ട് കുരുതിക്കായി ഷൺമുഖന് നൽകിയതല്ലെന്ന് ഞാൻ വിശ്വസിക്കണോ? സ്വന്തം നേട്ടത്തിന് വേണ്ടി എന്ത് കുതന്ത്രവും പ്രയോഗിക്കുന്ന ആരെയും കുരുതികൊടുക്കുന്ന രാഷ്ട്രീയ തന്ത്രം. ഞാൻ കൊല്ലപ്പെടുക കൂടി ചെയ്തിരുന്നേൽ കുറച്ച് കൂടി ഗ്രാഫ് ഉയരുമായിരുന്നില്ലേ.? എന്തേ കണക്കുകൂട്ടൽ പിഴച്ചു പോയി അല്ലേ? അഞ്ജനയിലൂടെ ഉമ അവിടെയെത്തുമെന്ന് ഷൺമുഖനെപ്പോലെ അച്ഛനും കരുതിക്കാണില്ല അല്ലേ?”

പെട്ടെന്ന് വാതിലിൽ മുട്ടുകേട്ടു. അത് മന്ത്രിയുടെ പി എ ആയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് വാർത്തയുമായാണ് അദ്ദേഹം വന്നത്. പാർട്ടി നേതാക്കൾ കാണാൻ വന്നിട്ടുണ്ടെന്ന് അയാൾ അറിയിച്ചപ്പോൾ മുറിയിലേക്ക് വിളിക്കാൻ ദിനകരൻ പറഞ്ഞു. പി എ പോയിക്കഴിഞ്ഞപ്പോൾ ദിനകരന് അഭിക്ക് നേരേ തിരിഞ്ഞു.

“നീയിപ്പോൾ ചെന്ന് വിശ്രമിക്കു. വെറുതേ കാടു കയറി ചിന്തിക്കേണ്ട. നമുക്ക് പിന്നെ സംസാരിക്കാം.”

“എന്നെ എന്നും നിശബ്ദനാക്കാമെന്ന് അച്ഛൻ കരുതേണ്ട, ചതിയുടെ ചിലന്തിവലകളിൽ പതിയിരിക്കുന്ന ചിലന്തിക്ക് അച്ഛൻറെ മുഖമാണെങ്കിൽ ഈ വരുന്ന തിരഞ്ഞെടുപ്പിൽ അച്ഛനെതിരേ മത്സരിക്കാൻ ഈ മകൻ ആദ്യമായി അങ്കത്തിനിറങ്ങിയെന്ന് വരും.”

അഭിറാം ക്ഷോഭത്തോടെ അത് പറയുമ്പോൾ ദിനകരൻ പല്ലിറുമ്മുന്ന ശബ്ദം അഭിറാം കേട്ടു. അപ്പോഴേക്കും ദിനകരൻറെ പാർട്ടി നേതാക്കൾ കടന്ന് വന്നതിനാൽ മനസില്ലാതെ അഭിറാം പുറത്തേക്ക് പോയി.

       മുതിർന്ന പാർട്ടി നേതാക്കളെത്തി  രഹസ്യ യോഗം ചേർന്നതിന് പിന്നാലെയെത്തിയ ഡി ജി പിയും മന്ത്രിയുമായും എന്തൊക്കെയോ ചർച്ചകൾ നടക്കുന്നത് അവിടെയെത്തിയ ഉമ കാണുന്നുണ്ടായിരുന്നു. ആ തിരക്കൊഴിഞ്ഞിട്ട് ഉമയ്ക്ക് ദിനകരനോട് സംസാരിക്കാനുണ്ടായിരുന്നു. ഉമ പലവട്ടം വാതിലിനടുത്തേക്ക് വരുന്നത് ദിനകരൻ കണ്ടിരുന്നു.  ഡി ജി പി പോയിക്കഴിഞ്ഞപ്പോൾ ഉമ അമ്മാവൻറെ മുറിയിലെത്തി.

അവൾക്കെന്തോ തന്നോട് ചോദിക്കാനുണ്ടെന്ന് ദിനകരന് മനസിലായി.

“എന്താ മോളെ നിനക്കെന്നോട് എന്തേലും ചോദിക്കാനുണ്ടോ?

അതേയെന്നവൾ തലയാട്ടി. പക്ഷേ അൽപസമയത്തെ നിശബ്ദതയ്ക്ക് ശേഷമാണ് ഉമ സംസാരിച്ച് തുടങ്ങിയത്.

“ഞാനിപ്പോൾ സംസാരിക്കുന്നത് ആഭ്യന്തര മന്ത്രിയോടല്ല, എൻറെ അമ്മാവനോടാണ്. എൻറെ കുടുംബത്തിനുണ്ടായ ദുരന്തത്തിൻറെ പൂർണ്ണമായ ചിത്രം ഇത്രകാലവും എന്നിൽ നിന്ന് അമ്മാവൻ മറച്ചുവച്ചതിന് ഞാൻ തെറ്റ് പറയുന്നില്ല. പക്ഷേ ഷൺമുഖൻറെ വായിൽ നിന്നും അവസാനം ഞാൻ കേട്ടത് ഒരു ചതിയുടെ കഥയാണ്. മുഖംമൂടിയണിഞ്ഞ ഒരു രാഷ്ട്രീയക്കാരൻറെ ക്വട്ടേഷനാണ് എൻറെ കുടുംബത്തിനുണ്ടായ ദുരന്തമെന്ന ഷൺമുഖൻറെ മരണമൊഴി ഇപ്പോഴും എൻറെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.  ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് അന്നത്തെ എം.എൽ.എ ആയിരുന്ന പീതാംബരൻറെ ഏറ്റവും വിശ്വസ്തനായ അനുയായി ആയിരുന്നു ദിനകരൻ പാറക്കുന്നേൽ. അത്രയ്ക്ക് നല്ല ഭൂതകാലമല്ല അമ്മാവനുണ്ടായിരുന്നതെന്ന് പോലീസ് ജോലി നേക്കുന്ന എനിക്ക് വ്യക്തമായി അറിയാം. ശരിക്കും ഈ പുരുഷോത്തമൻറെ ഗുണ്ടയായല്ലേ അമ്മാവൻറെ രാഷ്ട്രീയ പ്രവേശം. നിങ്ങളെ എനിക്ക് വിശ്വസിക്കാമോ...? ഈ ചിരിക്കുന്ന മുഖം ഒരു മുഖംമൂടിയല്ലെന്ന് എനിക്ക് വിശ്വസിക്കാമോ? മോളെ എന്നുള്ള വിളിയിൽ കാപട്യമില്ലെന്ന് എനിക്കിനിയും വിശ്വസിക്കാമോ?”

എല്ലാം കേട്ടിരുന്ന ദിനകരന് യാതൊരു ഭാവഭേദവുമില്ലായിരുന്നു. അയാൾ ഒരു ദീർഘനിശ്വാസമെടുത്തു. എന്തെങ്കിലും മറുപടിക്കായി കാത്ത് നിന്ന ഉമയ്ക്ക് നിരാശയായിരുന്നു ഫലം. തൻറെ മുന്നിലിരിക്കുന്ന ദിനകരൻറെ നിസംഗഭാവം ഉമയുടെ സംശയങ്ങളെ ആളിക്കത്തിച്ചു.

“ഷൺമുഖൻ പറഞ്ഞത് പോലെ ഇതൊക്കെ ഞങ്ങളെ കരുക്കളാക്കി സമർത്ഥമായി ശ്യാം മാധവും കൂട്ടരും കളിച്ച ചതുരംഗമാണെങ്കിൽ, കേവലം കുറച്ച് ദിവസങ്ങൾ കൊണ്ട് സമർത്ഥമായി പ്ലാൻ ചെയ്ത് കേരളത്തിലെ ഗുണ്ടാപ്പടയുടെ അസ്ഥിവാരം ഉഴുതുമറിച്ചത് അവരാണെങ്കിൽ,   അവരാണ് യഥാർത്ഥ രാവണനെങ്കിൽ, എന്നെ ഇന്നത്തെ ഉമ കല്ല്യാണിയാക്കി വളർത്തിയ അമ്മാവൻറെ ആയുസ്സിന് വേണ്ടി ഞാൻ പ്രർത്ഥിക്കാം......”

    അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ ഉമ പുറത്തേക്ക് പോയി.... വാതിലിനപ്പുറം ഇതെല്ലാം കേട്ടുകൊണ്ട് അഭിറാം നിൽക്കുന്നുണ്ടായിരുന്നു....

                                                                            തുടരും…
                                                                                                                                       

          രഞ്ജിത് വെള്ളിമൺ


Click here for the last part >>

No comments:

Post a Comment

Type your valuable comments here