August 16, 2021

COUNT DOWN (Novel) #22 Climax

ഇത് ഈ നോവലിൻറെ അവസാന അദ്ധ്യായമാണ്. തുടക്കം മുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അദ്ധ്യായം – 22




  രാത്രി

ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതി

അത്താഴ വിരുന്നിന് ശേഷം മുറ്റത്തെ വലിയ പൂന്തോട്ടത്തിൻറെ അറ്റത്തായിരിക്കുന്ന എട്ടംഗ സംഘം.
ശ്യാം മാധവ്, കിരൺ മാത്യു, സതീഷ് ബോസ്, അൻവർ, അജിത്ത്, മുകുന്ദൻ, ജെറാൾഡ്, പിന്നെ കയ്യിലെ ഒടിവിൽ പ്ലാസ്റ്റർ ചെയ്ത് അഞ്ജനയും, അവളുടെ മുഖത്തെ മുറിപ്പാടുകളിലും ചെറിയ ബാൻഡേജ് ഒട്ടിച്ചിരുന്നു.

അവർക്കരികിലേക്ക് ചെല്ലാൻ എന്തുകൊണ്ടോ ഉമ മടിച്ചു. പക്ഷേ ഒട്ടും മടി കൂടാതെ അഭിറാമും സി ഐ മനോജ് സെബാസ്റ്റ്യനും അവർക്കൊപ്പം ചേർന്നു.

ദിനകരൻ പാറക്കുന്നേൽ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. അയാൾ വലിയ സന്തോഷത്തിലായിരുന്നു. ഒറ്റയ്ക്ക് മാറി നിൽക്കുന്ന ഉമയെ അഭിറാം നിർബന്ധിച്ച് മറ്റുള്ളവർക്കരികിലേക്ക് കൊണ്ട് വന്നു. അൽപനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഒടുവിൽ സംസാരിച്ച് തുടങ്ങിയത് ജെറാൾഡ് സേവ്യറാണ്.

“മാഡം ചിലതൊക്കെ അറിഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം.”

“അറിയാമെന്ന് മാത്രമല്ല തെളിവുകളും എൻറെ കയ്യിലുണ്ട്.” ഉമ ഇടിച്ചുകയറിയത് പറഞ്ഞപ്പോൾ ശ്യം പൊട്ടിച്ചിരിച്ചു.

“മാഡം ഉമാകല്ല്യാണിക്ക് അറിയാമല്ലോ, നമ്മൾ പോലീസുകാർ അൽപം അഹങ്കാരത്തോടെ പറയുന്ന ഒന്നുണ്ട്. ഒരു പോലീസുകാരൻ പ്ലാൻ ചെയ്ത് ഒരുത്തനെ കുടുക്കാൻ തീരുമാനിച്ചാൽ പിന്നെ ആരു വിചാരിച്ചാലും അവനെ ഊരിക്കൊണ്ട് പോകാൻ പറ്റില്ലെന്ന്., അതുപോലെ തന്നെ ഈ കളികളുടെ മുഴുവൻ തിരക്കഥ രചിച്ചത് കുറച്ച് പോലീസുകാരാണ്. പഴുതുകളില്ലാതെ പ്ലാൻ ചെയ്തുണ്ടാക്കിയ തിരക്കഥ. ഏത് മാർഗ്ഗത്തിലൂടെ നിങ്ങൾ അന്വേഷിച്ചാലും ആ വഴികളൊക്കെയും ഷൺമുഖനിലെത്തിച്ചേരും വിധം തയ്യാറാക്കിയ ഒരു ഗെയിമാണ് മാഡം രാവണൻ. ആത്മവിശ്വാസം നല്ലതാണ്. പക്ഷേ അമിതമായാൽ.....” ശ്യാം അർദ്ധോക്തിയിൽ നിർത്തി. അൽപ നേരം ആരും ഒന്നും മിണ്ടിയില്ല. ജെറാൾഡ് താൻ പറഞ്ഞു തുടങ്ങിയത് തുടർന്നു.

 “അന്ന് മാഡത്തിൻറെ കുടുംബത്തിനുണ്ടായത് പോലെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടവനാണ് ഞാനും. സ്വന്തം അനുജത്തിയുടെ മരണം….. വർഷങ്ങൾക്ക് ശേഷമാണ് അതിൻറെ പിന്നിലെ യാഥാർത്ഥ്യങ്ങൾ ഞാനുമറിഞ്ഞത്. സമാനമായ ദുരന്തങ്ങളുടെ ഒരു പാടു വാർത്തകൾ അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത എനിക്ക് പ്രതികാരം ചെയ്യാൻ തോന്നിയത് കേവലം എൻറെ അനിയത്തിയെ കൊന്നവരോട് മാത്രമായിരുന്നില്ല. നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഗുണ്ടാരാജിനെ പിഴുതെറിയാൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പോലീസുകാരിൽ പലരെയും ഞാനാദ്യം പരിചയപ്പെടുന്നത്. കൃത്യമായി വിവരങ്ങളും തെളിവുകളും ശേഖരിച്ച് ഞാൻ നൽകി. ശ്യാം സാറും കിരൺ സാറും സതീഷ് സാറുമൊക്കെ പല വമ്പൻമാരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പക്ഷേ അവരൊക്കെ ഭരണരഥത്തിലിരിക്കുന്നവർക്കും മറ്റ് ഉന്നതർക്കുമൊക്കെ വേണ്ടപ്പെട്ടവരായതിനാൽ തന്നെ അനായാസം പുറത്തിറങ്ങി ഞങ്ങളെ വെല്ലുവിളിച്ചു. തൊലിപ്പുറത്തെ ചികിത്സകൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്ന് അന്ന് ഞാനും തിരിച്ചറിഞ്ഞു.”

ജെറാൾഡ് പറഞ്ഞ് നിർത്തിയിടത്തു നിന്ന് ശ്യാം സംസാരിച്ചു തുടങ്ങി.

         “ഉമയക്കിപ്പോൾ അറിയാവുന്നത് പോലെ ഞാൻ കല്ല്യാണകൃഷ്ണൻ സാറിൻറെ കുടുംബത്തിനുണ്ടായ ദുരന്തത്തിൻറെ സാക്ഷിയാണ്. അന്ന് ആ പത്തംഗ സംഘത്തിലുണ്ടായിരുന്ന എട്ട് ആൺകുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ, പക്ഷേ മാഡത്തിൻറെ അച്ഛനും അമ്മയും അരുംകൊല ചെയ്യപ്പെട്ടതിന് ഞാൻ സാക്ഷിയല്ല. എന്നാൽ അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് ഏഴ് ആൺകുട്ടികളുണ്ടായിരുന്നു അതിനെല്ലാം സാക്ഷിയായി. അതിൽ ചിലരെ മാഡം അറിയും. പത്ത് തലയുള്ള രാവണൻറെ പേര് കടമെടുത്ത് ഇതൊക്കെ ചെയ്ത് കൂട്ടിയ ഞാനുൾപ്പെടുന്ന ആ സംഘം.

രണ്ടാമൻ നിഷാദ്. സിനിമ നടനാകാൻ മോഹിച്ചവൻ. ഈ ഒരു മിഷന് വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം സഹിച്ചവൻ. ഗുണ്ടാപ്പാളയത്തിൽ നുഴഞ്ഞ് കയറി ബാസ്റ്റിൻ ജോണെന്ന അതികായൻറെ സംഘത്തിലൊരാളായി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് വേണ്ട വിവരങ്ങളൊക്കെ ചോർത്തിയെടുത്തവൻ. ബാസ്റ്റിൻ ജോണിനെയും ഷൺമുഖനെയുമൊക്കെ ഇല്ലാത്ത തീവ്രവാദികളുമായി വരെ ലിങ്ക് ചെയ്യിക്കുന്ന തെളിവുകളൊക്കെ അവരറിയാതെ ഉണ്ടാക്കി വച്ചവൻ. അവരുടെയൊക്കെ സംഘത്തിൽ പലരെയും വശത്താക്കി അവരുടെ പാളയത്തിൽ ഈ ദൗത്യത്തിനായി ജീവൻ പണയം വച്ച് ചാരപ്പണി ചെയ്തവൻ.

മൂന്നാമൻ കിരൺ മാത്യു ഐ.പിഎസ്. കുട്ടിക്കാലത്തെ ഭീകര അനുഭവങ്ങളിൽ തളർന്ന് പോകാതെ പോലീസ് കുപ്പായം സ്വപ്നം കണ്ട് പഠിച്ച് അത് നേടിയെടുത്തവൻ. സംസ്ഥാന പോലീസിലെ ഏറ്റവും മികച്ച ഷൂട്ടർ”

ശ്യാം അവിടെ വച്ച് നിർത്തിയപ്പോൾ സതീഷ് തുടർന്നു.

“നാലാമൻ ഈ ഞാനാണ്, സതീഷ് ബോസ് ഐ.പി.എസ്, അഞ്ജാതനായ ഒരു മനുഷ്യൻറെ കാരുണ്യം കൊണ്ട് ഈ ഭൂമിക്ക് മുകളിൽ ഉറച്ച് ചവിട്ടി നിൽക്കാൻ കഴിഞ്ഞവൻ. പിന്നെ സർവ്വീസ് ജീവിതത്തിൽ ഒന്നിച്ച് ജോലി ചെയ്തപ്പോഴാണ് അതേ കാരുണ്യത്തിലൂടെ വളർന്ന് വന്ന മുകുന്ദനെ ഞാൻ പരിചയപ്പെടുന്നത്.

   രാവണൻമാരിൽ അഞ്ചാമൻ സി.പി ഒ മുകുന്ദൻ, മുകുന്ദനും അന്നത്തെ ആ ടൂർ സംഘത്തിലുണ്ടായിരുന്നുവെന്നും മുകുന്ദനെയും അത്തരമൊരു അജ്ഞാതനാണ് പഠിപ്പിച്ചതെന്നുമറിയുന്നത് പിന്നീടൊരിക്കൽ ആ അജ്ഞാതൻ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അന്ന് അദ്ദേഹം ഒരു കഥ പറഞ്ഞു. വിവിധ ജില്ലകളിലെ വ്യത്യസ്തമായ സ്കൂളുകളിൽ നിന്നും മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ പത്ത് കുട്ടികൾ ടൂർ പോയൊരു കഥ. ആ പത്തിൽ അവശേഷിച്ച എട്ട് ആൺകുട്ടികളിൽ ഏഴു പേരെയും അദ്ദേഹമാണ് അന്ന് പരസ്പരം പരിചയപ്പെടുത്തി തന്നത്.”  

സതീഷിനെ തുടർന്ന് സംസാരിക്കാൻ അനുവദിക്കാതെ മനോജ് ഇടപെട്ടു.

“മാഡം ആറാമൻ ഞാനാണ് സി.ഐ മനോജ് സെബാസ്റ്റ്യൻ. എല്ലാവരും കൂടി കിഡ്നാപ്പ് ചെയ്യപ്പെട്ട് പോയാൽ ശരിയാകില്ലല്ലോ. അതുകൊണ്ട് ഞാൻ മാഡത്തിനൊപ്പം നിന്നു. മാഡത്തിൻറ ഗുഡ് ബുക്കിൽ ഉൾപ്പെട്ടയാളാണ് ഞാനെന്നതും ഒരു കാരണമായിരുന്നു. കൃത്യമായി മാഡത്തിൻറെ നീക്കങ്ങൾ ഞങ്ങൾക്കറിയേണ്ടതുണ്ടായിരുന്നു.”

“മനോജേ എനിക്ക് തന്നിലൊരു വിശ്വാസമുള്ളതുകൊണ്ടാണ് കൂടെ കൂട്ടിയത് പക്ഷേ താനത് കാത്തില്ല. സാരമില്ല, ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നല്ലേ ഭഗവത് വചനം.”
തൻറെ അനിഷ്ടം മറച്ചുവെക്കാതെ തന്നെ ഉമ അത് പറഞ്ഞു.

“ശരിയാണ് മാഡം തീർച്ചയായും ഞങ്ങളുടെ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നത് തന്നെയാണ്. എല്ലാമറിഞ്ഞ സ്ഥിതിക്ക് മാഡം ഇതു കൂടെ അറിഞ്ഞോളു. കഴിഞ്ഞ രാത്രി ഷൺമുഖൻറെ താവളം ആക്രമിച്ചു മടങ്ങുമ്പോൾ ഷൺമുഖൻറെ സിംകാർഡ് ഇട്ട ഒരു ഫോൺ എൻറെ കയ്യിലുണ്ടായിരുന്നു. അതിൽ നിന്ന് ഞാനാണ് ആ മെസേജ് മാഡത്തിന് അയച്ചത്.”

“അതിൽ രാവണൻറെ ചതി മണത്തതു കൊണ്ട് തന്നെയാണ് ഈ ഉമ കല്ല്യാണി അതിൻറെ പിന്നാലെ പോകാതിരുന്നതും.”

ഉരുളയ്ക്കുപ്പേരി പോലെ ഉമ മറുപടി കൊടുത്തപ്പോൾ അഭിറാം ഇടപെട്ടു.

“നിങ്ങൾ കഴിഞ്ഞ കാര്യങ്ങൾ വിട്ടുകളയു. ഞങ്ങൾക്കറിയേണ്ടത് രാവണ സംഘത്തിനെക്കുറിച്ച് മാത്രമാണ്. അത് പറയൂ”

    “ആ കൂട്ടത്തിലെ ഏഴാമൻ അരങ്ങിലിറങ്ങാതെ അണിയറയിലിരുന്ന് ഞങ്ങൾക്കാവശ്യമായതെല്ലാം ഒരുക്കിത്തരുകയായിരുന്നു. പ്രമുഖ പ്രവാസി വ്യവസായി തോമസ് തരകൻ”

“തോമസ് തരകനോ? ഗൾഫിലെ വ്യവസായി തോമസ് തരകനോ?” ഉമയ്ക്ക് ആശ്ചര്യമായിരുന്നു.

“അതേ ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മലയാളി വ്യവസായികളിലൊരാളായ തോമസ് തരകൻ തന്നെ. തരകൻസ് ഗ്രൂപ്പിൻറെ ഇപ്പോഴത്തെ അവകാശി. ബിസിനസ് യൂത്ത് ഐക്കൺ ഓഫ് ഏഷ്യ അവാർഡ് നേടിയ മലയാളി. ഈ മിഷനിൽ ഷൺമുഖനെതിരേ കളിക്കാൻ ആയുധങ്ങളും, പണവും നൽകിയവൻ, അവനെതിരേ തെളിവുണ്ടാക്കാനുള്ളതൊക്കെയും ഒരുക്കിത്തന്ന് അണിയറയിൽ നിന്ന് കളിച്ചവൻ. അന്നത്തെ ആ ദാരുണസംഭവത്തിന് സാക്ഷിയായിരുന്നവൻ”

അഭിറാമിൻറെയും ഉമയുടെയും മുഖത്ത് ഒരു അവിശ്വസനീയതയുണ്ടായിരുന്നു. സതീഷ് അത് പറഞ്ഞ് നിർത്തിയിടത്ത് നിന്നും ഒരു പുഞ്ചിരിയോടെ മണികർണ്ണിക തുടർന്നു.


“സ്വന്തം സഹോദരിയുടെ മരണത്തിന് പകരം ചോദിക്കാനിറങ്ങിപ്പുറപ്പെട്ട ജെറാൾഡ് സേവ്യറും ഈ കഥയിൽ പാതിവഴിയിൽ വന്ന് ചേർന്ന് ഇവരുടെ പകയുടെയും പ്രതികാരത്തിൻറെയും കൂടെ നിന്ന ഈ അഞ്ജന” പെട്ടെന്നൊരു ഫുൾ സ്റ്റോപ്പ് ഇട്ടിട്ട് അവൾ തുടർന്നു. “അല്ല മണികർണ്ണികയും രാവണൻറെ അവശേഷിച്ച രണ്ട് തലകളാണെന്ന് നിങ്ങൾക്കിതിനോടകം മനസിലായിക്കാണുമല്ലോ”

“അതല്ല, അന്നത്തെ ആ സംഘത്തിലുണ്ടായിരുന്ന ആ എട്ടാമത്തെ ആൺകുട്ടിയാരാണ്? അയാളെവിടെയാണ്?. പിന്നെ ആരാണ് സതീഷ് ബോസിനെയും മുകുന്ദനെയുമൊക്കെ സംരക്ഷിച്ച് വളർത്തിയ ആ അജ്ഞാതൻ?. അത് പറയൂ” അഭിക്ക് ജിജ്ഞാസയേറിയിരുന്നു.
       

“ആരായിരുന്നു നിങ്ങളുടെ കഥയിലെ ആ അജ്ഞാതൻ ? ആരായിരുന്നു കഥയിലെ എട്ടാമത്തെ ആൺകുട്ടി ? അഭിയുടെ അവശേഷിക്കുന്ന ഈ രണ്ട് ചോദ്യങ്ങൾക്കും ഒറ്റവാക്കിൽ ഉത്തരം പറയാം.
ആ അജ്ഞാതനായ അഭ്യുദയകാംക്ഷിയുടെ മകനായിരുന്നു എട്ടാമത്തെ ആൺകുട്ടി.”

“എന്നിട്ടയാൾ എവിടെ എട്ടാമൻ?”

“എട്ടാമൻ ഇന്ന് ജീവനോടെയില്ല. അന്നത്തെ ആ സംഭവത്തിന് ശേഷം ആ കൊച്ചുകുട്ടിയുടെ മാനസിക നില തകർന്ന് പോയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരനാഥാലയത്തിലായിരുന്നു അവനന്ന് വളർന്നിരുന്നത്. അവിടെ നിന്നും ചികിത്സയ്ക്കായി പലസ്ഥലങ്ങളിൽ കൊണ്ട് പോയിട്ടും പ്രയോജനമുണ്ടായില്ല. അവനാരെയും തിരിച്ചറിഞ്ഞില്ല. എല്ലാവരെയും ഭയമായിരുന്നു, വെളിച്ചത്തെ ഭയമായിരുന്നു. രാത്രികളിൽ ഉറക്കെയുറക്കെ നിലവിളിക്കുന്ന അവനൊരു നൊമ്പരക്കാഴ്ചയായിരുന്നു.  ഒടുവിലൊരുനാൾ നേരം പുലരുവോളം നീണ്ട അലറിക്കരച്ചിലിനൊടുവിൽ എന്നേക്കുമായി ഭയമില്ലാത്ത ലോകത്തേക്ക് അവൻ പോയി. മകൻറെ വേദന കണ്ട് മരവിച്ച അച്ഛൻറെ മനസിലുദിച്ച പ്രതികാരത്തിൻറെ ആകെത്തുകയാണ് രാവണൻ. രാമനെ ആവശ്യമില്ലാത്ത ഈ ലോകത്ത് രാവണനാകാൻ ഞങ്ങളെയൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്. നിയമപുസ്തകങ്ങളും നീതിശാസ്ത്രവും മാറ്റി വച്ചിട്ട് കൊന്നുതള്ളാൻ പറഞ്ഞത് അദ്ദേഹമാണ്. ഒന്നിനെ കൊന്നാൽ ആയിരമായി പുനർജനിക്കുന്ന രക്തബീജൻറെ കഥ അദ്ദേഹമാണ് ഞങ്ങൾക്ക് പറഞ്ഞ് തന്നത്. രക്തബീജനെപ്പോലെ നമ്മുടെ സംസ്ഥാനത്ത് വളർന്ന് വലുതായി കരുത്താർജ്ജിച്ച ഗുണ്ടാരാജിനെ ഉന്മൂലനം ചെയ്യാനുള്ള അദ്ദേഹത്തിൻറെ പദ്ധതിയായിരുന്നു രാവണൻ. ഞങ്ങളെ പോലെ, മാഡത്തെപ്പോലെ നഷ്ടങ്ങൾ സംഭവിച്ചവർ, ഇപ്പോഴും ഇരയാക്കപ്പെടുന്നവർ ഒരു പാടുണ്ട് ഈ സമൂഹത്തിൽ. നിയമത്തെ നോക്കുകുത്തിയാക്കി, നിയമത്തിൻറെ വലക്കണ്ണികണിലെ പഴുതുകൾ മുതലാക്കി സമഹത്തിൽ വളരുന്ന ക്രിമിനലുകളെ ഒന്നടങ്കം അവസാനിപ്പിക്കുകയെന്നതായിരുന്നു ഞങ്ങൾ ഏറ്റെടുത്ത വലിയ ദൗത്യം. അൻവറിനെയും അജിത്തിനെയും പോലെ പോലീസിലെ കുറേയധികം പേർ ഞങ്ങളോടൊപ്പം രഹസ്യമായി കൂടി. ഈ അഞ്ജനയെപ്പോലെ ഇരയാക്കപ്പെട്ടവരും ഒപ്പം കൂടി പ്രതികാരപൂർത്തീകരണത്തിനായി” സതീഷ് പറഞ്ഞതിനോട് ഉമയ്ക്ക് യോജിക്കാനായില്ല.

“എങ്കിലതിനെന്തിനീ കിഡ്നാപ്പിംഗ് നാടകം നിങ്ങൾ നടത്തി. പോലീസിലെ പ്രധാന സ്ഥാനത്തിരുന്നു കൊണ്ട് നിങ്ങൾക്കത് ചെയ്യാമായിരുന്നില്ലേ?” ഉമയാണ് അത് ചോദിച്ചപ്പോൾ എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളതെന്ന് പറഞ്ഞ് അഭിറാം പിന്താങ്ങി.

     “ഇന്ന് ഇതിനൊക്കെ സാധ്യമായത് പുതിയ ഗുണ്ടാനിയമം നടപ്പിലായത് കൊണ്ടല്ലേ. അതിലേക്ക് സർക്കാരിനെ നയിച്ചത് ഈ കിഡ്നാപ്പിംഗ് നാടകവും അതിനെത്തുടർന്നുണ്ടായ കൊലകളുമായിരുന്നു. ഏത്ര വലിയ ക്രിമിനലായാലും അവനെ വെടിവച്ചാൽ തന്നെ ആ പോലീസുകാരൻ വലിയ കുറ്റക്കാരനായി മാറുന്ന ഇവിടുത്തെ പഴയ നീതിന്യായ വ്യവസ്ഥയിൽ നിന്നുകൊണ്ട് ഇത്രയെണ്ണത്തിനെ കൊന്നു തള്ളാൻ കഴിയുമായിരുന്നോ? ഇനി ഞാനോ ശ്യാമോ, മറ്റേതെങ്കിലും പോലീസുകാരനോ തുനിഞ്ഞിറങ്ങി അങ്ങനെ ചെയ്താൽ ഇവിടുത്തെ രാഷ്ട്രീയക്കാർ അടങ്ങിയിരിക്കുമായിരുന്നോ? , മീഡിയ അടങ്ങിയിരിക്കുമായിരുന്നോ?, മനുഷ്യാവകാശ പ്രവർത്തകർ അടങ്ങിയിരിക്കുമായിരുന്നോ?, കോടതി അടങ്ങിയിരിക്കുമായിരുന്നോ? പോലീസിലെ ഏത്ര പേർ ഒപ്പം നിന്നേനെ? പിന്നെ ഇന്നാട്ടിലെ ഗുണ്ടാപ്പട ആ പോലീസുകാരനെ വെറുതേ വിടുമായിരുന്നോ?. ഇനി അതൊക്കെ പോട്ടെ മാഡവും ഞാനുമുൾപ്പെടെ ആ നിരന്ന് നിൽക്കുന്ന ഐ.പി.എസ്സുകാർ അങ്ങനെ ചിലത് ചെയ്തിട്ട് എന്തായി?  തെക്ക് വടക്ക് സ്ഥലം മാറ്റവും സർവ്വീസ് ബുക്കിൽ കുറച്ച് റെഡ് മാർക്കുകളും.”

ശ്യാം വല്ലാത്ത ക്ഷോഭത്തോടെയാണ് സംസാരിച്ചത്. ഉമയ്ക്കും അഭിറാമിനും തങ്ങളുടെ ചോദ്യത്തിൻറെ മുനയൊടിഞ്ഞ് പോയത്  മനസിലായി.  ഉമയുടെയും അഭിയുടെയും മറുപടി കാത്ത ശ്യാം അതുണ്ടാവില്ലയെന്ന് മനസിലാക്കിയപ്പോൾ തുടർന്നു.

“ഇല്ല , ഇല്ല, ഇല്ല എന്ന് മാത്രം ഉത്തരം ലഭിക്കുമായിരുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. അതിനെയൊക്കെ മാറ്റിയെഴുതാൻ ബന്ദി നാടകം ആവശ്യമായിരുന്നു.  ഇത്തരമൊരു അവസരത്തിനായി ഞങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി കാത്തിരുന്നതാണ്. പ്രതിപക്ഷ നേതാവിൻറെ മകനും സംഘവുമാണ് ഈ അഞ്ജനയെ പിച്ചിചീന്തിയത്. അതിൽ ശിവലാൽ ഷെട്ടിയുടെ മകനൊഴികെയുള്ളവരെ ഞങ്ങൾ അന്നേ കൊല്ലാതെ വച്ചത് നിയമസഭയിൽ പുതിയ ഗുണ്ടാ നിയമം പാകപ്പെടുത്തിയെടുക്കാനുള്ള ഇന്ധനമാക്കുവാനായിരുന്നു. അതിലൂടെ ഈ നാടകം ഭംഗിയായി പൂർത്തിയാക്കാനായിരുന്നു.”

“അപ്പോൾ ഈ നാടകം അല്ല ദൗത്യം പൂർത്തിയായെന്നാണോ നിങ്ങൾ പറയുന്നത്. രാവണൻറെ പ്രതികാരം പൂർണ്ണമായെന്നാണോ? അപ്പോൾ ആരാണ് നിങ്ങളുടെ ആ അഭ്യുദയകാംക്ഷി? രാവണൻറെ മാസ്റ്റർ ബ്രെയിൻ? ഇനി അത് മാത്രമായി എന്തിന് മറച്ച് വയ്ക്കണം” അഭി തൻറെ ചോദ്യങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.

“ദൗത്യം പൂർത്തിയായോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. പിന്നെ അദ്ദേഹം ആരാണെന്നുള്ളത് പറയാൻ ഞങ്ങൾക്ക് ഇപ്പോഴും അനുവാദമില്ല. പക്ഷേ ഒന്നറിയാം അന്നൊരിക്കൽ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട പോലെ ഏറ്റവും അനുയോജ്യമായ സമയത്ത് നിങ്ങൾക്ക് മുന്നിലും വരും” സതീഷ് പറഞ്ഞത് കേട്ട അഭിറാം നിരാശനായി. പക്ഷേ കൂടുതലെന്തെങ്കിലും ചോദിക്കാൻ കഴിയും മുൻപ് ദിനകരൻ അവിടേക്ക് വന്നതിനാൽ അവർ ആ സംസാരം അവിടെ വച്ച് നിർത്തി. സതീഷ് ശ്യാമിനോട് എന്തോ അടക്കം പറയുന്നത് കണ്ട ഉമ പാൻറ്സിന് പിന്നിൽ വേഗത്തിലെടുക്കാൻ പാകത്തിൽ തൻറെ തോക്ക് ഉണ്ടെന്ന് ഉറപ്പാക്കി. അഭിയും ചിലത് പ്രതീക്ഷിച്ചാണ് നിൽക്കുന്നത്.

“ദീർഘനാളത്തെ തടങ്കലിൽ നിന്നും രക്ഷപെട്ടു വന്ന നിങ്ങളോട് എനിക്കിപ്പോൾ ഒരു വലിയ സന്തോഷ വാർത്ത പറയാനുണ്ട്. നിങ്ങളെ രക്ഷിച്ചെടുക്കുവാനും അതിലൂടെ സംസ്ഥാനത്തെ ഗുണ്ടാരാജ് അവസാനിപ്പിക്കാനും ധീരമായ നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഐ.എസ്.പി അടുത്ത മാസം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചിരിക്കുന്നു. ചാനലുകളിൽ ന്യൂസ് വന്നു കഴിഞ്ഞു. തുടർഭരണ സാദ്ധ്യത 100 ശതമാനമെന്നാണ് ഇൻറലിജൻസിൻറെയും പാർട്ടിയുടെയും രഹസ്യ റിപ്പോർട്ട്, അങ്ങനെ ഞാനാഗ്രഹിച്ച പോലെ എല്ലാം പര്യവസാനിക്കുന്നു.” ദിനകരൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.”

      “എന്തേ ആരുമൊന്നും മിണ്ടാത്തത്? എന്താ എല്ലാവർക്കും ഒരു ഉഷാറില്ലാത്തത് ? എല്ലാ പ്രശ്നങ്ങളും ഇന്ന് പുലർച്ചയോടെ അവസാനിച്ചില്ലേ. ഷൺമുഖനിലൂടെ?”

അതിന് മറുപടി നൽകിയത് അഭിറാമാണ്. “അങ്ങനെ എല്ലാം അവസാനിച്ചുവെന്ന് പറയാൻ കഴിയുമോ അച്ഛാ?...... ഷൺമുഖനല്ലെ അവസാനിച്ചത്, രാവണനല്ലല്ലോ? പിന്നെ ഉമ പറഞ്ഞത് ഞാൻ കേട്ടിരുന്നു. ഷൺമുഖൻറെ മരണമൊഴിയിലെ രാഷ്ട്രീയ നേതാവിനെക്കുറിച്ച്. അപ്പോൾ അയാളെ അവസാനിപ്പിക്കാതെ രാവണൻ പോകുമോ?” പറയുന്നത് ദിനകരനോടാണെങ്കിലും ആ സമയം കൊണ്ട് അഭിറാമിൻറെ കണ്ണുകൾ ആ എട്ടുപേരയും വലം വച്ചുകൊണ്ടിരുന്നു. പക്ഷേ അഭിറാമിൻറെ മറുപടി കേട്ട് ദിനകരൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

“ഹഹഹ ഹഹഹ ടാ മോനെ അഭീ നീയും കേട്ടതല്ലെ സംസ്ഥാന പോലീസ് മേധാവി പറഞ്ഞത്. രാവണൻ എന്നത് ഒരു സങ്കല്പ സൃഷ്ടിയാണെന്ന്, ഷൺമുഖൻ പോലീസിനെ വഴി തെറ്റിക്കാൻ ഉണ്ടാക്കിയ കെട്ടുകഥ മാത്രമാണ് രാവണനെന്ന്. അതങ്ങനെ തന്നെയാവണം.”
അത്രയും പറഞ്ഞിട്ട് ദിനകരൻ ഉമയെ സമീപത്തേക്ക് വിളിച്ചു. ഉമയും അഭിയും ദിനകരൻറെ ഇരുവശങ്ങളിലുമായി വന്നപ്പോ ദിനകരൻ അവരെ ചേർത്ത് പിടിച്ചു.

“നിങ്ങൾ രണ്ടാളും ഇങ്ങനെ ഇടം വലം ചേർന്ന് നിന്നാൽ ഒരു രാവണനും എന്നെ ഒന്നും ചെയ്യില്ല. അല്ലേ ശ്യാമേ? അല്ലേ സതീഷേ? അല്ലേ മണികർണ്ണികേ?”

ദിനകരൻ അങ്ങനെ ചോദിച്ചപ്പോൾ ശരിക്കും ഉമയും അഭിയും ഒന്നു പതറി.

“എൻറെ മകനും അനന്തിരവൾക്കും കുറേയേറെ സംശയങ്ങളുണ്ടെന്നറിയാം. നിങ്ങളുടെ രണ്ടാളിൻറെയും സംശയത്തിൽ സത്യങ്ങളുമുണ്ട്. ഉമയോട് ഷൺമുഖൻ പറഞ്ഞത് ശരിയാണ്. കല്ല്യാണ കൃഷ്ണൻറെ കുടുംബത്തിനുണ്ടായ ദുരന്തത്തിൻറെ സൂത്രധാരൻ സമൂഹത്തിൽ മുഖംമൂടിയണിഞ്ഞ് നടന്ന, അധികാരത്തിൻറെ താക്കോൽ സ്ഥാനങ്ങൾ അലങ്കരിക്കുന്ന രാഷ്ട്രീയക്കാരൻ തന്നെയാണ്. പക്ഷേ ഇവിടുത്തെ നിയമത്തിന് ഇനി ആ രാഷ്ട്രീയക്കാരനെ ഒന്നും ചെയ്യാനാകില്ല. പിന്നെ അഭിയുടെ സംശയവും ശരിയാണ്, നീ കിഡ്നാപ്പ് ചെയ്യപ്പെടുമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.”

ദിനകരൻ പറഞ്ഞത് കേട്ട് ഉമയും അഭിയും ഒരു പോലെ നടുങ്ങി. അച്ഛനെ തള്ളിമാറ്റി അഭി അകലേക്ക് മാറി, ഉമയും...

“രാവണൻ എന്തിന് വേണ്ടിയാണിനി കാത്ത് നിൽക്കുന്നത്. കുമ്പസാരവും കഴിഞ്ഞില്ലേ. ഇനി വധശിക്ഷ നടപ്പിലാക്കി കൂടെ”

അഭി ആകാശത്തേക്ക് നോക്കിയാണ് ചോദിച്ചതെങ്കിലും ആ ചോദ്യമുന നീളുന്നത് തങ്ങളുടെ നേർക്കാണെന്ന് ശ്യാമിനും കൂട്ടർക്കും അറിയാമായിരുന്നു.

ദിനകരൻ ഒരു കസേരയിലിരുന്നു. അപ്പോഴാദ്യമായി അയാൾ വല്ലാതെ തളർന്ന് പോയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. വല്ലാതെ കിതച്ചു. പക്ഷേ അത് വക വയ്ക്കാതെ അയാൾ സംസാരം തുടർന്നു.

“മോനെ അഭീ നിന്നോടും എൻറെ കുടുംബത്തോടും ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ട്. അത് പറയാൻ ഇതിലും അനുയോജ്യമായ സമയം ഇനിയുണ്ടാവില്ല. ദിനകരൻ ഐ.എസ്.പി യുടെ രാഷ്ട്രീയത്തിലേക്ക് വന്നത് പുരുഷോത്തമൻറെ എന്തിനും പോന്ന കാലാളായാണ്. ആയുധമെടുത്തിട്ടുണ്ട്, കൊന്നിട്ടുമുണ്ട് അയാൾക്ക് വേണ്ടി. പിന്നെ പതിയെ പതിയെ അയാളുടെ വിശ്വസ്തനായി പാർട്ടി സ്ഥാനമാനങ്ങിളിലേക്ക് എനിക്ക് കയറാൻ പറ്റി. എന്നാൽ ആ രാഷ്ട്രീയ ഭൂമികയ്ക്ക് അപ്പുറമുള്ളൊരു ലോകത്ത് ദിനകരനെന്നൊരു പാവം ചെറുപ്പക്കാരനുണ്ടായിരുന്നു. പുരുഷോത്തമനുപോലും അറിയത്തൊരു ദിനകരൻ. രോഹിണിയെന്ന നാട്ടിൻപുറത്തെ പാവാടക്കാരിപ്പെണ്ണിൻറെ എല്ലാമെല്ലാമായ ദിനകരൻ. ശരീരം കൊണ്ടല്ല ആത്മാവ് കൊണ്ടായിരുന്നു അവർ പ്രണയിച്ചത്. അവൾക്കാരുമില്ലായിരുന്നു. പിഴച്ചുപെറ്റ അമ്മയുടെ മകൾ, ബന്ധുവിൻറെ കാരുണ്യത്താൽ അവരുടെ അടുക്കളക്കാരിയായി ജീവിതം തള്ളി നീക്കിയിരുന്ന രോഹിണിയെ എന്നും ചേർത്തുപിടിച്ചോളാമെന്ന് ദിനകരൻ വാക്കുകൊടുത്തിരുന്നു. പക്ഷേ വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു. ഒരു കൊലക്കേസിൽ പെട്ട് കുറച്ചുകാലം ഒളിവിൽ പോകേണ്ടി വന്നു. അവിടെ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലായി. ഒരു വർഷത്തോളം നീണ്ട അജ്ഞാതവാസവും ജയിൽവാസവും കഴിഞ്ഞ് ഞാനെത്തുമ്പോൾ രോഹിണി ഈ ലോകത്തില്ലായിരുന്നു. പിഴച്ചുപെറ്റ അമ്മയുടെ പാരമ്പര്യം അതേപടി പകർത്തിയവളെന്ന ദുഷ്പേരും സമ്പാദിച്ച് പ്രസവത്തോടെയങ്ങ് മരിച്ചു പോയി. ഞങ്ങൾ അവസാനമായി കണ്ട് പരിയുമ്പോൾ എനിക്കറിയില്ലായിരുന്നു അവൾ ഗർഭിണിയായിരുന്നുവെന്ന്. ഒരുപക്ഷേ അവളും അന്ന് അത് തിരിച്ചറിഞ്ഞില്ലായിരിക്കും. അവൾ പ്രസവിച്ച  ഞങ്ങളുടെ മകനെ രോഹിണിയുടെ കുടുംബത്തിലെ ആരോ അനാഥാലയത്തിലാക്കിയിരുന്നു. ഞാനവനെ തേടിപ്പിടിച്ചു. പക്ഷേ അപ്പോഴേക്കും എനിക്കായി നീക്കി വച്ച എം.എൽ.എ സീറ്റ് അവൻറെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. പക്ഷേ ആ മകനെ വിട്ടുകളയാൻ എനിക്കാവുമായിരുന്നില്ല. അവൻറെ ഉത്തരവാദിത്തം ഞാനെൻറെ ബാല്യകാല സുഹൃത്ത് തോമസിനെയേൽപ്പിച്ചു. ഒരു സ്പോൺസറായി അവൻ അനാഥാലയത്തിൽ വളർന്ന എൻറെ മകനെ സംരക്ഷിച്ചു. അവൻ മിഠുക്കനായി വളർന്നു. അതിനിടയിൽ എനിക്ക് മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നു. അഭി എനിക്ക് മകനായി പിറന്നു. പക്ഷേ അപ്പൊഴൊക്കെ അച്ഛൻറെയും അമ്മയുടെയും സ്നേഹം കിട്ടാതെ അനാഥനായി അവൻ വളർന്നു. നല്ല ബുദ്ധിസാമർത്ഥ്യമുള്ള കുട്ടി. എല്ലാ പരീക്ഷകളിലും ഒന്നാമനായ അവനും ഒടുക്കം അന്നത്തെ ആ നശിച്ച ടൂറിലുൾപ്പെട്ടു.”

ദിനകരൻറെ തൊണ്ടയിടറി......   “അതിന് മുൻപ് അവനോട് ഒരിക്കൽ പോലും എനിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല ഞാനാണ് അവൻറെയച്ഛനെന്ന്. പിന്നെ ഞാനത് പറഞ്ഞപ്പൊഴൊന്നും അവനത് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. ഭ്രാന്താശുപത്രിയിലെ ഇരുൾ നിറഞ്ഞ സെല്ലിനുള്ളിൽ ആറ് വർഷത്തോളം അവൻ കിടന്നു നരകിച്ച കാഴ്ച ഒരു അന്യനെപ്പോലെ നോക്കി നിൽക്കേണ്ടി വന്ന ഗതികെട്ട തന്തയാണ് ഞാൻ.”

 ദിനകരൻ സംസാരം നിർത്തി. മണികർണ്ണിക ദിനകരന് കുടിക്കാൻ വെള്ളം നൽകി. അയാൾ വല്ലാത്ത പരവേശത്തോടെ ആ വെള്ളം കുടിച്ചു തീർത്തു. തുടർന്ന് സംസാരിക്കാനാവാത്ത വിധം അദ്ദേഹം തളർന്നിരുന്നു. ഉമയിം അഭിറാമും വല്ലാത്തൊരു അമ്പരപ്പിലായിരുന്നു. അവിടെ പെട്ടുന്നുണ്ടായ നിശബ്ദതയെ ഭേദിച്ചത് മണികർണ്ണികയാണ്.

“പി.ആർ പുരുഷോത്തമനെന്ന ഐ.എസ്.പിയുടെ ദേശീയ പ്രസിഡൻറ് ആയിരുന്നു ഷൺമുഖൻ പറഞ്ഞ കഥയിലെ മുഖം മൂടിയണിഞ്ഞ രാഷ്ട്രീയ നേതാവ്, അയാളിപ്പോൾ നരകത്തിലിരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. പിന്നെ അഭിറാം സാറിനെ തട്ടിക്കൊണ്ടുപോകാൻ ഷൺമുഖൻ പ്ലാനിട്ടപ്പോൾ തന്നെ വിവരം ഞങ്ങൾ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് അന്നോരു ദിവസം  സാറിൻറെ അച്ഛൻ അമ്മയെക്കൊണ്ട് ദേ അങ്ങിപ്പോൾ വിരലിലിട്ടിരിക്കുന്ന മോതിരം  സാറിൻറെ കൈയ്യിലിടീച്ചത്. അവിടെ ഷൺമിഖൻറെ താവളത്തിൽ ഞങ്ങളെത്തിയത് ആ മോതിരത്തിലൊളിപ്പിച്ച ജി പി എസ് നെ പിന്തുടർന്നാണ്. അഭിറാമിൻറെ തട്ടിക്കൊണ്ട് പോകലോടെയാണ് ഈ സംസ്ഥാനത്തെ ജനങ്ങൾ സർക്കാരിനോട് ഇങ്ങോട്ടാവശ്യപ്പെട്ടത് ഗുണ്ടാ നിയമം നടപ്പിലാക്കാൻ, എന്തിന് ഹൈക്കോടതി പോലും സർക്കാരിനോട് ചോദിച്ചില്ലേ എന്താണ് നിയമം നടപ്പിലാക്കാൻ തടസ്സമെന്ന്. അങ്ങനെയൊരു അരങ്ങൊരുക്കിയെടുക്കാൻ ആ തട്ടിക്കൊണ്ട് പോകലിന് മുന്നിൽ ഞങ്ങൾ കണ്ണടച്ചു.”

ശ്യാം ഉമയുടെ സമീപത്തേക്ക് ചെന്നു.

“രാവണൻ ജനിച്ചത് ഈ ഇരിക്കുന്ന മനുഷ്യൻറെ മനസിലാണ്. നേരിട്ടെതിർക്കാനാവാത്ത ഉയരത്തിലുള്ള സ്വന്തം നേതാവിനെ മാത്രമല്ല തൻറെ മകനെയും അനുജനേയും കുടുംബത്തേയും ഒന്നടങ്കം ഇല്ലാതാക്കിയ എല്ലാവരോടുമുള്ള പക. സ്വന്തം അനന്തിരവളെ മാത്രമല്ല , ഈ സതീഷ് സാറിനെയും മുകുന്ദനേയുമൊക്കെ കാക്കിയണിയിപ്പിച്ചു. പല വഴികളിൽ നിന്നും അന്നത്തെ ടൂറിന്  വന്ന ഞങ്ങളെ അന്നുമുതുൽ സർവെയ് ലൻസിൽ നിർത്തി, അവസരം വന്നപ്പോൾ ഞങ്ങളെ കൂട്ടിയിണക്കി. ഈ തന്ത്രങ്ങൾ മെനഞ്ഞ യഥാർത്ഥ രാവണൻ ഇതാണ്, നമ്മുടെ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രി പദത്തിലേറാൻ ഏറ്റവും അനുയോജ്യൻ. ദിനകരൻ പാറക്കുന്നേൽ”

ശ്യാം പറഞ്ഞ് നിർത്തിയതിനോട് സതീഷ് ഒരു വാചകം കൂട്ടിച്ചേർത്തു.

“രാമനെ വേണ്ടാത്ത ലോകത്ത്, രാമൻറെ നീതിബോധം വേണ്ടാത്ത ലോകത്ത് രാവണനായി നിന്ന് നീതിക്കായി നിയമത്തെ മറന്ന് കൊണ്ട് യഥാർത്ഥ രാമരാജ്യം പടുത്തുയർത്തിയ അങ്ങേയ്ക്കിനി രാമനാകാം.”

                             എല്ലാം ഭദ്രമായി അവസാനിച്ചുവെന്ന് പ്രതീക്ഷിക്കാം..........
                                                                
          
രഞ്ജിത് വെള്ളിമൺ

No comments:

Post a Comment

Type your valuable comments here