അജ്ഞാത ജീവി
ഒത്തിരിനാളിന് ശേഷം അവിചാരിതമായി കിട്ടിയ ലീവാണ്, ഗൃഹാതുരത്വം വല്ലാതെ വേട്ടയാടിയ രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുകയാണ്. ട്രെയിൻ സ്ലോ ചെയ്ത് തുടങ്ങിയപ്പോൾ ബാഗുമെടുത്ത് സുമേഷും ഇറങ്ങി. മൂന്ന് ദിവസം നീണ്ട ട്രെയിൻ യാത്രയുടെ ക്ഷീണമുണ്ട്. ഇനി വീട്ടിലെത്തുമ്പോൾ രാത്രി 12 മണിയെങ്കിലും ആകും. ബസ്സ് കിട്ടിയാൽ മതിയായിരുന്നു.
ബസ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സ്റ്റേഷന് പുറത്തിറങ്ങിയ സുമേഷ് ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിലേക്ക് പോയി. ഭാഗ്യം ലാസ്റ്റ് ബസ് പോയിട്ടില്ല. ബസിൽ കയറി സീറ്റ് തരപ്പെടുത്തി. ഇനിയും പത്ത് മിനിട്ടുകൂടിയുണ്ട് പുറപ്പെടാൻ എന്നാൽ തണുപ്പകറ്റാൻ ഒരു ചായ കുടിക്കാമെന്ന് കരുതി അയാൾ ബസ് സ്റ്റാൻഡിനുള്ളിലെ ടീ സ്റ്റാളിലേക്ക് നടന്നു.
ചായ ചൂടാറ്റികുടിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മയുടെ ഫോൺ വന്നു.
“ഞാൻ ബസിൽ കയറി അമ്മേ. പന്ത്രണ്ടാകുമ്പോഴേക്കും അങ്ങെത്തും. അത്താഴം വച്ചേക്കണം, ഞാൻ പുറത്ത് നിന്ന് ഒരു ചായ മാത്രമേ കുടിച്ചിട്ടുള്ളു.”
“നിനക്കിഷ്ടമുള്ളതൊക്കെ ഒരുക്കി വച്ചിട്ടുണ്ട് മോനേ, നീ വേഗം ഇങ്ങ് വന്നാൽ മതി. പിന്നെ നീ ജംഗ്ഷനിൽ ഇറങ്ങി ഏതേലും ഓട്ടോ പിടിച്ച് വന്നാൽ മതി കേട്ടോ, ഇവിടെയിത്തിരി പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ് ഒരാഴ്ചയായി ഇവിടെയൊക്കെ ഏതോ ഒരു അജ്ഞാത ജീവി കറങ്ങി നടപ്പുണ്ട്. നമ്മുടെ തെക്കേലെ ഗോവിന്ദൻറെ വീട്ടിലെ ആടിനെ കഴിഞ്ഞ ദിവസം പിടിച്ച് കൊണ്ട് പോയി, അതിനുമുമ്പ് ജോലി കഴിഞ്ഞ് വന്ന രാമകൃഷ്ണനെ ആക്രമിച്ചു. ഒരു പാടുപോർ രാത്രി അവ്യക്തമായ രൂപങ്ങളെ കണ്ടു പേടിക്കുകയും ചെയ്തു. കടുവയാണെന്ന് ചിലർ പറയുന്നു, കരടിയാണെന്ന് ചിലർ പറയുന്നു. പക്ഷേ ഇതൊന്നുമല്ലാത്ത ഏതോ ഭീകര ജീവിയാണെന്ന് കുടുംബശ്രീയിലെ വിമലയും സോജയുമൊക്കെ പറയുന്നത്. ഇവിടെ എനിക്ക് കൂട്ട് കിടക്കാൻ വരുന്ന കുഞ്ഞാമിന പറയുന്നത് ഇത് ബ്ലാക്ക് മാനാണെന്നാ. അതുകൊണ്ട് മോൻ സൂക്ഷിക്കണം. ഒരു കാരണവശാലും നടന്ന് വരരുത്. ഇവിടെയൊന്നും ആരും പേടിച്ചിട്ട് രാത്രി പുറത്തിറങ്ങാറു പോലുമില്ല.”
അമ്മയുടെ സംസാരം അങ്ങനെ നീണ്ടു. വണ്ടി പുറപ്പെടാൻ ഹോൺ അടിച്ചപ്പോൾ ചായയ്ക്കു് കാശും കൊടുത്ത്, സൂക്ഷിച്ചോളാമെന്ന് അമ്മയോട് പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ഓടി ബസിൽ കയറി.
ഇനി ഒന്നരമണിക്കൂർ യാത്രയുണ്ട്. ചെറുതായി ഒന്നു മയങ്ങാനുള്ള സമയം. ഷട്ടർ താഴ്ത്തിയിട്ട് സുമേഷ് ചാരിയിരുന്നു. നാട്ടിലെ ഭീകര ജീവിയെക്കുറിച്ചാണ് അയാളപ്പോൾ ഓർത്തത്. ഇതൊക്കെ ഉള്ളതായിരിക്കുമോ, കടുവയും കരടിയുമൊന്നും വരാനാണെങ്കിൽ അടുത്തെങ്ങും കാടില്ല. ആൾക്കാർ വെറുതേ പറഞ്ഞുണ്ടാക്കിയ കെട്ടുകഥയാണെന്ന് അതെന്ന് വിശ്വസിക്കാനാണ് സുമേഷിന് തോന്നിയത്.
സ്റ്റോപ്പിൽ വണ്ടി നിർത്തി കണ്ടക്ടർ വന്ന് തട്ടി വിളിച്ചപ്പോഴാണ് സുമേഷ് ഉണർന്നത്. അയാൾ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി. ബസ് അയാളെ തനിച്ചാക്കി യാത്ര തുടർന്നു. നാട്ടിൻ പുറത്തെ ചെറിയ ജംഗ്ഷൻ വിജനമാണ്. ഇനി രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് വീട്ടിലേക്ക്. സാധാരണ ഈ സമയത്തൊക്കെ ഒന്നോ രണ്ടോ ഓട്ടോ റിക്ഷ കാണാറുള്ളതാ. ലാസ്റ്റ് ബസിൽ വരുന്നവരെ കാത്ത്. പക്ഷേ ഇന്ന് ഒന്നു പോലുമില്ല. അതുമാത്രമല്ല ഈ സ്റ്റോപ്പിൽ ഇറങ്ങനും ആരുമില്ലായിരുന്നുവെന്നത് സുമേഷിനെ ആശ്ചര്യപ്പെടുത്തി.
നല്ല മഴക്കാറുണ്ട്. അൽപനേരം നോക്കി നിന്നു. ഒരു വണ്ടിയും വരുന്ന ലക്ഷണമില്ല. ഒടുവിൽ നടക്കാൻ തന്നെ തീരുമാനിച്ചു. ബാഗ് തോളത്തിട്ട് സുമേഷ് പതിയെ നടന്നു. പുഴയ്ക്ക് കുറുകേയുള്ള പാലം കടന്നാൽ പിന്നെ ഇരുവശവും വിജനമായ കമ്പനി വസ്തുവാണ് ഒരു കിലേമീറ്ററോളം ദൂരം. പണ്ട് നല്ല രീതിയിൽ പ്രവർത്തിച്ച കമ്പനിയാണ്. പിന്നെ തൊഴിൽ പ്രശ്നങ്ങളെയും മലിനീകരണ പ്രശ്നങ്ങളെയും തുടർന്നുണ്ടായ സമരവും കേസുമൊക്കെയായി പൂട്ടിപ്പോയി. ചെറിയ റോഡിൻറെ ഒരു വശത്ത് കമ്പനിയും മറുവശത്ത് ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും കാൻറീനും ആശുപത്രിയുമൊക്കെയായിരുന്നു. പക്ഷേ ഇന്നത് കാടുകയറി നശിച്ച് കിടക്കുകയാണ്. അങ്ങകലെയായി മിന്നിത്തെളിയുന്ന ഒരു തെരുവുവിളക്ക് മാത്രമാണുള്ളത്. കമ്പനിറോഡ് ഭാഗത്തേക്ക് നടന്നെത്തിയപ്പോൾ സുമേഷിൻറെ മനസിൽ അമ്മ പറഞ്ഞ അജ്ഞാതജീവിയുടെ ചിന്ത ഓടിയെത്തി. അയാൾക്ക് ചെറിയ ഭയം തോന്നി.
അരികിൽ ഒരാന നിന്നാൽ പോലും കാണാൻ കഴിയാത്തത്ര തരത്തിൽ വള്ളിപ്പടർപ്പുകളും പാഴ്ച്ചെടികളും മരങ്ങളും വളർന്ന് കാട് പോലെ കിടക്കുകയാണ് ഇരു വശവും. മുന്നോട്ട് നടക്കും തോറും അയാളുടെ ഹൃദയമിടിപ്പ് കൂടി വന്നു. ഇടയ്ക്കിടെയുള്ള മിന്നൽവെളിച്ചം മാത്രമാണ് വഴികാട്ടാനുള്ളത്. പെട്ടെന്ന് മുന്നിലെ റോഡിലെന്തോ അനക്കം. പോക്കറ്റിൽ നിന്നും ഫോണെടുത്ത് ടോർച്ച് തെളിയിച്ചപ്പോൾ ബാറ്ററി ലോ എന്ന് മെസേജ് കണ്ടു. നാല് സെക്കൻറ് മാത്രം തെളിഞ്ഞ മൊബൈലിൻറെ വെളിച്ചത്തിൽ റോഡിനു കുറുകേ അലസമായി ഇഴഞ്ഞു പോകുന്ന തടിയൻ അണലിയെ സുമേഷ് കണ്ടു. കയ്യിലെ ഫോൺ ഓഫായി. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ചീവിടുകൾ വല്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ടായിരുന്നു. ഒപ്പം മൂങ്ങയും. കമ്പനിക്കുള്ളിൽ നിന്നും ഒരു പട്ടിയുടെ മോങ്ങലിനെ ഏറ്റ് പിടിച്ച് കുറേ പട്ടികൾ ഒന്നിച്ച് ഓരിയിട്ടപ്പോൾ, അതിനേക്കാൾ ഉച്ചത്തിൽ തൻറെ ഹൃദയമിടിക്കുന്ന ശബ്ദം കേൾക്കാമെന്ന് സുമേഷിന് തോന്നി. മുന്നിൽ താണ്ടാനുള്ള ഒന്നര കിലോമീറ്റർ ദൂരും ആസ്സാമിൽ നിന്നും താൻ താണ്ടിയ ദൂരത്തേക്കാൾ കൂടുതലാണെന്ന് സുമേഷിന് തോന്നി.
പാമ്പ് പോയി എന്നുറപ്പാക്കിയ ശേഷം പതിയെ അയാൾ നടപ്പു തുടർന്നു. പാതയുടെ ഇരുവശത്തേക്കും ദൃഷ്ടിപായിച്ച് കാലുകൾക്ക് അയാൾ വേഗത കൂട്ടി. കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോൾ കമ്പനി ആശുപത്രിയുടെ മുന്നിലെത്തിയപ്പോൾ എന്തോ ഒരു വല്ലാത്ത ശബ്ദം സുമേഷിൻറെ കാതുകളിൽ തറച്ചു. അയാൾ ചുറ്റും നോക്കി. പേടിപ്പെടുത്തുന്ന തരത്തിലുള്ള ഞരക്കമോ മൂളലോ എന്തോ തുടർച്ചയായി കേൾക്കുന്നു. അയാളുടെ കാലുകൾ ഭൂമിയിലുറച്ച് പോയിരുന്നു. പെട്ടെന്നാ ഞരക്കം ഒരലർച്ചയായി മുഴങ്ങി. തൊട്ടടുത്ത നിമിഷം ആ ശബ്ദം നിലച്ചു. ഒരു സ്ത്രീയുടെ നിലവിളിയാണതെന്ന് സുമേഷിന് ഉറപ്പായിരുന്നു. അടഞ്ഞ് കിടക്കുന്ന ആശുപത്രിക്കുള്ളിൽ നിന്നുമാണ്. സുമേഷിൻറെ ഭയം ഇരട്ടിച്ചു ഇന്നേതോ പെണ്ണിനെ ആ അജ്ഞാത ജീവി ഇരയാക്കുകയായിരിക്കാമെന്ന് സുമേഷിന് തോന്നി. അതല്ലെങ്കിൽ ഇവിടെ നാട്ടുകാർ കണ്ടത് യക്ഷിയെ ആയിരിക്കുമോ?
എന്ത് വേണമെന്നറിയാതെ അൽപനേരം പകച്ചു നിന്ന സുമേഷിനെ വീണ്ടും ബോധമണണ്ഡലത്തിലേക്ക് തിരികെ കൊണ്ടു വന്നത് വീണ്ടും കേട്ട ആ ഞരക്കമാണ്. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ സുമേഷ് ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. കമ്പനി കോമ്പൗണ്ടിലെ കരിയിലകൾ മെത്ത പോലെ കിടക്കുകയാണ്. പെട്ടെന്നാണ് ഒരു വശത്തെ വള്ളിപ്പടർപ്പുകൾക്കിടയിലെ ചുവന്ന വെളിച്ചം സുമേഷ് കണ്ടത്. ഭയന്ന് മറുവശത്തേക്ക് ചാടിപ്പോയ സുമേഷിന് പിന്നെയാണ് മനസിലായത് മറിഞ്ഞ് കിടക്കുന്ന ഒരു സ്കൂട്ടറിൻറെ പിന്നിലെ റിഫ്ലക്ടറാണതെന്ന്. സുമേഷ് അത് പരിശോധിച്ചു. ആരോ ഇപ്പോൾ കൊണ്ടിട്ട വണ്ടിയാണ്. താക്കോൽ അതിലുണ്ട്. ആദ്യം തോന്നിയത് ആ വണ്ടിയുമെടുത്ത് ആ നശിച്ച സ്ഥലത്ത് നിന്ന് എത്രയും വേഗം പോകാനാണ്. പക്ഷേ ആ ഞരക്കം കാതുകളിൽ വന്നടിച്ചപ്പോൾ എന്താണെന്നറിയാനുള്ള കൗതുകത്തിൽ അയാൾ മുന്നിലേക്ക് തന്നെ നടന്നു. കെട്ടിടത്തിനുള്ളിൽ നിന്നുമാണ് ശബ്ദം. പൊട്ടിക്കിടന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു മൊബൈൽ ഫോണിൻറെ ഫ്ലാഷ് ലൈറ്റ് തെളിഞ്ഞ് നിൽക്കുന്നു. പാതിയൊഴിഞ്ഞ മദ്യക്കുപ്പികൾ, അവിടെ താഴെ ഒരു പെൺകുട്ടിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന രണ്ട് പേർ. ഒരുത്തൻ അവളുടെ വായ പൊത്തിപ്പിടിച്ചിരിക്കുകയാണ്. തൊട്ടപ്പുറത്തായി പൊളിഞ്ഞു കിടക്കുന്ന വാതിൽ കണ്ട് സുമേഷ് അതുവഴി പാഞ്ഞുകയറി. അവരെ ചവിട്ടിത്തെറിപ്പിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച് പോയ അവർ തിരിച്ചടിച്ചു. രണ്ട് പേരും ഒന്നിച്ചാക്രമിച്ചപ്പോൾ അവരെ നേരിടാനാവാതെ സുമേഷ് ശരിക്കും വിഷമിച്ചു. അതിലൊരുവൻറെ ചവിട്ട് കൊണ്ട് ഒരു മൂലയിലേക്ക് തെറിച്ച് പോയ സുമേഷിൻറെ കയ്യെന്തിലോ കുടുങ്ങി. അതേതോ ജീവിയുടെ അസ്ഥികൂടമായിരുന്നു. കൈ സ്വതന്ത്രമാക്കാൻ ആ അസ്ഥികൂടം പൊക്കിയെടുത്ത് തറയിലടിച്ചു.
പുറത്ത് ഇടിവെട്ടി മഴ പെയ്യുവാൻ തുടങ്ങി. അപ്പോഴേക്കും രണ്ട് പേരിലൊരുത്തൻ കത്തിയുമായി പാഞ്ഞടുക്കുന്നത് മിന്നൽ വെളിച്ചത്തിൽ സുമേഷ് കണ്ടു. അസ്ഥികൂടത്തിൽ നിന്നും പൊട്ടിയടർന്ന കൂർത്ത എല്ലിൻകഷ്ണം സുമേഷ് അയാളുടെ അടിവയറ്റിലേക്ക് കുത്തിക്കയറ്റി. അത് വലിച്ചൂരിയപ്പോൾ അയാൾ തറയിൽ വീണു പിടഞ്ഞു. അത് കണ്ട് രണ്ടാമൻ ഓടിയടുത്തു. അയാളെയും സുമേഷ് ആ എല്ലിൻ കഷ്ണമുപയോഗിച്ച് നേരിട്ടു. പിടിവലിക്കൊടുവിൽ അതയാളുടെ കഴുത്തിലേക്ക് തറഞ്ഞ് കയറി. രണ്ട് പേരുടെയും പിടച്ചിലവസാനിച്ചപ്പോഴാണ് സുമേഷ് ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്. അവൾ കീറിയ ടോപ്പിനുമുകളിൽ ഷാളെടുത്ത് പുതച്ചു. സുമേഷ് അവളെയും പിടിച്ചുകൊണ്ട് പുറത്തിറങ്ങി.
അവളുടെ വണ്ടിയായിരുന്നു പുറത്ത് കിടന്നത്. ആ ക്രിമനലുകൾ മോഷ്ടാക്കളായിരുന്നു. നാട്ടിൽ ഭീതി പരത്തി കുറച്ച് നാൾ അവിടെ തങ്ങി ആരെയും ഭയക്കാതെ മോഷണം നടത്തി മടങ്ങുകയാണ് പതിവ്. രാത്രി വൈകി വിജനമായ ആ പാതയിലൂടെ സ്കൂട്ടറിൽ വന്ന പെൺകുട്ടി അവരുടെ പിടിയിൽ പെട്ടുപോയതായിരുന്നു.
അവളെ വണ്ടിയിൽ കയറ്റി വീടിന് സമീപം വിട്ടിട്ട് സുമേഷ് സ്വന്തം വീട്ടിലേക്ക് പോയി.
കുറച്ച് ദിവസങ്ങൾ തകർത്ത് പെയ്ത മഴയിൽ കമ്പനി കോമ്പൗണ്ടിലെ ആശുപത്രിക്കെട്ടിടം തകർന്ന് വീണു. അത് കാണാൻ ചെന്ന് നാട്ടുകാരാണ് അസഹനീയമായ ഗന്ധത്തോടെ പുഴുവരിച്ച് കിടക്കുന്ന രണ്ട് മൃതദേഹങ്ങൾ അതിനിടയിൽ കണ്ടെത്തിയത്.
അതോടെ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് അജ്ഞാതരുടെ കഥ കൂടി നാട്ടിൽ പാട്ടായി.
രഞ്ജിത് വെള്ളിമൺ
No comments:
Post a Comment
Type your valuable comments here