അരികിൽ ഒരാൾ - Episode 1

 അരികിൽ ഒരാൾ(Horror)



“ കഥകളെന്ന് പറഞ്ഞാൽ വെറും ഭാവനയല്ലേ, വെറുതേ സങ്കൽപ്പിച്ചുണ്ടാക്കി എഴുത്തുകാരൻ സൃഷ്ടിച്ചെടുക്കുന്നത്, അല്ലാതെ അതൊന്നും സത്യമാകില്ലല്ലോ? കഥയിലുള്ള കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കല്പികമാണെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ, പിന്നെന്താ പ്രശ്നം ?”


വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി കൈയ്യിൽ വച്ച് നീലിമ ആരോടെന്നില്ലാതെയാണ് പറഞ്ഞത്.


“ഇതൊക്കെ നീയെന്തിനാ എന്നോട് പറയുന്നത് ? പേടിയുണ്ടെങ്കിൽ അത് വായിക്കരുതെന്ന് ഞാൻ നിന്നോട് ആദ്യമേ പറഞ്ഞിരുന്നതല്ലേ”


ഹൊറർ നോവലിസ്റ്റ് ജയരാമന്റെ പുതിയ കഥ വായിച്ച ശേഷമുള്ള നീലിമയുടെ ഉറക്കെയുള്ള ആത്മഗതം കേട്ട് ചിരിയടക്കിയാണ് ആമി അത് പറഞ്ഞത്.


ജയരാമന്റെ പുതിയ സൃഷ്ടിയായ “അരികിൽ ഒരാൾ” അത്യാവശ്യം നല്ല റിവ്യൂ നേടിയ ഹോറർ നോവലാണ്. ഹൊറർ ആസ്വദിക്കുന്ന തനിക്ക് പോലും അത് വായിച്ച് ഭയം തോന്നിയിരുന്നു, അതുകൊണ്ടാണ് സ്വതവേ പേടിത്തൂറിയായ നീലിമയോട് അത് വായിക്കരുതെന്ന് പറഞ്ഞത്, പക്ഷേ അവളുടെ ദുരഭിമാനം അതിന് സമ്മതിക്കാത്തതാണ്. നീലിമയെ ഭയം വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് ആമിക്ക് മനസിലായി


“പിന്നേ മരിച്ച് പോയവരൊക്കെ സ്വർഗ്ഗത്തിലും നരകത്തിലുമൊന്നും പോകാതെ പോസിറ്റീവ് എനർജിയും നേഗറ്റീവ് എനർജിയുമൊക്കെയായി ഇവിടെ ഭൂമിയിൽ നമുക്ക് ചുറ്റുമുണ്ട് പോലും, എന്നിട്ട് അങ്ങനെ നെഗറ്റീവ് എനർജിയായവർ നമ്മളൊക്കെ സന്തോഷത്തോടെ ജീവിക്കുന്ന കാണുമ്പോൾ അസൂയ മൂത്ത് നമ്മുടെ ആ സന്തോഷം തല്ലിക്കെടുത്താൻ വരുമെന്ന്, അങ്ങനെ വരുമ്പോൾ പോസിറ്റീവ് എനർജി നമ്മളെ പ്രൊട്ടക്ട് ചെയ്യും പോലും. എന്നാലും നെഗറ്റീവ് എനർജി, പോസിറ്റീവിന്റെ കണ്ണ് വെട്ടിച്ച് നമ്മെ ആക്രമിക്കാൻ തക്കം പാത്തിരിക്കുമത്രേ, നമ്മുടെ അരികിൽ... നിഴൽ പോലെ..... ഒരടിസ്ഥാനവുമില്ലാത്ത, ലോജിക്കില്ലാത്ത വെറും ചവറ്...”


ആ പുസ്തകം മേശപ്പുറത്തേക്കെറിഞ്ഞുകൊണ്ടാണ് നീലിമ പറഞ്ഞ് നിർത്തിയത്.


“എടീ എല്ലാത്തിലും അങ്ങനെ ലോജിക്കൊക്കെ നോക്കണോ, ഇതൊക്കെ ആൾക്കാരുടെ ആസ്വാദനത്തിന് വേണ്ടിയുള്ള ഒരു കലാസൃഷ്ടിയായി കണ്ടാൽ പോരെ, അതിന് ലോജിക്കെന്തിനാ എൻറർടെയിനിംഗ് ആയ എലമെൻറ്സ് അതിലുണ്ടായാൽ പോരേ?”


തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ സൃഷ്ടിയെ മോശമാക്കി പറഞ്ഞതിലുള്ള അനിഷ്ടം കൂടി ആമിയുടെ പ്രതികരണത്തിലുണ്ടായിരുന്നു.


“നിനക്ക് ഇരുപത്തഞ്ച് വയസ്സായില്ലേ ? ഈ പ്രായത്തിനിടയ്ക്ക് നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, അങ്ങനെയൊരു നെഗറ്റീവ് എനർജിയേയോ, പോസിറ്റീവിനെയോ ? എന്തായാലും ഞാൻ കണ്ടിട്ടില്ല.”


ആമിയുടെ അടുത്തേക്ക് വന്ന് അവളുടെ കൈകളിൽ പിടിച്ചിരുന്നാണ് നീലിമ അത് ചോദിച്ചത്.


“നിന്റെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടോ?”


വെറുതേ അവളെ കളിയാക്കാനായി ആമി ചോദിച്ചതാണ്.


“ദേ ആമി നീ എന്റെ കയ്യീന്ന് വാങ്ങിക്കുമേ, അങ്ങനെ പുസ്തകം വായിച്ചൊന്നും പേടിക്കുന്ന കൂട്ടത്തിലല്ല ഞാൻ, ഇത് നീ വല്ലാണ്ടങ്ങ് പൊക്കിപ്പറഞ്ഞ പോലെ ഒന്നുമില്ലാത്തോണ്ട് പറഞ്ഞതാ..... കുറേ പൊട്ടത്തരം എഴുതി വച്ചാൽ ആൾക്കാര് പേടിക്കാൻ പോകുവല്ലേ ?”


“ഓ നീ പറഞ്ഞത് ഞാനങ്ങ് സമ്മതിച്ചേക്കാം, ഈ പുസ്തകം വെറും ചവറായിക്കോട്ടെ, തർക്കമില്ല”


താൻ ആരാധിക്കുന്ന ജയരാമനെ കുറിച്ച് മോശമായി സംസാരിക്കുന്നത് കേൾക്കാൻ താല്പര്യമില്ലാത്തതിനാൽ ആ വിഷയം അങ്ങനെ അവസാനിപ്പിക്കാൻ ആമി തീരുമാനിച്ചു.


നീലിമ തുടർന്നുമെന്തോ പറയാൻ തുടങ്ങിയപ്പോൾ ആമി തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് വിലക്കി, അവൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പുസ്തകം തന്റെ കയ്യിലെടുത്തു.


“നീ വൈകിട്ട് വന്നപാടെ ഇരുന്ന് വായിക്കാൻ തുടങ്ങിയതല്ലേ, വിയർപ്പ് നാറുന്നു പോയി കുളിക്കാൻ നോക്ക്. ഫുഡ് കഴിക്കാൻ നേരമാകുന്നു, വൈകിയാൽ അമ്മിണിച്ചേച്ചി അടുക്കളയടക്കും..”


തന്റെ അരികിൽ ഇരുന്ന നീലിമയെ പിടിച്ച് തള്ളിക്കൊണ്ടാണ് ആമി പറഞ്ഞത്.


നീലിമ പതിയെ എഴുന്നേറ്റു, ആമി പിണങ്ങിയാണ് പറഞ്ഞതെന്ന് അവൾക്ക് മനസിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ആ ഹോസ്റ്റലിലെ ഒരു മുറിയിൽ കഴിയുന്ന അവർ നല്ല സുഹൃത്തുക്കളായിരുന്നു.


“ആമീ നിനക്ക് വിഷമമായോടീ ?”


“പിന്നേ നോവൽ വായിച്ച് നിനക്ക് ഇഷ്ടപ്പെടാത്തതിന് ഞാനെന്തിനാ പിണങ്ങുന്നത് ? നീ പോയി കുളിച്ചിട്ട് വാ പെണ്ണേ...  ഞാനിതൊന്ന് വായിച്ച് റിഹേഴ്സൽ ചെയ്യട്ടേ.... ആ ഓഡിയോ ചാനലിൽ അടുത്തയാഴ്ച ഈ നോവലിന്റെ ഓഡിയോ വെർഷൻ റിലീസ് ചെയ്യാമെന്ന് അനൗൺസ് ചെയ്തിട്ടുള്ളതാ, നാളെ മുതൽ ഓവർ ടൈം സ്റ്റുഡിയോയിൽ ഇരുന്ന ഡബ്ബ് ചെയ്യേണ്ടി വരും”


നീലിമയെ കുളിമുറിയിലേക്ക് തള്ളിക്കയറ്റിക്കൊണ്ടാണ് ആമി അത് പറഞ്ഞത്.


മനസില്ലാ മനസോടെ നീലിമ അകത്ത് കയറി വാതിലടച്ചു. ആമി തിരികെ കസേരയിൽ വന്നിരുന്ന്, നോവൽ തുറന്ന് അതിൽ അടയാളം വച്ചിരുന്ന പേജെടുത്ത് വായിക്കാൻ തുടങ്ങി.


“നിങ്ങളുടെ ചുറ്റും അവരുണ്ട്, നെഗറ്റീവ് എനർജി, അവർ തക്കം പാർത്തിരിക്കുകയാണ്, ആക്രമിക്കാൻ, നിങ്ങളുടെ സന്തോഷങ്ങളെ തല്ലിക്കെടുത്താൻ. വിശ്വാസമായില്ലെങ്കിൽ ഇപ്പോ പെട്ടെന്ന് നിങ്ങളുടെ ഇടത് വശത്തേക്ക് നോക്കിക്കേ..... ഒരു നിഴൽ നിങ്ങളുടെ പിന്നിലേക്ക് ഓടി മറഞ്ഞത് കണ്ടില്ലേ.... ആ നെഗറ്റീവ് എനർജി നിങ്ങളുടെ ചെവിയുടെ പിന്നിൽ വന്ന് നിന്ന് ഇത്ര നേരവും നിങ്ങളെന്താണ് വായിക്കുന്നതെന്ന് നോക്കുകയായിരുന്നു. ഇനിയും സംശയമുണ്ടോ, ഉണ്ടെങ്കിൽ ഇനി ഞാൻ പറയാതെ നിങ്ങൾ തിരിഞ്ഞ് നോക്കരുത്..... ഇവിടേക്ക് മാത്രം ശ്രദ്ധിക്ക്, ഇപ്പോൾ ആ നെഗറ്റീവ് എനർജി നിങ്ങളുടെ വലത് ചെവിയ്ക്ക് തൊട്ടു പിന്നിലുണ്ട്. അരുത് തിരിഞ്ഞ് നോക്കരുത്..... പതിയെ നിങ്ങളുടെ ബ്രീത്തിംഗിൽ മാത്രം ശ്രദ്ധിക്ക്, ഇപ്പോൾ നിങ്ങളുടെ ചെവിയുടെ മുകൾ ഭാഗത്ത് ചെറു ചൂടുള്ള നിശ്വാസം പതിക്കുന്നില്ലേ....നിങ്ങളുടെ മൂക്കിലേക്ക് ഒരു പഴകിയ മണം വരുന്നില്ലേ.... അതേ ഉണ്ട്. അത് നിങ്ങളെ നിരന്തരം പിന്തുടരുന്ന, നിങ്ങൾക്കൊപ്പമുള്ള, നിങ്ങളുടെ അരികിലുള്ള ആ ആളാണ്”


നോവലിലെ രണ്ട് കഥാപാത്രങ്ങൾക്കിടയിലുള്ള ആ സംഭാഷണത്തോടെ ഒന്നാം അദ്ധ്യായം അവസാനിച്ചു.


നീലിമ പറഞ്ഞത് ശരിയാണ്, ഇങ്ങനെ യൊരു മൂഡിൽ ഇരുന്ന് വായിക്കുമ്പോൾ തനിക്കും പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. പക്ഷേ ആദ്യ തവണ ഇത് വായിച്ചത് നീലിമ നാട്ടിൽ പോയതിനെ തുടർന്ന് താൻ ഈ  ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായ രണ്ട് രാത്രികളിലായിട്ടാണ്. അന്ന് ശരിക്കും ഇത് വായിച്ചപ്പോൾ അത്തരം ഒരു എനർജിയുടെ സാമീപ്യം തനിക്ക് അനുഭവപ്പെട്ടിരുന്നു. നമ്മുടെ മുഡും ചുറ്റുപാടുകളും ഒക്കെ വായനയെയും ആസ്വാദനത്തെയും നല്ല രീതിയിൽ തന്നെ ബാധിക്കുമെന്ന് ജയരാമൻ തൻ്റെ ഹൊറർ നോവാലായ രക്താംഗിതൻ്റെ ആമുഖത്തിൽ എഴുതിയിട്ടുള്ളത് ആമി ഓർത്തു.


ആമി തൻ്റെ ഫോണിലെ വോയിസ് റെക്കോർഡർ ഓണാക്കി വച്ച് ശരിക്കും എഴുത്തുകാരൻ ഉദ്ദേശിച്ച ഫീൽ ഉൾക്കൊണ്ട് കഥ വായന തുടർന്നു.


രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പാട്ടുകേട്ട് കിടക്കുന്നതാണ് നീലിമയുടെ ശീലം.  ഇന്ന് പാട്ടിന് പകരം കഥ കേൾപ്പിക്കാമെന്ന് ആമി തീരുമാനിച്ചു.


അതേ സമയം അകത്തെ കുളിമുറിയിൽ പതിവിന് വിപരീതമായി നെഞ്ചിന് കുറുകേ തോർത്ത് കെട്ടി നീലിമ കുളിക്കുകയായിരുന്നു. കണ്ണിലേക്ക് വീണ സോപ്പ് പത വല്ലാതെ നീറ്റലുണ്ടാക്കിയപ്പോൾ അവൾ കണ്ണിലേക്ക് വെള്ളമൊഴിച്ച് കണ്ണ് തിരുമ്മി.


അതിന് ശേഷം കണ്ണ് തുറന്നപ്പോൾ മുന്നിൽ നിന്നും ആരോ പെട്ടെന്ന് തൻ്റെ പിന്നിലേക്ക് ഓടി മാറിയത് പോലെ അവൾക്ക് തോന്നി. 


അതോടെ നീലിമ തൻ്റെ പിൻവശത്തേക്ക് വെട്ടിത്തിരിഞ്ഞു, അപ്പോഴും തൻ്റെ കണ്ണിൽപെടാതിരിക്കാൻ ആരോ തൻ്റെ പിന്നിലേക്ക് തൻ്റെ ഒഴിഞ്ഞ് മാറുന്നതായി അവൾക്ക് തോന്നി.


തുടരും

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post