“അവൾ പതിയെ കട്ടിലിന് താഴേക്ക് മൊബൈൽ ഫ്ലാഷ് തെളിച്ച ശേഷം കട്ടിലിൽ കിടന്നുകൊണ്ട് താഴേക്ക് തലകുനിച്ച് നോക്കി. എന്നാൽ തന്റെ ഫോണിലെ ഫ്ലാഷിന്റെ വെളിച്ചം ആ കട്ടിലിന് അടിയിലെ ഇരുട്ടിനെ അശേഷം പോലും മാറ്റുന്നില്ലയെന്ന് അവൾ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ആ ഇരുളിൽ നിന്നും നീണ്ടു വന്ന ഒരു കൈയ് വിരലുകളിലെ നഖം കഴുത്തിലമർന്ന് ചോര പൊടിഞ്ഞത് മിന്നൽ വേഗത്തിലായിരുന്നു. ആ നീറ്റലിനൊപ്പം അവളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച കൈ അലീനയെ നിലത്തേക്ക് വലിച്ചിട്ടു. ശക്തിയായി തറയിലടിച്ചപ്പോൾ തലയോട്ടി പൊട്ടിയ ശബ്ദം തന്റെ കാതിൽ തന്നെ അലീന കേട്ടു. ഒപ്പം തലയിൽ പടർന്ന ചോരയുടെ നനവും. കണ്ണുകളിൽ പതിയെ പടർന്ന ഇരുട്ട് കാഴ്ചയെ പൂർണ്ണമായും മറയ്ക്കും മുൻപ് അവൾ അവസാനമായി കണ്ടത് ഉറുമി പോലെ നീണ്ടു വന്നൊരു നാവ് തറയിൽ നിന്നും ചോര നക്കിയെടുക്കുന്നതാണ്.”
ചെവിയിൽ ചൂടുലോഹം ഉരുക്കിയൊഴിച്ച പോലെയായിരുന്നു നീലിമയ്ക്ക് അത് കേട്ട് കിടന്നപ്പോൾ തോന്നിയത്. ആ ഇരുട്ടിൽ കണ്ണുകളടയ്ക്കാൻ അവൾക്ക് ഭയം തോന്നി. പെട്ടെന്നാണ് തന്റെ കഴുത്തിൽ വിരലുകളിഴയുന്നതും നഖം അമരുന്നതും നീലിമ തിരിച്ചറിഞ്ഞത്. അവൾ ഭയന്ന് ചാടിയെണീറ്റപ്പോൾ കേട്ടത് ആമിയുടെ പൊട്ടിച്ചിരിയാണ്. ക്ഷണനേരം കൊണ്ട് നീലിമയുടെ ഭയം കോപമായി മാറി.
“ ആമീ നീ ചുമ്മാ കളിക്കരുതേ, ഈയിടെയായി നിന്റെ കുറുമ്പ് കുറച്ച് കൂടുന്നുണ്ട്. എപ്പോഴും ഇതൊക്കെ ആസ്വദിക്കാനും വിട്ടുകളയാനും പറ്റിയില്ലെന്ന് വരും”
“എന്താ നീലിക്കൊച്ചെ പേടിച്ചുപോയോ?”
ചിരി മായാതെ തന്നെയാണ് നീലിമയുടെ ചോദ്യത്തിന് ആമി മറുചോദ്യം ചോദിച്ചത്.
“എല്ലാ മനുഷ്യരെയും പോലെയുള്ള ഭയം എനിക്കുമുണ്ട്, ഓർക്കാപ്പുറത്ത് ഇങ്ങനെയൊക്കെ ചെയ്താൽ ആരായാലും ഞെട്ടും, പേടിക്കും, അത് നീയാണേലും.... ഇതൊക്കെ തിരിച്ച് ചെയ്യാൻ എനിക്കും അറിയാം, അത് നീ മറക്കരുത്”
അത് കേട്ട് ഒന്നുകൂടെ ഉറക്കെ ആമി ചിരിച്ചു.
“അത് ശരി അപ്പോ എന്നെ പേടിപ്പിക്കാനൊക്കെ പറ്റുമെന്ന് എന്റെ നീലിക്കുഞ്ഞിന് കോൺഫിഡൻസുണ്ടോ ? എങ്കിൽ ആദ്യം ഈ നോവൽ നീയൊന്ന് വായിച്ച് തീർക്ക്, എന്നിട്ടാകാം എന്നെ പേടിപ്പിക്കുന്നത്.”
നീലിമയുടെ ഈഗോയെ ലക്ഷ്യമാക്കി തന്നെയാണ് ആമി അത് പറഞ്ഞത്.
“ഈ പുസ്തകത്തിനപ്പുറം വേറൊന്നുമില്ല ഭയക്കാനെന്നാണോ ആമീ നീ ധരിച്ചിരിക്കുന്നത്? ഒരോരുത്തർക്കും വ്യത്യസ്തമായ ആസ്വാദന നിലവാരമാണുള്ളത്. എനിക്ക് ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ ഞാൻ വായിക്കും, എന്റെ ഇഷ്ട ജോണറിൽ ഹൊറർ ഇല്ല, അതിനർത്ഥം ഞാൻ ഭീരുവാണെന്നല്ല”
നീലിമ വളരെ ഗൗരവത്തിലാണ് ആമിക്ക് മറുപടി നൽകിയത്. അവൾക്ക് എന്ത് മറുപടി നൽകുമെന്നറിയാതെ ആമി പരുങ്ങി.
“ബാക്കി നമുക്ക് നാളെ വെളുത്തിട്ട് ചർച്ച ചെയ്യാം... ഇപ്പോ ഉറങ്ങാം, എനിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്”
അങ്ങനെ പറഞ്ഞ് കൊണ്ട് ചെവിയിൽ നിന്നും ഇയർപോഡ് ഊരി മേശപ്പുറത്ത് വച്ച ശേഷം തിരിഞ്ഞ് കിടന്ന് നീലിമ ബെഡ്ഷീറ്റ് തലവഴി മൂടി കിടന്നു. ഇനി അവളെ പ്രകോപിപ്പിച്ചാൽ ഒരു പക്ഷേ നീലിമ വയലന്റാകുമെന്ന് തിരിച്ചറിഞ്ഞ ആമിയും ഇയർപോഡ് ഊരി വച്ച ശേഷം തിരിഞ്ഞ് കിടന്നു.
രാത്രി സ്വപ്നം കണ്ട് ആമി ഞെട്ടിയുണർന്നു. അപ്പോൾ മുറിയിലെ ബൾബ് കത്തിക്കിടക്കുന്നുണ്ടായിരുന്നു. മൊബൈലെടുത്ത് സമയം നോക്കിയപ്പോൾ വെളുപ്പിന് രണ്ട് മണി. ഉറങ്ങാൻ കിടന്നപ്പോൾ കറന്റില്ലായിരുന്നല്ലോ, അത് പിന്നീട് വന്നതാണ്, എന്നാൽ എണീറ്റ് ലൈറ്റ് അണയ്ക്കാം എന്ന് കരുതി തിരിഞ്ഞപ്പോഴാണ് അരികിൽ നീലിമയില്ലെന്ന് അവൾ കണ്ടത്. നീലിമ ജനാല തുറന്നിട്ട് ജനാലയ്ക്കൽ ചെവി ചേർത്ത് നിൽക്കുകയാണ്, അവളുടെ കൈയ്യിൽ ജയരാമന്റെ പുസ്തകമുണ്ടായിരുന്നു, അരികിൽ ഒരാൾ. അവൾ അത് പകുതിയോളം വായിച്ചിരിക്കുന്നു. ആ കാഴ്ച വിശ്വസിക്കാനാകാതെ ആമി കട്ടിലിൽ നിന്നും എഴുന്നേറ്റു.
“നീലീ നിനക്കെന്താടി ഉറക്കവുമില്ലേ ? എന്നോടുള്ള വാശിക്ക് വായിച്ച് തീർക്കുവാണോ അത്?”
എന്നാൽ ആമിയുടെ ചോദ്യം കേട്ടതായി പോലും ആമി ഭാവിച്ചില്ല, അവൾ പുസ്തകം വായിക്കുകയായിരുന്നു. ഇടയക്കിടെ തിരിഞ്ഞ് ജനാലയ്ക്കപ്പുറത്തേക്ക് നോക്കുന്നുമുണ്ട്,
“നീയെന്താടീ നീലിപ്പെണ്ണേ നിന്നുകൊണ്ട് ഉറങ്ങുവാണോ?”
ചോദിച്ചുകൊണ്ട് ആമി എഴുന്നേറ്റ് അവൾക്കരികിലേയ്ക്ക് ചെന്നു.
അടുത്ത് ചെന്ന് ആമി നീലിമയുടെ കൈയ്യിൽ പിടിച്ചു, അത് വല്ലാതെ തണുത്തിരുന്നു, താൻ കൈ പിടിച്ചിട്ട് പോലും നീലിമ പ്രതികരിക്കാത്തതിൽ അവൾക്ക് അതിശയം തോന്നി.
“എന്താടീ പെണ്ണേ, നീ ഉറക്കത്തിൽ എഴുന്നേറ്റ് പോന്നതാണോ ? ഇത്രകാലവും ഇങ്ങനെയൊരു പ്രശ്നം നിനക്കില്ലാരുന്നല്ലോ ?”
അത് പറഞ്ഞ് ആമി നീലിമയുടെ കൈ പിടിച്ച് വലിച്ചു. എന്നാൽ അവളെ ഒന്നനക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്ന തിരിച്ചറിവ് ആമിയുടെ ഉള്ളിൽ പെട്ടെന്നൊരു ഭയം നിറച്ചു. നീലിമയുടെ കൈയ്യിലെ തണുപ്പ് തന്റെ കൈകളിലൂടെ ശരീരത്തിൽ പടരുന്നതായി ആമിയറിഞ്ഞു. അവൾ പെട്ടെന്ന് നീലിമയുടെ കൈയ്യിൽ നിന്നും പിടിവിട്ടു.
അപ്പോഴാണ് മൂക്കിലേക്ക് ഒരു അഴുകിയ മണം വരുന്നത് ആമി ശ്രദ്ധിച്ചത്. തൊട്ടടുത്തുള്ള വേസ്റ്റ് പ്ലാന്റിൽ നിന്നുള്ള നാറ്റം ഇടയ്ക്കിടെ വരാറുള്ളതിനാൽ ആ ജനാല തുറക്കാൻ നീലിമ സമ്മതിക്കാറെയില്ലായിരുന്നു, എന്നിട്ടാണ് യാതൊരു കൂസലുമില്ലാതെ ആ ജനാല തുറന്നിട്ട് അവളവിടെ നിൽക്കുന്നത്.
ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ആമി രണ്ടടി കൂടി മൂന്നിലേക്ക് നീങ്ങി. ആ ജനാലയ്ക്കപ്പുറം അപ്പോഴാണ് അവൾക്ക് കാണാനായത്. അവിടെ ആരോ നിൽക്കുന്നതായി തോന്നിയപ്പോൾ അത് വ്യക്തമായി കാണാൻ ആമി ജനാലയ്ക്കടുത്തേക്ക് ഒന്നു കൂടി നീങ്ങി നിന്നു.
പാറിപ്പറക്കുന്ന നീണ്ട മുടിയാണ് ആദ്യം കണ്ണിൽപ്പെട്ടത്, അത് നീലിമയുടെ മുടിയാണെന്നാണ് ആദ്യം അവൾ കരുതിയത്. പക്ഷേ തൊട്ടടുത്ത നിമിഷമാണ് അവൾ ഓർത്തത് നിലിമയ്ക്ക് ഷോർട്ട് ഹെയറാണെന്ന്, അപ്പോഴാണ് ജനാലയിൽ പിടിച്ച് നിൽക്കുന്ന നീണ്ട വിരലുകളും അതിലെ നീണ്ട നഖങ്ങളും കണ്ടത്.
ആമിയുടെ തലച്ചോറിലേയ്ക്ക് ഭയം ഇരച്ച് കയറി, തങ്ങൾ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസിക്കുന്നത്, ആ ജനാലയ്ക്കപ്പുറം കയറി നിൽക്കാൻ ഷെയ്ഡ് പോലുമില്ലെന്ന് അവൾക്കറിയാം, പിന്നെ എങ്ങനെയാണ് ഒരാൾ അപ്പുറം നിൽക്കുക, അതും അത്രയും നീണ്ട മുടിയുള്ളൊരു പെണ്ണിനെ താൻ കണ്ടിട്ടുകൂടിയില്ല. ചിന്തകൾ അതിവേഗം സഞ്ചരിച്ചുവെങ്കിലും ഒന്നനങ്ങാനാവാത്ത വിധം ആമിയുടെ കാലുകൾ അവിടെ ഉറച്ച് പോവുകയും, ശരീരം കല്ലുപോലെ ഉറച്ച് പോവുകയും ചെയ്തിരുന്നു.
അപ്പോഴാദ്യമായി നീലിമ തിരിഞ്ഞ് ആമിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. ചെറുപുഞ്ചിരി പരിഹാസച്ചിരിയായി പരിണമിക്കുകയായിരുന്നു.
“എന്താ ആമിക്കുട്ടീ നീ പേടിച്ചുപോയോ ? എന്തേ ഒന്നും മിണ്ടാത്ത് ?”
തന്റെ നാവ് അനക്കാണ പോലും പറ്റുന്നില്ലെന്നത് ആമിയുടെ ഭയം ഇരട്ടിപ്പിച്ചു. അപ്പോഴാണ് ജനാലയ്ക്കപ്പുറത്തുള്ള രൂപം നീലിമയുടെ മറവിൽ നിന്നും നിങ്ങി നിന്നത്. അതി സുന്ദരിയായ ഒരു യുവതി, കാറ്റിൽ പറക്കുന്ന നീണ്ട മുടി, മനോഹരമായ ചിരിയൊളിപ്പിച്ച മുഖം, അത്രയും സുന്ദരിയായ ഒരു യുവതിയെ ആമി ആദ്യമായി കാണുകയായിരുന്നു. ആമിയുടെ മുഖത്തെ അതിശയം കണ്ട് നീലിമ തിരിഞ്ഞ് ആ യുവതിയെ നോക്കി, അതിന് ശേഷം വീണ്ടും ആമിയെ നോക്കി ചിരിച്ചു.
പക്ഷേ ആ ചിരിയിൽ വല്ലാത്തൊരു ഉന്മാദഭാവമാണുണ്ടായിരുന്നത്. അതും ഉച്ചത്തിലുള്ള ചിരി..... അപ്പോഴാണ് ആമി ശ്രദ്ധിച്ചത്. ജനാലയ്ക്കപ്പുറം നിൽക്കുന്ന യുവതിയുടെ മുഖം ഇരുണ്ട് വരുന്നു. മനോഹരമായ നീണ്ട മുടിയിഴകളിൽ ജഡ പടരുന്നു, നീണ്ട മാൻമിഴികൾ തുറിച്ച കണ്ണുകളായി പുറത്തേക്ക് വരുന്നു. തേൻ പുരണ്ടത് പോലെയുണ്ടായിരുന്ന ചുണ്ടുകൾ തടിച്ച് ചുവന്ന് അതിന്റെ കോണിൽ നിന്നും ദംഷ്ട്രകൾ പുറത്തേക്ക് നീണ്ടു.
തുടരും
രഞ്ജിത് വെള്ളിമൺ
Tags
horror
