അരികിൽ ഒരാൾ - Episode 2

 




തോർത്തുമുടുത്ത് ശരീരം തുടയ്ക്കാതെ, വെള്ളമിറ്റ് വീഴുന്ന മുടിയുമായി കുളിമുറിയ്ക്ക് പുറത്തേക്കിറങ്ങി വന്ന നീലിമയെ കണ്ട് ആമി അമ്പരന്നു.

“എന്താടി ? എന്തുപറ്റി ? നീയെന്താ ഇക്കോലത്തിൽ ഇറങ്ങി വന്നത് ?”

ആമിയുടെ ചോദ്യങ്ങൾ നീലിമ കൃത്യമായി കേട്ടില്ല, അവളുടെ മനസ് അപ്പോഴും കുളിമുറിക്കുള്ളിലായിരുന്നു. തനിക്ക് മുന്നിൽ നിന്ന് വസ്ത്രം മാറാൻ പോലും നാണക്കേടുളള നീലിമ അങ്ങനെ ആ ചെറിയ ടവൽ ചുറ്റി നനഞ്ഞ് വന്ന് നിൽക്കുന്നത് തന്നെ ആമിക്ക് അദ്ഭുതമായിരുന്നു.

“ഒന്നുമില്ലെടീ വലിയൊരു ചിലന്തി ബാത്ത് റൂമിനുള്ളിൽ പെട്ടെന്ന് കണ്ടപ്പോ പേടിച്ചു, അതാ”

നീലിമ പറഞ്ഞത് അത്ര വിശ്വാസമാകാതെ ആമി വന്ന് ബാത്ത് റൂമിൽ പരിശോധിച്ചു. അവൾക്ക് അവിടെ ചിലന്തിയെയൊന്നും കാണാൻ കഴിഞ്ഞില്ല.

“ചിലന്തി എവിടെ ? ഞാൻ നോക്കീട്ട് കണ്ടില്ലല്ലോ?”

“അതിപ്പോ ചിലന്തി എങ്ങോട്ടേലും ഓടി മറഞ്ഞു കാണും, അല്ലാതെ എനിക്ക് അതിനെ പിടിച്ച് കെട്ടിയിടാനൊന്നും ഒക്കില്ലല്ലോ ?”

തന്നെ സംശയിക്കുന്നതിലുള്ള അനിഷ്ടം പ്രകടമാക്കിയാണ് നീലിമ അത് പറഞ്ഞത്.

“നീ ചൂടാകേണ്ട, അത് വിട്ടേക്ക്, പിന്നെ തലയിൽ വെള്ളം താരാതെ തോർത്താൻ നോക്ക്, വെറുതേ ജലദോഷം പിടിപ്പിക്കേണ്ട”

അവിടെ ആമി കുളിച്ചിട്ട് നിവർത്തിയിട്ടിരുന്ന തോർത്തെടുത്ത് നീലിമ തന്റെ തല തോർത്തി, അതിന് ശേഷം ഒരു നൈറ്റി എടുത്തിട്ടു.

അപ്പോഴും ആമി പുസ്തകം വായിച്ചിരിക്കുന്നത് കണ്ട് നീലിമയ്ക്ക് ദേഷ്യം വന്നു.

“എടീ അത് താഴെ വച്ചിട്ട് വരാൻ നോക്ക്, ഭക്ഷണം കഴിക്കേണ്ടേ, നാളെ പരീക്ഷയൊന്നുമില്ലല്ലോ, അതിങ്ങനെ വീണ്ടും വീണ്ടും വായിച്ച് കാണാതെ പഠിക്കാൻ”

ആ പ്രകോപനത്തിന് പിടി കൊടുക്കാതെ പുസ്തകം താഴെ വച്ചിട്ട് ആമി എഴുന്നേറ്റു, ഇരുവരും കാന്റീനിലേയ്ക്ക് ഭക്ഷണം കഴിക്കാനായി പോയി.

ഭക്ഷണം കഴിച്ച് ഇരുവരും കൈകഴുകി തിരികെ വരുന്ന വഴി കറന്റ് പോയി. ചുറ്റിനും ഇരുട്ട് പരന്നപ്പോൾ പെട്ടെന്ന് നീലിമ ആമിയുടെ കൈയ്യിൽ മുറുകെ പിടിച്ചു. ജനാലവഴി വരുന്ന നേരിയ നിലാവെളിച്ചം കാട്ടിയ വഴിയിലൂടെ അവർ അവരുടെ മുറിയിലെത്തി. അകത്ത് കയറി ആമി വാതിലടയ്ക്കുമ്പോഴേക്കും നീലിമ ബെഡിൽ ചെന്നിരുന്നു കഴിഞ്ഞിരുന്നു.

“ശ്ശെടാ ഈ കറന്റ് ഇനി വരുമോ ആവോ ? വന്നില്ലെങ്കിൽ ഞാൻ പെട്ടുപോകുമല്ലോ ഈശ്വരാ”

“ഇന്നലെ നട്ടപ്പാതിരാ വരെ കുത്തിയിരുന്ന് വായിച്ചതല്ലേ, ഇന്നെങ്കിലും സമയത്ത് വന്ന് കിടന്നുറങ്ങാൻ നോക്ക് പെണ്ണേ”

നീലിമ സ്നേഹത്തോടെ വിളിച്ചപ്പോൾ ആമി നടന്ന് വന്ന് കട്ടിലിൽ അവൾക്കരികിൽ ഇരുന്നു.

“എന്നാ വാ പൊന്നേ ഉറങ്ങാം”

അതും പറഞ്ഞ് ആമി അവളെ കട്ടിലിലേക്ക് മറിച്ചിട്ട്, അവളുടെ പുറത്തേക്ക് കയറി ചുണ്ടിൽ ഉമ്മ വച്ചു. നീലിമ അവളെ തന്റെ ശരീരത്തിൽ നിന്നും ഒരു വശത്തേക്ക് തള്ളി മറിച്ചിട്ടു.

“പോടീ വൃത്തികെട്ടവളേ, നിനക്കതെന്തിന്റെ കേടാ”

തന്റെ ചുണ്ട് കൈകൊണ്ട് തുടച്ചുകൊണ്ടാണ് നീലിമ ചോദിച്ചത്. ഒരു കുസൃതിച്ചിരി ആമിയുടെ മുഖത്തുണ്ടായിരുന്നു.

“ നീ സുന്ദരിയല്ലേടീ ചക്കരേ, നിന്റെ ചുണ്ടാണേൽ നല്ല ഹോട്ടും, സോ.....”

“ഞാനിതെന്ത് വിശ്വസിച്ചാ നിന്റെ കൂടെ കിടക്കുന്നത്?”

നീലിമ ഒരു തലയിണയെടുത്ത് അവർക്കിടയിലുള്ള ഗ്യാപ്പിൽ വച്ചിട്ടാണ് ആമിയുടെ ചോദ്യത്തിന് മറുപടി നൽകിയത്.

ആമി ആ തലയിണയെടുത്ത് തന്റെ നെഞ്ചിന് മുകളിൽ വച്ച് ഇറുകെ കെട്ടിപ്പിടിച്ചു.

“എന്റെ നീലിപ്പെണ്ണേ, നിന്നെ ദേ ഇതുപോലെ കെട്ടിപ്പിടിച്ചു കിടക്കുന്നതല്ലാതെ, ഇത്ര കാലവും ഇവിടെ കഴിഞ്ഞിട്ട് നിന്റെ വിർജിനിറ്റിയൊന്നും ഞാൻ കൊണ്ടോയിട്ടില്ലല്ലോ, സോ ഡോണ്ട് വറീ ചക്കരേ”

കുലുങ്ങിച്ചിരിച്ചുകൊണ്ട് നീലിമയുടെ കവിളിൽ ആമി നുള്ളി.

“ചുമ്മാ കളിക്കാതെ ഉറങ്ങാൻ നോക്ക് പെണ്ണേ”

തന്റെ കവിളിൽ നുള്ളിയ ആമിയുടെ ഇടം കൈയ്യിലെ ചൂണ്ടുവിരൽ പിടിച്ച് കടിച്ചുകൊണ്ടാണ് നീലിമ പറഞ്ഞത്. ആ കടി ആമിക്ക് നന്നായി വേദനിച്ചു.

“ചില സമയം നീ തനി നീലിയാ, കള്ളിയങ്കാട്ട് നീലി, രക്തം പൊടിഞ്ഞെന്നാ തോന്നുന്നേ”

ആമി തന്റെ ചൂണ്ടുവിരൽ വായിലേക്കിട്ട് ചെറുതായി പൊടിഞ്ഞ ചോര നുണഞ്ഞു. അവളുടെ കൈ മുറിഞ്ഞെന്നറിഞ്ഞപ്പോൾ നീലിമയ്ക്ക് വിഷമം തോന്നി.

അതേ സമയം കട്ടിലിന്റെ തലയ്ക്കലുണ്ട് മേശമേൽ ചാർജ്ജ് ചെയ്യാനായി ഇട്ടിരുന്ന തന്റെ ഫോൺ കൈയ്യെത്തി എടുത്ത് അതിൽ ബ്ലൂടൂത്ത് ഹെഡ് ഫോൺ കണക്ട് ചെയ്ത ശേഷം ഒരു ഇയർപോഡ് നീലിമയ്ക്ക് കൊടുത്തിട്ട് രണ്ടാമത്തേത് ആമി തന്റെ ചെവിയിൽ തിരുകി.

“ഇന്ന് നമുക്ക് ജോൺസൺ മാഷിന്റെ പാട്ട് കേൾക്കാം”

പക്ഷേ നീലിമയ്ക്ക് മറുപടി നൽകാതെ ആമി ഫോണിൽ സേവ് ചെയ്ത തന്റെ വോയിസ് നോട്ടാണ് ഓപ്പൺ ചെയ്തത്.

“ഇന്ന് നീലിയ്ക്ക് പാട്ടില്ല, എന്റെ ചോര കുടിച്ചതിന് പണിഷ്മെന്റായി എന്റെ ശബ്ദത്തിൽ നീ കഥ കേട്ട് ഉറങ്ങിയാൽ മതി, പേടിയുണ്ടേൽ ഇപ്പോ പറഞ്ഞാൽ മതി, ഏതേലും പാട്ട് ഇട്ട് തന്നേക്കാം, എന്താ?”

എന്ത് പറയണമെന്ന് അറിയാതെ ഏതാനും നിമിഷം പകച്ചു പോയെങ്കിലും,തന്റെ ഉള്ളിലെ ഭയം തുറന്ന് സമ്മതിക്കാൻ അവൾ തയ്യാറായില്ല. അത് സമ്മതമായി കണ്ട് ആമി ആ വോയിസ് നോട്ട് പ്ലേ ചെയ്തു.

ആമിയുടെ ശബ്ദത്തിൽ ആ കഥയുടെ മറ്റൊരു അദ്ധ്യായം നീലിമ കേൾക്കാൻ നിർബന്ധിതയാകുകയായിരുന്നു.

“അലീന മുറിയിൽ ഒറ്റയ്ക്കായിരുന്നു. ഫോണിന്റെ വെളിച്ചം മാത്രമാണ് ആ മുറിയിൽ ഉണ്ടായിരുന്നത്. ആ വെളിച്ചത്തിൽ കമിഴ്ന്നു കിടക്കുന്ന അവളുടെ മുഖത്തിന് സാധാരണയിലുമധികം ഭംഗിയുണ്ടായിരുന്നു. ഉറക്കം വരാതെ വെറുതേ ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്തു പോസ്റ്റുകൾ കാണുകയായിരുന്നു. ചെവിയിൽ ഹെഡ്ഫോൺ കുത്തിയിട്ടുള്ളതിന്റെ ശബ്ദ് മാക്സിമത്തിലായിരുന്നു. സമയം പന്ത്രണ്ട് കഴിഞ്ഞതൊന്നും അറിയാതെ ഓൺലൈൻ ലോകത്ത് മേഞ്ഞുനടക്കുകയായിരുന്നു. അലീനയുടെ മുറിയുടെ ജനാലക്കരികിൽ കിടന്ന ഒരു നായ ഓരിയിട്ടു. , അതൊരു ചെറിയ മൂളൽ പോലെ അവൾ കേട്ടിരുന്നു, തന്നെ ആരേലും വിളിച്ചതെങ്ങാനുമാണോ എന്നറിയാൻ അവൾ കണ്ടൊണ്ടിരുന്ന വീഡിയോ പോസ് ചെയ്ത് ഹെഡ് സെറ്റ് ചെവിയിൽ നിന്ന് മാറ്റി, കാരണം അവളുടെ അമ്മൂമ്മ തീരെ അവശനിലയിൽ കിടപ്പിലാണ്, ഇനി അധികം ആയുസ്സില്ലെന്നും ഈ രാത്രി താണ്ടാൻ സാദ്ധ്യതയില്ലെന്നും പകൽ വന്ന് പോയ ഡോക്ടർ പറഞ്ഞതുമാണ്. അങ്ങനെ ചെവിയോർത്തിരുന്നപ്പോൾ വീണ്ടുമൊരിക്കൽ കൂടി ആ നായ ഓരിയിട്ടു. അവളത് കേട്ട് ഒന്ന് ഞെട്ടി. പെട്ടെന്നാണ് ആ മുറിയിൽ എന്തോ ഒരു സുഖകരമല്ലാത്ത മണം വരുന്നതായി അവൾക്ക് തോന്നിയത്, അവൾ അൽപം ആഞ്ഞ് ശ്വാസം വലിച്ചു നോക്കി, അതേ മാംസം ചീഞ്ഞ പോലൊരു ഗന്ധം ഉണ്ട്. ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ തന്റെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം അല്ലാതെ മറ്റാരുടെയോ നിശ്വാസത്തിന്റെ ശബ്ദം കൂടി തന്റെ അരികിൽ ഉള്ളതായി അവൾക്ക് തോന്നി. അതേ തന്റെ ചെവിയുടെ അരികിൽ മറ്റാരുടെയോ നിശ്വാസത്തിന്റെ ശബ്ദമുണ്ട്. ആ നിശ്വാസത്തിന്റെ ചൂട് തന്റെ ചെവിയിൽ ചെറുതായി പതിയുന്നുണ്ട്. ഭയന്ന് പോയ അലീന പെട്ടെന്ന് വെട്ടിത്തിരിഞ്ഞ്, ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓണാക്കി. ആരോ ഓടി മറഞ്ഞത് അവൾ കണ്ടു, ആ ദിക്കിലേക്ക് അവൾ ഫ്ലാഷ് തിരിച്ചപ്പോൾ ആ രൂപം നിലത്തേക്കുരണ്ട് തന്റെ കട്ടിലിന് അടിയിലേക്ക് കയറിയത് അവൾ കണ്ടു. അടുത്ത നിമിഷത്തിൽ പുറത്ത് നായ വല്ലാതെ വേദനിച്ചെന്ന പോലെ അപശബ്ദം ഉണ്ടാക്കി ഓടിപ്പോയി. ഒപ്പം കട്ടിലിനടിയിൽ നിന്നും മുൻപിലത്തേതിലും ഉച്ചത്തിൽ ആ നിശ്വാസത്തിന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി."

തുടരും

രഞ്ജിത് വെള്ളിമൺ



Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post