HUNTER

 HUNTER
(CRIME THRILLER NOVEL)



Part 1

 

സർപ്പക്കാവിന് പിന്നിലെ റെയിൽവേ ട്രാക്കിൽ രണ്ട് കാലുകളും വലത് കൈപ്പത്തിയും അറ്റുപോയ നിലയിൽ ചോരയിൽ കുളിച്ചൊരാൾ കിടക്കുന്നുവെന്ന് പേലീസ്  സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത് തൊട്ടടുത്തുള്ള കായലിൽ രാത്രി മീൻ പിടിക്കാൻ വന്ന ചെറുപ്പക്കാരാണ്. വിവരം നൈറ്റ് പട്രോളിംഗ് ടീമിനെ അപ്പോൾ തന്നെ അറിയിച്ചത് കൊണ്ട് അവർ ഉടൻ തന്നെ സ്പോട്ടിലെത്തി അയാളെ ആശുപത്രിയിലാക്കി. ജീവൻ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.

 

 ഹോസ്പിറ്റലിലെ വാഷ് റൂമിൽ  കാക്കിയിൽ പുരണ്ട ചോര തുടച്ചു കളയാനുള്ള പരിശ്രമത്തിലായിരുന്ന പോലീസുകാരോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്ന എസ്.ഐ ജയമോഹന്റെ മൊബൈൽ റിംഗ് ചെയ്തു. സി.ഐ യുടെ കോൾ ആണ് .  പുറത്തേക്കിറങ്ങി ജയമോഹൻ ഫോണ്ടെടുത്തു.

 

"ആരാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിഞ്ഞോ ? എന്താണ്  അപ്ഡേറ്റ്സ് ?"

 

അപകടത്തിൽ പെട്ടയാളിനെ ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിച്ചതിന് പിന്നാലെ ഇവിടേക്ക് പോരുന്നതിനിടയിൽ സി.ഐ യെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു.

ആശുപത്രിയിലെത്തി അയാളുടെ മുഖത്തെ ചോര നഴ്സുമാർ തുടച്ച് മാറ്റിയപ്പോൾ തന്നെ ജയമോഹൻ ആളിനെ തിരിച്ചറിഞ്ഞിരുന്നു.

 

"സർ ആളിനെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ ഒരു സ്ഥിരം പുള്ളിയാ . കഴുകൻ രവി. ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. ആരോ നല്ല പണി കൊടുത്തതാ . രക്തം വളരെ കൂടുതൽ നഷ്ടപ്പെട്ടിട്ടുണ്ട്. രക്ഷപെടാൻ ചാൻസ് കുറവാണെന്നാ ഡോക്ടർ പറഞ്ഞത്. പിന്നെ അയാളുടെ ഷോൾഡർ ബാഗിൽ കുറച്ച് സ്വർണവും പണവും ഉണ്ടായിരുന്നു. "

 

കഴുകൻ രവി പോലീസിന്റെ പട്ടികയിലെ സ്ഥിരം കുറ്റവാളിയാണ്. പ്രായമായവർ മാത്രം താമസിക്കുന്ന വീടുകൾ ദിവസങ്ങളോളം നിരീക്ഷിച്ച് കാര്യങ്ങൾ മനസിലാക്കിയ ശേഷം രാത്രി കയറി സാർണ്ണവും പണവും പിന്നെ കയ്യിൽ ഒതുക്കാവുന്നതെന്തും മോഷ്ടിക്കുക, എതിർക്കാൻ ശ്രമിച്ചാൽ ക്രൂരമായി ആക്രമിച്ച് കടന്നു കളയുക. അതാണ് കഴുകൻ രവിയുടെ മോഡ് ഓഫ് ഓപ്പറേഷൻ . രണ്ട് കൊലക്കേസിലും നിരവധി മോഷണക്കേസുകളിലും വധശ്രമക്കേസുകളും പ്രതി. ഒരു കേസിൽ പോലും തൊണ്ടി മുതൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. സംശയത്തിന്റെ ആനുകൂല്യം കഴുകൻ രവിയ്ക്ക് കോടതി മുറിയിലെന്നും രക്ഷാകവചമായിരുന്നു. വധശ്രമക്കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ രണ്ട് മാസം മുൻപ് നടന്ന ഒരു കേസിലാണ് അയാളിപ്പോൾ ജാമ്യത്തിൽ ഇറങ്ങിയത്.

 മൂന്ന് ദിവസം മുൻപാണ്  റിട്ടയേർഡ് ടീച്ചർ അന്നമ്മ തങ്കച്ചൻ  തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി ആരോ മോഷണം നടത്തിയതും ടീച്ചറെ ആക്രമിച്ച് മൃതപ്രായയാക്കിയതും. മോഡ് ഓഫ് ഓപ്പറേഷനും ചില സി സി റ്റി വി ദൃശ്യങ്ങളും വിരൽ ചൂണ്ടിയത് കഴുകൻ രവിയിലേക്കായിരുന്നു.

 

"കഴുകൻ രവി ചാകേണ്ടവൻ തന്നെയാ . അതാണ് നീതി, ഒട്ടേറെപ്പേർക്ക് കിട്ടാതെ പോയ നീതി . പക്ഷേ നിയമത്തിന്റെ കണ്ണിൽ കഴുകൻ ഇന്ന് ഇരയാണ് , വേട്ടക്കാരനെ കണ്ടെത്തേണ്ടത് നമ്മുടെ ബാദ്ധ്യതയും "

സി ഐ യുടെ വാക്കുകളിൽ അമർഷം  പുകയുന്നുണ്ടായിരുന്നു.

 

തൊട്ടടുത്ത ദിവസം - പോലീസ് സ്റ്റേഷൻ

 

സി.ഐ രാജേഷ് വർഗീസിന്റെ കാബിനിൽ എസ് ഐ ജയമോഹനും ഹെഡ് കോൺസ്റ്റബിൾ അഭിലാഷും സിവിൽ പോലീസ് ഓഫീസർമാരായ ജോഷിയും ചന്തു നാഥും ഉണ്ടായിരുന്നു.

 

"കഴുകൻ രവിയുടെ മൊഴി ഇന്ന് കാലത്ത് എടുത്തിട്ടുണ്ട്. മുഖം മൂടി ധരിച്ച ഒരാൾ ഭാരമുള്ള എന്തോ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കാലുകൾ കൂട്ടിക്കെട്ടി റെയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നുവെന്ന് . വെട്ടുകത്തി കൊണ്ട് കൈപ്പത്തി വെട്ടി മാറ്റിയതും ആ മുഖം മൂടിധാരിയാണ്. അത് ആരാന്നെന്നോ എന്തിനാണിങ്ങനെ ചെയ്തതെന്നോ അയാൾക്കറിയില്ല.

 

രവിയുടെ ബാഗിൽ നിന്നും കണ്ടെത്തിയ സ്വർണവും പണവും അന്നമ്മ ടീച്ചറിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടതാണെന്ന് ടീച്ചറിന്റെ മകൻ സാംസൺ തങ്കച്ചൻ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

 

അപ്പോൾ കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് നമ്മുടെ പ്ലാനും മാറുകയാണ്. ഇന്നലെ വരെ നമ്മൾ കഴുകനെയാണ് വേട്ടയാടിയിരുന്നത്. പക്ഷേ ഇനി വേട്ടയാടേണ്ടത് കഴുകനെ കശാപ്പ് ചെയ്തവനെയാണ്. ഇറ്റ്സ് അവർ ഡ്യൂട്ടി. "

 

സി.ഐ അത് പറഞ്ഞപ്പോൾ തീരെ താല്പര്യമില്ലാത്ത മട്ടിലാണ് പോലീസുകാർ കേട്ട് നിന്നത്. ജയമോഹന്റെ അനിഷ്ടം അയാൾ സി.ഐ യോട് ചോദിക്കുകയും ചെയ്തു.

 

"ഈ തിടുക്കമെന്തിനാണ് സാർ , ചാകാൻ കിടക്കുന്നവൻ പുണ്യാളനൊന്നുമല്ലല്ലോ?"

 

പക്ഷേ ആ ചോദ്യം സി.ഐ ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

 

"ചാകാൻ കിടക്കുന്നവൻ ചെകുത്താനാണെന്ന് കരുതി കൊല്ലാൻ തുനിഞ്ഞവൻ ദൈവമാകില്ലല്ലോ? നമ്മൾക്ക് ഈ കാക്കിക്കുപ്പായം തന്നിരിക്കുന്നത് കുറ്റവാളിയെ കണ്ടെത്താനാണ്. കുറ്റം ചെയ്തത് ദൈവമാണേലും ചെകുത്താനാണേലും നമുക്കവർ തുല്യരാണ്. ഇപ്പോ നീതിബോധം മനസിൽ തന്നെ വച്ചിട്ട് നായാട്ടിനിറങ്ങാം. കഴുകൻ രവിയെ ചിറകരിഞ്ഞ് വീഴ്ത്തിയ വേട്ടക്കാരനെ കൂട്ടിലടയ്ക്കാനുള്ള നായാട്ട് "

 

Part 2

 

സി.ഐ രാജേഷ് വർഗീസ് തന്റെ ടീമിലെ ഒരോരുത്തർക്കും ഇൻവെസ്റ്റിഗേഷന്റെ ഭാഗ്രമായി തൊട്ടടുത്ത ദിവസം ചെയ്ത് തീർക്കാൻ ഒരോ ജോലികൾ നൽകിയിരുന്നു.

 

കഴുകൻ രവിയെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചതിൻ പ്രകാരം രാവിലെ തന്നെ വിശദമായ മൊഴിയെടുക്കാനായി സി.ഐ രാജേഷ് വർഗീസ് ഹെഡ് കോൺസ്റ്റബിൾ അഭിലാഷിനേയും കൂട്ടി ആശുപത്രിയിലെത്തി. കഴുകന്റെ നില അൽപം മെച്ചപ്പെട്ടിട്ടുണ്ടായിരുന്നു. കഴുകന്റെ മുഖത്ത് അൽപം പോലും വിഷമമോ നിരാശയോ ഇല്ലായെന്നത് അവരെ ആശ്ചര്യപ്പെടുത്തി.

 

"എന്താ കഴുകാ ആർക്കും പിടിതരാതെ എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ  പറന്ന്  തക്കം കിട്ടുമ്പോൾ തന്റെ ഇരയെ വേട്ടയാടി വിരാജിച്ച് നടന്നപ്പോൾ ഇങ്ങനെയൊരു പതനം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലേ?"

 

സി.ഐ കഴുകനെ വേദനിപ്പിക്കാൻ വേണ്ടിത്തന്നെയാണ് ചോദിച്ചതെങ്കിലും അയാളിൽ അത് യാതൊരു വേദനയും ഉണ്ടാക്കിയില്ല. അയാൾ പുഞ്ചിരിക്കുകയാണ് ചെയ്തത്.

 

"സാറേ ജനിച്ചാൽ ഒരിക്കൽ ആരായാലും മരിക്കും പക്ഷേ ആ മരണത്തെ ഭയന്ന് ജീവിച്ചാൽ അത് ജീവിതമാവില്ല. പിന്നെ വീഴ്ച, പിന്നിൽ നിന്നടിച്ചിട്ടു കളഞ്ഞതല്ലേ ? സാധാരണ ഞാൻ ചെയ്യാറുള്ളതു പോലെ . അത് എന്തിന് വേണ്ടിയാണേലും ഇപ്പോ കർമ്മത്തിന്റെ തുലാസിൽ ഞാനിരിക്കുന്ന തട്ടിനൊപ്പമേ അവനും ഇരിക്കു. ഇനിയൊരിക്കൽ ഈ ഇടം കൈ എത്തുന്ന അകലത്തിൽ അവൻ വന്നാൽ നഖങ്ങൾ കഴുത്തിലാഴ്ന്ന് ശ്വാസത്തിനായി പിടയുന്ന അവന്റെ മുഖത്തേക്ക് നോക്കി  കഴുകൻ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്നത് സാറന്മാർ കേൾക്കും. "

 

ക്ഷീണം ബാധിച്ചതെങ്കിലും ആത്മവിശ്വാസം ചോരാത്ത അയാളുടെ ഉറച്ച വാക്കുകൾ ആ പോലീസുകാരിൽ ഞെട്ടലുളവാക്കി.

 

" അതിനാദ്യം നീ ജീവനോടെ ഈ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങട്ടേ , കൊല്ലാൻ തുനിഞ്ഞവൻ പുറത്ത് കാത്ത് നിൽക്കുന്നുണ്ടാവും"  അഭിലാഷിന്റെ സ്വരത്തിൽ കഴുകനോടുള്ള വെറുപ്പും പുഛവുമുണ്ടായിരുന്നു.

 

"സാറേ എന്നെ കൊല്ലാൻ ഒരുത്തനും വരില്ല. ഇത് ചെയ്തവനും കാണേണ്ടത് എന്റെ മരണമല്ല. മരിച്ചതിന് തുല്യമായി ജീവിക്കുന്നതാണ് അവന് കാണേണ്ടത്. അതവന്റ വാക്കുകളിലുണ്ടായിരുന്നു. കൈ വെട്ടും മുൻപ് അവൻ ആ ഒരേയൊരു കാര്യം മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു. അതും പിന്നീടൊരിക്കൽ ഞാൻ തിരിച്ചറിയാതിരിക്കാൻ വേണ്ടി ശബ്ദം മാറ്റിയാണ് പറഞ്ഞത്. കാരണം സാധാരണ ഒരാൾ സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അൽപം ആയാസപ്പെട്ടാണ് അയാൾ സംസാരിച്ചത്. "

 

കഴുകൻ ആ പറഞ്ഞത് സി.ഐ രാജേഷിന്റെയുളളിലെ കുറ്റാന്വേഷകനെ ഉണർത്തി. കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ അയാൾക്കരികിലേക്ക് കസേര നീക്കിയിട്ടിരുന്നു.

 

"പറയൂ രവീ അയാൾ എന്താണ് നിന്നോട് പറഞ്ഞത്.?"

 

"ഇനിയുള്ള കാലം ചന്തി കഴുകുന്ന കൈ കൊണ്ട് തന്നെ നീ ചോറും വാരിത്തിന്നാൽ മതിയെന്ന് .

ട്രെയിന്റെ ചൂളം വിളി കേട്ടപ്പോൾ  പാളത്തിൽ ചേർത്ത് വച്ച് ഒറ്റവെട്ടിന് എന്റെ കൈപ്പത്തി അവനെടുത്തു. അപ്പോഴേക്കും ട്രെയിൽ ഇരമ്പിയാർത്ത് വന്നു കഴിഞ്ഞിരുന്നു. വേദനയല്ല കാലുകളിൽ നിന്നും കറന്റടിക്കുന്ന പോലെ എന്തോ ഒന്ന് തലയിലേക്ക് പാഞ്ഞു കയറി മൊത്തം ഇരുട്ടാക്കിക്കളഞ്ഞു. ഈ കണ്ണിൽ പിന്നെ ഞാൻ കണ്ടത് ദേ മുകളിലെ ഈ ഫാനാണ്. "

 

കഴുകൻ പറഞ്ഞത് അഭിലാഷ് പേപ്പറിൽ എഴുതിയെടുക്കുന്നുണ്ടായിരുന്നു , സി.ഐ ഫോണിലെ റെക്കോർഡർ ഓണാക്കി വച്ചിരിക്കുകയായിരുന്നു.

 

" ഇത് ചെയ്തവനെക്കുറിച്ച് എന്തേലും നിനക്ക് പറയാൻ കഴിയുമോ?

 

രാജേഷിന്റെ ചോദ്യത്തിനുള്ള കഴുകന്റെ ആദ്യ മറുപടി പുഛം കലർന്ന ഒരു ചിരിയായിരുന്നു.

 

"ഇത്രകാലവും എനിക്കെതിരായി മൊഴിയും തെളിവും തിരഞ്ഞ് നടന്ന പോലീസ് ഇന്നെന്റെ മൊഴിക്കായി കാത്തിരിക്കുന്നു. സംഗതി കൊള്ളാം. പുറത്തിറങ്ങിപ്പോയി ഇത് ചെയ്തവനെ കണ്ടെത്താൻ എനിക്ക് കഴിയില്ല. പക്ഷേ കണ്ടെത്തേണ്ടത് എന്റെ ആവശ്യമാണ്. അത് കൊണ്ട് ഞാൻ പറയും എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

മുപ്പതിൽ താഴെ പ്രായമുള്ള നല്ല മെയ്ക്കരുത്തുള്ള ഒരുത്തനാണ്. ആറടിയോളം പൊക്കം സ്ഥിരമായി വ്യായാമം ചെയ്ത് ഉറച്ച ശരീരമാണെന്നാണ് എനിക്ക് തോന്നിയത്. കഴുത്തിൽ ഒരു കുരിശുമാലയുണ്ടായിരുന്നു. പക്ഷേ എന്റെ കാലുകൾ കെട്ടി റെയിൽവേ ട്രാക്കിലേക്കിട്ട് ട്രെയിൻ വരുന്ന കണ്ട് പെട്ടെന്ന് പിന്നിലേക്ക് മാറിയപ്പോൾ മെറ്റലിൽ  ബാലൻസ് തെറ്റി വീണ പോയ അയാൾ  "ദേവിയേ" എന്നാണ് വിളിച്ചത്. പിന്നെ ഞാൻ ആദ്യം പറഞ്ഞല്ലോ സ്വരം മാറ്റിയാണ് സംസാരിച്ചത്. അതിനർത്ഥം ഒന്നുകിൽ അവൻ ഞാനടുത്തറിയുന്നയാളായിരിക്കും, അല്ലെങ്കിൽ എനിക്ക് മുന്നിൽ വീണ്ടും വരേണ്ടിവരും എന്നുറപ്പുള്ളയാളായിരിക്കും. എന്റെ ഈ അവസ്ഥ കൺകുളിർക്കെ കണ്ട് ഒന്നുമറിയാത്ത പോലെ മുന്നിൽ വന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവൻ. "

 

Part 3

അങ്ങനെയൊരു ശത്രു ആരാണ് കഴുകനുള്ളത് ?”

സി ഐ യുടെ ചോദ്യത്തിന് കഴുകൻ മറുപടിയൊന്നും പറയാതെ മച്ചിലെ ഫാനിൽ നോക്കി കണ്ണുകളടച്ച് കിടക്കുകയാണ് ചെയ്തത്. അതേ സമയം തന്നെ സി ഐ യുടെ മൊബൈൽ റിംഗ് ചെയ്തു. സിവിൽ പോലീസ് ഓഫീസർ ചന്തുവിൻറെ കോൾ ആയിരുന്നു അത്. സി ഐ രാജേഷ് കസേരയിൽ നിന്നും എഴുന്നേറ്റ് മുറിയുടെ അങ്ങേയറ്റത്തുള്ള ജനാലക്കരികിലേക്ക് ചെന്നാണ് കോൾ അറ്റൻഡ് ചെയ്തത്.

പറയ് ചന്തു , എന്തായി പോയ കാര്യം ? എനി ഡെവലപ്മെൻറ്സ് ?”

മറു വശത്ത് ചന്തു അൽപം ആവേശത്തിലായിരുന്നു.

സാർ ഒരു മണിയൻ സാറുണ്ട്. എ എസ് ഐ ആയിരുന്നു. ആള് റിട്ടയറായിട്ട് നാല് വർഷമായി. ഈ കഴുകൻറെ ചരിത്രം ഏതാണ്ടൊക്കെ അദ്ദേഹത്തിന് അറിയാമെന്നാണ് പറയുന്നത്. കാരണം ഈ കഴുകൻ പ്രതിയായ ആദ്യ കൊലക്കേസ് അന്വേഷിച്ച ടീമിൽ ഈ മണിയൻ സാറുമുണ്ടായിരുന്നു. കിഴക്കൻ മലയടിവാരത്തിലെ കുടുംബ വീട്ടിലാണ് സാറ് താമസിക്കുന്നത് ഞാനൊന്ന് പോയി കാണട്ടെ ?”

 

എത്രയും വേഗം അദ്ദേഹത്തെ ചെന്നു കാണാൻ നിർദ്ദേശിച്ച് സി ഐ രാജേഷ് ഫോൺ കട്ട് ചെയ്തു. കഴുകൻ രവിയുടെ ആദ്യ മൊഴിയെടുത്ത ശേഷം കൂട്ടത്തിൽ മിടുക്കരായ തൻറെ സബോർഡിനേറ്റ്സിനെ കാബിനിൽ വിളിച്ചിരുത്തി സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. അതിൽ നിന്ന് കഴുകനെ ആക്രമിച്ചത് ആരാവാം എന്നത് സംബന്ധിച്ച ചില സാദ്ധ്യതകൾ കണ്ടെത്തി.

സാദ്ധ്യത 1 – കഴുകൻ പണി കൊടുത്ത ആരെങ്കിലും തിരിച്ച് പണിതതാവാം. അത് നേരിട്ടോ ക്വട്ടേഷനോ ആവാം. അക്കാര്യത്തിൽ അവരുടെ സസ്പെക്ട് ലിസ്റ്റിൽ ഒന്നാമത് വന്നത് കഴുകൻ രവിയുടെ അവസാനത്തെ ഇരയായ അന്നമ്മ തങ്കച്ചൻറെ മകൻ സാംസൺ തങ്കച്ചനായിരുന്നു. മുബൈയിൽ ബിസിനസ് ചെയ്യുന്ന സാംസൺ തങ്കച്ചനെ ചുറ്റിപ്പറ്റി പറഞ്ഞ് കേട്ട കാര്യങ്ങൾ ആ സംശയത്തിനാക്കം കൂട്ടി. അയാൾ ആരെയോ ഇറക്കി പണിതതാവാം.

 

സാദ്ധ്യത 2 – ഈ കഴുകൻ രവിയുടെ പേരിൽ ചാർജ്ജ് ചെയ്തിട്ടുള്ള മോഷണക്കേസുകളിലെ തൊണ്ടിമുതൽ ലക്ഷങ്ങളാണ്. അതിൽ ഏറെയും സ്വർണ്ണാഭരണങ്ങളുമായിരുന്നു. പക്ഷേ ഈ അവസാന കേസിലേത് അല്ലാതെ ഒന്നിൽ പോലും തൊണ്ടി മുതൽ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടിലല്ല. അങ്ങനെയെങ്കിൽ ഈ സ്വർണ്ണവും പണവും കഴുകൻ ആർക്ക് കൊടുത്തു? അല്ലെങ്കിൽ എവിടെ പൂഴ്ത്തി വച്ചിരിക്കുന്നു ? അതൊരു പക്ഷേ രഹസ്യ ഭാര്യയുടെ കയ്യിലോ, കാമുകിയുടെ കയ്യിലോ ആയാൾ ഏൽപ്പിച്ചതാവാം, അതുമല്ലെങ്കിൽ ചില സിനിമകളിലെ ഗ്ലോറിഫൈഡ് വില്ലന്മാരെപ്പോലെ വല്ല അനാഥാലയത്തിനും നൽകുന്നതാവാം. സാദ്ധ്യതകളങ്ങനെ പലതാണല്ലോ? ആ തൊണ്ടി മുതലും ഈ ആക്രമണവും തമ്മിൽ ഏന്തേലും ബന്ധമുണ്ടോയെന്ന് അറിയണമെങ്കിൽ കഴുകൻ രവിയുടെ ചരിത്രം ചികയേണ്ടതുണ്ട്. അവിടെ ഒരു ശത്രു ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലല്ലോ.

 

സാദ്ധ്യത 3 – കഴുകൻ രവിക്ക് നേരെ ആക്രമണമുണ്ടായ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു വർഷം മുൻപ് ആ സർപ്പക്കാവിന് സമീപത്ത് വച്ചാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം നടന്നത്. അതിന് പകരം ചോദിക്കാൻ വാർഷിക ദിവസം തിരഞ്ഞെടുത്തപ്പോൾ ആള് മാറി അറ്റാക്ക് ചെയ്തതുമാവാം.

 

ഈ മൂന്ന് സാദ്ധ്യതകളെ മുൻ നിർത്തിയാണ് സി ഐ രാജേഷ് ഒരോരുത്തർക്കും ചുമതല നൽകിയത്. കഴുകൻ രവിയുടെ ഭൂതകാലം ചികയാൻ സിവിൽ പോലീസ് ഓഫീസർമാരായ ചന്തുവിനെയും അഭയനേയും  പറഞ്ഞുവിട്ടു. ആ പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലുമുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാനും ലോക്കൽ രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി എസ് ഐ ജയമോഹനെയും സിവിൽ പോലീസ് ഓഫീസർ ജോഷിയേയും ചുമതലപ്പെടുത്തിയിരുന്നു.

 

സംഭവ സ്ഥലത്ത് പോയി വിശദമായ പരിശോധന നടത്താനും പോലീസിൽ വിവരമറിയിച്ച ചെറുപ്പക്കാരെ കണ്ട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയാനും എസ് ഐ വേണുവിനെയും  എ എസ് ഐ അശോകനെയും പറഞ്ഞ് വിട്ടു.

 

കഴുകൻറെ വിശദമായ മൊഴിയെടുത്ത ശേഷം സാംസൺ തങ്കച്ചനെ കാണുന്ന ചുമതല സി ഐ രാജേഷ് സ്വയം ഏറ്റെടുത്തു. ഒപ്പം അഭിലാഷിനെയും കൂട്ടി.

 

പക്ഷേ ഇപ്പോൾ കഴുകനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ സി ഐ രാജേഷിൻറെ മനസ് അവർ കണ്ടെത്തിയ ആ മൂന്ന് സാദ്ധ്യതകളിക്കും ഒരേ പോലെ സംശയമുന നീട്ടി.

 

എന്താ സാറേ ജനാലയിലൂടെ പുറം കാഴ്ചകൾ കാണുകയാണോ? അതോ കഴുകൻറെ കേസിലെന്ത് ചെയ്യുമെന്നറിയാതെ മാനം നോക്കി നിൽക്കുകയാണോ?” കഴുകൻറെ ചോദ്യം രാജേഷിനെ ചിന്തകളിൽ നിന്നും ഉണർത്തി.  രാജേഷ് ഫോൺ പോക്കറ്റിൽ വച്ച് വീണ്ടും ബെഡിന് അടുത്തേക്ക് വന്നു.

കഴുകൻ രവി ഇത്ര കാലവും മോഷണം നടത്തിയിട്ടും തൊണ്ടി മുതൽ കിട്ടാത്തത് കാരണം മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല. പക്ഷേ ഇത്തവണ തൊണ്ടിയുമായി പെട്ടു പോയല്ലോ. ഇവിടെ നിന്ന് ഡിസ്ചാർജ്ജ് ആകുമ്പോൾ നിന്നെ കാത്ത് ജയിൽ ശിക്ഷയുണ്ടാകും. അന്നമ്മ തങ്കച്ചൻറെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചതിനും അവരുടെ നട്ടെല്ല് ചവിട്ടിയൊടിച്ച് കൊല്ലാറാക്കിയതിനും. കഴുകനിൽ നിന്നും കൂടുതലെന്തെങ്കിലും ചികഞ്ഞെടുക്കാമെന്ന പ്രതീക്ഷയിലാണ് രാജേഷ് അക്കാര്യം പെട്ടെന്ന് എടുത്തിട്ടത്. പക്ഷേ കഴുകന് വലിയ ഭാവവ്യത്യാസവും ഇല്ലായിരുന്നു.

 

സാറേ കഴുകൻ ആണ് മോഷ്ടിച്ചതെന്നതിന് സാക്ഷിയില്ല. തലയ്ക്ക് പിന്നിൽ അടി കിട്ടി വീണ് ചാകാറായി കിടക്കുന്ന ആ കെളവി കള്ളൻറെ മുഖം പോലും കണ്ടിട്ടില്ല. പിന്നെ എൻറെ കയ്യിൽ നിന്ന് കിട്ടിയെന്ന് നിങ്ങൾ പറയുന്ന സ്വർണ്ണവും പണവും, അത് ഞാൻ ബോധമില്ലാതെ റെയിൽവേ ട്രാക്കിൽ കിടന്നപ്പോൾ ആരോ കൊണ്ട് വച്ചതാകില്ലേ? ഒരു പക്ഷേ എന്നെ ആക്രമിച്ചയാൾ തന്നെ. ഇനി ചിലപ്പോൾ അയാൾ തന്നെയാവും അവിടെ മോഷണം നടത്തി കടന്ന് കളഞ്ഞത്. പിന്നെ കർണ്ണൻറെ കവചകുണ്ഡലം പോലെ കള്ളൻ എന്ന കുപ്പായം എൻറെ മേൽ ഉള്ളത് കൊണ്ട് മനപ്പൂർവ്വം കുടുക്കിയതുമാവാം.,അല്ലേ സാറേ?”

 

അത് പറയുമ്പോൾ കഴുകൻറെ ചുണ്ടുകളിലെ പരിഹാസച്ചിരി രാജേഷ് കണ്ടിരുന്നു. അഭിലാഷിന് തൻറെ ദേഷ്യം നിയന്ത്രിക്കാനായില്ല. അയാൾ കഴുകൻറെ കഴുത്തിന് കുത്തിപ്പിടിച്ചു. പെട്ടെന്ന് രാജേഷ് അഭിലാഷിനെ പിടിച്ചുമാറ്റി. അപ്പോഴും മായാതെ കഴുകൻറെ ചുണ്ടിൽ ചിരിയുണ്ടായിരുന്നു.

സാറേ ദേഷ്യം നിയന്ത്രിക്കാൻ പഠിക്കണം, പിന്നെ എന്തേലും ചെയ്യും മുൻപ് രണ്ട് വട്ടം ആലോചിക്കണം, പരിസരം സെയ്ഫാണെന്ന് ഉറപ്പാക്കണം. ഇപ്പോൾ തന്നെ സാറെൻറെ കഴുത്തിന് കുത്തിപ്പിടിച്ചത് ദേ ആ സിസിറ്റിവിയിൽ റെക്കോർഡ് ആയിട്ടുണ്ടാവും. ഈ അവസ്ഥയിൽ കിടക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിച്ചത് പുറത്തറിഞ്ഞാൽ സാറ് കുടുങ്ങില്ലേ? അതാണ് പറയുന്നത് ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന്. കഴുകൻ രവി ഒരിക്കലും തൻറെ തൊഴിലിൽ ഇത്തരം അശ്രദ്ധ കാട്ടിയിട്ടില്ല.

 

അപ്പോൾ നീയല്ല അന്നമ്മ തങ്കച്ചൻറെ വീട്ടിൽ മോഷ്ടിച്ചതെന്നാണോ ?” സി ഐ യുടെ ചോദ്യത്തിന് മറുചോദ്യമായിരുന്നു കഴുകൻറെ മറുപടി.

എൻറെ തൊഴിലിൽ ഞാൻ അശ്രദ്ധ കാട്ടില്ലെന്നല്ലേ ഞാനിപ്പോൾ പറഞ്ഞത് ? പിന്നെ സാറേ കോടതിയല്ലേ കുറ്റം സ്ഥാപിക്കുന്നതും ശിക്ഷ വിധിക്കുന്നതും. അവിടെ വേണ്ടത് തെളിവുകളല്ലേ. സാറന്മാർ ഉണ്ടാക്കിയെടുക്കു എന്നെ ആ കേസിൽ ശിക്ഷിക്കാനുള്ള തെളിവ്.

 

അതൊരു വെല്ലുവിളി പോലെയാണ് രാജേഷിന് തോന്നിയത്.

നിന്നെ ആക്രമിച്ചത് ആരെന്ന് കണ്ടെത്താൻ നീ ഞങ്ങളുമായി ആത്മാർത്ഥമായി സഹകരിച്ചേ പറ്റൂ. അത് കണ്ടെത്തിയില്ലേലും ഞങ്ങൾക്കാർക്കും ഒരു ചുക്കും സംഭവിക്കില്ല. കാരണം നിന്നെപ്പോലൊരാൾക്ക് കിട്ടിയത് നന്നായി എന്ന് കരുതുന്നവരാ പുറത്തുള്ള ലോകം. തെളിയിക്കപ്പെടാത്ത ആയിരക്കണക്കിന് കേസുകളിലൊന്നായി പോലീസ് റിക്കോർഡ് റൂമിലിത് ഇരുന്നാലും ഞങ്ങൾക്കൊരു ചുക്കും സംഭവിക്കില്ല. പിന്നെ ഇത് അന്വേഷിക്കാൻ ഞാൻ മുൻകൈ എടുത്തതിന് ഒരേ ഒരു കാരണം മാത്രമേയുള്ളു. യാതൊരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലാതെ മീഡിയായുടെ പ്രഷറില്ലാതെ എന്തിന് വാദിയായ നിന്നെക്കൊണ്ട് പോലും ഒരു ശല്യമില്ലാതെ സമാധാനമായും സത്യസന്ധമായും കുറ്റാന്വേഷണം നടത്താൻ കിട്ടിയ അവസരം. അത്രേയുള്ളു. ഇനി നീ തീരുമാനിക്ക് സഹകിരക്കണോ വേണ്ടയോ എന്ന്.

 

മറുപടിക്ക് കാത്ത് നിൽക്കാതെ സി. ഐ രാജേഷ് മുറിവിട്ട് പുറത്തേക്ക് പോയി പിന്നാലെ അഭിലാഷും.

 

അവൻ മെരുങ്ങാത്ത ഇനമാ സാറേ. അഭിലാഷ് കഴുകനെക്കുറിച്ച് പറഞ്ഞത് തന്നെയാണ് ആ നിമിഷത്തിൽ രാജേഷിൻറെയും മനസിലൂടെ പോയത്.

**************************

ഉച്ചകഴിഞ്ഞ സമയം. കിഴക്കൻ മലയുടെ താഴ്വാരത്തിലുള്ള മണിയൻ സാറിൻറെ വീട്

സിറ്റൗട്ടിൽ മണിയൻ സാറിൻറെ മകൾ കുടിക്കാനായി തണുത്ത സംഭാരം കൊണ്ടു കൊടുക്കുമ്പോഴേക്കും ചന്തു തങ്ങളുടെ ആഗമനോദ്ദ്യേശവും നടന്ന സംഭവങ്ങളും മണിയൻ സാറിന് വിവരിച്ച് കൊടുത്തുകഴിഞ്ഞിരുന്നു.

അവർ സംഭാരം കുടിക്കാൻ തുടങ്ങിയപ്പോൾ മണിയൻ സാർ സംസാരിച്ചു തുടങ്ങി.

കഴുകൻ രവി എവിടുത്തുകാരനാണെന്ന് ആർക്കും അറിയില്ല. സ്ഥിരമായി ഒരിടത്ത് അധികകാലം തങ്ങാറില്ല.  ആളൊരു ഒറ്റയാനാ. പെട്ടെന്ന് ദേഷ്യം വരും പിന്നെ അവൻ എന്താ ചെയ്യുകയെന്ന് പറയാൻ കഴിയില്ല. ആയിരത്തി തൊള്ളായിരത്തി എൺപത്തൊൻപതിൽ  ഞാൻ കോതമംഗത്ത് ജോലി ചെയ്യുന്ന കാലത്ത് അവിടെയൊരു വീട്ടിൽ മോഷണം നടന്നു. മോഷണശ്രമം ചെറുത്ത ഉണ്ണൂണ്ണി തോമസ് എന്ന ഗൃഹനാഥനെ അക്രമിച്ച് മൃതപ്രായനാക്കി മോഷ്ടാവ് കടന്നു കളഞ്ഞു. സംശയത്തിൻറെ മുന നീണ്ടത് രവിയിലേക്കായിരുന്നു. അന്ന് കഴുകനെന്ന് വട്ടപ്പെരില്ലാത്ത വെറും രവിയായിരുന്നു. പല ദിവസങ്ങളിലും അയാളെ ആ വീടിൻറെ പരിസരത്ത് പലരും കണ്ടിരുന്നു. അന്നോരു ചിത്രകാരൻ തയ്യാറാക്കിയ രേഖാചിത്രം വച്ച് അന്വേഷണം തുടങ്ങി. എസ് ഐ കോശി സാറിൻറെ കൂടെ ഞാനും ഈ രവിയെത്തിരഞ്ഞ് ഹൈറേഞ്ചിലേക്ക് പോയത്. അവിടെ അയാൾ താമസിച്ചിരുന്നതായി രേഖാചിത്രം കണ്ടൊരാൾ അറിയിച്ചതനുസരിച്ചാണ് പോയത്. കിട്ടിയ വിവരം സത്യമായിരുന്നു അയാൾ കുറച്ച് കാലം അവിടെ വന്ന് പോയിരുന്നു ഒരു സ്ത്രീയുടെ വീട്ടിൽ. അവർക്ക് ഇയാളുമായി അടുപ്പമുണ്ടായിരുന്നെന്നാ നാട്ടുകാർ പറഞ്ഞത്. പക്ഷേ അവിടെ ഒരുത്തനെ കുത്തിക്കൊല്ലാറാക്കിയിട്ട് രണ്ട് മാസം മുൻപ് കടന്നു കളഞ്ഞെന്നാ അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീ അവിടെയില്ലായിരുന്നു. അവരേതോ മാനസിക രോഗാശുപത്രിയിൽ അഡ്മിറ്റായിരുന്നു. അവരുടെ മുൻപിലിട്ടായിരുന്നു രവി ഒരുത്തന്നെ കുത്തിക്കൊല്ലാൻ നോക്കിയത്. ആ ഷോക്കിൽ വീണുപോയതാ. ആശുപത്രിയിൽ കിടക്കുന്ന അവർ ഗർഭിണിയാണെന്ന് അന്ന് നാട്ടുകാർ പറഞ്ഞ് കേട്ടിരുന്നു. അങ്ങനെ ഒരു തുമ്പും തുരുമ്പും കിട്ടാതെ ഞങ്ങൾ തിരികെ പോരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി പോരുന്നു. പിന്നെയും ഒരു രണ്ട് വർഷം കഴിഞ്ഞ് മറ്റൊരു വധശ്രമക്കേസിൽ ഈ രവി പോലീസ് പിടിയിലായി അന്ന് ഉണ്ണൂണ്ണി തോമസിൻറെ കേസ് കൂടി ചേർത്ത് ശിക്ഷ കിട്ടി അകത്തായി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അവൻ അവൻറെ തൊഴിൽ കൂടുതൽ ആക്ടീവായി തുടർന്നു. അതല്ലാതെ മറ്റൊന്നും എനിക്കറിയില്ല.

 

ഹൈറേഞ്ചിലെ ആ സ്ത്രീയെ പറ്റി പിന്നീട് അന്വേഷണം ഒന്നും ഉണ്ടിയില്ലേ. അവർ ഗർഭിണിയായിരുന്നുവെന്നല്ലേ പറഞ്ഞത് ? അപ്പോ അവരുടെ കുട്ടി....?”

മണിയൻ സാർ പറഞ്ഞ് നിർത്തിയ ഉടനേ അഭയൻറെ ചോദ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു കഴിഞ്ഞിരുന്നു. പക്ഷേ അതിലേക്കൊന്നും പോകാതെ താല്പര്യിമില്ലാതെയാണ് മണിയൻ സാർ മറുപടി പറഞ്ഞത്.

അതേപ്പറ്റിയൊന്നും പിന്നെ ആരും അന്വേഷിച്ചിട്ടുണ്ടാവില്ല. മനസിൻറെ സമനില തെറ്റിയ അവരിൽ നിന്ന് എന്ത് കിട്ടാൻ?.എസ് ഐ കോശി സാർ അത് അവിടെ തന്നെ കളഞ്ഞിട്ട് പോരുന്നതാ.

ചന്തുവിനും അതിൽ വലിയ താല്പര്യം ഇല്ലെന്ന് അയാളുടെ മുഖത്ത് നിന്നും അഭയൻ വായിച്ചെടുത്തു. പക്ഷേ ആ വിഷയം അങ്ങനെ വെറുതേ വിട്ടുകളയാൻ അഭയന് തോന്നിയില്ല

ആ സ്ഥലപ്പേര് സാറിന് ഓർമ്മയുണ്ടോ ? നിങ്ങൾ അന്ന് ഈ രവിയെത്തിരഞ്ഞ് പോയ സ്ഥലം?”

വളരെ മനേഹരമായ ഒരു കൊച്ചു മലഞ്ചെരിവായിരുന്നു അത്. പുതുമലക്കണ്ടമെന്നോ മറ്റോ ആണ് സ്ഥലപ്പേര്.? കാലം ഒത്തിരിയായില്ലേ? കൃത്യമായി ഓർത്ത് പറയാനാവുന്നില്ല.

മണിയൻ സാർ പറഞ്ഞ സ്ഥലപ്പേര് അഭയൻ ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തു.

പുതുമലക്കണ്ടം

PART 4

കഴുകൻ രവി ആക്രമിക്കപ്പെട്ട സ്ഥലത്ത് എസ് ഐ വേണുവും എ.എസ്.ഐ അശോകനും മറ്റൊരു പോലീസുകാരനും ചേർന്ന് ഒരു വട്ടം കൂടി അരിച്ചു പെറുക്കുകയായിരുന്നു. കാടുമൂടിയ റെയിൽവേ ട്രാക്കിനിരുവശത്തുള്ള സ്ഥലമൊക്കെ ചിക്കിചികഞ്ഞിട്ടും അവർക്ക്  അന്വേഷണത്തെ സഹായിക്കുന്ന ഒന്നും കണ്ടെത്താനായില്ല.

 

അതേ സമയം സർപ്പക്കാവിനു മുന്നിൽ മുറിച്ചിട്ടിരുന്ന അക്കേഷ്യ മരത്തിന്റെ മുകളിലേക്ക് ഉയർന്ന് നിന്ന ശിഖരത്തിൽ ചാരി പോലീസുകാരുടെ പ്രവൃത്തി നോക്കിക്കാണുകയായിരുന്നു ശരത്തും ജോബിനും . അവരാണ് കഴുകൻ രവി ചോരയിൽ കുളിച്ച് കിടക്കുന്ന വിവരം പോലീസിൽ അറിയിച്ചത്.

 

രണ്ട് പേരുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഏത് നിമിഷവും പോലീസ് അങ്ങോട്ട് വിളിപ്പിക്കും, തല്ക്കാലം ഇവിടെ വെയിറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. രണ്ട് പേരുടെയും ഹൃദയമിടിപ്പിന് വേഗത കൂടിയിരുന്നു.

 

" ടാ ശരത്തേ എനിക്കാകെ ടെൻഷനാകുന്നെടാ . പ്രശ്നമാകുമോ?"

 

ജോബിന്റെ ടെൻഷൻ കണ്ടപ്പോൾ ശരത്തും തന്റെ ആശങ്ക മറച്ചു വച്ചില്ല.

 

" ടാ നമുക്ക് ഉള്ള സത്യം അങ്ങ് പറഞ്ഞാലോ ? ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതാം. എന്താ? കള്ളങ്ങൾ പറഞ്ഞ് നമുക്ക് എത്ര നാൾ പിടിച്ച് നിൽക്കാനാകും?."

 

"അയ്യോ ..... അത് വേണ്ട, ഈ പോലീസുകാരോട് അത് പറയുന്നതിനേക്കാൾ ഭേദം ദേ ആ ട്രാക്കിലേക്കിറങ്ങി ട്രെയിനിന് തല വയ്ക്കുന്നതാണ്. നിനക്കറിയാമല്ലോ എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളു. ഉള്ള സത്യം പോലീസിനോട് പറഞ്ഞാൽ എന്നെ മാത്രമല്ല നിന്നെയും അവർ പൂട്ടും. പിന്നെ നമ്മുടെ ശിഷ്ടജീവിതം ഇരുമ്പഴിക്ക് പിന്നിലാകും. "

 

ജോബിൻ പറഞ്ഞത് കേട്ട് ശരത്തിന്റെ അവശേഷിച്ച ധൈര്യവും ചോർന്ന് പോയി.

 

"ടാ നമ്മൾ പെട്ടു പോകുമോ ? പോലീസിന്റെ ഇടി കൊള്ളുന്നത് മാത്രമല്ല പ്രശ്നം, ഈ കഴുകൻ രവീന്ന് പറയുന്ന ക്രിമിനലിന്റെ ഗ്യാങ്ങിലുള്ളവരാരെങ്കിലും ഉണ്ടേൽ അവന്മാർ നമ്മുടെ കുടുംബത്തെ തന്നെ അരിഞ്ഞു തള്ളില്ലേ. ഒന്നും വേണ്ടായിരുന്നു "

 

ശരത്തിന്റെ  കണ്ണുകൾ നിറഞ്ഞ് തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്നത് കണ്ട ജോബിൻ  അവന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

" ടാ നീ ഇങ്ങനെ നെർവസാകല്ലേ. നമ്മുടെ കണക്ക് കൂട്ടൽ അൽപം പിഴച്ചു പോയതു കൊണ്ടല്ലേ. നീ നമ്മൾ പ്ലാൻ ചെയ്ത പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്താൽ സംശയത്തിന്റെ മുനകളൊന്നും നമ്മളിലേക്ക് വരില്ല. പിന്നെ കഴുകൻ രവി ഒരു വെറുക്കപ്പെട്ടവനാണ് പൊതുജനത്തിനും  പോലീസിനും . അതുകൊണ്ട് ഈ കേസിൽ വലിയ അന്വേഷണമൊന്നും ഉണ്ടാകാൻ പോന്നില്ല. ഇതവർ ചടങ്ങ് തീർക്കുവാനുള്ള കാര്യങ്ങൾ ചെയ്യുവാ. അത്രേയുള്ളു. "

 

അത് കേട്ടപ്പോൾ ശരത്തിന് ചെറിയ ആശ്വാസം തോന്നി.

 

" ടാ അപ്പോൾ പ്രശ്നമൊന്നും ഉണ്ടാകില്ല അല്ലേ ?"

 

പക്ഷേ അതിനു മറുപടി പറയാൻ ജോബിൻ അൽപം വൈകി. അവൻ പോലീസുകാർ ചെയ്യുന്നത് എന്താണെന്ന് നോക്കി നിൽക്കുകയായിരുന്നു.

 

" പ്രശ്നം ഇല്ലെന്ന് പൂർണമായും ഉറപ്പിച്ച് പറയാനാകില്ല. നമ്മൾ അപ്പോഴത്തെ വെപ്രാളത്തിൽ പോലീസിനോട് പറഞ്ഞത് മീൻ പിടിക്കാൻ പോകുവാണെന്നല്ലേ . നമ്മുടെ കഷ്ടകാലത്തിന്  അതേപ്പറ്റിയെങ്ങാനും അവർ ചികഞ്ഞാൽ അതൊരു വള്ളിയായി നമ്മുടെ കാലിൽ ചുറ്റും. നമ്മൾ മീൻ പിടിക്കാൻ പോയി ഇന്ന് പറഞ്ഞാൽ ഇവിടെയൊരു കുഞ്ഞു പോലും വിശ്വസിക്കില്ല. "

 

ജോബിൻ അതൊരു വലിയ പ്രശ്നമാക്കി പറഞ്ഞപ്പോൾ ശരത്ത് ആ വിഷയത്തെ നിസാരമായി ചിരിച്ച് തള്ളി.

 

"അളിയാ ജോബിനേ ആ പ്രശ്നമൊക്കെ ഞാൻ സോൾവ് ചെയ്തിട്ടുണ്ട്. നീയിന്നലെ ഇക്കാര്യം പറഞ്ഞപ്പോഴേ അത് ഞാൻ ഏറ്റു എന്ന് പറഞ്ഞിരുന്നതല്ലേ . ഞാനിന്നലെ വൈകിട്ട് നമ്മുടെ ക്ലബ്ബിലും ഇന്ന് കാലത്ത് തമ്പാൻ ചേട്ടന്റെ ചായക്കടയിലും മീൻ പിടിത്തം എന്ന വിഷയം എടുത്തിട്ട് ചർച്ച ചെയ്തു. നമ്മുടെ ജോർജ് കുട്ടി ദൃശ്യത്തിൽ ചെയ്ത പോലെ, നമ്മൾ മീൻ പിടിക്കാൻ പോയ കഥ അവരുടെയൊക്കെ മനസിൽ കുത്തിക്കയറ്റി വച്ചിട്ടുണ്ട്. "

 

വലിയൊരു കാര്യം ചെയ്ത പോലെ ശരത്ത് അത് പറഞ്ഞപ്പോൾ ജോബിൻ അറിയാതെ കർത്താവേ ... എന്ന് വിളിച്ചു പോയി.

 

"എടാ പൊട്ടൻ ശരത്തേ സിനിമയല്ല ജീവിതം, അത് നീ മനസിലാക്ക്. ഇതിപ്പോ അങ്ങോട്ട് ചെന്ന് നാട്ടുകാരോട് നമളെ സംശയമുണ്ടോ എന്ന് ചോദിക്കുന്ന പോലെയായി. "

 

മണ്ടത്തരമാണ് കാണിച്ചതെന്ന തോന്നൽ അപ്പോഴാണ് ശരത്തിനുണ്ടായത്.

 

"അളിയാ പ്രശ്നമാകുമോ ?"

 

ജോബിൻ എന്തേലും പറയുന്നതിന് മുൻപ് എസ്.ഐ വേണു അവരിരുവരേയും പോലീസുകാരുടെ അടുത്തേക്ക് വിളിച്ചു. ശരീരത്തിന്റെ വിറയൽ മറയ്ക്കാൻ ബന്ധപ്പെട്ടുകൊണ്ട് ശരത്തും ജോബിനും പോലീസുകാരുടെ അടുത്തേക്ക് നടന്നു.

                       ***

 

ചന്തുവും അഭയനും യാത്ര പറഞ്ഞിറങ്ങിയതിന് ശേഷം മണിയന്റെ മകൾ മാളവിക സിറ്റൗട്ടിലെ അരഭിത്തിയൽ അഛന്റെ അരികിൽ വന്നിരുന്നു. മണിയൻ ചാരു കസേരയിൽ മാനത്തേക്ക് നോക്കി എന്തോ ചിന്തയിലാണ്ടിരിക്കുകയായിരുന്നു.

 

"അഛനെന്താ അവരോട് എല്ലാ കാര്യങ്ങളും പറയാതിരുന്നത്. ആ അമ്മയേയും അവർ പ്രസവിച്ച മകനേയും കുറിച്ച് ഒന്നും അറിയാത്ത പോലെയാണല്ലോ അഛൻ സംസാരിച്ചത്. അഛൻ അവരെ കുറേയേറെ സഹായിച്ചിട്ടുള്ളതല്ലേ. ആ മകനെ പഠിപ്പിക്കാനും മറ്റും. പക്ഷേ അഛൻ അതൊക്കെയെന്താ അവരോട് മറച്ചു വച്ചത് "

 

മണിയൻ അൽപം ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്തു പിന്നെ പരമാവധി ഹോൾഡ് ചെയ്ത ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിട്ടു.

 

"മോളെ ഈ ശ്വാസം നിലച്ചാൽ എന്താ സംഭവിക്കുക ? മരിച്ചു പോകും. ചിലർ നമ്മളിൽ അർപ്പിക്കുന്ന വിശ്വാസം ഈ ശ്വാസത്തേക്കാൾ വലുതാണ്. നമ്മെ വിശ്വസിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ഫേവർ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ്. "

 

"എനിക്ക് പോലും അഛൻ അവരെ കാണിച്ച് തന്നിട്ടില്ലല്ലോ? അവരിപ്പോൾ എവിടെയാണെന്ന് പറഞ്ഞിട്ടില്ല. എന്തിന്, ആ മകന്റെ പേരു പോലും എന്നോട് പറഞ്ഞിട്ടില്ലല്ലോ?" ലേശം പരിഭവത്തോടെയാണ് മാളവിക അഛനോട് പറഞ്ഞത്.

 

പക്ഷേ മണിയന്റെ മറുപടി ഒറ്റ വാക്യത്തിലൊതുങ്ങി.

 

"മോളെ ചില രഹസ്യങ്ങൾ നമ്മളോടൊപ്പം ചിതയിലെരിയാനായി കാത്തു വയ്ക്കേണ്ടി വരും"

PART  05

 

അന്നമ്മ തങ്കച്ചനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ടായിരുന്നില്ല. ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടായി സാംസൺ തങ്കച്ചൻ ഒപ്പമുണ്ടായിരുന്നു. അക്കാര്യം ഫോൺ ചെയ്ത് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് സി.ഐ രാജേഷും അഭിലാഷും ആശുപത്രിയിലേക്ക് ചെന്നത്. അന്നമ്മ ടീച്ചറെ മുറിയിൽ കയറി കണ്ട ശേഷം രാജേഷ് സാംസൺ തങ്കച്ചന്റെ അരികിലേക്ക് പോയി.

 

ആദ്യം അമ്മയുടെ ആരോഗ്യനിലയെ പറ്റി ആയിരുന്നു അയാളോട് ചോദിച്ച് അറിഞ്ഞത്.

 

അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ടെങ്കിലും തലയിൽ ഏറ്റ പരിക്ക് തലച്ചോറിന് സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കാര്യങ്ങൾ കൃത്യമായി ഓർത്ത് പറയാൻ കഴിയുന്നില്ല എന്ന് മാത്രമല്ല പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഒരു കുഴപ്പവുമില്ലാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്ന ഓർമ്മയിലേക്കാണ് ടീച്ചർ സ്കിപ്പായി പോകുന്നത്. പിന്നെ കുറെ നേരത്തേക്ക് ക്ലാസ്സിൽ ചരിത്രം പഠിപ്പിക്കുന്ന ടീച്ചറായിമാറും. ഇനി ഈ അവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാകില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. വലിയ വിഷമത്തോടെയും വേദനയോടെയുമാണ് അമ്മയുടെ നിലവിലെ അവസ്ഥയെ പറ്റി സാംസൺ രാജേഷിനോട് സംസാരിച്ചത്.

 

"മിസ്റ്റർ സാംസൺ താങ്കൾക്ക് മുബൈയിൽ എന്താണ് ജോലി?"

 

രാജേഷ് പതിയെ തന്റെ ആഗമന ഉദ്യേശത്തിലേക്ക് കടന്നു.

 

"ബിസിനസ്സ് ആണ് സാറേ, കുറച്ച് റിയൽ എസ്ററ്റ് , പിന്നെ ജെം സ്റ്റോൺ, ദാറ്റ്സ് ഓൾ, പിന്നെ ഇവിടെ എന്റെ നാട്ടിലെ ചിലരുടെ വിചാരം ഈ മുബൈയിൽ പോയി കാശുണ്ടാക്കി എന്ന് പറഞ്ഞാൽ അത് സ്വർണക്കടത്തോ, അധോലോകമോ ഒക്കെ ആണെന്നാണ്"

 

തന്നെക്കുറിച്ച് നാട്ടിലുള്ള റൂമർ വ്യക്തമായി സാംസണ് അറിയാമായിരുന്നു.

 

" റൂമറുകൾ എന്തെന്തിലുമൊക്കെ ആയിക്കോട്ടെ , അത് ഞങ്ങൾ വിടുന്നു. താങ്കൾക് ഒരാളോട് പക തോന്നിയാൽ എന്താണ് ചെയ്യുക ? നേരിട്ട് പക തീർക്കുമോ ? അതാ പക തീർക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്തുമോ?"

 

സി.ഐ രാജേഷിന്റെ മുനവച്ച ചോദ്യം സാംസണിന് തീരെ ഇഷ്ടപ്പെട്ടില്ല.

 

"പക തോന്നിയാൽ സാറെന്താണ് ചെയ്യുന്നത്? ഞാൻ ഒരു സാധാരണ മനുഷ്യനാണ്, ഒരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നൊരാൾ. പിന്നെ ആശുപത്രിയിൽ കൈകാലുകൾ ഇല്ലാതെ കിടക്കുന്ന ആ നായിന്റെ മോന് വേണ്ടിയാണ് സാർ ഈ ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽ ഒറ്റ മറുപടിയേയുള്ളു. ഹീ ഡിസർവ്സ് .  അത് ഞാനും ആഗ്രഹിച്ചിരുന്നതാ. അത് ചെയ്തത് ആരായാലും, അവൻ പിടിക്കപ്പെടുകയാണേൽ കിട്ടാവുന്ന ഏറ്റവും നല്ല വക്കിലീനെ വച്ച് കേസ് ഞാൻ നടത്തും , നിയമത്തിന്റെ പഴുതുകളിലൂടെ ഊരിക്കൊണ്ട് പോവുകയും ചെയ്യും. എന്റെ സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ ജോലിയും കൊടുക്കും. ഇറ്റ്സ് മൈ സ്റ്റേറ്റ്മെന്റ്. ഇതിൽ കൂടുതൽ എന്തേലും അറിയാനും ചോദിക്കാനുമുണ്ടോ കേരളാ പോലീസിന് ?"

 

സാംസണിന്റെ മറുപടി വളരെ ഉറച്ചതായിരുന്നു. ഇനി ഒരു ചോദ്യത്തിന് പ്രസക്തിയില്ലെന്ന് രാജേഷിനറിയാമായിരുന്നു.

 

" കുറ്റം ചെയ്യുന്നതും കുറ്റം ചെയ്യുന്നവരെ സഹായിക്കുന്നതും ഒരു പോലെ തന്നെയാണ് എന്നത് മിസ്റ്റർ സാംസൺ തങ്കച്ചന് അറിയാമെന്ന് കരുതുന്നു. വധശ്രമമാണ് കേസ്. അത് ചെയ്തവനെ കേരള പോലീസ് പിടിച്ച് കോടതി മുറിയിൽ നിർത്തുമ്പോൾ സാറിന് വരാം ജാമ്യം എടുത്തോ, ഇനി അതല്ല  കേസിൽ നിന്നുതന്നെ ഊരിയെടുത്തോ കൊണ്ടുപോകാം. അത് താങ്കളുടെ സ്വാതന്ത്ര്യം. പക്ഷേ ..... പക്ഷേ കഴുകൻ രവിയെ ഈ കിടപ്പ് കിടത്തിയതിൽ താങ്കൾക്കെന്തേലും പങ്ക് ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തിയാൽ , മിസ്റ്റർ സാംസൺ തങ്കച്ചൻ , താങ്കളെക്കൂടി ജാമ്യത്തിലിറക്കാൻ വക്കീലിനെ ഏർപ്പെടുത്തി വച്ചേക്കണം. "

 

സി.ഐ രാജേഷ് പറയുന്നത് വളരെ പുഛത്തോടെയാണ് അയാൾ കേട്ടു നിന്നത്.

 

"കഴുകൻ രവി എന്ന ക്രിമിനൽ എത്ര മോഷണം നടത്തിയിട്ടുണ്ട് ? സാറിനറിയില്ലെങ്കിൽ ഞാൻ പറയാം. വിവിധ പോലീസ് സ്റ്റേഷനുകളിലായി നാല്പതിലധികം. അതിലൊന്നിൽ പോലും തൊണ്ടി മുതൽ ഈ കേരളാ പോലീസ് ഇന്നുവരെ കണ്ടെത്തിയിട്ടില്ല. അയാൾക്ക് ഒരു മോഷണക്കേസിൽ പോലും ശിക്ഷ വാങ്ങിക്കൊടുക്കാനും നിങ്ങടെ സിസ്റ്റത്തിന് കഴിഞ്ഞിട്ടില്ല. എന്നിട്ടിപ്പോ പണിയറിയാവുന്ന പിള്ളേര് അവനെ പണിത് കിടത്തിയപ്പോൾ അവന്റെ വക്കാലത്തുമായി ഇങ്ങനെ നിരങ്ങാൻ നാണമാവുന്നില്ല മിസ്റ്റർ സർക്കിൾ ഇൻസ്പെക്ടർ ?"

 

സാംസണിന്റെ വാക്കുകൾ അത്രയും ഇറിറ്റേറ്റിംഗ് ആയിട്ടും സി.ഐ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അഭിലാഷിന് അതിശയം തോന്നി. പ്രതികരിക്കാതിരിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല.

 

" ടോ കയ്യിൽ ആവശ്യത്തിലധികം പണം ഉണ്ടെന്ന് കരുതി അതിന്റെ ഹുങ്ക് ഇങ്ങോട്ടിറക്കേണ്ട. താനിങ്ങനെ ഓവർസ്മാർട്ട് ആകുന്നത് കാണുമ്പോഴേ മനസിലാക്കുന്നുണ്ട് ഇത് എന്തോ മറയ്ക്കാൻ ഉള്ള തത്രപ്പാടാണെന്ന്. തന്നെ വൈകാതെ ഞങ്ങൾ പൂട്ടും. ഒരു രണ്ട് മിനിറ്റ് തികച്ച് നിന്നെ സ്റ്റേഷനിൽ കിട്ടിയാൽ ഞങ്ങൾ തരും ഇതിന്റെ മറുപടി. നീ മരിക്കുവോളം സ്മരിക്കുന്ന മറുപടി. "

 

എന്നിട്ട് തിരിഞ്ഞ് സി.ഐ യോടായി പറഞ്ഞു. "സാറ് വാ സാറേ, ഇവനെ നമുക്ക് പൂട്ടാം. ഇപ്പോ അവന്റെ പെർഫോമൻസിനുള്ള ടൈമാണ്. അതവൻ ചെയ്തോട്ടെ. " അഭിലാഷ് പുറത്തേക്ക് പോകാൻ സി.ഐ യെ നോക്കിയപ്പോൾ പുറത്തേക്ക് പൊയ്ക്കോളാൻ രാജേഷ് കണ്ണുകൾ കൊണ്ട് സൂചന നൽകി. എന്നിട്ട് രാജേഷ് ബെഡിൽ കിടക്കുന്ന അന്നമ്മ തങ്കച്ചന്റെ അരികിലേക്ക് ചെന്നു കസേരയിൽ ഇരുന്നു. പതിയെ കൈപ്പത്തിക്ക് മുകളിൽ സ്വന്തം കൈത്തലം വച്ചു. ടീച്ചർ സ്നേഹാർദ്രമായി രാജേഷിനെ നോക്കി.

 

"ടീച്ചറേ.... ഞാൻ ഉൾപ്പെടുന്ന ഈ പോലീസ് സംവിധാനത്തിന്റെ പരാജയമാണ് കഴുകൻ രവിയുടെ വിജയം. അതുകൊണ്ടാണ് ടീച്ചർക്ക് ഈ ഗതി വന്നത്. മാതാ പിതാ ഗുരു ദൈവം എന്നാണ് ചെറിയ ക്ലാസ് മുതൽ കേട്ട് പഠിച്ചത്. എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് ഈ കുപ്പായം. ഇവിടെ വച്ച് ഞാൻ ഈ ഗുരുവിന്, അമ്മയ്ക്ക് വാക്ക് തരുന്നു. കഴുകൻ രവി ചെയ്ത മുഴുവൻ കൊള്ളരുതായ്മകളും കോടതിയിൽ വിചാരണ ചെയ്യപ്പെടും, തെളിവുകൾ സഹിതം.  പിന്നെ ശിക്ഷാവിധി. ഒരു മനഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ മരണമല്ല. അത് കഴുകൻ രവി ഇനിയറിയും. അർഹിക്കുന്ന ശിക്ഷ ആരോ നൽകി കഴിഞ്ഞു. കഴുകന്റെ ഇരകൾക്ക് എല്ലാം ഇവിടുത്തെ നിയമ സംവിധാനത്തിനുളളിൽ നിന്നുള്ള നീതി ഞങ്ങൾ വാങ്ങിത്തരുമെന്ന ഉറപ്പ് നൽകി ഞാൻ പോവുകയാണ്. "

 

രാജേഷ് എഴുന്നേറ്റു  ടീച്ചറിന്റെ അടുത്ത് നിന്നും സാംസണിന്റെ അരികിലേക്ക് ചെന്നു.

 

" സാംസൺ ... ഞാൻ നിയമത്തിന്റെ പക്ഷത്താണ് എപ്പോഴും . കഴുകൻ രവിയുടെ ഇരകൾക്ക് നീതി ലഭ്യമാക്കും എന്ന് ടീച്ചറിന് ഞാൻ വാക്കു കൊടുത്തു. അതു പോലെ കഴുകൻ രവിയ്ക്കും നീതി ലഭ്യമാക്കും.  വിലങ്ങ് കൈകളിൽ വീഴാതെ നോക്ക്. "

 

സി.ഐ രാജേഷ് പുറത്തേക്ക് പോകുന്നതു നോക്കി ഒന്നും പറയാതെ സാംസൺ നിൽക്കുകയായിരുന്നു. അയാളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.

 

വൈകുന്നേരം

 പോലീസ് സ്റ്റേഷനിലെ കോൺഫറൻസ് ഹാൾ.

സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും അവിടെ  ഉണ്ടായിരുന്നു.

 

" കഴുകൻ രവിയുടെ കേസിൽ നമ്മൾ നടത്താൻ പോകുന്നത് ഒരു ദ്വിമുഖ അന്വേഷണമാണ്.  കഴുകനെ പണിതതാര് ? ഒപ്പം കഴുകൻ കട്ട മുതലൊക്കെ എന്ത് ചെയ്തു? ഈ രണ്ട് ചോദ്യങ്ങർക്കും തെളിവുകൾ സഹിതം ഉത്തരം കണ്ടെത്തണം. കഴുകൻ രവിയ്ക്ക് നീതിയും ശിക്ഷയും വാങ്ങിക്കൊടുക്കുന്ന ഒരു അന്വേഷണം. അപ്പോ ആദ്യം ഇന്ന് നമ്മൾ കണ്ടെത്തിയ കാര്യങ്ങൾ വച്ച് എത്തിച്ചേരാവുന്ന നിഗമനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജയമോഹൻ പറയൂ ... "

 

സാറിന്റെ അനുമതി കിട്ടിയതും എസ് ഐ ജയമോഹൻ എഴുന്നേറ്റു

 

" സെമിത്തേരിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും റെയിൽവേ കോമ്പൗണ്ടിൽ അവസാനിക്കുന്ന റോഡിൽ സെമിത്തേരി മുക്കിലെ ഡോ. ജെയിംസിന്റെ വീട്ടിൽ മാത്രമേ സി സി റ്റി വി യുള്ളൂ. അതിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാത്രി 9.25 ന് കഴുകൻ റെയിൽവേ കോമ്പൗണ്ടിലേക്ക് നടന്ന് പോകുന്നത് പതിഞ്ഞിട്ടുണ്ട്. അതിൽ അയാളുടെ കയ്യിൽ നമ്മൾ കണ്ടെടുത്ത സ്വർണവും പണവുമുള്ള ബാഗില്ല. കഴുകൻ പോകുന്നതിന് 5 മിനിറ്റ്  മുൻപ് മുൻ പഞ്ചായത്ത് മെമ്പർ രമേശൻ അതുവഴി പോയിരുന്നു. അയാൾ ഫോണിൽ സംസാരിച്ചു കൊണ്ടാണ് നടന്നു പോയത്. ആ റോഡിന്റെ അങ്ങേയറ്റത്തുള്ള വീട്ടിലെ സ്ത്രീയുമായി ഈ രമേശന് ചില ചുറ്റിക്കളിയുമതായി ചിലർ പറഞ്ഞ് കേട്ടിരുന്നു. 9.40 ആയപ്പോഴാണ് നമ്മളെ വിവരം അറിയിച്ച ചെറുപ്പക്കാർ അതു വഴി പോയത്.  പിന്നീട് ആ രാത്രി അതുവഴി ആരും പോയിട്ടുമില്ല  വന്നിട്ടുമില്ല. ഈ രമേശനെ അതിനു ശേഷം ആരും കണ്ടിട്ടില്ല. കഴിഞ്ഞ വർഷം ഇതേ ദിവസം സെമിത്തേരിക്ക് പിന്നിൽ വച്ച് RDP ക്കാരനായ സുജിത്ത് ലാലിനെ വെട്ടിക്കൊന്ന കേസിന്റെ സൂത്രധാരൻ ഈ രമേശൻ ആണ് . പക്ഷേ ഭരണം അവരുടെ കയ്യിലായതു കൊണ്ട് നമുക്ക് അവനെ തൊടാൻ പോലും പറ്റിയില്ല.  രമേശന് ഈ മുങ്ങലും പൊങ്ങലും പതിവാണ്. വീട്ടിൽ ഒന്നും പറയാറുമില്ല. അതുകൊണ്ടാണ് മാൻ മിസിംഗ് പരാതി വരാത്തത്. "

 

ജയമോഹൻ പറഞ്ഞ് നിർത്തി. കേസ് കൂടുതൽ കുഴഞ്ഞ് മറിയുകയാണെന്ന് അവിടെ കൂടിയിരുന്ന ഒരോരുത്തർക്കും തോന്നിത്തുടങ്ങി. വളരെ ഈസിയായി അന്വേഷിച്ചവസാനിപ്പിക്കാമെന്ന് കരുതിയ കേസ് ഒരു ഊരാക്കുടുക്കാവുകയാണെന്ന് സി.ഐ രാജേഷിനും മനസിലായി. അവിടെയുണ്ടായ ചെറിയ പിറുപിറുക്കലുകളെ നിശബ്ദമാക്കിയത് സി.ഐ യുടെ സംസാരമായിരുന്നു.

 

"10.20 ന് അതുവഴി പോയ ഗുഡ്സ് ട്രെയിനാണ് കഴുകൻ രവിയുടെ കാലെടുത്തത്.  ആ പിള്ളേർ നമുക്ക് ഫോൺ ചെയ്തത് 10.30 ന് ആണ്. സെമിത്തേരി മുക്കിൽ നിന്നും ആ അപകടം നടന്ന സ്ഥലത്തെത്താൻ  വെറും 15 മിനിറ്റ് മതി. അപ്പോ ആ പയ്യന്മാർ 10 ന് മുൻപേ അവിടെ എത്തിയിട്ടുണ്ടാകില്ലേ .  പിന്നെ മുന്നേ പോയ മെമ്പർ രമേശനെവിടെ പോയി. അഴിക്കാൻ കുരുക്കുകൾ കുറേയുണ്ടല്ലോ ജയാ "

 

PART 6

 

എസ് ഐ ജയമോഹൻ പറഞ്ഞതിനോട് എസ് ഐ വേണുവിന് ചിലത് കൂട്ടിച്ചേർക്കാനുണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റു.

 

സാറേ ഞങ്ങൾ ഇന്ന് സംഭവസ്ഥലത്ത് ഒന്നു കൂടി അരിച്ച് പെറുക്കി അവിടെ നിന്ന് പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. പിന്നെ ആ പയ്യന്മാരോട് സംസരാച്ചിരുന്നു. അവന്മാരെന്തൊക്കെയോ മറച്ച് പിടിക്കുന്ന പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. വല്ലാത്ത പരിഭ്രമം രണ്ടിനുമുണ്ടായിരുന്നു. അവർ ഞങ്ങളോട് പറഞ്ഞത് കായലിൽ മീൻ പിടിക്കാൻ വന്ന വഴിയിൽ കഴുകൻ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ട് പോലീസിന് ഫോൺ ചെയ്തു എന്നാണ്. പക്ഷേ സി സി റ്റി വി ദൃശ്യങ്ങൾ അനുസരിച്ചാണേൽ അവർ പറഞ്ഞതിൽ പൊരുക്കേടുണ്ട്. പിന്നെ അതിലൊരു പയ്യൻ ശരത്ത് , അയാൾ കഴിഞ്ഞ വർഷം കൊല്ലപ്പെട്ട സുജിത്ത് ലാലിൻറെ അനുജനാണ്.

എസ് ഐ വെണു പറയുന്നതിനിടയിൽ കയറി ജയമോഹൻ താൻ കണ്ടെത്തിയ മറ്റൊരു കാര്യം കൂടി അവതരിപ്പിച്ചു.

 

സാർ ആ സി സി റ്റി വി ദൃശ്യങ്ങളിൽ അവന്മാരുടെ കയ്യിൽ മീൻ പിടിക്കാനുള്ള സാമഗ്രികളൊന്നുമില്ല. മാത്രമല്ല അവർ വെൽ ഡ്രസ്ഡ് ആയിരുന്നു, എവിടെയോ യാത്രയ്ക്ക് പോകുന്നത് പോലെ, മീൻ പിടിക്കാൻ ഇൻഷർട്ടൊക്കെ ചെയ്ത് രാത്രിയിൽ പോകുന്നതിലെന്തോ അസ്വാഭാവികതയില്ലേ?

അപ്പോൾ ആ പയ്യന്മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ആ സിസിറ്റി വി ദൃശ്യങ്ങളൊക്കെ കാണിച്ചു കൊടുത്ത് ഒന്ന് വിശദമായി ചോദ്യം ചെയ്താൽ ചിലപ്പോ നമുക്ക് വേണ്ട ഉത്തരം കിട്ടും. ഒന്നുകിൽ അവരിലൊരാളാണ് അത് ചെയ്തത്, അല്ലെങ്കിൽ അവന്മാർ കണ്ടിട്ടുണ്ട്, ആരാണ് അത് ചെയ്തതെന്ന്. അല്ലേ സാറേ

എ എസ് ഐ അശോകൻ തൻറെ നിഗമനം പറഞ്ഞപ്പോൾ അതേയെന്ന് എല്ലാവരുടെയും മുഖഭാവം സമ്മതിച്ചു. ജോബിനേയും ശരത്തിനേയും അടുത്ത ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ അവർ തീരുമാനിച്ചു. അതോടൊപ്പം രമേശനെ കണ്ടെത്തി ചോദ്യം ചെയ്യാനും പ്ലാനിട്ടു. അയാളുടെ ഫോണിൽ വിളിച്ച് നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. സൈബർ സെല്ലിൽ വിളിച്ച് അയാളെ ലൊക്കേറ്റ് ചെയ്യാൻ ആവശ്യമായ നിർദ്ദേശം സി ഐ രാജേഷ് നൽകി. ജോബിനേയും ശരത്തിനേയും ഫോണിൽ വിളിച്ച് അടുത്ത ദിവസം സ്റ്റേഷനിൽ വരണമെന്ന് അറിയിച്ചു.

തങ്ങളുടെ പ്രവർത്തകനെ കൊന്നതിൻറെ കണക്ക് തീർക്കാൻ RDP ക്കാർ കാര്യമായെന്തൊക്കെയോ പ്ലാൻ ചെയ്തിരുന്നതായും അതിന് മുന്നോടിയായി RDP യുടെ പ്രാദേശിക നേതാക്കളിൽ ഭൂരിപക്ഷവും പലവിധ ആവശ്യങ്ങൾക്കായി നാട്ടിൽ നിന്ന് മുന്നേ മാറിയിരുന്നു. പാർട്ടിയുടെ ഇവിടുത്തെ പ്രമുഖനേതാവ് ചന്ദ്രശേഖരൻ തൻറെ നടുവേദനയ്ക്ക് തടവിയ്ക്കാൻ കോട്ടയ്ക്കലിൽ പോയിരിക്കുകയാണ്, ഒപ്പം പോയത് പാർട്ടി ഗുണ്ട പ്രവീൺ. മറ്റൊരു നേതാവ് മണിപ്പാലിൽ പഠിക്കുന്ന മകൻറെ കോളേജിൽ പോയി. അങ്ങനെ പലരും പല കാരണങ്ങൾ പറഞ്ഞ് മാറി നിൽക്കുകയായിരുന്നു. ഒരു കൊലപാതകം ഉണ്ടായാൽ അവരാരും സ്ഥലത്തില്ലായിരുന്നു എന്നതിന് തെളിവുണ്ടാക്കാൻ വേണ്ടി അവർ പയറ്റുന്ന സ്ഥിരം തന്ത്രമാണ്.  അങ്ങനെയൊരു ആക്രമണം കരുതിത്തന്നെയാണ് രമേശനും കൂട്ടരും നടന്നിരുന്നതും. ജോഷി തങ്ങൾ അന്വേഷിച്ചറിഞ്ഞത് വിവരിച്ചു.

ചന്തുവും അഭയനും മണിയൻ സാറിനെ കണ്ട വിവരവും അയാളിൽ നിന്നും അറിഞ്ഞ കഴുകൻ രവിയുടെ പുതുമലക്കണ്ടത്തെ ചരിത്രവും വിവരിച്ചു.

അപ്പോൾ കഴുകൻ രവിക്കൊരു മകനോ മകളോ ഉണ്ടാവും അല്ലേ? അങ്ങനെയെങ്കിൽ നമുക്ക് മുന്നിൽ രണ്ട് സാദ്ധ്യതകളാണുള്ളത്. അമ്മയെ ചതിച്ച് പോയ കഴുകൻ രവിയെ തേടിപ്പിടിച്ച് ആക്രമിച്ചത് കഴുകൻ രവിയുടെ മകനാവാം. രണ്ടാമത്തെ സാദ്ധ്യത, അങ്ങനെയൊരു ഭാര്യയെയും തൻറെ ചോരയായ കുഞ്ഞിനേയും അയാൾ സംരക്ഷിച്ച് പിടിച്ചിരുന്നുവെങ്കിൽ അവർക്കറിയാം കഴുകൻ രവി കവർന്നെടുത്ത സ്വർണ്ണവും പണവും എവിടെയുണ്ടെന്ന്. അവർക്ക് വേണ്ടിയാവും അയാളിതൊക്കെ ചെയ്തത്.

 

സി ഐ രാജേഷ് പറഞ്ഞ സാദ്ധ്യതകൾ തന്നെയാണ് അവിടെ എല്ലാവരുടെയും മനസിലുണ്ടായിരുന്നതും. അതുകൊണ്ട് തന്നെ പുതുമലക്കണ്ടത്ത് പോയി അന്വേഷിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്ന ചുമതല ചന്തുവിനും അഭയനും നൽകി ഒപ്പം അവരുടെ ടീമിനെ നയിക്കാൻ എസ് ഐ ജയമോഹനേയും ചുമതലപ്പെടുത്തി. അടുത്ത ദിവസം തന്നെ അവിടേക്ക് തിരിക്കാൻ അവർക്ക് സി ഐ രാജേഷ് നിർദ്ദേശവും നൽകി. സാംസൺ തങ്കച്ചന് ഈ സംഭവത്തിലുള്ള പങ്കുണ്ടാവാനുള്ള സാദ്ധ്യതയേയും അവർ സജീവമായി പരിഗണിച്ചു. അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജോഷിയെ ചുമതലപ്പെടുത്തി.

അന്ന് രാത്രിയിൽ കഴുകൻ രവി ആക്രമിക്കപ്പെട്ടു എന്നതല്ലാതെ മറ്റേന്തൊക്കെയോ നടന്നിട്ടുള്ളതായി അവർ തീർച്ചപ്പെടുത്തി. ഒരു വെല്ലുവിളി പോലെയാണ് അവർ ഈ കേസിനെ ഏറ്റെടുത്തത്.

 

പിറ്റേദിവസം അതിരാവിലെ തന്നെ കാറിൽ ചന്തുവും അഭയനും ജയമോഹനനും പുതുമലക്കണ്ടത്തേക്ക് യാത്ര തിരിച്ചു. ജയമോഹനൻറെ കാറിലായിരുന്നു യാത്ര. രാവിലെ പറഞ്ഞേൽപിച്ച സമയം കഴിഞ്ഞിട്ടും ജോബിനും ശരത്തും സ്റ്റേഷനിലെത്തിയില്ല. അവരെ ഫോണിൽ വിളിച്ചപ്പോൾ രണ്ട് പേരുടെയും ഫോണുകൾ സ്വിച്ചോഫ് ആയിരുന്നു. ഒട്ടും സമയം കളയാതെ എസ് ഐ വേണുവും കൂട്ടരും അവരുടെ വീടുകളിലേക്ക് പാഞ്ഞു. എന്നാൽ അതിരാവിലെ രണ്ടാളും വീടു വിട്ടു പോയിരുന്നതായി അറിയാൻ കഴിഞ്ഞു. രമേശനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. അയാളുടെ ഫോൺ സംഭവ ദിവസം രാത്രി 9 മണിക്ക് സ്വിച്ചോഫായതിന് ശേഷം ഇതുവരെയും അത് ഓണായിട്ടില്ലെന്നാണ് സൈബർ സെല്ലിൽ നിന്നും അറിയിച്ചത്. അങ്ങനെയെങ്കിൽ അയാൾ ഏത് ഫോണിലാണ് സംസാരിച്ചു കൊണ്ട് പോയതെന്ന് കണ്ടെത്തേണ്ടത് പുതിയൊരു ബാദ്ധ്യതയായി. അതേപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് തൻറെ കയ്യിലുണ്ടായിരുന്ന  ഉപയോഗിക്കാതെയിരുന്ന പഴയൊരു നോക്കിയ ഫോൺ രമേശൻ വാങ്ങിക്കൊണ്ട് പോയതായി രമേശൻറെ അച്ഛൻ പോലീസിനോട് പറഞ്ഞു. രമേശൻ ഉപയോഗിച്ച നമ്പർ കണ്ടെത്താൻ എളുപ്പ വഴികളൊന്നുമില്ലാതിരുന്ന സി ഐ രാജേഷ് സൈബർ സെല്ലിൽ വിളിച്ച് സംഭവ ദിവസം 9.15 നും 9.30 നും ഇടയിൽ  സെമിത്തേരിമുക്ക് ടവറിൻറെ പരിധിയിലുണ്ടായിരുന്ന ആക്ടീവ് നമ്പറുകളുടെ ലിസ്റ്റ് എടുക്കാൻ നിർദ്ദേശം നൽകി.

 

ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിൽ രമേശനെ കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടിൽ നിന്നും അപ്രത്യക്ഷരായ ജോബിനെയും ശരത്തിനെയും കണ്ടെത്താനും കഴിഞ്ഞില്ല. അവർ ഫോണുകൾ ഓണാക്കുന്നതും കാത്തിരുന്ന സൈബർസെല്ലിന് പോസിറ്റീവായി ഒന്നും കിട്ടിയില്ല. സാംസൺ തങ്കച്ചനെയും പ്രദേശത്തെ രാഷ്ട്രീയക്കാരെയും ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പലരും പലതും മറയ്ക്കുന്നതായി വ്യക്തമായി പോലീസിന് ബോദ്ധ്യമുണ്ടായിട്ടും തെളിവുകളിലേക്കെത്താൻ കഴിയാതെ നിസഹായരായി നിൽക്കേണ്ടി വന്നു. ആശുപത്രിക്കിടക്കയിൽ അവശത ഏറെക്കുറേ മാറിക്കഴിഞ്ഞ കഴുകൻ രവി പോലീസിനോട് മുൻപ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനും തയ്യാറാകുന്നില്ല. പുതുമലക്കണ്ടത്തേക്ക് പോയ പോലീസ് ടീം അവിടെ നിന്നും കഴുകൻ രവിയുടെ കുറ്റകൃത്യ പരമ്പരകളിലൂടെ പലനാടുകളിലൂടെ യാത്ര ചെയ്ത്, വിവിധ പോലീസ് സ്റ്റേഷനുകളിലെ ഫയലുകളിൽ പരതിയും അന്വേഷണ ഉദ്യോഗസ്ഥരോടും കഴുകൻ രവിയുടെ ഇരകളോട് ചോദിച്ചറിഞ്ഞും കിട്ടിയ വിവരങ്ങളുമായി വന്ന ദിവസമാണ് രവിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തത്. രവിയെ വീൽചെയറിൽ സ്റ്റേഷനിലെത്തിച്ചു. അയാളെ സാക്ഷിയാക്കി ചന്തു അവരന്വേഷിച്ചറിഞ്ഞതും അവരുടെ നിഗമനങ്ങളും ചേർത്ത് കഴുകൻ രവിയുടെ ചരിത്രം പറഞ്ഞു തുടങ്ങി.

 

വർഷം ആയിരത്തി തൊള്ളായിരത്തി എൺപത്തിയഞ്ച്, കാടുമായി ചേർന്ന് കിടക്കുന്ന പുതുമലക്കണ്ടമെന്ന കൊച്ചു ഗ്രാമം. തേയിലയും ഏലവും സമൃദ്ധമായുള്ള മലഞ്ചെരിവിലേക്ക് ജോലിയന്വേഷിച്ച് രവിയെന്ന ചെറുപ്പക്കാരൻ പുറപ്പെട്ടു. യാത്രാ സൗകര്യം തീരെ കുറവുള്ള അവിടേക്ക് ഒരു തമിഴൻറെ ലോറിയിൽ കയറി രവി യാത്രയായി. മല കയറി പുതുമലക്കണ്ടത്തിലെത്തുന്നതിന് ഒരു കിലോമീറ്റർ അകലെവച്ച് വണ്ടി ബ്രേക്ക് ഡൗണായി. അപ്പോൾ സമയം വെളുപ്പാൻ കാലത്ത് 3 മണി. നല്ല കോടമഞ്ഞുള്ള സമയം. ഡ്രൈവർക്ക് രാവിലെ തമിഴ്നാട്ടിലെത്തേണ്ടത് അത്യാവശ്യമായിരുന്നതിനാൽ അയാൾക്ക് പരിചയമുള്ള മെക്കാനിക്ക് പാപ്പിയുടെ വീട്ടിലേക്ക് ഇരുട്ടത്ത് അയാൾ നടന്നു കൂട്ടിന് രവിയും കൂടി. അരമണിക്കൂറോളം നടന്ന് പുതുമലക്കണ്ടം പള്ളിയുടെ തൊട്ടപ്പുറത്തുള്ള പാപ്പിയുടെ വീട്ടിലെത്തി അയാളെയും കൂട്ടി അയാളുടെ സൈക്കിളിൽ തമിഴൻ വണ്ടി കിടന്ന സ്ഥലത്തേക്ക് പോയി. രവിയോട് പള്ളിമുറ്റത്ത് കാത്തുനിൽക്കാൻ പറഞ്ഞു. വണ്ടി ശരിയാക്കി നാലര മണിയോടെ ശരിയാക്കിയ ലോറിയുമായി തമിഴൻ രവിയെ കടന്ന് പോയി. അയാൾ രവിയുടെ കാര്യം മറന്ന് പോയിരുന്നു. രവി ആ വെളുപ്പാൻ കാലത്ത് പുതുമലക്കണ്ടം പള്ളിയുടെ മുന്നിൽ കുറച്ച് നേരം നിന്നു പിന്നെ മുകളിലെ പുതുമലക്കണ്ടം സിറ്റി ലക്ഷ്യമാക്കി നടന്നു.

 രാവിലെ പുതുമലലക്കണ്ടം നിവാസികൾ പള്ളിയിലെ കൂട്ടമണി കേട്ട് പള്ളിമുറ്റത്തേക്കോടിക്കൂടി. പള്ളിയിലെ സ്വർണ്ണക്കുരിശ് മോഷണം പോയിരിക്കുന്നു, ഭണ്ഡാരം കുത്തിപ്പോളിച്ച് മുഴുവൻ പണവും കൊണ്ട് പോയിരിക്കുന്നു. കള്ളനെ തിരക്കി പാഞ്ഞ നാട്ടുകാർക്ക് മുന്നിൽ കിട്ടിയത് രവിയെയായിരുന്നു. ആ നാട്ടിലാർക്കും പരിചിതനല്ലാത്ത രവിയെ കള്ളനെന്ന് സംശയിച്ച് നാട്ടുകാർ തല്ലിക്കൊല്ലാറാക്കി. പോലീസെത്തി രവിയെ കൊണ്ട് പോയി. രവി പോലീസിനോട് നടന്ന സംഭവങ്ങൾ വിവരിച്ചു. അയാൾ പറഞ്ഞ കഥ മെക്കാനിക്ക് പാപ്പിയും അടുത്ത ദിവസം ലോഡുമായി തിരികെ വന്ന തമിഴൻ ഡ്രൈവറും സാക്ഷ്യപ്പെടുത്തിയതോടെ രവിയുടെ നിരപരാധിത്വം തിരിച്ചറിഞ്ഞ പോലീസ് അയാളെ വെറുതേ വിട്ടു. പക്ഷേ നാട്ടുകാർ ആക്രമണത്തിൽ രവിയുടെ വലത്തേ കൈ ഒടിയുകയും വാരിയെല്ലുകൾ പൊട്ടുകയും വായിലെ കുറേ പല്ലുകൾ പറിഞ്ഞ് പോവുകയും ചെയ്തിരുന്നു. അന്നത്തെ ആ സംഭവത്തോടെ രവി ഒരു ക്രിമിനലായി മാറുകയായിരുന്നു. നാട് ഭയക്കുന്ന കഴുകൻ രവിയെന്ന കള്ളൻ ആ സംഭവത്തോടെ പിറവിയെടുത്തു. അതായിരുന്നു തുടക്കം

 

ചന്തു പറഞ്ഞ കഥ വളരെ കൗതുകത്തോടെയാണ് കഴുകൻ രവി കേട്ടിരുന്നത്. സി ഐ രാജേഷും ചന്തു കഥപറയുന്നതിനിടയിൽ പല തവണ രവിയെ ശ്രദ്ധിച്ചിരുന്നു. അയാളുടെ മുഖത്ത് അവർ സ്ഥിരമായി കാണുന്ന പരിഹാസവും പുച്ഛവും കലർന്ന ചിരിയാണ് അപ്പോഴുമുണ്ടായിരുന്നത്. ചന്തു ഒരു കവിൾ വെള്ളം കുടിച്ചിട്ട് എല്ലാവരെയും നോക്കി. ആരും ഒന്നും മിണ്ടിയില്ല. കഴുകൻ രവി തൻറെ ഇടം കൈത്തലം മേശമേൽ അടിച്ച് ശബ്ദമുണ്ടാക്കി.

കഴുകൻ രവിയുടെ തുടക്കം.....  കഥ കൊള്ളാം സാറേ, പക്ഷേ ഒരു തിരുത്തലുണ്ട്. ആ ക്ലൈമാക്സിൽ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടായിരുന്നു.

രവിയെന്താണ് പറയാൻ പോകുന്നതെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി.

അന്ന് ആ വെളുപ്പാൻ കാലത്ത് അതിർത്തി കടന്ന് പോയ ആ തമിഴൻറെ ലോറിയിൽ പുതുമലക്കണ്ടം പള്ളിയിലെ സ്വർണ്ണക്കുരിശും ഭണ്ഡാരത്തിലെ കാശും ഉണ്ടായിരുന്നു. പക്ഷേ അത് കട്ടതാരെന്ന് ഇന്ന് വരെയും ഒരു പോലീസും കണ്ടെത്തിയിട്ടില്ല. എന്തിന് ആ ലോറി തന്നെ രവിയുടേതാണെന്ന സത്യം പോലും പോലീസ് കണ്ടെത്തിയിട്ടില്ല......

അത്രയും പറഞ്ഞ് കഴുകൻ രവി ഉറക്കെയുറക്കെ ചിരിച്ചു. പോലീസ് സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ കഴുകൻറെ ചിരി വല്ലാതെ മുഴങ്ങി.

 

PART 7

 ചന്തു കഥ തുടരുകയായിരുന്നു.

 

പുതുമലക്കണ്ടത്തുകാർക്ക് പിന്നെ രവിയോട് സഹതാപമായിരുന്നു. അറിയാതെ അയാളെ തല്ലിപ്പോയതിലുള്ള കുറ്റബോധം പലർക്കുമുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും മടങ്ങി വന്ന രവിയ്ക്ക് പള്ളി വികാരി ഇടപെട്ട് അവിടെ ഒരു തോട്ടത്തിൽ ജോലി ശരിയാക്കി കൊടുത്തു. 50 താഴെ വീടുകളും ഇരുന്നൂറിൽ താഴെ മനുഷ്യരും മാത്രമുള്ള ചെറിയൊരു ഗ്രാമമായിരുന്നു പുതുമലക്കണ്ടം. പതിയെ രവി ഒരു പുതുമലക്കണ്ടംകാരനായി മാറുകയായിരുന്നു. ആ തോട്ടത്തിലെ പണി ഉപേക്ഷിച്ച് രവി കാടുകയറി കാട്ടിൽ കഞ്ചാവ് നട്ട് വളർത്തി.. ആനയും ചെന്നായകളും പുലിയും കടുവയുമൊക്കെ വിലസുന്ന കാട്ടിന് നടുവിലെ കഞ്ചാവ് തോട്ടിത്തിലേക്കൊന്നെത്തി നോക്കാൻ അധികാരികൾ ഭയന്നു. പക്ഷേ രവിക്ക് ഒന്നിനേയും ഭയമില്ലായിരുന്നു. വഴിമുടക്കി നിന്ന വന്യമൃഗങ്ങൾ ഉന്നംതെറ്റാത്ത രവിയുടെ തോക്കിനുമുന്നിൽ കീഴടങ്ങിയ കഥ പുതുമലക്കണ്ടം അങ്ങാടിയിലെത്തി. കാട്ടിനുള്ളിലെ ഏറുമാടത്തിൽ അടുക്കി വച്ചിരിക്കുന്ന പുലിയുടെയും കടുവുടെയും തോലുകൾ രവിയുടെ കീശയിൽ പണമായി കിലുങ്ങി.

ചന്തു തൻറെ കഥയിൽ ഒരു ബ്രേക്കിട്ടപ്പോൾ ബാക്കി പറഞ്ഞത് എസ് ഐ ജയമോഹനായിരുന്നു.

മുൻ എം പി ജോൺ ലോറൻസിൻറെ എസ്റ്റേറ്റ് മാനേജരായിരുന്ന പീറ്റർ പറഞ്ഞ കാര്യങ്ങളാണ് ഒരു ദൃക്സാക്ഷി വിവരണം പോലെ ജയമോഹന് പറയാനുണ്ടായിരുന്നത്. അന്ന് ആ കഞ്ചാവ് തോട്ടത്തിൽ രവിയ്ക്കൊപ്പം പണിയെടുത്തിരുന്നയാളാണ് പീറ്റർ, അക്കാലത്ത് ഈ രവിയുടെ ഒരു സഹായി എന്നോ വലം കൈ എന്നോ പറയാവുന്ന ആളാണ് ആ പീറ്റർ. തങ്ങൾ സിനിമയ്ക്ക് കഥയെഴുതുന്നവരാണെന്നും സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും പീറ്ററിനൊക്കൊണ്ട് പറയിപ്പിച്ച കഥ ജയമോഹൻ പറഞ്ഞു.

          ഒരിക്കൽ കഞ്ചാവുമായി കാടിറങ്ങി ജീപ്പിൽ വരികയായിരുന്നു കഴുകൻ രവി, പീറ്ററായിരുന്നു വണ്ടി ഓടിച്ചിരുന്നത്. കാടു വെട്ടിത്തെളിച്ച് ആ വഴിയുണ്ടാക്കിയത് തന്നെ രവിയായിരുന്നു. വഴിക്കിരുവശവും മതിൽ കെട്ടിയത് പോലെ വളർന്ന് നിൽക്കുന്ന ചെടികളും മരങ്ങളും വള്ളിപ്പടർപ്പുകളുമാണ്. ഒരോ വളവുകളിലേക്കും വണ്ടി ഓടിക്കുന്നത് ചങ്കിടിപ്പോടെയാണ്. കാരണം ഏത് നിമഷവും തൊട്ട് മുന്നിലൊരു ഒറ്റയാനോ മേഞ്ഞ് നടക്കുന്ന  ആനക്കൂട്ടമോ കാണാം.

    നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചത്തിനെത്തിച്ചാരാൻ സാധിക്കാത്ത ആ കാട്ടിനുള്ളിലെ പതിമൂന്നാം വളവിൽ അന്ന് കാത്തു നിന്നത് ഒറ്റക്കൊമ്പനായിരുന്നു. തന്നോട് ശക്തി കാണിക്കാൻ വന്ന മറ്റൊരു കൊമ്പനുമായി പുതുമലക്കണ്ടം അങ്ങാടിക്ക് സമീപത്തുകൂടിയൊഴുകുന്ന പുഴയുടെ അക്കരെ വച്ച് ഈ ഒറ്റയാൻ പോരാടിയത് ഒരു പകൽ മുഴുവനുമായിരുന്നു. ആ പോരാട്ടത്തിൽ ഒരു കൊമ്പ് ഒടിഞ്ഞ് മറ്റേ കൊമ്പൻറെ വയറിൽ തുളഞ്ഞ് കയറി. തന്നെക്കാൾ അതികായനായ ആ കൊമ്പനെ കുത്തി വീഴ്ത്തി തൻറെ ചോരയൊലിക്കുന്ന ഒറ്റക്കൊമ്പുമായി പുഴയിലിറങ്ങി നീന്തി ഇക്കരെ കയറിയ ഒറ്റയാൻ കണ്ണിൽ കണ്ടതെല്ലാം തച്ചു തകർത്തു. ആ സന്ധ്യ പുതുമലക്കണ്ടത്തുകാർ ഒരിക്കലും മറക്കില്ലായിരുന്നു. അവിടുത്തെ പള്ളിയിലെ കപ്യാർ ദേവസ്യയും, അങ്ങാടിയിൽ ചായക്കട നടത്തുന്ന മറിയച്ചേട്ടത്തിയും, ഫോറസ്റ്റ് ഗാർഡുമാരായ സുപാലും വർഗ്ഗീസും, ജീപ്പ് ഡ്രൈവർ വർക്കി അങ്ങനെ അഞ്ച് പേരെയാണ് അന്ന് ഒറ്റയാൻ ചവിട്ടിമെതിച്ച് കൊന്ന് കളഞ്ഞത്.

     അന്ന് രാത്രി തിരികെ പുഴ നീന്തിക്കയറി അക്കരെപ്പോയ ഒറ്റയാൻ പിന്നെയൊരിക്കൽ പോലും പുഴ കടന്ന് ഇക്കരെ വന്നിട്ടില്ല. പക്ഷേ അക്കരെക്കാട്ടിൽ അവൻ ചിലപ്പോൾ വന്നൊരു നിൽപ്പുണ്ട് ഒറ്റക്കൊമ്പൻറെ ചിന്നംവിളി കേട്ടാൽ പുതുമലക്കണ്ടം അങ്ങാടിയിലെ മുഴുവൻ വെളിച്ചവും അണച്ച് എല്ലാവരും സ്ഥലം കാലിയാക്കും. ഇരുട്ടിലായ അങ്ങാടിയുടെ മറുകരെ നിലാവിൽ തിളങ്ങുന്ന പുഴയുടെ അക്കരെ ചന്ദ്രക്കലപോൽ വളഞ്ഞ തൻറെ ഒറ്റക്കൊമ്പുയർത്തി അവൻ നിൽക്കും. ആ കാടിൻറെ രാജാവിനെപ്പോലെ.

    ഒറ്റക്കൊമ്പൻറെ കാട്ടിലേക്ക് പുഴകടന്ന് പോയ പലരും അവൻറെ കൊമ്പിൻ മുനയിലോ കാൽച്ചുവട്ടിലോ അവസാനിച്ചിട്ടുണ്ട്. പ്രാണൻ മാത്രം തിരികെ കിട്ടി ജീവച്ഛവമായിക്കിടക്കുന്ന അരഡസൻ പേരെങ്കിലുമുണ്ട് പുതുമലക്കണ്ടത്ത്. ഒരിക്കലും അടങ്ങാത്ത കലിയുമായി മദിച്ചു നടക്കുന്ന ഒറ്റക്കൊമ്പൻറെ കാട്ടിലേക്കായിരുന്നു ഒരു ദിവസം രവി കയറിപ്പോയതും നട്ട് നനച്ച് കഞ്ചാവ് വളർത്തിയതും .

 

കാട്ടിലെ കഞ്ചാവ് തോട്ടത്തെപ്പറ്റി അറിഞ്ഞ എക്സൈസ് ഇൻസ്പെക്ടർ പ്രതാപൻ ഫോറസ്റ്റുമാരുമായി ചേർന്ന് കാടുകയറി. നേർവഴിയിൽ ജീപ്പിൽ പോയാൽ രവി അത് വേഗത്തിൽ അറിയുമെന്നും തങ്ങളെ നേരിടാൻ എല്ലാ മുന്നോരുക്കങ്ങളും എടുക്കുമെന്നും അറിയാവുന്ന അവർ കാട്ടിനുള്ളിലെ ആദിവാസികൾ തേനും മറ്റും വിൽക്കാനെത്തുന്ന വഴികളിലൂടെ കാട് കയറി. പക്ഷേ ആ യാത്ര അനാസായമായിരുന്നില്ല. പുഴ കടന്ന് കാട്ടിലേക്ക് കയറിപ്പോയ അവർ വൈകാതെ മനസിലാക്കി തങ്ങൾക്ക് അവിടെ നേരിടേണ്ടത് ഒരു രവിയെ മാത്രമല്ലെന്ന്. ഒരു പകലും രാത്രിയും നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ആ കഞ്ചാവു തോട്ടം പ്രതാപൻ കണ്ടെത്തി. പക്ഷേ അപ്പോഴേക്കും പത്തംഗ സംഘത്തിലെ ഒരാളെ അവർക്ക് നഷ്ടപ്പെട്ടിരുന്നു. ആനക്കൂട്ടത്തിനുമുന്നിൽപ്പെട്ട് ചിതറിയോടിയപ്പോൾ ഒറ്റപ്പെട്ടുപോയ ഒരാളുടെ  ജീവനുവേണ്ടിയുള്ള നിലവിളി മാത്രമേ മറ്റുള്ളവർക്ക് കേൾക്കാൻ കഴിഞ്ഞുള്ളു. തിരഞ്ഞ് പോയവർക്കായി ചോരത്തുള്ളികളും കടുവയുടെ കാൽപ്പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. പക്ഷേ പ്രതിബന്ധങ്ങൾക്കൊടുവിൽ തോട്ടം കണ്ടെത്തിയത് അവരെ ആവേശഭരിതരാക്കിയിരുന്നു. ചരുങ്ങിയ സമയം കൊണ്ട് അവർ സംഘങ്ങളായി തിരിഞ്ഞ് ആ തോട്ടത്തിൻറെ വിശാലമായ അതിർത്തികൾ മനസിലാക്കി. ഏക്കറുകളക്കിന് സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന തോട്ടവും അതിൽ പല പരുവത്തിൽ വിളഞ്ഞ് കിടക്കുന്ന കഞ്ചാവ് ചെടികളും കണ്ട് അവർ അന്തം വിട്ടു നിന്നുപോയി. തോട്ടത്തിന് രണ്ട് വശത്തായി ഉയരമുള്ള മരങ്ങളിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ വെളിച്ചമില്ലാത്തിനാൽ അതിനുള്ളിൽ ആളുണ്ടോ എന്ന് അറിയാൻ കഴിയില്ലായിരുന്നു. അമാവാസിയോടടുക്കുന്ന ദിവസമായതിനാൽ നേർത്ത നിലാവെളിച്ചവും അവർക്ക് തുണയായില്ലായിരുന്നു. അവർ അറിഞ്ഞത് വച്ച് തോട്ടത്തിനുള്ളിൽ കാവലിന് രവിയുൾപ്പെടെ നാലോ അഞ്ചോ പേർ മാത്രമാണുള്ളത്. രവി ഇത്തവണ കാട്ടിൽ കയറിയപ്പോൾ രണ്ട് ജീപ്പും കാട്ടിനുള്ളിൽ പോയി എന്ന് നാട്ടുകാരിൽ നിന്നും എക്സൈസുകാർ മനസിലാക്കിയിരുന്നു . തങ്ങൾക്കാണ് അംഗബലവും ആയുധബലവും കൂടുതലെന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു. അത്രയും വേഗം തോട്ടത്തിനുള്ളിൽ കയറണം. രവിയെയും കൂട്ടാളികളേയും ബന്ധിക്കണം.   അവരുടെ ജീപ്പുകളിൽ തിരികെ കാടിറങ്ങണം അതായിരുന്നു പ്രതാപൻറെ പ്ലാൻ. ഇങ്ങനെയൊരു ആക്രമണം രവി ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട് തങ്ങൾക്ക് അകത്ത് കയറുന്നത് എളുപ്പമാണെന്ന് സംഘത്തിന് ഉറപ്പായിരുന്നു. ഉള്ളിലേക്ക് കയറാൻ എല്ലാവരും തയ്യാറെടുത്തു.

പ്രതാപൻ ഒരിക്കൽ കൂടി ആ തോട്ടത്തിൻറെ കിടപ്പ് ഒന്ന് മനസിൽ വരച്ചിട്ട് നോക്കി.  കഞ്ചാവ് തോട്ടത്തിൻറെ ഒരുവശം അഗാധമായ കൊക്കയായിരുന്നു. ഒരു വശത്ത് കിടങ്ങ് കൂഴിച്ചിട്ടിരിക്കുന്നു. കിടങ്ങിന് കുറുകെ ഉയർത്തിമാറ്റാവുന്ന തടിപ്പാലവുമുണ്ട്. എന്നാൽ മറ്റ് രണ്ട് വശത്ത് മരക്കമ്പുകൾ കെട്ടിയുണ്ടാക്കിയ മൂന്നടിയോളം ഉയരമുള്ള വേലി മാത്രമാണ് ഉണ്ടായിരുന്നത്. അത് പലയിടത്തും പൊളിഞ്ഞ് കിടക്കുകയുമാണ്. വേലിക്കെട്ട് അതിർത്തി പങ്കിടുന്ന രണ്ട് വശത്തും വേലിയിൽ നിന്നും ഒരു ഇരുപതടി അകലെയായാണ് കഞ്ചാവ് ചെടികൾ നട്ടിരിക്കുന്നത്. ആനയും കാട്ടുപന്നിയുമൊക്കെ ധാരാളമുള്ള ആ കാട്ടിൽ അത്രയും സുരക്ഷിതമല്ലാത്ത വേലിക്കുള്ളിൽ കൃഷി ചെയ്യുന്നതെങ്ങനെ എന്ന് പ്രതാപൻ ആലോചിച്ചു നിന്നു പോയി. അപ്പോഴേക്കും രവിയുടെ കഞ്ചാവ് തോട്ടം കണ്ടെത്തിയ ആവേശത്തിൽ ഇരുട്ടിൽ കരിയിലകൾ വീണ് മൂടിക്കിടന്ന വശത്തുകൂടി ആ വേലിക്കെട്ടിനരികിലേക്ക് പ്രതാപൻറെ ഒപ്പമുണ്ടായിരുന്ന നാല് പേർ ഒരു പോലെ കുതിച്ചു. വേലിക്കെട്ടിന് മുകളിലൂടെ അവർ അകത്തേക്ക് കുതിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുന്നേ അവരുടെ തുടവരെ ചെളിയിൽ പുതഞ്ഞിരുന്നു. ചതുപ്പ്...... ആരോ ഉറക്കെപ്പറഞ്ഞു. അപകടം മനസിലാക്കി പാഞ്ഞെത്തിയ പ്രതാപൻറെയും അവശേഷിച്ച ആരുടെയും കയ്യെത്തിപ്പിടിക്കാവുന്നതിലും കൂടുതൽ അകലത്തിലേക്കായിരുന്നു അവർ കുതിച്ച് ചാടിപ്പോയത്. അവരുടെ കൺമുന്നിൽ വളരെ വേഗത്തിൽ കൂട്ടാളികൾ ചെളിയ്ക്ക മുകളിൽ വായുകുമിളകൾ മാത്രമവശേഷിപ്പിച്ച് താന്നു പോയി. ആ ഷോക്കിൽ നിൽക്കുകയായിരുന്ന അവർക്കിടയിലേക്ക് വേലിക്കപ്പുറത്തുള്ള കഞ്ചാവ് ചെടികൾക്കിടയിൽ നിന്നും വിഷം പുരട്ടിയ അമ്പുകൾ പാഞ്ഞു വന്നു, തൻറെ ഇരുവശത്തും നിന്ന രണ്ട് പേർ നെഞ്ചിൽ അമ്പ് തറച്ച് വിഴുന്നത് കണ്ട് പ്രതാപൻ  വിറച്ചുപോയി. തൻറെ കയ്യിലെ റിവോൾവറെടുത്തു ലക്ഷ്യമില്ലാതെ കഞ്ചാവ് ചെടികൾക്കിടയിലേക്ക് നിറയൊഴിച്ചു. പക്ഷേ ബുള്ളറ്റുകൾ വേസ്റ്റ് ആയതല്ലാതെ ഒന്നും സംഭവിച്ചില്ല. അടുത്ത നിമിഷം പിന്നിൽ നിന്നും വെടിപൊട്ടി. രണ്ട് പേർ ജീവനറ്റ് നിലത്ത് വീണു. തൻറെ തലയ്ക്ക് മുകളിൽ ഒരു അനക്കം കേട്ട മുകളിലേക്ക് നോക്കിയ പ്രതാപൻ കണ്ടത് മരത്തിന് മുകളിൽ നിന്നും തൻറെ മേലേക്ക് കഴുകനെപ്പോലെ പറന്നിറങ്ങുന്ന രവിയെയാണ്. പ്രതാപന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ അയാളുടെ കഴുത്തിൽ രവിയുടെ കൈ ചുറ്റിപ്പിണഞ്ഞിരുന്നു. ബോധം മറഞ്ഞ് വീണുപോയ പ്രതാപൻ ബോധം വീഴുമ്പോൾ കഞ്ചാവ് തോട്ടത്തിന് നടുവിലായിരുന്നു. പിറ്റേന്ന് പ്രഭാതത്തിൽ വയറ് നിറച്ച് കഴിക്കാൻ ഭക്ഷണവും കുടിക്കാൻ അവിടെ വാറ്റിയ ചാരായവും നൽകി പ്രതാപനെ രവി തോട്ടത്തിൻറെ അറ്റത്ത് ചെങ്കുത്തായ മലയുടെ അരികിലേക്ക് കൊണ്ടു പോയി. പ്രതാപന് രവി ഒരു അവസരം നൽകി സ്വന്തം മരണം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം. രവിയുടെ ഇരട്ടക്കുഴൽ തോക്കിലെ വെടിയുണ്ട നെഞ്ചിൽ തറച്ചുള്ള മരണമോ അല്ലെങ്കിൽ സ്വയം കൊക്കയിൽ ചാടി ചിതറിത്തെറിച്ചുള്ള മരണമോ പ്രതാപന് തിരഞ്ഞെടുക്കാമായിരുന്നു. പ്രതാപൻ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു. പിന്നീട് ഒരിക്കലും ഒരു ഉദ്യോഗസ്ഥനും രവിയെത്തിരഞ്ഞ് ആ കാട് കയറിയിട്ടില്ല.

 

ഒരിക്കൽ പോലും ഒറ്റക്കൊമ്പൻ രവിയുടെ വഴിയിൽ തടസ്സമായി വന്നിരുന്നില്ല. പക്ഷേ എന്നെങ്കിലും ഒരുനാൾ അത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കഞ്ചാവ് തോട്ടത്തിലേക്കും തരിച്ചുമുള്ള ഓരോ യാത്രയിലും അറിയാവുന്ന പുണ്യാളൻമാരെയെല്ലാം വിളിച്ച് നേർച്ച പറഞ്ഞാണ് പീറ്റർ വണ്ടിയെടുക്കാറുള്ളത്. പക്ഷേ തൊട്ടുമുന്നിൽ ഒറ്റക്കൊമ്പനെക്കണ്ട പീറ്ററിൻറെ കാൽ അറിയാതെ ജീപ്പിൻറെ ബ്രേക്കിലമർന്നു. വല്ലാത്തൊരു മുരൾച്ചയോടെ ജീപ്പ് പൊടിപറത്തി നിന്നു. മുന്നിലേക്ക് അലസമായി നടന്നുപോവുകയായിരുന്ന ഒറ്റക്കൊമ്പൻ ശബ്ദം കേട്ട് വെട്ടിത്തിരിഞ്ഞു. ആശിച്ച കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിനെപ്പോലെ മസ്തകം കുലുക്കി തറയിലുരയുന്ന തൻറെ കറുത്തിരുണ്ട് തുമ്പിക്കൈ ഇരുവശത്തേക്കും ആട്ടി ആടിയാടി ഒറ്റക്കൊമ്പൻ ജീപ്പിന് നേരേ നടന്നു. ജീപ്പിനും ഒറ്റക്കൊമ്പനും ഇടയിലുള്ള അകലം തങ്ങളുടെ മരണത്തിലേക്കുള്ള ദൂരമാണെന്ന് ഉറപ്പായിരുന്ന പീറ്റർ കണ്ണടച്ച് കർത്താവിനെ സ്മരിച്ചു.

 

PART 8

       ഒറ്റക്കൊമ്പൻ തുമ്പിക്കൈയ്യുയർത്തി ജീപ്പിൻറെ ബോണറ്റിൽ ശക്തമായി ഇടിച്ചു, ജീപ്പൊന്ന് കുലുങ്ങി. പെട്ടെന്ന് എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ പീറ്റർ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങി പിന്നിലേക്കോടി. അപ്പോൾ അയാളുടെ കാലുകൾക്ക് അസാധാരണ വേഗം ഉണ്ടായിരുന്നു. ഓട്ടത്തിനിടയിൽ പടക്കം പൊട്ടുന്നു പോലെ ഒരു ശബ്ദം കേട്ടു. പക്ഷേ ആ ഓട്ടത്തിലെ കിതപ്പിനിടയിൽ ആ ശബ്ദം എന്താണെന്ന് പീറ്ററിന് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ല. ഏറെ ദൂരം പോയിക്കഴിഞ്ഞാണ് പീറ്റർ ഒന്നു നിന്നത്. അയാൾ നായയെപ്പോലെ കിതച്ചുകൊണ്ട് തറയിലിരുന്നു. പിന്നെ പതിയെ ചെമ്മണ്ണിൽ മാനം നോക്കി മലർന്ന് കിടന്നു. രവിയുടെ കഥ കഴിഞ്ഞെന്ന് അയാൾക്കുറപ്പായിരുന്നു. അൽപനേരം ആ കിടപ്പ് തുടർന്ന പീറ്റർ ജീപ്പിൻറെ ശബ്ദം കേട്ടാണ് ചാടിയെഴുന്നേറ്റത്. തങ്ങളുടെ ജീപ്പ് റിവേഴ്സിൽ വരുന്നത് കണ്ട് അതിശയത്തേടെ പീറ്റർ ഒരു വശത്തേക്ക് മാറി നിന്നു. പീറ്ററിൻറെ തൊട്ടരികിൽ ജീപ്പ് ബ്രേക്കിട്ട് നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും രവി ഒരു കാലെടുത്ത് പുറത്തേക്കിട്ട് പീറ്ററിനെ നോക്കി പുഞ്ചിരിച്ചു. പീറ്റർ എന്തോ പ്രേതത്തെ കാണുന്ന പോലെ അന്തം വിട്ട് നോക്കി നിന്നു.

 

എടോ, പീറ്ററേ എന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നത്? എന്നെ ഒറ്റക്കൊമ്പൻ ചവിട്ടിക്കൊന്നു കാണുമെന്ന് കരുതിയോ ? അവനെപ്പോലെ ഞാനും ഒരു ഒറ്റയാനാ, അവനെക്കാൾ കരുത്തൻ

അത്രയും പറഞ്ഞ് രവി പൊട്ടിച്ചിരിച്ചപ്പോൾ വിശ്വസിക്കാനാവാത്ത പോലെ പീറ്റർ നോക്കി നിൽക്കുകയായിരുന്നു.

 

അപ്പോ ഒറ്റക്കൊമ്പനോ ?”

 

ഒറ്റക്കൊമ്പനോ.... അവൻ അവിടെത്തന്നെയുണ്ട് സുഖമായി ഉറങ്ങുന്നു. ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാനിങ്ങ് പോന്നു. ദേ അവൻ നമ്മുടെ ജീപ്പിൻറെ ഫ്രണ്ട് ഗ്ലാസ് ആ ഒറ്റക്കൊമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചു. അത്ര കുരുത്തക്കേട് പാടില്ലല്ലോ. അല്ലേലും ആ ഒറ്റക്കൊമ്പൊരു ലക്ഷണക്കേടാ. അല്ലേ?”

 

രവി എന്താണ് പറയുന്നതെന്ന് മനസിലാകാതെ പീറ്റർ നിൽക്കുകയായിരുന്നു.

 

താൻ കയറെടോ, നമുക്ക് അങ്ങാടിയിൽ ചെന്നിട്ട് ഒരു പാട് കാര്യങ്ങളുള്ളതാ

 

പീറ്റർ യാന്ത്രികമായി ജീപ്പിൻറെ മുൻ സീറ്റിൽ കയറി. അൽപ ദൂരം കൂടി മുന്നോട്ട് പോയി വഴിക്ക് അൽപം വീതിയുള്ള ഭാഗത്ത് എത്തിയപ്പോൾ രവി വണ്ടി തിരിച്ചു. മുൻപ് ഒറ്റക്കൊമ്പനെ കണ്ട ഭാഗത്തെത്തിയപ്പോൾ പീറ്റർ ഭയത്തോടെ വശത്തേക്ക് നോക്കി. ഒരു ഉൾക്കിടിലത്തോടെ പീറ്റർ കണ്ടു, താഴ്ചയിലേക്ക് വീണുകിടക്കുന്ന ഒറ്റക്കൊമ്പൻ, അല്ല കൊമ്പില്ലാത്ത ഒറ്റയാൻ....പീറ്റർ പിൻസീറ്റിലേക്ക് നോക്കി അവിടെ രവിയുടെ ഇരട്ടക്കുഴൽ തോക്ക് ഇരിപ്പുണ്ടായിരുന്നു. അതിനടുത്തായി ചന്ദ്രക്കല പോലെ വളഞ്ഞ ഒരു ആനക്കൊമ്പും. പീറ്റർ രവിയുടെ മുഖത്തേക്ക് ഭയത്തോടെ നോക്കി. അയാൾ ചുണ്ടനക്കി പുതിയ സിനിമയിലെ ഒരു പാട്ട് മൂളുകയായിരുന്നു.

പൂമാനമേ ഒരു രാഗമേഘം താ.........

 

പുതുമലക്കണ്ടം അങ്ങാടിയിൽ ചെന്നിറങ്ങിയ രവിയുടെ തോളിൽ ആ ആനക്കൊമ്പുണ്ടായിരുന്നു.  അതുമായി അങ്ങാടിയിലൂടെ നടന്ന രവിയെ കണ്ട പുതുമലക്കണ്ടംകാർ ഭയന്ന് പിന്നോക്കം മാറി.

ആ സംഭവത്തോടെ പുതുമലക്കണ്ടംകാരുടെ മനസിൽ രവിയൊടുള്ള ഭയം ഇരട്ടിച്ചു.

 

എൻറെ പൊന്നുസാറേ ഒന്ന് നിർത്താമോ....... നിങ്ങൾ പറഞ്ഞ് പറഞ്ഞ് ഈ പാവം രവിയെ വലിയ സ്റ്റാറാക്കുമോ ?    നിങ്ങൾക്കൊന്നും സാമാന്യ ബുദ്ധിയില്ലേ ? എട്ട് പത്ത് എക്സൈസുകാരെയും ഫോറസ്റ്റുകാരയുമൊക്കെ കൊന്നു തള്ളിയിട്ട് ചുമ്മാ ആനക്കൊമ്പും ചുമലിൽ വച്ച് അങ്ങാടിയിലൂടെ നടന്ന രവിയെ ഒരു പോലീസും പിടിച്ചില്ല. അതും കഞ്ചാവ് കൃഷി ചെയ്യുന്ന, ആ നാട്ടുകാരൻ പോലുമല്ലാത്ത മഹാനെ.....

 

രവി പരിഹാസച്ചിരിയുമായി പറഞ്ഞത് ജയമോഹന് ഇഷ്ടമായില്ല.

 

എന്താ രവീ.... പീറ്ററിനെയും തനിക്കറിയില്ലെന്ന് പറയുമോ ? “

 

പീറ്ററിനെ അറിയില്ലെന്ന് ആര് പറഞ്ഞു. പീറ്ററിനെ എനിക്ക് നല്ല പോലെ അറിയാം. പക്ഷേ നിങ്ങൾക്ക് അവനെ നന്നായറിയില്ല.

 

രവി പറയുന്ന പരിഹാസം കേട്ട് എസ് ഐ ജയമോഹൻറെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു.

 

പിന്നെ പീറ്റർ പറഞ്ഞതെല്ലാം കള്ളമാണെന്നാണോ ? അന്ന് പുതുമലക്കണ്ടം അങ്ങാടിയിലൂടെ നീ ആനക്കൊമ്പും തോളേലിട്ട് നടക്കുന്നത് കണ്ട ഒരേയൊരാളല്ല പീറ്റർ, അക്കാലഘട്ടത്തിലുള്ള എല്ലാവരുമൊന്നും ചത്തുപോയിട്ടില്ല. തൊണ്ണൂറ്റിനാലിലെ ഉരുൾപൊട്ടലിനെ അതിജീവിച്ച കുറച്ചാളുകൾ ഇപ്പോഴുമവിടെയുണ്ട് രവീ. എന്നിട്ട് നീ പറയുന്നു എല്ലാം കള്ളമാണെന്ന്. അത് വെള്ളം തൊടാതെ ഞങ്ങൾ വിഴുങ്ങണമെന്നാണോ?”

 

സാറ് പറഞ്ഞതൊക്കെയും കള്ളമാണെന്ന് ഞാൻ പറഞ്ഞോ ? അങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടേയില്ല. പിന്നെ പീറ്റർ പറഞ്ഞത്...... നീങ്ങൾ അയാളോട് പറഞ്ഞത് സിനിമക്കാരാണെന്നല്ലേ.... അത് കൊണ്ട് അയാൾക്കറിയാവുന്ന ഒരു കഥ അൽപം പൊടിപ്പും തൊങ്ങലും വച്ച് നിങ്ങളോട് പറഞ്ഞു. നിങ്ങൾ രവിയെന്ന വില്ലനെ അന്വേഷിച്ചല്ലേ അയാളെ സമീപിച്ചത്. അപ്പോ ആ വില്ലനെ വല്ല്യൊരു സംഭവമാക്കിക്കളയാമെന്ന് പീറ്ററിന് തോന്നിക്കാണും.

 

അപ്പോ എല്ലാം പീറ്ററിൻറെ തള്ളായിരുന്നുവെന്നാണോ നീ പറയുന്നത്?. കാടും കഞ്ചാവു തോട്ടവും എക്സൈസുകാരും ഒറ്റക്കൊമ്പനുമെല്ലാം.... അതോ ഒന്നും തെളിവില്ലാത്തതാണെന്നാണോ ? നിന്നെ കോടതിയിൽ കയറ്റി നിർത്തി ശിക്ഷിപ്പിക്കാൻ പര്യാപ്തമല്ലാത്ത വെറു കഥയാണെന്നാണോ?”

 

സി ഐ രാജേഷാണ് ചോദിച്ചത്. അപ്പോഴാദ്യമായി രവിയുടെ ഭാവം മാറി. അയാളുടെ കണ്ണുകളിൽ പക നിറഞ്ഞു.

 

ഒന്നും അസത്യങ്ങളല്ല. പക്ഷേ അർദ്ധ സത്യങ്ങളാണ്. കാടിനുള്ളിൽ കഞ്ചാവ് തോട്ടമുണ്ടായിരുന്നു. അവിടെ വന്ന പത്തല്ല, അതിലധികം ഉദ്യോഗസ്ഥരുടെ അസ്ഥികൂടങ്ങൾ ഇപ്പോ പോയി തപ്പിയാലും ആ ചതുപ്പിൽ നിന്നു കിട്ടും. പിന്നെ ഒരു ഒറ്റക്കൊമ്പൻ, ആ കൊമ്പ് ഇപ്പോഴും ഭദ്രമായി സ്വീകരണ മുറിയിലിരിപ്പുണ്ട്, തൊട്ടരികിൽ ഒറ്റക്കൊമ്പൻറെ ജീവനെടുത്ത തോക്ക് ഭിത്തിയിൽ ആണിയടിച്ച് തൂക്കിയിട്ടുമുണ്ട്. ആ ഇരട്ടക്കുഴൽ തോക്കിലെ ഉണ്ട തുളഞ്ഞ് കയറിയ മസ്തകങ്ങൾ അനവധിയുണ്ട്. ആനക്കൊമ്പുകൾ വിദേശത്തേക്ക് മോഹവിലയ്ക്ക് കടത്തിയിട്ടുമുണ്ട്. പക്ഷേ സാറന്മാർക്ക് മുട്ടിടിയ്ക്കും ആ മുറിയിലൊന്നു കയറാൻ. ഞാൻ സാറന്മാരെ വെല്ലുവിളിയ്ക്കാം ... ആ സ്ഥലം ഞാൻ പറഞ്ഞ് തന്നാൽ നിങ്ങൾക്ക് അത് പിടിച്ചെടുത്ത്  ഈ നാട്ടിൽ നിലവിലുള്ള ഏതെലും നിയമപ്രകാരം കേസെടുക്കാൻ കഴിയുമോ ?”

 

രവി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അയാൾക്ക് കുടിക്കാനായി ജോഷി വെള്ളം ഒഴിച്ച് കൊടുത്തു. പോലീസുകാർ മുഖാമുഖം നോക്കി.

 

അപ്പോൾ ഞങ്ങൾക്കൊക്കെ കയറിച്ചെല്ലാൻ കഴിയാത്ത ഇടത്താണ് നീയതൊക്കെ സൂക്ഷിച്ചിരിക്കുന്നതെന്നാണോ ?” സി. ഐ രാജേഷ് അത് ചോദിച്ചപ്പോൾ രവി ഉറക്കെച്ചിരിച്ചു.

 

അപ്പോൾ സാറന്മാരിപ്പോഴും പീറ്ററിൻറെ കഥയിൽതന്നെ ചുറ്റിത്തിരിയുവാണോ? സാറേ ആ കഥയിൽ പീറ്ററുണ്ടായിരുന്നു, ഞാനുമുണ്ടായിരുന്നു, പക്ഷേ ഞങ്ങൾക്കൊക്കെ സഹനടന്മാരുടെ റോൾ ആയിരുന്നു. ആ  കഥയിലെ നായകൻ... സോറി വില്ലൻ പക്ഷേ ഞാനല്ല...... പുതുമലക്കണ്ടത്ത് പണിയന്വേഷിച്ച് വന്നൊരു വെറുമൊരു പരദേശിക്ക് അത്രയൊന്നും ആവാൻ സാധിക്കില്ലല്ലോ.... അല്ലേലും അതിന് നമ്മളേക്കാൾ മുന്നേ അവിടെ വെട്ടിപ്പിടിച്ച് കയറിയവർ സമ്മതിക്കുമോ ?  സാറന്മാര് ബെഞ്ചമിൻ ലോറൻസ് എന്ന് കേട്ടിട്ടുണ്ടോ ? നിങ്ങൾ മുൻപ് പറഞ്ഞ കഥയിൽ രവി എന്ന് എഴുതിയിടത്തെല്ലാം ആ പേര് വച്ച് പറഞ്ഞാൽ കഥ ഏതാണ്ട് കൃത്യമാകും. കൊന്നതിന് സാക്ഷി ഞാൻ പറയാം.. ഇപ്പോഴും അയാളുടെ സ്വീകരണമുറിയിലിരിപ്പുണ്ടാവും ഒറ്റക്കൊമ്പൻറെ ചന്ദ്രക്കലപോൽ വളഞ്ഞ കൊമ്പും ഇരട്ടക്കുഴൽ തോക്കും. എന്താ മുട്ടാൻ തയ്യാറുണ്ടോ?”

 

കഴുകൻ രവി പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു.

 

ബഞ്ചമിൻ ലോറൻസ്.... ആ പേര് എവിടെയോ  കേട്ട് മറന്ന പോലെ.......സി ഐ രാജേഷ് തൻറെ ഓർമ്മയിൽ ആ പേര് പരതുകയായിരുന്നു. പക്ഷേ അത് രവി തന്നെ വ്യക്തമാക്കിക്കൊടുത്തു.

 

ബെഞ്ചമിൻ ലോറൻസ്...... മുൻ എം പി ജോൺ ലോറൻസിൻറെ മൂത്ത സഹോദരൻ......... നിങ്ങടെ പോലീസ് മന്ത്രി പോൾ വർഗ്ഗീസിൻറെ അമ്മാവൻ........ പക്ഷേ  ആള് മരിച്ചുപോയി സാറേ, ആരോ കൊന്നതാ. ഇടത്തേക്കാലും വലത്തേക്കയ്യും ആരോ വെട്ടിയെടുത്തോണ്ട് പോയി... വഴിയിൽ കിടന്ന് ചോരവാർന്നു ചത്തു..... ഇപ്പോഴല്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ..... പുതുമലക്കണ്ടം അങ്ങാടിയിൽ വച്ച് നട്ടപ്പാതിരായ്ക്ക് അരോ പണിതതാണെന്നായിരുന്നു പത്രവാർത്ത....... പക്ഷേ അന്ന് രാത്രി ആ തമിഴൻറെ ലോറി പുതുമലക്കണ്ടം വഴി പോയതായോ,  രവി പുതുമലക്കണ്ടത്ത് ചെന്നതായോ യാതൊരു തെളിവുമില്ല. പോലീസിനും അവൻറെ കുടുംബക്കാർക്കും. അപ്പോ ഈ പാവം കഴുകൻ  നിരപരാധിയല്ലേ സാറേ

 

പോലീസുകാർ സ്തബ്ധരായി രവിയെ നോക്കി ഇരുന്നു പോയി.....

 

പിന്നെ സാറന്മാരേ..... തെളിവുണ്ടാക്കാൻ ആ തമിഴൻ ഡ്രൈവറെത്തിരക്കി വെറുതേ വണ്ടീടെ ഡീസലടിച്ച് തമിഴ്നാട്ടിൽ പോകാൻ നിൽക്കണ്ട. കാശും അദ്ധ്വാനവും വേസ്റ്റാവുകയേയുള്ളു. രണ്ട് വർഷം മുൻപ് അണ്ണാച്ചി മരിച്ചു പോയി, പ്രായാധിക്യം കൊണ്ടങ്ങ് ചത്തുപോതയതാ, അല്ലാതെ ആരും കൊന്നതല്ല. പിന്നെ ഒരാശ്വസത്തിന് വേണേൽ രാത്രീൽ മുറ്റത്തേക്കിറങ്ങി മാനത്തോട്ട് നോക്കിക്കോ, ആകാശത്ത് എവിടേലും പുഴുപ്പല്ലു കാട്ടി ചിരിക്കുന്ന ഒരു നക്ഷത്രമുണ്ടോന്ന്.....

 

രവിയുടെ ചിരി ആ മുറിയിൽ ഒരിക്കൽ കൂടി പ്രതിധ്വനിച്ചു.

 

PART 9

തങ്ങൾ കരുതുംപോലെ വെറുമൊരു മോഷ്ടാവ് മാത്രമല്ല കഴുകൻ രവിയെന്ന് പോലീസുകാർക്ക് മനസിലായി. അവിടെ നടക്കുന്ന സംഭാഷണമൊക്കെ റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. രവിയുടെ വായിൽ നിന്ന് കിട്ടുന്ന തെളിവുകൾക്കായിട്ടായിരുന്നു അയാളറിയാതെ എല്ലാം റിക്കോർഡ് ചെയ്തത്. പക്ഷേ അതൊക്കെ മനസിലാക്കിയെന്ന പോലെയാണ് രവിയുടെ സംസാരം.

 

രവിക്കെതിരേ ആദ്യമായി ഒരു കേസ് രജിസ്റ്റർ ചെയ്തത് ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊൻപതിലാണ്. അയാൾ ആദ്യമായി പോലീസ് കസ്റ്റഡിയിൽ ആകുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നിലും. കുറ്റം വധശ്രമവും. പക്ഷേ ഇതുവരെ പറഞ്ഞ പുതുമലക്കണ്ടത്തെ സംഭവങ്ങളിലൊന്നും രവിയെന്നാരാൾ പോലീസിൻറെ പട്ടികയിലേയില്ല. പക്ഷേ പുതുമലക്കണ്ടത്തെ പള്ളി കൊള്ളയടിച്ചതും, പിന്നെ ബെഞ്ചമിൻ ലോറൻസിനെ വെട്ടിക്കൊന്നതും താനാണെന്ന് രവി പറയാതെ പറഞ്ഞു. പക്ഷേ എന്തിന് വേണ്ടിയായിരിക്കും ആ കൊലപാതകം ? ഒരു പക്ഷേ അതിൻറെ പ്രതികാരമായിരിക്കുമോ ഇപ്പോഴത്തെ രവിയുടെ അവസ്ഥയ്ക്ക് കാരണം ? ചോദ്യങ്ങൾക്കെല്ലാം ഉത്തരമറിയാവുന്ന ആൾ കഴുകൻ രവിയാണ്. പക്ഷേ അയാൾ പോലീസിനോട് സഹകരിക്കുന്നുമില്ല. പകരം അവർ കണ്ടെത്തിയ കാര്യങ്ങളെ പൊളിച്ചടുക്കുകയും ചെയ്യുന്നു.

 

പക്ഷേ എസ് ഐ ജയമോഹനും ചന്തുവും അഭയനും രവിക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായിരുന്നില്ല.

 

ഒക്കെയും ഞങ്ങൾ സമ്മതിച്ചേക്കാം രവീ... നിൻറെ ആത്മവിശ്വാസത്തെ ഞങ്ങൾ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ നീ തുടക്കം മുതലേ പറയുന്നുണ്ടല്ലോ നിനക്ക് അശ്രദ്ധ പറ്റിയിട്ടില്ല. പിഴവുകളില്ലാതെയാണ് എല്ലാം ചെയ്തതെന്നൊക്കെ. പക്ഷേ ഇങ്ങനെ വല്ലാത്ത ആത്മവിശ്വാസത്തിൽ പ്രവർത്തിക്കുന്നവർ ചിലപ്പോൾ ആനമണ്ടത്തരങ്ങൾ കാട്ടിയെന്നും വരും. നിൻറെ ഭൂതകാലത്തിൽ നീ ചെയ്ത അത്തരമൊരു ആനമണ്ടത്തരം ഞങ്ങൾക്കായി കാത്തിരിക്കുന്നുണെന്ന് ഞങ്ങൾക്കറിയാം. അത് കൊണ്ട് പറഞ്ഞ കഥയുടെ ബാക്കി കൂടി നീ കേൾക്ക്. അതോടെ പുതുമലക്കണ്ടത്തെ രവിയുടെ ചരിത്രം അവസാനിക്കും.

ചന്തു പറഞ്ഞവസാനിപ്പിച്ചപ്പോൾ എസ് ഐ ജയമോഹൻ പറഞ്ഞുവന്ന കഥ തുടരാൻ തയയാറായി എന്നാൽ രവി അതിന് സമ്മതിച്ചില്ല.

 

ഇതുവരെ സാറന്മാർ പറഞ്ഞത് കേട്ട് കേഴ് വികളും ഊഹാപോഹങ്ങളുമല്ലേ. എന്നാൽ ഇനി കുറച്ച് കഥ ഞാൻ പറഞ്ഞാലോ ? നല്ല റിയലിസ്റ്റിക്കായ കഥ.

 

രവിയുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു നീക്കം അവരാരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവരിൽ പലരുടെയും മുഖത്തപ്പോൾ ചെറിയ അദ്ഭുതം വിടർന്നിരുന്നു. അത് രവിക്കും മനസിലായി.

 

നിങ്ങൾ അന്ധാളിക്കുകയൊന്നും വേണ്ട. ഞാൻ കാര്യമായിട്ട് പറഞ്ഞതാ. നിങ്ങളിങ്ങനെ വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളൊക്കെ ഓർമ്മിപ്പിച്ചപ്പോൾ എൻറെയുള്ളിലും ചില ഗൃഹാതുരസ്മൃതികളുണർന്നു. അതാ ചിലതൊക്കെ പറയാമെന്ന് കരുതിയത്.

 

കള്ളം പറഞ്ഞ് പറ്റിക്കാമെന്ന് നീ കരുതേണ്ട രവീ. നിൻറെ പുതുമലക്കണ്ടത്തെ ചരിത്രം മുഴുവന ചികഞ്ഞ് നോക്കിയിട്ടാ ഞങ്ങൾ വന്ന് നിൽക്കുന്നത്. എന്തായാലും നീ പറയാമെന്ന് പറഞ്ഞതല്ലേ. അപ്പോ നീ തന്നെ പറ

 

എസ് ഐ സാറെന്നെ ഭീഷണിപ്പെടുത്തുകയാണോ, ഞാനെന്തിന് കള്ളം പറയണം. ഇതെൻറെ കഥയല്ലേ. സത്യമായിത്തന്നെ പറഞ്ഞേക്കാം സാറേ... അത് പോരെ?”

 

ജയമോഹന് മറുപടി നൽകിയ ശേഷം മറ്റാരുടെയും അനുവാദത്തിന് കാത്ത് നിൽക്കാതെ രവി കഥ പറഞ്ഞു.

 

ഒരു ദിവസം പുതുമലക്കണ്ടം അങ്ങാടിയിൽ ബെഞ്ചമിൻ മുതലാളിയുടെ തോട്ടത്തിലെ കൃഷിസാധനങ്ങൾ വിൽക്കാൻ നിൽക്കുമ്പോഴാ അടിവാരത്ത് നിന്നുള്ള ജീപ്പ് വന്ന് നിന്നത്. അതിൽ അന്ന് പുതുമലക്കണ്ടംകാരല്ലാത്ത രണ്ട് പേരുണ്ടായിരുന്നു. പണിതേടി വന്ന രാഘവൻ ചേട്ടനും മകൾ പദ്മിനിയും. ജീപ്പിൻറെ പിന്നിൽ നിന്നും ദാവണിയുടുത്ത ഇരുപതുകാരി പതിയെ ഇറങ്ങിയപ്പോൾ അവളുടെ നിറയെ മുത്തുകളുള്ള കൊലുസിൻറെ കിലുക്കം ഒരു നിമിഷം പുതുമലക്കണ്ടം അങ്ങാടിയെ നിശബ്ദമാക്കി. നല്ല നിരയൊത്ത പല്ലുകളും വലിയ കണ്ണുകളും നീട്ടി വരച്ച പുരികവും അവളുടെ മുഖത്തേക്ക് അവിടെയുണ്ടായിരുന്ന മുഴുവൻ ചെറുപ്പക്കാരുടെയും കണ്ണുകളെ തറച്ച് നിർത്തി. അവളിലേക്ക് ചുറ്റുമുള്ള എല്ലാത്തിനേയും ആകർഷിപ്പിക്കാനുള്ള അസാധാരണമായ എന്തോ ഒന്ന് അവളിലുണ്ടെന്ന് എനിക്ക് തോന്നി.

 

പതിയെ പദ്മിനി പുതുമലക്കണ്ടത്തെ മിക്ക ചെറുപ്പക്കാരുടെയും പ്രേമഭാജനമായി മാറി. അവളുടെ പ്രണയത്തിനായി എല്ലാവരും കൊതിച്ചു. പക്ഷേ അവൾക്കെല്ലാവരോടും സൗഹൃദമായിരുന്നു. എപ്പോഴും എല്ലാവരോടും ചിരിച്ച് അടുപ്പത്തോടെ സംസാരിക്കുമായിരുന്നു. എനിക്കെന്തോ പിന്നെ അവളെക്കാണാതെ ഒരു ദിവസം പോലും ജീവിക്കാൻ വയ്യാതെയായി. ബെഞ്ചമിൻ മുതലാളിയുടെ തോട്ടത്തിൽ രാഘവൻ ചേട്ടന് സ്ഥിരം പണിയായി. വെറുതേയിരുന്ന് നേരം കളയാൻ തയ്യാറല്ലാതിരുന്ന പദ്മിനി അങ്ങാടിയിൽ ഒരു കൊച്ചു തയ്യൽക്കട തുറന്നു. ആയിടെ ബഞ്ചമിൻറെ ആശിർവാദത്തോടെ അയാളുടെ ബന്ധു ടോമിച്ചൻ തുടങ്ങിയ ഫോട്ടോ സ്റ്റുഡിയോയോട് ചേർന്നുള്ള മുറിയിലായിരുന്നു പദ്മിനി ടെയ്ലേഴ്സ് തുറന്നത്. അതെനിക്ക് വലിയൊരു സൗകര്യമായി, എന്നും അവളെ കാണാമല്ലോ. എല്ലാവരേയും പോലെ ഞാനും പതിയെ അവളുടെ സൗഹൃദം സമ്പാദിക്കാൻ ശ്രമിച്ചു.

 

ആദ്യമൊക്കെ നാട്ടിലെ പലരും പറഞ്ഞ് കേട്ട കഥകൾ കാരണം അവൾക്കെന്നെ ഭയമായിരുന്നു. പക്ഷേ പതിയെ അവൾ അടുത്തു. പിന്നെ ആ അടുപ്പം ആരാധനയായി മാറി. അതിനുകാരണം ഒറ്റക്കൊമ്പനായിരുന്നു. നാട്ടുകാരുടെ കണ്ണിൽ ഞാനായിരുന്നല്ലോ അവനെ കൊന്ന് കൊമ്പെടുത്തത്. അവൾക്ക് ആനകളെ ഭയമായിരുന്നു. അവളുടെ അമ്മയെ കാട്ടാന ചവിട്ടി കൊന്നതാ. അപ്പോൾ കാടിളക്കി നടന്ന ഒരു കൊമ്പനെ നിസ്സാരമായി കൊന്ന് തള്ളിയ രവിയെ അവൾ ആരാധിക്കാതിരിക്കുമോ?. ഞാനാഗ്രഹിച്ച പോലെ ആ അടുപ്പം വളരെ വേഗത്തിൽ പ്രേമമായി വളർന്നു.

 

നാട്ടുകാർ ഭയന്ന രവി മിനിക്ക് പ്രിയപ്പെട്ടവനായി മാറി. രാഘവൻ ചേട്ടന് പക്ഷേ എന്നെ ഇഷ്ടമല്ലായിരുന്നു. എന്നാൽ എന്നോടെതിർത്ത് നിൽക്കാനുള്ള ഭയം എല്ലാവരെയും പോലെ രാഘവൻ ചേട്ടനുമുണ്ടായിരുന്നു. അതുകൊണ്ട് അയാൾ മകളെ ഉപദേശിച്ച് പിന്മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

ഈ പ്രണയത്തിനൊരു കുഴപ്പമുണ്ട്. നമ്മൾ അതിയായി സ്നേഹിക്കുന്ന ഒരാളെ ആരെങ്കിലും നമ്മിൽ നിന്നും അകറ്റാൻ ശ്രമിച്ചാൽ അതിനേക്കാൾ തീവ്രമായി നമ്മൾ അവരോട് അടുക്കും.

 

രവി ആദ്യമായും അവസാനമായും ഒരു പെൺശരീരം ആഗ്രഹിച്ചത് മിനിയുടേതായിരുന്നു. പക്ഷേ എൻറെ പ്രലോഭനങ്ങളെ അവൾ സ്നേഹപൂർവ്വം തിരസ്കരിച്ചു. ഒരു ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് തന്നെ സ്വയം സമർപ്പിക്കുമെന്ന് അവളെനിക്ക് ഉറപ്പ് നൽകി.

 

രവിയുടെയും മിനിയുടെയും പ്രണയം പുതുമലക്കണ്ടം അങ്ങാടിയിലെല്ലാവർക്കും അറിയാമെങ്കിലും അപ്പോഴും പല ചെറുപ്പക്കാരും അവളെ രഹസ്യമായെങ്കിലും പ്രണയിച്ചിരുന്നു. അതിൽ പ്രധാനി ഫോട്ടോഗ്രാഫർ ടോമിച്ചനായിരുന്നു. അയാളുടെ സ്റ്റുഡിയോയൊട് ചേർന്നായിരുന്നല്ലോ മിനിയുടെ തയ്യൽക്കട. അവളറിയാതെ അവളുടെ പല പോസിലുള്ള മനോഹരമായി ഫോട്ടോകളെടുത്ത് അവൻ അവൾക്ക് സമ്മാനിക്കുക പതിവായിരുന്നു. ടോമിച്ചൻറെ പോക്ക് എങ്ങോട്ടാണെന്ന് മനിസിലാക്കിയ ഞാൻ അവനെയൊന്ന് താക്കീത് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ മിനി സമ്മതിച്ചില്ല.

 

അയാളുടെ പ്രണയം കൊണ്ട് ആർക്കും ഒരു ചേതവുമില്ലല്ലോ ? നമ്മളെ സ്നേഹിക്കാൻ ആരേലുമൊക്കെ ഉള്ളത് വലിയ കാര്യമല്ലേ , വിട്ടേക്ക് എന്ന് പറഞ്ഞ് മിനിയെന്നെ പിന്തിരിപ്പിച്ചു.

 

ഒരിക്കൽ മിനി ഒരാഗ്രഹം പറഞ്ഞു. അവൾക്ക് എന്നോടൊപ്പം ഒന്ന് കാട് കയറണമെന്ന്. അവളെ തനിച്ച് കിട്ടുമെന്ന സന്തോഷത്തിൽ ഞാനവളെയും കൂട്ടി ജീപ്പിൽ കാട് കയറി.

 

പച്ച നിറമുള്ള ഒരു ദാവണിയും ബ്ലൗസുമായിരുന്നു അവളന്ന് ഉടുത്തിരുന്നത്. എനിക്കേറെ ഇഷ്ടമുള്ള നിറമാണ് പച്ചയെന്ന് അവളോട് ഞാൻ എപ്പോഴോ പറഞ്ഞിട്ടുണ്ടായിരുന്നു.

 

ജീപ്പ് ഞാൻ സാമാന്യം വേഗത്തിലാണ് ഓടിച്ചിരുന്നത്. വഴികളൊക്കെ എനിക്കത്രയ്ക്ക് പരിചിതമായിരുന്നു. ഉച്ചത്തിൽ കൂകി വിളിച്ചും പാട്ടുപാടിയും അവൾ ആ യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു. കൂടുതൽ കൂടുതൽ ഉൾക്കാട്ടിലേക്ക് പോകാൻ അവൾ വാശി പിടിച്ചു. എനിക്ക് നല്ല പോലെ അറിയാവുന്ന കാടാണ്. ചുറ്റും അപകടം പതിയിരിപ്പുണ്ടെന്ന കരുതലോടെ ഞാൻ വണ്ടിയോടിച്ചു. കാടിൻറെ നടുവിലെ വെള്ളച്ചാട്ടം കണ്ടപ്പോൾ അവളവിടെയിറങ്ങണമെന്നവൾ വാശി പിടിച്ചു. കടുവയും കരടിയും സ്വൈര്യവിഹാരം നടത്തുന്ന സ്ഥലമാണത്. ഞാൻ വിലക്കിയെങ്കിലും അവൾ വാശി ഉപേക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ ഞാൻ കീഴടങ്ങി, വണ്ടി നിർത്തി. മിനി ചാടിയിറങ്ങി.

 

   വെള്ളാരം കല്ലുകളിൽ ചവിട്ടി പതിയെ സ്ഫടികം പോൽ തിളങ്ങുന്ന വെള്ളത്തിലേക്കവളിറങ്ങി. മുന്നിൽ ഇരുന്നൂറ്റമ്പത് അടി ഉയരത്തിൽ നിന്നും ചിതറിത്തെറിക്കുന്ന വെള്ളം.  ജലകണങ്ങൾ മഞ്ഞ് പോലെ അവിടമാകെ നിറഞ്ഞിരുന്നു. അവിടെ അൽപം ആഴം കൂടി തടാകം പോലെയായിരുന്നു. അതിന് ചുറ്റുമായി നിറയേ പൂക്കളുള്ള കാട്ടു ചെടികളും. വല്ലാത്തൊരു പരിമളം പടർത്തുന്ന ഏതോ കാട്ടുപൂവ് അന്ന് വിരിഞ്ഞിട്ടുണ്ടായിരുന്നു. മോഹിപ്പിക്കുന്ന വല്ലാത്തൊരു ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു. മിനി പതിയെ ആ വെള്ളത്തിൽ നീന്തുവാൻ തുടങ്ങി. ഞാൻ ചുറ്റിനും പരതുകയായിരുന്നു. അടുത്തെവിടെയോ കടുവ ഉണ്ടെന്ന് എൻറെ ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ടായിരുന്നു. കാട് അവിടെ അത്രമേൽ മൂകമായിരുന്നു. അവളുടെ നിർബന്ധത്തിൽ ഞാനും വെള്ളത്തിലേക്കിറങ്ങി. പതിയെ ഞാനും കാടിനെ മറന്നു, എൻറെ മനസ് മിനിയിലേക്ക് മാത്രമായി  ചുരുങ്ങിപ്പോവുകയായിരുന്നു.

 

PART 10

 

കാടകമാണെന്നും ചുറ്റിലും അപകടമാണെന്നുമൊക്കെ ഞാനും മറന്നുപോയി. അവളെ പൂർണ്ണമായും എനിക്കായി സമർപ്പിച്ചപ്പോൾ ഞാൻ മറ്റേതോ ലോകത്തായിപ്പോയി. വെള്ളത്തിൽ കുതിർന്ന വസ്ത്രങ്ങൾ ഉണങ്ങാനായി പുൽത്തകിടിയിൽ വിരിച്ചിട്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് കാട്ടുചെടികൾക്കിടയിൽ അപകടകരമായ ഒരു അനക്കം ഞാൻ കേട്ടത്. അവളും അത് കേട്ടിരുന്നു, അവൾ ഭയന്ന് ചാടിയെണീറ്റ് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. കടുവയാണെന്നാണ് അവൾ കരുതിയത്, പക്ഷേ കാടിനെയും മൃഗങ്ങളെയും നല്ല പരിചയമുണ്ടായിരുന്ന എനിക്ക് അതെന്താണെന്ന് പെട്ടെന്ന് മനസിലായി

 

രവീ...... രവീ.....പെട്ടെന്ന് ഇടം കൈ നെഞ്ചിൽ അമർത്തിപ്പിടിച്ച് ഒരു വശത്തേക്ക് മറിഞ്ഞുപോയ രവിയെ താങ്ങിപ്പിടിച്ചുകൊണ്ട് സി ഐ രാജേഷ് വിളിച്ചു. പക്ഷേ അയാളുടെ ബോധം പതിയെ മറയുകായിരുന്നു.

 

അഭയാ വേഗം വണ്ടിയെടുക്ക്സി ഐ രാജേഷ് അത് പറയുമ്പോഴേക്കും ജോഷിയും ജയമോഹനും ചേർന്ന് രാജേഷിനൊപ്പം കഴുകൻ രവിയെ താങ്ങിയെടുത്തു കഴിഞ്ഞിരുന്നു. അയാളെയും കൊണ്ട് പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് പാഞ്ഞു.

 

ഹാർട്ട് അറ്റാക്കായിരുന്നു. അധികം വൈകാതെ ഇവിടെ എത്തിച്ചതിനാൽ  രക്ഷപെടുത്താൻ കഴിഞ്ഞു. അപകട നില തരണം ചെയ്തു

 

ഐ സി യു വിൽ നിന്നും പുറത്തേക്ക് വന്ന ഡോക്ടർ ബാലകൃഷ്ണൻറെ വാക്കുകൾ കേൾക്കുന്നതുവരെയും ടെൻഷനടിച്ച് പുറത്ത് നിൽക്കുകയായിരുന്നു സി ഐ രാജേഷ്. പോലീസ് സ്റ്റേഷനിൽ വച്ചാണ് ഇത് സംഭവിച്ചിരിക്കുന്നത്. എന്തേലും അത്യാഹിതം സംഭവിച്ചാൽ പിന്നെ മേലുദ്യോഗസ്ഥരുടെയും മീഡിയയുടെയും ഒക്കെ മുന്നിൽ ഉത്തരംമുട്ടി നിൽക്കേണ്ടി വന്നേനെ.

 

സി ഐ രാജേഷ് ഒരു മാന്യനായ പോലീസുകാരനാണെന്നാണ് എൻറെ വിശ്വാസം. ഇയാളെ നിങ്ങൾ കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കില്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. നിങ്ങൾ സ്റ്റേഷനിൽ നിന്നും കൊണ്ടു വന്ന കേസായതിനാൽ അയാളുടെ വിശദമായ ദേഹ പരിശോധനയും ഞങ്ങൾ നടത്തിയിരുന്നു. അസ്വാഭാവികമായി ഒന്നുമില്ല. പക്ഷേ ഒരു മനുഷ്യനെ ശാരീരികമായി മാത്രമല്ലല്ലോ. രണ്ട് കാലും ഒരു കൈയ്യും നഷ്ടപ്പെട്ട് കിടക്കുന്നവനെ മാനസികമായി വല്ലാതെ നോവിക്കാൻ  കഴിയുമല്ലോ..... അയാളുടെ ഹൃദയം നിലച്ച് പോകത്തക്ക തരത്തിൽ മാനസികമായി അറ്റാക്ക് ചെയ്യുവാൻ കഴിയുമല്ലോ. അല്ലേ മിസ്റ്റർ രാജേഷ് ?”

 

വളരെ സൗമ്യനായാണ് ഡോക്ടർ പറഞ്ഞതെങ്കിലും അതിൽ വലിയൊരു ഭീഷണിയോ കുറ്റപ്പെടുത്തലോ മുഴച്ച് നിന്നിരുന്നു.

 

ഡോക്ടർ പറഞ്ഞത് ശരിയാണ്. ഈ അവസ്ഥയിൽ ഉള്ള ഒരാളെ മാനസികമായി തകർത്ത് കീഴടക്കാൻ എളുപ്പമാണെന്നാണ് ഞാനും കരുതിയിരുന്നത്, കഴുകൻ രവിയെ കണ്ടുമുട്ടുന്നത് വരെ....... ഇതൊരു പ്രത്യേക ജനുസ്സാണ് സാറേ... അറിയാൻ ശ്രമിക്കും തോറും പിടിതരാതെ അകന്ന് പോകുന്ന കഴുകൻ........ അറിയാൻ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ഭൂതകാലമുള്ളവൻ.... എനിവേ താങ്ക്യൂ ഡോക്ടർ..... അയാളുടെ ജീവൻ രക്ഷിച്ചതിന്........ ബികോസ് വീ നീഡ് ഹിം.

 

ഷേക് ഹാൻഡിനായി രാജേഷ് കൈ നീട്ടിയപ്പോൾ ഡോക്ടർ ചിരിച്ചുകൊണ്ട് ഹസ്തദാനം നൽകി.

 

അയാൾക്ക് ബോധം വന്നിട്ടുണ്ട്, നിങ്ങൾ കയറി കണ്ടോളു, പക്ഷേ ശ്രദ്ധിക്കണം അയാൾ ഫിസിക്കലി വീക്കാണ്. ഇപ്പോൾ ഒരുപാട് സംസാരിപ്പിക്കരുത്.

 

ഒരു താക്കീതായി പറഞ്ഞുകൊണ്ടാണ് ഡോക്ടർ പോയത്. സി ഐ രാജേഷ് ഉള്ളിലേക്ക് കയറി. രാജേഷ് അടുത്തേക്ക് വരുന്നത് കണ്ട രവി ചെറുതായി പുഞ്ചിരിച്ചു. അയാളുടെ അടുത്ത് നിന്നിരുന്ന നഴ്സ് മാറിക്കൊടുത്തു. രവിക്ക് സമീപമെത്തിയ സി ഐ രാജേഷ് അൽപനേരം രവിയുടെ കിടപ്പ് നോക്കി നിന്നു.

 

എന്താ സാറേ സഹതാപമാണോ കഴുകൻ രവിയോട്.....

 

ആ അവസ്ഥയിൽ കിടക്കുമ്പോളും രവിയുടെ പരിഹാസത്തിന് ഒട്ടും കുറവുണ്ടായിട്ടില്ലെന്നത് രാജേഷിനെ അദ്ഭുതപ്പെടുത്തി.

 

സഹതാപമുണ്ട്..... ഒരു മനുഷ്യൻ വീണു കിടക്കുന്നത് കാണുമ്പോൾ മറ്റേതൊരു മനുഷ്യനും തോന്നാറുള്ള സഹതാപം എനിക്കും തോന്നുന്നുണ്ട് രവീ...... വെറും രവിയല്ലല്ലോ കഴുകൻ രവിയല്ലേ..... പക്ഷേ ഇന്ന് പറക്കാൻ നിനക്ക് ചിറകില്ല. കരുത്തെല്ലാം ചോർന്ന് പോയി നീയിപ്പോൾ വെറും കൃമിയെപ്പോലെ ഭൂമിയിലിഴയുകയാ. മറ്റോരുത്തൻറെ സഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ഇങ്ങനെയുള്ള കിടപ്പ് കാണുമ്പോൾ സഹതാപമുണ്ട്. നിന്നെ അരിഞ്ഞ് കിടത്തി ശത്രു പുറത്ത് നിന്ന് എല്ലാം കണ്ട് ആനന്ദിക്കുന്നുണ്ടാവുമെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെയുള്ള നിൻറെ ഈ കിടപ്പ് കാണുമ്പോഴും സഹതാപമുണ്ട്

 

പക്ഷേ അപ്പോഴും കഴുകൻറെ ചുണ്ടിലെ ചിരി അതുപൊലെ തന്നെയുണ്ടായിരുന്നു.

 

 മെയ്ക്കരുത്തിനേക്കാൾ മനക്കരുത്തുകൊണ്ടാ രവി ഇത്രകാലവും ജീവിച്ചത്. ആ മനക്കരുത്ത് കൊണ്ടാ രവി കഴുകനായി എല്ലാത്തിനും മീതെ പറന്ന് നടന്നത്. മനക്കരുത്തിന് ഇപ്പോഴും തെല്ലും കുറവ് സംഭവിച്ചിട്ടുമില്ല. ആ മനക്കരുത്തിനെ എപ്പോഴെങ്കിലും നിങ്ങൾക്ക് തോല്പിക്കാനായാൽ അന്ന് കഴുകൻ രവി ഭൂമിയിലിറങ്ങും, നിങ്ങളുടെ കാൽച്ചുവട്ടിൽ കിടക്കും, എന്നിട്ട് ഇന്നോളം ചെയ്തതെല്ലാം ഏറ്റ് പറയും. അതല്ലാതെ ഈ രവിയുടെ വായിൽ നിന്ന് നിങ്ങളാഗ്രഹിക്കുന്നതൊന്നും കിട്ടുകേല്ല. പിന്നെ ശത്രു, എന്നെ ഇങ്ങനെയാക്കിയവൻ, എനിക്കുറപ്പുണ്ട് സാറേ അവനിപ്പോഴും എൻറെ കയ്യകലത്തിൽ തന്നെയുണ്ട്. സമയമാകുമ്പോ, തരത്തിനൊത്ത് കിട്ടും. പിന്നെ നിങ്ങൾക്ക് ഞാൻ തരാം, പ്രതിയെ.... പക്ഷേ ജീവനോടെ വേണമെന്ന് മാത്രം വാശി പിടിക്കരുത്.  ഇതൊരു വെല്ലുവിളിയായി കരുതിക്കോ സാറേ

 

അയാളുടെ പൾസ് ലെവൽ ഉയരുന്നത് മോണിറ്ററിൽ കണ്ട് രാജേഷ് നഴ്സിനെ വിളിച്ചു.  അവർ വേഗം ഓടിയെത്തി. മോണിറ്ററിലെ റീഡിംഗ് നോക്കിയ നഴ്സ് ഉടൻ തന്നെ ഡോക്ടറെ വിളിക്കാനുള്ള എമർജൻസി ബെൽ അമർത്തി. നിമിഷങ്ങൾക്കകം ഡോക്ടർ എത്തി. രാജേഷിനെ രൂക്ഷമായൊന്ന് നോക്കിയ ശേഷം അയാൾ രവിയുടെ അരികിലേക്ക് പോയി. കൃത്യം ആ സമയത്ത് തന്നെ സി ഐ രാജേഷിൻറെ ഫോൺ റിംഗ് ചെയ്തു. എസ് ഐ ജയമോഹനായിരുന്നു ഫോണിൽ.  പെട്ടെന്ന് തന്നെ ഫോൺ സൈലൻറാക്കി ഐ സി യു വിൽ നിന്നും പുറത്തേക്കിറങ്ങി കോൾ അറ്റൻഡ് ചെയ്തു.

 

സാർ ഒരു സ്ത്രീ റെയിൽവേ പാലത്തിൽ നിന്നും താഴെ കായലിലേക്ക് വീണു. ട്രെയിൻ വന്നപ്പോൾ സൈഡിലേക്ക് മാറി നിന്നതാ പക്ഷേ കാറ്റടിച്ച് വീണുപോയതാണെന്നാ ഒപ്പമുണ്ടായിരുന്ന മകൾ പറഞ്ഞത്. ആളിനെ കിട്ടിയിട്ടില്ല.

 

ഫയർ ഫോഴ്സിനെ ഇൻഫോം ചെയ്. ലോക്കൽസിനെ ആരേലും കിട്ടുമെങ്കിൽ ഇറങ്ങി തപ്പാനുള്ള ഏർപ്പാട് ചെയ്. ഞാനിതാ വരുന്നു സി ഐ രാജേഷ് പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി. തൻറെ ബൈക്ക്  സ്റ്റാർട്ട് ചെയ്തു.

 

സി ഐ രാജേഷ് സ്ഥലത്തെത്തും മുൻപേ ഫയർ ഫോഴ്സ് എത്തിയിരുന്നു അവരുടെ സ്കൂബാ ടീം കായലിലേക്കിറങ്ങാൻ തയ്യാറാവുകയായിരുന്നു. കായലിൽ പരിസരവാസികളായ ചില മത്സ്യത്തൊഴിലാളികൾ അപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കായലിൻറെ ഇരുകരകളിലും ആൾക്കാർ കൂടിയിട്ടുണ്ടായിരുന്നു. രാജേഷ് പാലത്തിൽ നിന്നും ചെരിവിലൂടെ കായൽ തീരത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന തൻറെ സഹപ്രവർത്തകരുടെ അരികിലേക്ക് ചെന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

 

അപ്പോഴേക്കും കായലിൻറെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്നതിനായി രണ്ടംഗ സ്കൂബാ ടീം തയ്യാറായി വന്നു. മുൻപേ തയ്യാറാക്കി നിർത്തിയിരുന്ന വള്ളത്തിലേക്ക് കയറി മൂന്ന് പില്ലറുകളുള്ള പാലത്തിൻറെ മദ്ധ്യഭാഗത്തുള്ള പില്ലറിന് സമീപത്ത്  വെള്ളത്തിലേക്കിറങ്ങി അടിത്തട്ടിലേക്ക് ഊളിയിട്ടു. അൽപ സമയത്തിന് ശേഷം അതിലൊരാൾ വെള്ളത്തിന് മീതെ ഉയർന്നു വന്നു. ആളെ കണ്ടെത്തിയെന്ന് അടയാളം കാണിച്ച ശേഷം വെള്ളത്തിന് മീതെ രണ്ടാമൻ പൊങ്ങി വരാൻ കാത്തു നിന്നു. പിന്നീട് രണ്ടാമത്തെയാളെയും കൂട്ടി അയാൾ വീണ്ടും ആഴത്തിലേക്ക് ഊളിയിട്ടു. അവർ വെള്ളത്തിന് മീതെ ഉയർന്നു വരാൻ കുറച്ചധികം സമയമെടുത്തു. അവർ രണ്ടാളും വെള്ളത്തിൽ നിന്നും ഉയർന്ന് വന്നപ്പോൾ അവരുടെ കയ്യിൽ ഒരു പുരുഷൻറെ അഴുകിയ ജഡമുണ്ടായിരുന്നു. ആ ജഡം വള്ളത്തിൽ കരയിലേക്കെത്തിച്ചു. സ്കൂബാ ടീം കാണാതായ സ്ത്രീക്കായി വീണ്ടും തിരച്ചിൽ തുടർന്നു. വള്ളം കരയ്ക്കത്തി. നാറ്റം കാരണം എല്ലാവരും മൂക്ക് പൊത്തി. ദിവസങ്ങൾ പഴക്കമുള്ള ജഡമാണ്. മുഖമൊക്കെ മത്സ്യങ്ങൾ കടിച്ച് വികൃതമാക്കിയിട്ടുണ്ട്. ഷർട്ടും പാൻറ്സുമാണ് ധരിച്ചിരുന്നത്.  ആ പാൻറ്സും ഷർട്ടും ധരിച്ചയാളിനെ താൻ ഈയടുത്തിടെ കണ്ടതാണെന്ന് എസ് ഐ ജയമോഹന് ഉറപ്പായിരുന്നു. അതെവിടെയാണെന്ന് ആലോചിച്ച് കണ്ടെത്തിയപ്പോൾ ജയമോഹന് ഒരു ഉൾക്കിടിലമുണ്ടായി. പക്ഷേ ജയമോഹനേക്കാൾ മുൻപേ അതാരാണെന്ന് മറ്റൊരാൾ തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. അവിടുത്തെ വാർഡ് മെമ്പറും പള്ളിക്കവലയിലെ ടെക്സ്റ്റൈൽ ഉടമയുമായ ജോൺസൺ. അയാൾ ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു.

 

മെമ്പർ രമേശൻ

 

 

PART 11

 

            രമേശൻറെ ശരീരത്തിൽ പ്ലാസ്റ്റിക് കയർകൊണ്ടുള്ള കെട്ടുകളുണ്ടായിരുന്നു. അൽപനേരത്തിന് ശേഷം കായലിൽ വീണ സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്ത സ്കൂബാ ടീം നേരത്തേ കായലിൽ മുങ്ങിത്തപ്പിക്കൊണ്ടിരുന്നവരെ കൂടെ വിളിച്ച് മറ്റ് രണ്ട് മൂന്ന് വള്ളങ്ങളുടെ സഹായത്തോടെ എന്തൊക്കേയോ കായലിൽ നിന്ന് വള്ളത്തിലേക്ക് വലിച്ച് കയറ്റുന്നത് ആകാംക്ഷയോടെ ഇരുകരകളിലുമുള്ളവർ കണ്ട് നിന്നു. അവർക്ക് നിർദ്ദേശങ്ങൾ നൽകാനായി എസ് ഐ വേണുവും ഒരു വള്ളത്തിൽ അവിടെയുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാനവാത്ത അവസ്ഥയിലേക്ക് മാറുകയാണെന്ന് മനസിലാക്കിയ രാജേഷ് ഡി വൈ എസ് പി യെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ച് ഫോറൻസിക് ടീമിനെയും, കൂടുതൽ പോലീസുകാരെയും സ്ഥലത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു.

 

ദൗത്യം അവസാനിപ്പിച്ച് കരയിലെത്തിയ സ്കൂബാ ടീമംഗങ്ങൾ സ്യൂട്ട് അഴിച്ച് വച്ചതിന് ശേഷം  രാജേഷിനടുത്തേക്കെത്തി.

 

സർ ഇതൊരു ആസൂത്രിതമായ കൊലപാതകം തന്നെയാണ്. കൊന്ന് ഭാരമുള്ള കല്ലിൽകെട്ടി താഴ്ത്തിയിരിക്കുകയായിരുന്നു. വേലികെട്ടാനുപയോഗിക്കുന്ന പാറത്തൂണുകളാണ് ഇയാളുടെ ശരീരത്തോട് ചേർത്ത് കെട്ടിയിരുന്നത്. അതും ഒന്നല്ല, ആറ് വേലിക്കല്ലുകളാണ് ഇയാളുടെ ഉടൽ പൊന്തിവരാതിരിക്കാൻ കെട്ടി വച്ചിരുന്നത്. അതെല്ലാം ഞങ്ങൾ മുങ്ങിയെടുത്ത് ദേ ആ വള്ളത്തിൽ വച്ചിട്ടുണ്ട്.

 

 കരയിലേക്ക് തുഴഞ്ഞെത്തിയ വള്ളത്തെ അവർ ചൂണ്ടിക്കാട്ടി. കല്ലുകളും പ്ലാസ്റ്റിക് കയറുകളുമൊക്കെ കരയിലേക്കിറക്കി വയ്പ്പിച്ച ശേഷം എസ് ഐ വേണുവും അവരോടൊപ്പം ചേർന്നു.

 

സർ കഴുകൻ രവി ആക്രമിക്കുപ്പെട്ട രാത്രിയിൽ 9.20 ന് സെമിത്തേരിമുക്ക് വഴി ഈ റെയിൽവേ ട്രാക്കിലേക്കുള്ള റോഡിലൂടെ നടന്ന് പോയ രമശനെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല. അയാൾക്ക് ശേഷം അതുവഴി വന്ന കഴുകൻ രവി ദേ ഇവിടെ നിന്ന് കഷ്ടിച്ച് നൂറുമീറ്റർ അകലെയാണ് ആക്രമിക്കപ്പെട്ടത്. അതിനു ശേഷം ഇവിടേക്ക് വന്ന ശരത്തും ജോബിനും മിസ്സിംഗാണ്. ഈ സംഭവങ്ങളെല്ലാം തമ്മിൽ കണക്ടഡ് ആണ്

 

വേണു പറഞ്ഞ സാദ്ധ്യത സി ഐ രാജേഷിനും തോന്നിയതു തന്നെയാണ്. പക്ഷേ രവി തനിക്ക് അഞ്ച് മിനിറ്റ് മുന്നേ പോയ രമേശനെ കണ്ടതായി പോലും പറഞ്ഞിട്ടില്ല. ഇനി ഒരു പക്ഷേ രവിയാകുമോ രമേശനെ കൊന്നത്  ? അല്ലെങ്കിൽ രവിയ്ക്കറിയാവുന്ന ആരേലുമാകുമോ ? അങ്ങനെയെങ്കിൽ രവിയെ ആക്രമിച്ചതാരാവും ? രവി തന്ന മൊഴി അനുസരിച്ചാണെങ്കിൽ അതാരുടെയോ പ്രതികാരം നിറവേറ്റിയതാണ്. അപ്പോൾ പിന്നെ ആ പിള്ളേരെന്തിനാവും നാട്ടിൽ നിന്ന് മുങ്ങിയത് ? ഇനി അവർ ഈ രണ്ട് സംഭവങ്ങൾക്കും സാക്ഷികളായിരിക്കുമോ ? അങ്ങനെയെങ്കിൽ അവരിപ്പോൾ ജീവനോടെയുണ്ടാകുമോ? അതല്ല അവന്മാർക്കിതിൽ പങ്കുണ്ടെങ്കിൽ അവരെ എത്രയും വേഗം പൊക്കിയേ പറ്റു. ചോദ്യങ്ങളും സംശയങ്ങളും രാജേഷിൻറെ മനസിനെ അസ്വസ്ഥമാക്കി.

 

നമ്മൾ അൽപം മുൻപ് വരെ കഴുകൻ രവിയുടെ പിന്നാലെയായിരുന്നു. ഒരു സമ്മൃദ്ദവുമില്ലാത്ത റിലാക്സ്ഡ് ആയ ഒരു അന്വേഷണവും. പക്ഷേ ഇപ്പോൾ കളി മാറിയിരിക്കുന്നു. കൊല്ലപ്പെട്ടിരിക്കുന്നത് ഭരണ കക്ഷിയായ KRP യുടെ പ്രാദേശിക നേതാവെങ്കിലും പാർട്ടിയിലെ പല ഉന്നതരുടെയും പ്രിയപ്പെട്ടവനാണ്.  അതും പല രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിചേർക്കപ്പെട്ടിട്ടുള്ളയാൾ. ഇനി ഇതിൻറെ ചുരുളുകളഴിച്ചെടുക്കും വരെ വിശ്രമിക്കാൻ നേരമുണ്ടാകില്ല.  

(PART 6 ൽ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. അവിടെ രാഷ്ട്രീയപ്പാർട്ടിയുടെ പേര് അതിന് മുന്നേയുള്ള അദ്ധ്യായത്തിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി തെറ്റായാണ് എഴുതിയത്. NJP എന്ന് അവിടെ എഴുതിയത് RDP എന്ന് തിരുത്തിവായിക്കേണ്ടതാണ്.)

 

ഉച്ചയ്ക്ക് ശേഷം സി ഐ യുടെ ഓഫീസിലെ കോൺഫറൻസ് ഹാൾ

 

ജില്ലയിൽ നിന്നുള്ള എം എൽ എ യും മന്ത്രിയുമായ  രാജൻ അമ്പലക്കുന്നേൽ നേരിട്ടെത്തിയിരിക്കുകയാണ് സ്ഥിതിഗതികൾ വിലയിരുത്തുവാൻ. അതുകൊണ്ട് തന്നെ എസ് പി കിരൺ മാത്യുവും ഡി വൈ എസ് പി ഹബീബും വന്നിട്ടുണ്ട്.

 

ഈ സ്റ്റേഷനിലെ എല്ലാ പോലീസുകാരും ഇവിടെയെത്തിയിട്ടില്ലേ. ലെറ്റ്സ് സ്റ്റാർട്ട് ദ മീറ്റിംഗ്

 

എസ് പി പറഞ്ഞപ്പോൾ സി ഐ രാജേഷ് എഴുന്നേറ്റു.

സാർ എ എസ് ഐ അശോകൻ ഒഴികെയുള്ള എല്ലാവരും ഉണ്ട്. അയാളുടെ മകൾ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. ഇന്നാണ് ഡിസ്ചാർജജ്, അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം ലീവ് നൽകിയിട്ടുണ്ട്. ബാക്കിയെല്ലാവരും ഇവിടെയിപ്പോഴുണ്ട്.

 

ഇറ്റ്സ് ഓക്കെ .....മന്ത്രിയപ്പോൾ ഫോണിൽ സോഷ്യൽ മീഡിയ പേജുകളിൽ വന്ന രമേശൻറെ മരണവാർത്തയും, പാർട്ടി സൈബർ അണികളുടെ വെല്ലുവിളി പോസ്റ്റുകളും കമൻറുകളുമൊക്കെ സ്ക്രോൾ ചെയ്ത് കാണുകയായിരുന്നു. എസ് പി മീറ്റിംഗ് തുടങ്ങുന്നതിനായി അദ്ദേഹത്തിൻറെ അനുമതിക്കായി കാത്തു. സർ ഷാൾ വീ..... തുടങ്ങിക്കോളാൻ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാട്ടി, എസ് പി തുടർന്നു.

 

ഫോറൻസികിൻറെ പ്രാഥമിക പരിശോധനയും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായവും ഞാനും രാജേഷും നേരിൽ കേട്ടിരുന്നതാണ്. അവർ പറഞ്ഞത് അനുസരിച്ച് ആരോ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച ശേഷം വെള്ളത്തിൽ മുക്കിയാണ്  രമേശനെ കൊലപ്പെടുത്തിയിരിക്കുന്നത്. കായലിൽ കിടന്ന് മത്സ്യങ്ങളും മറ്റും കടിച്ചുണ്ടായതല്ലാതെ മറ്റ് മുറിവുകളൊന്നും ശരീരത്തിലില്ല.  ഇത് ഒരാൾ ഒറ്റയ്ക് ചെയ്തതാവാനുള്ള സാദ്ധ്യത കുറവാണ്. അറിഞ്ഞിടത്തോളം ഈ രമേശൻ നല്ല കായികശേഷിയുള്ള ആളാണ്, അയാളെ ഒരാൾക്ക് ഈസിയായി കീഴ്പ്പെടുത്താനാവുമെന്ന് തോന്നുന്നില്ല. പിന്നെ ആറ് പാറത്തൂണുകളാണ് അയാളുടെ ശരീരത്തോട് ചേർത്ത് കെട്ടിയിരുന്നത്. ഇന്ന് ആ സ്ത്രീ കായലിൽ വീണ് മരിച്ചതുകൊണ്ട് മാത്രമാണ് അടിത്തട്ടിൽ ചേറിൽ പുതഞ്ഞ് കിടന്ന അയാളെ കണ്ടെത്താനായത്. അല്ലെങ്കിൽ കൊലയാളികൾ ആഗ്രഹിച്ചപോലെ രമേശൻറെ ശരീരം അസ്ഥികൂടമായി ആ ചേറിൽ പുതഞ്ഞ് വൈകാതെ അപ്രത്യക്ഷമാകുമായിരുന്നു. വെള്ളത്തിൽ കിടന്ന് വല്ലാതെ അഴുകിയതിനാൽ വലിയ തെളിവുകളൊന്നും കിട്ടാനുളള സാധ്യത കുറവാണ്. ഇതുമായി ബന്ധപ്പെട്ട് ഇവിടെ ഉണ്ടായ മറ്റ് സംഭവങ്ങൾ നമുക്ക് ഇതിലേക്ക് കണക്ട് ചെയ്യാനാകുമോ രാജേഷ് ? എന്താണ് ഹബീബിൻറെ അഭിപ്രായം ?”

 

സി ഐ രാജേഷിനോടും ഡി വൈ എസ് പി ഹബീബിനോടുമായി ചോദ്യങ്ങളിട്ടുകൊടുത്ത് എസ് പി കിരൺ മാത്യു തൻറെ ഇരിപ്പിടത്തിലമർന്നു.

 

സർ, ഈ രമേശൻറെ കൊലപാതകം ഒരു പൊളിറ്റിക്കൽ റിവെഞ്ച് ആകാനുള്ള സാധ്യത കുറവാണ്. കാരണം നമ്മുടെ നാട്ടിൽ നടന്നിട്ടുള്ള പൊളിറ്റിക്കൽ മർഡർ കേസുകളുടെ പൊതുവായ പാറ്റേണിൽ നിന്ന് വിഭിന്നമാണിത്. വെട്ടിക്കൊല്ലുക, കുത്തിക്കൊല്ലുക തുടങ്ങിയവയാണ് അവരുടെ സ്റ്റൈൽ, പിന്നെ കൊലചെയ്യപ്പെട്ടയാളിൻറെ മൃതദേഹം ഇങ്ങനെ കണ്ടെത്താനാവാത്തവിധം ഒളിപ്പിക്കാറുമില്ല. കാരണം ഈ കൊലയുടെ കണക്കുപുസ്തകം ടാലി ആക്കുന്നതിനും തങ്ങളുടെ പ്രതികാരം വീട്ടിയെന്ന് സ്വന്തം അണികളെ ബോദ്ധ്യപ്പെടുത്തുന്നതിനും അവർക്ക് മൃതദേഹങ്ങൾ തന്നെ വേണമല്ലോ. സർ  ഈ മരണത്തിന് കാരണം മറ്റെന്തോ ആണെന്നാണ് എൻറെ നിഗമനം

 

ഡി വൈ എസ് പി ഹബീബ് പറഞ്ഞത് കേട്ട മന്ത്രി തലയുയർത്തി അദ്ദേഹത്തെ നോക്കി. പക്ഷേ ഒന്നും പ്രതികരിച്ചില്ല.

 

രാജേഷിനാണ് ഇക്കാര്യത്തിൽ കൂടുതൽ പറയാനുണ്ടാവുക, രാജേഷിൻറെ ടീം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അന്വേഷിക്കുന്ന കേസിനും ഇതിനും തമ്മിൽ കണക്ഷനുകളുണ്ടാവുമല്ലോ.   ഹബീബ് അവസരം രാജേഷിനായി കൈമാറി.

 

കഴുകൻ രവിയുടെ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ മുഴുവൻ രാജേഷ് അവതരിപ്പിച്ചു.

 

കഴുകൻ രവിയ്ക്ക് ഒരു പക്ഷേ ഇക്കാര്യത്തിൽ നമ്മളെ സഹായിക്കാൻ കഴിയും... പക്ഷേ അയാൾ സഹകരിക്കില്ല അല്ലേ.... രാജേഷേ....... പിന്നെയുള്ളത് ആ പിള്ളേരാണ്. എന്തായി അവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയോ ?”

 

എസ് പി യുടെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന രാജേഷ് ലഭ്യമായ വിവരങ്ങൾ ബോധിപ്പിച്ചു.

 

അവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാട്ടിൽ നിന്നു മുങ്ങിയതിന് ശേഷം അവരുടെ രണ്ടാളുടെയും ഫോണുകൾ ഓണാക്കിയിട്ടില്ല. അവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു, പക്ഷേ അവിടെയൊന്നും അവർ പോവുകയോ ആരെയെങ്കിലും കോണ്ടാക്ട് ചെയ്യുകയോ ചെയ്തിട്ടില്ല. അതിൽ ശരത്തെന്ന പയ്യൻ പള്ളിക്കവലയിലെ ടൂവീലർ വർക്ക്ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ജോബിൻ കൊറിയർ സർവ്വീസിലെ ഡെലിവറി ബോയിയാണ്.  അവർ പോലീസിന് തന്ന മൊഴി കളവാണെന്ന് പിന്നീട് നടന്ന് അന്വേഷണത്തിൽ ബോദ്ധ്യമായതാണ്. അതേക്കുറിച്ച് ചോദിക്കാൻ വിളിപ്പിച്ചപ്പോഴാണ് അവർ മുങ്ങിയതും. രമേശൻറെ ഫോൺ അന്ന് രാത്രി 9 മണിക്ക് സ്വിച്ചേഫായതാണ്. പക്ഷേ അയാൾ 9.20 ന് മറ്റൊരു ഫോണിൽ സംസാരിച്ചുകൊണ്ട്  പോകുന്നത് സി സി റ്റി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈബർ സെല്ലിൽ നിന്നും കുറച്ച് മുൻപാണ് അപ്ഡേറ്റ്സ് കിട്ടിയത്. അവർ നടത്തിയ പരിശോധനയിൽ അന്ന് സെമിത്തേരി മുക്ക് ടവറിൻറെ പരിധിയിൽ ഉണ്ടായിരുന്ന ആക്ടീവ് നമ്പറുകളുടെ ലിസ്റ്റ് ഫിൽറ്റർ ചെയ്തെടുത്തിട്ടുണ്ട്. അതിൽ ഈ ജോബിൻ, ശരത്ത് എന്നിവരുടേത് കൂടാതെ ഉള്ള രണ്ട് നമ്പരുകളാണ് അവിടുത്തുകാരുടേതല്ലാത്തതായി ഉണ്ടായിരുന്നത്. പക്ഷേ ആ രണ്ട് നമ്പറുകളും അന്ന് രാത്രി 10 മണിക്ക് സ്വിച്ചോഫായിട്ടുണ്ട്.ആ രണ്ട് നമ്പരുകളിൽ നിന്ന് വേറെ ഒരു ഫോണിലേക്കും ഒറ്റ കോൾ പോലും പോയിട്ടില്ല. പക്ഷേ പരസ്പരം പലതവണ വിളിച്ചിട്ടുണ്ട്. അന്ന് രാത്രിയിലും 9.15 മുതൽ 9.23 വരെ 8 മിനിറ്റും 9.40 ന് 4 സെക്കൻറ് മാത്രം നീണ്ട മറ്റൊരു കോളും ആ രണ്ട് നമ്പറുകൾക്കിടയിലുണ്ടായിട്ടുണ്ട്. ലൊക്കേഷൻ പരിശോധിച്ചപ്പോൾ അന്ന് രാത്രി ഈ രണ്ട് നമ്പരുകളും വളരെ അടുത്ത് ഏറെക്കുറേ ഒന്നിച്ച് തന്നെയുണ്ടായിരുന്നു. ഡീറ്റെയിൽസ് എടുത്തപ്പോൾ ആ രണ്ട് നമ്പരുകളും ഒരാളുടെ പേരിലുള്ളതാണ്.

 

ആരുടെ പേരിലുള്ള നമ്പറാണത് ?” അതുവരെ മിണ്ടാതെ ഫോണിൽ നോക്കിയരുന്ന മന്ത്രിയാണ് അത് ചോദിച്ചത്.

 

സർ അന്ന് രാത്രി രമേശൻ സംസാരിച്ചതും, രമേശനോട് സംസാരിച്ചതുമായ രണ്ട് ഫോൺ നമ്പറുകളും കഴുകൻ രവിയുടെ പേരിലുള്ളതാണ്

 

 

PART 12

അപ്പോൾ കഴുകൻ രവിയ്ക്കറിയാം കാര്യങ്ങൾ, നമ്മളൊക്കെ കരുതിയ പോലെ  അയാൾ വെറുമൊരു കള്ളനല്ല ... അതിലുമപ്പുറം എന്തൊക്കെയോ ആണ്. എന്തായി നിങ്ങൾ അയാളുടെ പൂർവ്വകാലം ചികയാൻ പോയിട്ട്. വാട്ട് ഈസ് ഹിസ് ബാക്ക് ഗ്രൗണ്ട്.

 

എസ് പി  കഴുകൻ രവിയിലേക്ക് കോൺസൻട്രേറ്റ് ചെയ്യുകയാണെന്ന് രാജേഷിന് മനസിലായി. അവർ അതുവരെ അറിഞ്ഞ വിവരങ്ങൾ എസ് പി യോട് പറഞ്ഞു.

 

       സർ ഈ കൊലപാതകം ചെയ്തത് അയാളല്ല . അയാളുടെ മോഡ് ഓഫ് ഓപ്പറേഷൻ ഞാൻ പറഞ്ഞതല്ലേ. അയാൾ മോഷ്ടാവാണ്, മോഷണത്തിനിടയിൽ എതിർക്കാൻ ശ്രമിക്കുന്നവരെ മാത്രമേ അറ്റാക്ക്  ചെയ്യാറുള്ളു. അങ്ങനെയുണ്ടായതാണ് ഈ വധശ്രമക്കേസുകൾ.

 

സി ഐ പറഞ്ഞതിനോട് യോജിക്കാൻ എസ് പി ക്കായില്ല.

 

അയാളുടെ പേരിൽ രണ്ട് കൊലക്കേസുകൾ ഉണ്ടെന്ന് ഇപ്പോൾ രാജേഷ് തന്നെയല്ലേ പറഞ്ഞത്. പിന്നെയെങ്ങനെ പറയാൻ കഴിയും ഈ കൊല ചെയ്തത് കഴുകൻ രവിയല്ലെന്ന്?”

 

ശരിയാണ് സർ, രണ്ട് പേരുടെ മരണം സംഭവിച്ചിട്ടുണ്ട്. പക്ഷേ ഞാൻ പറഞ്ഞല്ലോ സാർ അയാൾ ടാർജറ്റ് ചെയ്യുന്നത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരെയാണ്. ഭൂരിപക്ഷം സ്ഥലങ്ങളിലും അയാൾ ഒരാളുപോലുമറിയാതെ മോഷണം നടത്തിപ്പോകാറാണ് പതിവ്. എതിർപ്പ് ഉണ്ടായ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമാണ് അയാൾ ആക്രമണം നടത്തിയിട്ടുള്ളത്. ആക്രമിക്കപ്പെട്ടത് പ്രായമായവരായിരുന്നതിനാൽ തന്നെ അതിൽ രണ്ട് പേർ പിന്നീട് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. അപ്പോൾ വധശ്രമക്കേസ് കൊലപാതകക്കേസായി മാറി.

 

അങ്ങനെയങ്ങ് നിസ്സാരവൽക്കരിക്കാമോ രാജേഷേ ?”

 

നിസ്സാരവൽക്കരിച്ചതല്ല സാർ. രമേശൻറെ കൊലപാതകം ശരിയായ വഴിയിൽ തന്നെ നമ്മൾ നടത്തണം തെറ്റായ ഒരു ഡീവിയേഷൻ ഉണ്ടാകരുത് എന്ന് കരുതി പറഞ്ഞതാ. രമേശനെ കൊല്ലേണ്ടത് പലരുടേയും ആവശ്യമായിരുന്നു. കഴുകന്  രമേശനെ കൊല്ലേണ്ട കാര്യമെന്താണ് ?”

 

അത് വരെ അവരുടെ സംസാരത്തിൽ ഒന്നും ഇടപെടാതെയിരുന്ന മന്ത്രി രാജൻ അമ്പലക്കുന്നേൽ മേശപ്പുറത്ത് ശക്തിയായി അടിച്ചുകൊണ്ട് ചാടിയെണീറ്റു. അയാളുടെ ശരീരഭാഷയിൽ അത്യധികം കലി പ്രകടമായിരുന്നു.

 

“’ടോ സി ഐ, താനെന്താ ഒരു കൊലപാതകിയെ വെള്ളപൂശാൻ നോക്കുവാണോ, ചത്തത് നിങ്ങൾക്ക് വെറും ഒരു രമേശനാണ്, പക്ഷേ അയാൾ KRP യുടെ ധീര രക്തസാക്ഷിയാണ്. അയാൾക്ക് വേണ്ടി വിലപിക്കുകയാണ് പാർട്ടിയും ഇവിടുത്തെ ജനങ്ങളും. സാഹചര്യത്തെളിവുകൾ ഇത്രയേറെ ഉണ്ടായിട്ടും, ഒരു സാധാരണക്കാരൻറെ കോമൺസെൻസ് പോലുമില്ലാതെ താൻ പറയുന്നു ഇത് ചെയ്തത് കഴുകൻ രവിയെന്ന കൊടും ക്രിമിനലല്ലെന്ന്. പിന്നെ രമേശനെന്താ സ്വയം കഴുത്തിൽ കയറ് മുറുക്കി ചത്തിട്ട് വെള്ളത്തിൽ ചാടി സ്വന്തം ശരീരത്തിൽ പാറക്കല്ലും കെട്ടിവച്ച് കായലിൻറെ അടിത്തട്ടിൽ പോയിക്കിടന്നതാണെന്നോ.”

 

മന്ത്രി കോപത്താൽ വളരെ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. രാജേഷ് എന്തോ പറയാനായി എണീറ്റപ്പോൾ വേണ്ടെന്ന് എസ് പി തലയാട്ടി വിലക്കിയെങ്കിലും അത് വകവയ്ക്കാതെ എണീറ്റു.

 

സാർ ഞാൻ പറഞ്ഞത് അങ്ങനെയല്ല. നമ്മൾ ധൃതി പിടിച്ച് ഒരു നിഗമനത്തിലെത്തിയാൽ ഒരു പക്ഷേ യഥാർത്ഥ കൊലയാളി രക്ഷപെട്ടാലോ ? ഞാൻ പറഞ്ഞില്ലേ സാർ അയാൾക്ക് ശത്രുക്കൾ ഒരു പാടുണ്ടായിരുന്നു. പിന്നെ സ്വന്തം പാർട്ടിക്കുള്ളിൽ പോലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ, സാറിനെതിരേ ചില ആരോപണങ്ങൾ ഉന്നയിച്ചതിൻറെ പേരിൽ........ ചാനലിലൊക്കെ അത് വാർത്തയുമായതാണല്ലോ. അപ്പോ പിന്നെ.... ?”

 

അത് കൂടി കേട്ടതോടെ മന്ത്രിക്ക് സ്വയം നിയന്ത്രിക്കാനായില്ല. അയാൾ രാജേഷിന് നേരേ പാഞ്ഞു വന്നു. രാജേഷിനെ പിന്നിലേക്ക് വലിച്ച് ഷർട്ടിൽ കുത്തിപ്പിടിച്ചു.

 

നീ ഈ കൊച്ചു സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ മാത്രമാണ്, ഇവിടെ കാര്യങ്ങൾ നോക്കാൻ നിൻറെ തലയ്ക്ക് മുകളിൽ വലിയ സാറന്മാർ ഒത്തിരിയുണ്ട്.  പിന്നെ പാർട്ടിയിൽ പ്രശ്നങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകും. അതിൻറെയൊക്കെ പൊടിയും പൊട്ടും തിരഞ്ഞ് ആരും ഇറങ്ങേണ്ട. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വന്നവനാ ഈ രാജൻ, കുറേ കേസുകളുണ്ടായിരുന്നു സ്വന്തം പേരിൽ. പോലീസുകാരെ തല്ലിയതും പോലീസ് ജീപ്പ് കത്തിച്ചതുമൊക്കെ. പണ്ടേ ഞാനും ഈ പോലീസും തമ്മിൽ നല്ല ടേംസിലല്ല. ആ പേരുദോഷം മാറ്റിയെടുക്കണമെന്ന് എനിക്ക് വല്ല്യ താല്പര്യവുമില്ല.

 

അപ്പോഴേക്കും എസ് പി കിരൺ മാത്യുവും ഡി വൈ എസ് പി ഹബീബും കൂടി വന്ന് മന്ത്രിയോട് റിക്വസ്റ്റ് ചെയ്തപ്പോൾ അയാൾ രാജേഷിൻറെ ഷർട്ടിലെ പിടിവിട്ടു. ഷർട്ടിലെ മുകളിലെ രണ്ട് ബട്ടൺസ് പൊട്ടിപ്പോയിരുന്നു. മന്ത്രി രാജീവനെ വിട്ടിട്ട് എസ് പിയോടായാണ് പിന്നെ സംസാരിച്ചത്.

 

നാളെ രാവിലെ രമേശനെ പൊതുദർശനത്തിന് പാർട്ടി ആഫീസിൽ രാവിലെ 9 മണിക്കെത്തിക്കും. അപ്പോൾ രമേശൻറെ കൊലപാതകിയായ കഴുകൻ രവിയുടെ പടവും വാർത്തയും ചാനലുകൾ ബ്രേക്ക് ചെയ്തിരിക്കണം. ഇനി ഈ വട്ടമേശ സമ്മേളനമൊന്നും വേണ്ട

 

മന്ത്രി രാജൻ അമ്പലക്കുന്നേൽ കോൺഫറൻസ് ഹാളിൻറെ ഡോർ വലിച്ച് തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയിട്ട് എന്തോ ആലോചിച്ച പോലെ തിരിഞ്ഞ് നിന്നു.

 

സി ഐ രാജേഷ് വർഗ്ഗീസിൻറെ സസ്പെൻഷൻ ഉത്തരവ് ഇപ്പോൾ തന്നെ ശരിയാക്കി കൊടുത്തേക്കണം. കേട്ടോടോ എസ് പീ....

 

എസ് പി കിരൺ മാത്യു എന്തോ പറയാൻ തുനിഞ്ഞെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ മന്ത്രി പുറത്തേക്കിറങ്ങിപ്പോയി. എല്ലാവരും ഒന്നും മിണ്ടാനാകാതെ നിശബ്ദരായിരുന്നു. സി ഐ രാജേഷ് തൊപ്പിയൂരി മേശപ്പുറത്ത് വച്ചു. ഷർട്ടിലെ ബാക്കി ബട്ടണുകൾ കൂടെ അഴിച്ചു.

 

സർ സോറി.... ഇനി പറയാൻ പോകുന്നതിനാണ് സോറി പറഞ്ഞത്... ഈ ഇറങ്ങിപ്പോയ നാറിയ്ക്കറിയാം രമേശനെ ആരാണ് കൊന്നതെന്ന്. അത് കഴുകൻറെ മേൽ കെട്ടി വയ്ക്കാനുള്ള അയാളുടെ വ്യഗ്രത തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഇതിപ്പോ രമേശൻറെ മരണത്തോടെ പാർട്ടിയിൽ തനിക്കെതിരേയുള്ള  പടയൊരുക്കങ്ങളെല്ലാം അവസാനിപ്പിക്കാൻ മന്ത്രി രാജന് കഴിഞ്ഞു, അതോടൊപ്പം സ്വന്തം ജില്ലയിലൊരു രക്തസാക്ഷിയും. സാർ ആ സസ്പെൻഷൻ ഉത്തരവങ്ങ് ടൈപ്പ് ചെയ്യാൻ പറ. രാജേഷിന് കാക്കി വെറും തൊഴിൽ മാത്രമല്ല. ഇതെനിക്കൊരു വികാരമാണ്. എനിക്കറിയാം എന്ത് വേണമെന്ന്.

 

രാജേഷിന് സസ്പെൻഷൻ ഒരു വലിയ പ്രശ്നമേയല്ലെന്ന് അയാളെ നന്നായറിയാവുന്ന എസ് പി കിരൺ മാത്യുവിനും ഡി വൈ എസ് പി ഹബീബിനും അറിയാമായിരുന്നു. അങ്ങനെ ആർക്കും വഴങ്ങിക്കൊടുക്കാത്തത് കൊണ്ട് ഇതൊക്കെ പലതവണയായി അയാളുടെ സർവ്വീസ് ജീവിതത്തിൽ ആവർത്തിക്കുന്ന കാര്യങ്ങളായിരുന്നു.

 

ടോ രാജേഷേ, അങ്ങേര് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ. നിന്നോട് ഞാൻ പറഞ്ഞതല്ലേ സംസാരിക്കരുതെന്ന്, പക്ഷേ ആ താക്കീത് നീ അവഗണിച്ചു. എനിക്കറിയാമായിരുന്നു നീ ഇതൊക്കെ വിളിച്ച് പറഞ്ഞ് അയാളെ വിളറി പിടിപ്പിക്കുമെന്ന്.

 

എസ് പി പറഞ്ഞപ്പോൾ രാജേഷ് ചിരിച്ചു.

 

സാറേ അയാൾ പറഞ്ഞില്ലേ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാ വന്നതെന്ന്, ആ കൊടി ആയാളെക്കാൾ ആവേശത്തോടെ കോളേജിൽ നെഞ്ചോട് ചേർത്ത് നടന്നിട്ടുള്ളവനാ ഈ രാജേഷ്. അതയാൾക്കറിയില്ല. അറിയിക്കാൻ ഒട്ടും താല്പര്യവുമില്ല. പിന്നെ സസ്പെൻഷൻ, അത് എപ്പോഴായാലും കിട്ടാനുള്ളതല്ലേ, ഇതിത്തിരി വൈകിപ്പോയോന്നാ സംശയം, സാറൊരുത്തൻറെയും കാല് പിടിക്കാൻ പോകേണ്ട. വിട്ടേക്ക്.

 

അതേ സമയം രാജേഷിൻറെ ഫോൺ ബെല്ലടിച്ചു. ഫോണെടുത്ത രാജേഷ് അൽപനേരം ഫോണിൽ പറഞ്ഞത് കേട്ട ശേഷം ഓക്കെ പറഞ്ഞ് ഫോൺ വച്ചു.

 

സർ ഒരു പുതിയ ഇംപോർട്ടൻറ് ഇൻഫർമേഷനുണ്ട്. എ എസ് ഐ അശോകനാണ് വിളിച്ചത്. അയാളുടെ ഭാര്യ ഇവിടെ ബാങ്കിലെ അസിസ്റ്റൻറ് മാനേജരാണ്. നമ്മൾ അന്വേഷിക്കുന്ന ജോബിൻറെ പേരിൽ ഈ അടുത്തിടെ അവിടെ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്. ജോബിനും ശരത്തും കൂടിയാണ് വന്ന് അക്കൗണ്ട് തുടങ്ങിയത്. അവർ നാടുവിട്ട് പോയ ദിവസം രാവിലെ  ആ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. തുക ട്രാൻസ്ഫർ ചെയ്തത് ഇവരുടെ ബാങ്കിൻറെ തന്നെ മഹാരാഷ്ട്രയിലുള്ള ഒരു ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്നാണ്.  ആ അക്കൗണ്ട് സാംസൺ തങ്കച്ചൻ തങ്കച്ചൻറെ പേരിലുള്ളതാണ്.

 

PART 13

 

രമേശൻറെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഡി വൈ എസ് പി ഹബീബ് ൻറെ നേതൃത്വത്തിൽ പ്രത്യേഖ അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്ന് തന്നെ ഉത്തരവിറങ്ങി, ഒപ്പം സി ഐ രാജേഷ് വർഗ്ഗീസിൻറെ സസ്പെൻഷൻ ഉത്തരവും.

 

കഴുകൻ രവിയെ വധിക്കാൻ ശ്രമിച്ച കേസ് അന്വേഷണ ചുമതല എസ് ഐ വേണുവിനായി. കഴുകൻ രവിയുടെ മൊഴിയെടുക്കാനുള്ള പോലീസിൻറെ ശ്രമത്തെ അയാളുടെ ഫിസിക്കൽ കണ്ടീഷൻ വളരെ മോശമാണെന്നതും ഹൃദയാരോഗ്യം തീരെ മെച്ചപ്പെട്ടിട്ടില്ലാത്തതും കാരണമാക്കി ഡോക്ടർ തടഞ്ഞു. പിറ്റേന്ന് രാവിലെ നടക്കുന്ന രമേശൻറെ ശവസംസ്കാര ചടങ്ങുകൾക്ക് മുൻപ് തെളിവുകൾ സഹിതം പ്രതിയെ മീഡിയായ്ക്ക് മുന്നിൽ ഹാജരാക്കണമെന്ന ശക്തമായ സമ്മർദ്ദം പോലീസുനുമേലുണ്ടായിരുന്നു. സാക്ഷിമൊഴികളൊന്നുമില്ലാതെ വെറും നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് കഴുകൻ രവിയെ പ്രതിസ്ഥാനത്ത് നിർത്തിയത്. പക്ഷേ അതൊന്നും കോടതിക്ക് മുന്നിൽ കുറ്റം സ്ഥാപിക്കാൻ ഉതകുന്നതല്ല. മാത്രമല്ല കഴുകൻ രവി ആക്രമിക്കപ്പെട്ടത് എന്തിനെന്ന ചോദ്യത്തിനും കോടതിക്ക് മുന്നിൽ ഉത്തരം നൽകേണ്ടി വരും. തൽക്കാലം വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടും രാഷ്ട്രീയ മേലാളന്മാരെ സന്തോഷിപ്പിക്കാനും ചാനലുകളുടെ വായടപ്പിക്കാനും കഴുകൻ രവിയെ പ്രതിയായി അടുത്ത പ്രഭാതത്തിൽ അവതരിപ്പിക്കാൻ ഡി വൈ എസ് പി ഹബീബിന് പോലീസ് ഉന്നതരിൽ നിന്ന് നിർദ്ദേശം ലഭിച്ചു.

 

ഇതേസമയം എസ് ഐ വെണുവും എ എസ് ഐ അശോകനും സാംസൺ തങ്കച്ചനെ കാണാൻ അയാളുടെ വീട്ടിലെത്തി. സാംസൺ ആശുപത്രിയിൽ അമ്മയുടെ അടുത്തേക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. അവിടെ അയാളെക്കൂടാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.

 

മിസ്റ്റർ സാംസൺ തങ്കച്ചൻ പുറത്തെവിടേക്കെങ്കിലും പോകാൻ തുടങ്ങുവായിരുന്നോ? “

 

അതേ, അമ്മയെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യും. ഞാൻ ആശുപത്രിയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു.

 

ഞങ്ങൾ ഒരു വിവരം അറിയാനാണ് വന്നത്. ഒരു ചോദ്യത്തിന് ഉത്തരം തേടി. അത് ലഭിച്ചാൽ താങ്കൾക്ക് വേഗം പോകാം....

 

എന്താണ് അറിയേണ്ടത്.?” അവരുടെ വരവിനോടുള്ള അതൃപ്തി സാംസണിൻറെ ചോദ്യത്തിലുണ്ടായിരുന്നു.

 

ഈ സ്ത്രീ ആരാണ് ?” അവിടെ കണ്ട സ്ത്രീയെ ഉദ്ദ്യേശിച്ചാണ് എസ് ഐ വേണു ചോദിച്ചത്.

 

ഇത് ഒരു ഹോംനഴ്സാണ്. എനിക്ക് സ്ഥിരമായി ഇവിടെ നിൽക്കാൻ പറ്റാത്തതുകൊണ്ട് അമ്മയെ നോക്കാനായി വിളിപ്പിച്ചതാ.അത് പറയുമ്പോൾ അവരോട് അകത്തേക്ക് പോകാൻ സാംസൺ കൈ കൊണ്ട് ആഗ്യം കാട്ടിയതനുസരിച്ച് അവർ ഉള്ളിലേക്ക് കയറിപ്പോയി.

 

നിങ്ങൾക്ക് ജോബിൻ, ശരത്ത് എന്നീ ചെറുപ്പക്കാരെ അറിയാമോ ?”

 

ഈ ജോബിൻ എന്ന് പേരുള്ള ഒരാളെ എനിക്കറിയാം പക്ഷേ നേരിട്ട് പരിചയമില്ല. അമ്മയുടെ ഒരു പഴയ സ്റ്റുഡൻറാണ്.

 

സാംസൺ ചെറുതായി ഒന്നാലോചിച്ച ശേഷമായിരുന്നു ആ മറുപടി പറഞ്ഞത്. എസ് ഐ വേണു തൻറെ ചോദ്യങ്ങൾ തുടർന്നു. എ എസ് ഐ അശോകൻ സാംസൺ പറയുന്നത് അതേപടി എഴുതിയെടുക്കുന്നുണ്ടായിരുന്നു.

 

ആ ജോബിനും നിങ്ങളുമായി എന്താ എടപാട് ?”

 

എന്ത് എടപാട്, ഞാൻ പറഞ്ഞല്ലോ എനിക്കയാളെ നേരിട്ട് പരിചയമില്ല. അമ്മ പറഞ്ഞതനുസരിച്ച് അയാളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ഞാൻ ട്രാൻസ്ഫർ ചെയ്തുകൊടുത്തിട്ടുണ്ട്, നാലഞ്ച് ദിവസം മുൻപ്

 

എന്തിന് വേണ്ടിയായിരുന്നു പണം കൊടുത്തത് ?”

 

ഞാൻ പറഞ്ഞല്ലോ ഓഫീസർ.. അമ്മ പറഞ്ഞിട്ടാണെന്ന്. അമ്മയ്ക്ക് കുറേ സഹായമനസ്കത കൂടുതലാണ്. പ്രത്യേകിച്ചും തൻറെ പൂർവ്വ വിദ്യാർത്ഥികളോട്. ഒരോരുത്തർ അസുഖത്തിൻറേയും പ്രാരാബ്ധങ്ങളുടെയും കഥ പറഞ്ഞ് വരുമ്പോൾ ഒട്ടും പിശുക്കാതെ അമ്മ സഹായിക്കാറുണ്ട്.  അമ്മയുടെ പെൻഷൻ കാശും അച്ഛൻ സമ്പാദിച്ചതുമൊക്കെയായി ബാങ്കിലുള്ള കാശ് ഞാനെടുക്കാറില്ല. അതൊക്കെ അമ്മയാണ് കൈകാര്യം ചെയ്യുന്നത്. ജോബിൻ എന്ന പയ്യൻ  അമ്മയോട് കടമായാണ് കാശ് ചോദിച്ചത്. അമ്മയുടെ ഫേവറിറ്റ് ശിഷ്യൻമാരിലൊരാളായിരുന്നു ഈ ജോബിൻ. അതുകൊണ്ട് അമ്മ പണം കൊടുക്കാമെന്ന് സമ്മതിച്ചു. സഹോദരിയുടെ എന്തോ ചികിത്സയ്ക്കായാണ് പണമെന്നാ പറഞ്ഞത്. പക്ഷേ അത് കൊടുക്കും മുൻപാ അമ്മയ്ക്കീ അപകടം പറ്റിയത്. പക്ഷേ ബോധം വന്ന് എന്നോട് സംസാരിച്ച് തുടങ്ങിയപ്പോൾ അമ്മ അക്കാര്യം പറഞ്ഞിരുന്നു. അക്കൗണ്ട് നമ്പർ അമ്മ ഡയറിയിൽ എഴുതിയിട്ടിട്ടുണ്ടായിരുന്നു. അമ്മയുടെ ഫോൺ മോഷ്ടാവ് കൊണ്ടുപോയിരുന്നതിനാൽ അമ്മയുടെ അക്കൗണ്ടിൽ നിന്ന് കാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റിയില്ല. നെറ്റ് ബാങ്കിംഗ് പാസ് വേർഡ് ഒക്കെ അതിലായിരുന്നു, ഇത് അത്യാവശ്യമാണെന്ന് അമ്മ പറഞ്ഞത് കൊണ്ട് ഞാനെൻറെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

 

സാംസണിൻറെ വളരെ വിശദമായ മറുപടി കേട്ട് എസ് ഐ വെണു ചിരിച്ചു.

 

വിശദം, വ്യക്തം അല്ലേ മിസ്റ്റർ സാംസൺ, എൻറെ ചോദ്യത്തിന് താങ്കൾ കൃത്യമായി ഉത്തരം പറഞ്ഞു,  ഒരു നല്ല തിരക്കഥയാണെന്ന് കേൾവിക്കാരന് തോന്നാത്ത വിധം മനോഹരമായി

 

എസ് ഐ പറഞ്ഞത് സാംസണിനെ ചൊടിപ്പിച്ചു.

 

സാറേ ഇതൊരു അസുഖമാ സാറേ... നിങ്ങൾ ആഗ്രഹിക്കുന്ന മറുപടി കിട്ടാതെ വരുമ്പോൾ തോന്നുന്ന ഒരു തരം ചൊറിച്ചിൽ.. പ്രത്യേകിച്ച് മരുന്നില്ലാത്ത അസുഖമാണ്. ഇയാളെ വിശ്വസിപ്പിക്കേണ്ട ബാധ്യതയൊന്നും എനിക്കില്ല. എനിക്ക് ധൃതിയുണ്ട് കൂടുതലെന്തേലും ചോദിക്കാനുണ്ടേൽ പിന്നെ വാ. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് അങ്ങ് കസ്റ്റഡിയിലെടുത്ത് ചോദിക്ക്. നിങ്ങൾ സാധാരണ ആൾക്കാരെ വിരട്ടാറില്ലേ, അങ്ങ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദിച്ചാൽ ഇതിൻറെ രൂപവും ഭാവവും മാറുമെന്ന്. എന്നാൽ പിന്നെ അങ്ങനെ ചോദിച്ച് നോക്കു. ചുമ്മാ പോ സാറേ യൂണിഫോമിൻറെ വിലകളയാൻ നിൽക്കാതെ,

 

സാംസണിൻറെ അത്രയും പുഛം കലർന്ന വർത്തമാനം കേട്ടിട്ടും വേണു പ്രകോപിതനായില്ല. അയാൾ വളരെ കൂളായി ഇരിക്കുകയായിരുന്നു.

 

മിസ്റ്റർ സാംസൺ കഴുകൻ രവിയെ കൊല്ലാൻ ശ്രമിച്ചത് ഈ പറഞ്ഞ ജോബിനും ശരത്തും ചേർന്നാണ്. ദേ ആർ ദ പ്രൈം സസ്പെക്ട്സ്. നിങ്ങളുടെ കാശ് കിട്ടിയ ദിവസം അവർ ഞങ്ങടെ കണ്ണ് വെട്ടിച്ച് നാടു വിട്ടതാണ്. റെയിൽവേ സ്റ്റേഷനിലെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അവർ മുബൈക്കുള്ള ട്രെയിനിൽ കയറിപ്പോയതായി മനസിലായിട്ടുണ്ട്.  ഇപ്പോ എന്ത് പറയുന്നു മിസ്റ്റർ സാംസൺ?”

 

സാംസൺ ഒന്ന് ഞെട്ടും എന്ന് ഉറപ്പിച്ചാണ് വേണു അത് പറഞ്ഞത്. പക്ഷേ അതുണ്ടായില്ല. റെയിൽവേ സ്റ്റേഷനിലെ സി സി റ്റി വിയുടെ കാര്യം സാംസണിനെ അളക്കാനായി എസ് ഐ പറഞ്ഞ കള്ളത്തരമാണെന്ന് എ എസ് ഐ അശേകന് അറിയാമായിരുന്നു.

 

സാറേ മുൻപ് സി ഐ സാറിനോട് പറഞ്ഞത് ഞാനാവർത്തിക്കാം. എൻറെ അമ്മയെ കൊല്ലാൻ ശ്രമിച്ച, എൻറെ വീട് കൊള്ളയടിച്ച ആ ..... മോനെ ഇപ്പരുവത്തിലാക്കിയത് ആ പിള്ളേരാണേൽ ഉറപ്പായും അവരെ രക്ഷിക്കാൻ വേണ്ടതൊക്കെ ഞാൻ ചെയ്ത് കൊടുക്കും.. അതിൻറെ പേരിൽ ഒരു ചുക്കും നിങ്ങൾക്ക് ചെയ്യാൻ പറ്റുകയുമില്ല. പക്ഷേ സാർ മനസിൽ വിചാരിക്കുന്നത് പോലെ അതിനായൊരു ക്വട്ടേഷൻ സാംസൺ കൊടുത്തിട്ടില്ല. പിന്നെ നിങ്ങൾ കഴുകൻ രവിയെ ആക്രമിച്ചവരെ കണ്ടെത്താൻ കാണിക്കുന്ന ഈ ഉത്സാഹത്തിൻറെ പകുതി അയാൾ നടത്തിയ മോഷണങ്ങൾ അന്വേഷിക്കാൻ കാണിച്ചിരുന്നേൽ എൻറെ അമ്മയെപ്പോലെയുള്ളവർക്കൊരിക്കലും ഈ ഗതി വരില്ലായിരുന്നു. കഷ്ടം...

 

 

മിസ്റ്റർ സാംസണിൻറെ ധാർമ്മികരോഷം എനിക്ക് മനസിലാകും. പക്ഷേ അത് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല. താങ്കൾ പറഞ്ഞല്ലോ, അമ്മ ഡയറിയിൽ എഴുതിവച്ച അക്കൗണ്ട് നമ്പരിലേക്കാണ് പണം ഇട്ടുകൊടുത്തതെന്ന്. ആ ഡയറി എന്നെയൊന്ന് കാണിക്കാമോ ?”

 

ജസ്റ്റ് വെയ്റ്റ്സാംസൺ അകത്തേക്ക് പോയി ഒരു ഡയറിയുമായി തിരികെ വന്നു. അത് വേണുവിൻറെ കൈയ്യിൽ കൊടുത്തു. വേണു അത് മറിച്ചു നോക്കി. അതിൽ ജോബിൻറെ ഫോൺ നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും എഴുതിവച്ചിട്ടുണ്ടായിരുന്നു. അതിനു മുന്നിലായുള്ള പേജുകളിൽ മറ്റ് പലർക്കും ധനസഹായം നൽകിയതിൻറെ വിവരങ്ങളും ഉണ്ടായിരുന്നു. കൈയ്യക്ഷരം പരിശോധിച്ചതിൽ ജോബിൻറെ നമ്പരും ടീച്ചർ തന്നെയാണെഴുതിയതെന്ന് മനസിലാകുമായിരുന്നു. സാംസൺ പറഞ്ഞതിനെ സാധൂകരിക്കാൻ പര്യാപ്തമായിരുന്നു ആ തെളിവ്. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ വേണു തയ്യാറായില്ലായിരുന്നു.

 

ഇതൊക്കെ ശരിയാണെങ്കിലും ഒരു പ്രശ്നമുണ്ടല്ലോ ? ഈ പറയുന്ന ജോബിന് ഒരു സഹോദരിയില്ല. അയാളും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഏകമകൻ. അപ്പോൾ സഹോദരിയുടെ ചികിത്സയ്ക്കാണ് പണം നൽകിയതെന്ന് പറയുന്നത് അൽകം പ്രശ്നമാണല്ലോ ?”

 

സാറേ, ഈ സഹായം ചോദിച്ചുള്ള തട്ടിക്കലുകളെക്കുറിച്ചുള്ള വാർത്തകൾ ഇഷ്ടം പോലെ നാമ്മൾ പത്രങ്ങളിലും സോഷ്യൽ മീഡിയായിലും കാണാറുള്ളതല്ലേ, ബട്ട് ഇൻ ദിസ് കേസ് അതെൻറെ തലവേദനയല്ല. നിങ്ങൾ അന്വേഷിച്ച് കണ്ട് പിടിക്കു. കൊടുത്ത കാശിൻറെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് അമ്മ ആരോടും വാങ്ങിക്കാറില്ല.

 

അത്രയും പറഞ്ഞ് അയാൾ എണീറ്റു.

 

അപ്പോ സാറേ നിങ്ങളിറങ്ങുവല്ലേ, ഞാനിറങ്ങുവാ ഡോക്ടർ റൗണ്ട്സിനു വരും മുൻപ് ഹോസ്പിറ്റലിൽ എത്തണം. ഇനി എന്തേലും ചോദിക്കാനുണ്ടേൽ അതിനുള്ള പേപ്പറുമായി വാ. ഞാൻ വന്നേക്കാം.

 

എസ് ഐ വേണുവിൻറെ കയ്യിൽ നിന്നും ഡയറി തിരികെ വാങ്ങി അകത്തേക്ക് വച്ച ശേഷം കാറിൻറെ താക്കോലുമായി സാംസൺ ഇറങ്ങി. ഒപ്പം പോലിസുകാരും.

അതേ സമയം ആശുപത്രിക്കിടക്കയിൽ കഴുകൻ രവി ചെറുമയക്കത്തിന് ശേഷം ഉണർന്നു. തൻറെ അരികിലിരിക്കുന്ന രാജേഷ് വർഗ്ഗീസിനെ കണ്ട് അയാൾ ചെറുതായി ഒന്ന് അമ്പരന്നിരുന്നു. അയാളെ ആദ്യമായാണ് കഴുകൻ യൂണിഫോമില്ലാതെ കാണുന്നത്.

 

നമ്മൾ മുൻപ് ഒരു കാട്ടരുവിയുടെ അരികിൽ വച്ചൊന്ന് മിസ്സായിപ്പോയതല്ലേ. എനിക്കറിയാം ആ ദിവസത്തിന് കഴുകൻ രവിയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന്. നിൻറെ ഹൃദയമിടിപ്പിനെ പോലും താളം തെറ്റിക്കാൻ കഴിവുള്ളതെന്തോ സംഭവിച്ച ദിവസം.... അത് നിൻറെ വായിൽ നിന്ന് എനിക്ക് കേൾക്കണം

 

പക്ഷേ കഴുകൻ ഒന്നും പറയാതെ ഡ്രിപ്പ് സ്റ്റാൻറിലെ മരുന്ന് ബോട്ടിലിലേക്ക് നോക്കി കിടക്കുകയായിരുന്നു.

 

രവീ നീയത് പറഞ്ഞാൽ പദ്മിനി ഇപ്പോൾ എവിടെയുണ്ടെന്ന് ഞാൻ പറയാം......

 

PART 14

 

അത് കേട്ടപ്പോൾ അതിശയത്തോടെ രാജേഷിനെ നോക്കിയ ശേഷം രവി അൽപമുറക്കെത്തന്നെ ചിരിച്ചു. ആ ചിരിക്ക് ഒരു സ്റ്റോപ്പിടാൻ രവി തന്നെ വല്ലാതെ പാടുപെട്ടു.

 

സാറേ..... നിങ്ങൾ ഈ രവിയെ ഒട്ടും മനസിലാക്കിയിട്ടില്ല. ഞാൻ പറഞ്ഞില്ലേ സാറേ മനക്കരുത്ത് കൊണ്ടാ രവി ഇത്രയും കാലം ജീവിച്ചത്. അത് തകർക്കാൻ ഇത്തരം കള്ളങ്ങൾ കൊണ്ടൊന്നും കഴിയില്ലെന്ന് സാറ് മനസിലാക്കണമായിരുന്നു. സാറേ ഇത് കഴുകനാ, കഴുകൻ രവി”.

 

രവിയെ തൻറെ വഴിയിലേക്ക് കൊണ്ട് വരാൻ വേണ്ടി പറഞ്ഞ കള്ളത്തരം പൊളിഞ്ഞതിലുള്ള ജാള്യത രാജേഷിൻറെ മുഖത്തുണ്ടായിരുന്നു.

 

രാജേഷ് സാറേ ... സാറ് പറഞ്ഞത് ശരിയാ ആ ദിവസം രവിയ്ക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് തന്നെയാണ്. അത് ഞാൻ സാറിനോട് പറയാം....... ജീവിച്ചിരിക്കുന്ന മറ്റൊരാൾക്ക് പോലും അറിയാത്ത ആ സംഭവങ്ങൾ ഒരാളോടെങ്കിലും പറയണമെന്ന് ഞാൻ കരുതിയിരുന്നു. അത് കൊണ്ട് മാത്രം പറയാം. പിന്നെ നിങ്ങൾ പോലീസുകാർ ആ സംഭവത്തെക്കുറിച്ച് പെരും നുണകളാണ് എഴുതിപ്പിടിപ്പിച്ചത്. അതുകൊണ്ട് ഒരു പോലീസുകാരനോട് തന്നെ സത്യം പറയുന്നത് രവിയ്ക്ക് ഒരു സന്തോഷവുമാണ്.

 

ഡോക്ടറുടെ കാല് പിടിച്ചിട്ടാണ് ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് രാജേഷ് അവസരമൊപ്പിച്ചത്. അതിന് ഒരു പ്രയോജനമുണ്ടായിരിക്കുന്നു. കഴുകൻ ഇനി പറയാൻ പോകുന്ന കഥയിൽ എവിടെയോ ഒരു വലിയ ശത്രു മറഞ്ഞിരിപ്പുണ്ടെന്ന് രാജേഷിന് തോന്നിയിരുന്നു. വർഷങ്ങൾക്കിപ്പുറവും പകയോടെ കാത്തിരുന്ന ഒരു ശത്രു.

എനിക്ക് കഴുകൻ രവി എന്ന പേര് വന്നത് എങ്ങനെയാണെന്ന് സാറിനറിയാമോ ?”

 

ഇതുപോലെ ഒരോന്ന് ചെയ്ത് കൂട്ടുന്ന ക്രിമിനലുകൾക്കും കൊള്ളക്കാർക്കുമൊക്കെ ഇങ്ങനെ വട്ടപ്പേര് വീഴാറുള്ളതാണല്ലോ. നിൻറെ അക്രമസ്വഭാവം കാരണം നാട്ടുകാരോ പോലീസോ ഇട്ട പേരായിരിക്കും അത്. അല്ലേ?”

 

അത് കേട്ട രവിയുടെ ചുണ്ടിൽ ഒരു തമാശച്ചിരിയാണുണ്ടായത്.

 

സാറേ രവിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും മനസിലാക്കിയതും എല്ലാം ശരിയല്ല. അത് സാറിന് വഴിയേ മനസിലാകും. അപ്പോ നമുക്ക് കഥ തുടരാം. ശേഷം പിന്നാലെ

 

രവി മുൻപ് പറഞ്ഞ് നിർത്തിയതിൻറെ തുടർച്ച പറഞ്ഞപ്പോൾ രാജേഷ് അത് ചലച്ചിത്രം പോലെ മുന്നിൽ കാണുകയായിരുന്നു.

 

രവി ഒത്തിരി മോഹിച്ചതാണ് പദ്മിനിയെ അവളുടെ ശരീരത്തെ, പക്ഷേ അത് അവൾ നാളെ നാളെ എന്ന് പറഞ്ഞ് രവിയെ കൊതിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആ കാട്ടരുവിയിൽ നനഞ്ഞുകുതിർന്ന അവൾ രവിയെ ക്ഷണിച്ചത് അവൾക്കൊപ്പം ആ വെള്ളത്തിൽ നീരാടുവാൻ മാത്രമായിരുന്നില്ല, തന്നെ പൂർണ്ണമായും രവിയ്ക്ക് സമർപ്പിക്കുവാൻ വേണ്ടിയായിരുന്നു.

 

വെറുതേ വായിനോക്കി നിൽക്കാതെ ഇങ്ങോട്ടിറങ്ങി വാ മനുഷ്യാ. നല്ല പളുങ്ക് പോലെ തെളിഞ്ഞ വെള്ളം. അസ്ഥി വരെ കുത്തിക്കയറുന്ന തണുപ്പും. ഈ ചൂടിൽ ഇങ്ങനെ ഇതിലിറങ്ങിക്കിടക്കുമ്പോ എന്താ സുഖം..... ഇങ്ങോട്ടിറങ്ങി വാ രവീ.... കൂയ്.......

 

അവൾ കൂവി വിളിച്ച് ആ നീരാട്ട് ആസ്വദിക്കുകയായിരുന്നു.  രവി പക്ഷേ വെള്ളത്തിലിറങ്ങാതെ മടിച്ച് നിൽക്കുകയായിരുന്നു. അയാൾ ചുറ്റിനും കണ്ണോടിക്കുകയായിരുന്നു. കാട്ടുമൃഗങ്ങൾ വല്ലതുമുണ്ടോയെന്ന്.

 

പെണ്ണേ നീ ചുമ്മാ കിടന്ന് ബഹളം വയ്ക്കരുത്, ശബ്ദം കേട്ട് വല്ല കരടിയോ ചെന്നായയോ വന്നാൽ പിന്നെ നമ്മൾ രണ്ടാളും മിച്ചം കാണില്ല. പിന്നെ ആ ഒറ്റക്കൊമ്പനേക്കാൾ ഭീകരനായ ഒരൊറ്റയാൻ ഇവിടെയുണ്ട്. ദേ ആനപ്പിണ്ടം കിടക്കുന്നത് കണ്ടോ നീ. അതവൻറെയാ. അവനെങ്ങാനും കണ്ടാൽ വലിച്ച് കീറിയെറിയും. അത് മാത്രമല്ല ഇവിടെ അടുത്തെവിടെയോ ഒരു കടുവയുണ്ട്. മനുഷ്യൻറെ മണം കിട്ടിയാൽ അത് പതുങ്ങിപ്പതുങ്ങി വരും. എന്നിട്ട് പൊന്തക്കാടിന് പിന്നിൽ മറഞ്ഞ് നിൽക്കും. ഇര തനിക്ക് കീഴടക്കാൻ പറ്റും എന്ന് ഉറപ്പാക്കുന്ന നിമിഷം ഒറ്റച്ചാട്ടത്തിന് ചാടിവീണ് കഴുത്തിന് പിന്നിൽ നഖങ്ങളാഴ്ത്തും പിന്നെ വായ് പിളർന്ന് നീണ്ട ദംഷ്ട്രകൾ കഴുത്തിലാഴ്ത്തും. അതോടെ ഠിം

 

രവി സത്യത്തിൽ പദ്മിനിയെ ഭയപ്പെടുത്താനായിട്ടായിരുന്നു പറഞ്ഞത്. കാരണം ആ സ്ഥലത്ത് രവി മുൻപ് പലവട്ടം വന്നിട്ടുള്ളതാണ്. കഞ്ചാവ് തോട്ടത്തിൽ കാവൽ കിടക്കുമ്പോ മ്ലാവിനെ വേട്ടയാടാൻ ഇതുവഴി പോകാറുള്ളതാണ്. ഇവിടെയെങ്ങും അപകടാരികളായ മൃഗങ്ങളെ ഒന്നും കണ്ടിട്ടില്ലായിരുന്നു. ആ ധൈര്യത്തിൽ തന്നെയാണ് മിനിയെ അവിടെ ഇറങ്ങാൻ അനുവദിച്ചതും.

 

പിന്നേ ഒറ്റക്കൊമ്പനെ വെടിവച്ചിട്ട ആണൊരുത്തൻ കൂടെയുള്ളപ്പോൾ ഞാനെന്തിന് ഭയക്കണം, ഇനി അഥവാ വല്ല നരിയോ കരടിയോ ആനയോ വന്നാൽ അതിനെയും വെടിവച്ചിട്ടേക്ക്.  കടുവയോ പുലിയോ ആണേൽ അതിൻറെ തോലെടുത്ത് എനിക്ക് ഉടുക്കാൻ തന്നാൽ മതി. രവിയുടെ പെണ്ണ് ഒട്ടും മോശമാകാൻ പാടില്ലല്ലോ

 

കാട്ടരുവിയിലെ വെള്ളം രവിയുടെ മേലേക്ക് തെറിപ്പിച്ച് പദ്മിനി കൊച്ചുകുട്ടികളെപ്പോലെ കുലുങ്ങിച്ചിരിച്ചു.

 

ഈ പെണ്ണിൻറെയൊരു കാര്യം

ദേ രവീ എൻറെ ഉടുപ്പോക്കെ ആകെ നനഞ്ഞു. ഇതും ഉടുത്തോണ്ടെങ്ങനെ തിരികെ പോകും.?”

ഞാൻ പറഞ്ഞിട്ടല്ലല്ലോ നീ വെള്ളത്തിൽ ഇറങ്ങിയത്, സ്വന്തം ഇഷ്ടപ്രകാരം ചാടിയിറങ്ങിയതല്ലേ. അനുഭവിച്ചോ.

 

ദുഷ്ടൻ. രവിയങ്ങോട്ടൊന്ന് തിരിഞ്ഞ് നിന്നേ, ഒന്ന് തിരിഞ്ഞ് നിൽക്ക് മനുഷ്യാ...

 

രവി അൽപനേരം തിരിഞ്ഞ് നിന്നു.

 

മതി പ്രകൃതി ഭംഗി ആസ്വദിച്ചത്,  ഇനി ഇങ്ങോട്ട് നോക്കിക്കോ

 

രവി തിരിഞ്ഞ് നോക്കുമ്പോൾ അവൾ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. ഉയർത്തിപ്പിടിച്ചിരുന്ന അവളുടെ വലം കൈയ്യിൽ അവൾ ഉടുത്തിരുന്ന വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. അവളത് ചുരുട്ടി കരയിലേക്കെറിഞ്ഞു. രണ്ട് കൈകളും നെഞ്ചിന് മുന്നിലേക്ക് ക്രോസായി വച്ച് വെള്ളത്തിൽ കഴുത്ത് വരെ മുങ്ങി നിന്നു.

 

വായി നോക്കി നിൽക്കാതെ ആ തുണി പിഴിഞ്ഞ് ആ പുല്ലിന്മേൽ വിരിക്ക് മനുഷ്യാ... എന്നിട്ട് ..... എന്നിട്ട് ഇറങ്ങി വാ......

ആ ക്ഷണം നിരസിക്കാൻ രവിയ്ക്ക് ആകുമായിരുന്നില്ല. രവി തുണി വിരിച്ചിട്ട് വെള്ളത്തിലേക്കിറങ്ങി. പിന്നെയുള്ള നിമിഷങ്ങൾ അവർ രണ്ടും മറ്റേതോ ലോകത്തിലായിരുന്നു. പ്രണയവും രതിയും ഇഴപിരിച്ചെടുക്കാനാവാത്ത വിധം ഒന്നായപ്പോൾ അവർ സ്വയം മറന്ന നിമിഷങ്ങൾ. വിശക്കുന്നു എന്നവൾ പറഞ്ഞപ്പോൾ രവി കരയിലേക്ക് കയറി തൊട്ടടുത്ത് കണ്ട മരത്തിലെ പേരറിയാത്ത കാട്ടുപഴം പറിച്ച് അവൾക്ക് നൽകി. രവി അതു കൊണ്ട് വരുന്നതും കാത്ത് അവൾ കരയിൽ കയറി ഒരു കല്ലിൻമേൽ കാല് വെള്ളത്തിലിട്ട് ഇരിക്കുകയായിരുന്നു. രവി പഴം അവൾക്ക് കൊണ്ട് കൊടുത്തപ്പോൾ അവളത് ആർത്തിയോടെ കഴിച്ചു. അത് നോക്കിക്കൊണ്ട് രവി വെള്ളത്തിലിറങ്ങിക്കിടന്നു.

 

ഇപ്പോൾ നമ്മൾ ശരിക്കും ആദവും ഹൗവ്വയും പോലെയായി അല്ലേ മിനീ..... അവളപ്പോഴാണ് താൻ നഗ്നയാണെന്നും കരയിലാണിരിക്കുന്നതെന്നും ഒർത്തത്. അവൾക്ക് നാണം വന്നു. അപ്പോഴവളുടെ കവിളുകളിൽ തെളിഞ്ഞ നുണക്കുഴി അവളെ കൂടുതൽ സുന്ദരിക്കായിക്കി. ആ സമയത്താണ് അരുവിയുടെ അപ്പുറത്തെ പൊന്തക്കാട്ടിൽ എന്തോ ശബ്ദം കേട്ടത്. അവൾ ഭയന്ന് പോയി. അത് മനസിലാക്കിയ രവി വേഗം കരയിലേക്ക് ചാടിക്കയറി.

 

രവീ.. ദേ ആ പൊന്തക്കാടിന് പിന്നിലെന്തോ ഉണ്ട്. രവി പറഞ്ഞപോലെ കടുവയായിരിക്കുമോ? എനിക്ക് പേടിയാകുന്നു.

 

അവളെ തൻറെ ശരീരത്തോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും രവിയുടെ കണ്ണുകൾ ആ അനക്കം കേട്ട ഭാഗത്തെ അരിച്ച് പെറുക്കുകയായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പിന്നിലേക്ക് നടന്നു. തറയിൽ ഉണങ്ങാനിട്ട വസ്ത്രമെടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അതിനോടകം രവി മനസിലാക്കിയിരുന്നു അവിടെയെന്താണെന്നും എന്താണ് ഇനി വേണ്ടതെന്നും. പക്ഷേ ഭയന്ന് വിറയ്ക്കുന്ന പദ്മിനിയെ അവിടെ ഒറ്റയ്ക്കാക്കി ഒന്നിൻറെയും പിന്നാലെ പോകാൻ അപ്പോൾ രവിയ്ക്കാകുമായിരുന്നില്ല. രവി പദ്മിനിയെയും കൊണ്ട് പതിയെ വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു. സൂര്യൻ പടിഞ്ഞാറൻ മാനത്തേക്ക് ചായാൻ തുടങ്ങിയിരുന്നു. പക്ഷേ ചുറ്റിനും മറ്റെന്തോ ഒരു അപകടം അയാൾ മണത്തു. അയാൾ അതെന്താണെന്നറിയാൻ കാതു കൂർപ്പിച്ചു. പക്ഷേ അധികം വൈകാതെ ആ അപകടം അവർക്ക് മുന്നിലേക്കെത്തി. മൂന്ന് ചെന്നായകൾ, അവ കുതിച്ച് ചാടാൻ തയ്യാറായി നിൽക്കുകയായിരുന്നു. പദ്മിനി ഭയന്ന് നിലവിളിച്ച് പോയി. രവി അവളെ തൻറെ പിന്നിലേക്ക് മാറ്റി മറച്ച് നിർത്തി. പതിയെ ജീപ്പിൻറെ ഡോർ തുറന്ന് മുൻസീറ്റിലേക്ക് കയറ്റിയിരുക്കി ഡോറടച്ചു. അപ്പോഴേക്കും ചെന്നായകൾ അൽപം കൂടി അടുത്തേക്ക് വന്നിരുന്നു. രവി മാനത്തേക്ക് നോക്കി ഉച്ചത്തിൽ ചൂളമടിച്ചു. അടുത്ത നിമിഷത്തിൽ തൊട്ടടുത്തുള്ള ചെറിയൊരു പാറക്കൂട്ടത്തിന് മുകളിലേക്ക് രവി ഓടിക്കയറി, ചെന്നായകൾ അയാൾക്ക് പിന്നാലെ കുതിച്ചു. ഒരു ചെന്നായ മുകളിലേക്ക് കുതിക്കാൻ തുടങ്ങിയതും രവി തറയിൽ നിന്നും മിന്നൽ വേഗത്തിൽ ഒരു പാറക്കല്ലെടുത്ത് അതിന് നേരേയെറിഞ്ഞു. തലതകർന്ന് താഴെ വീണ അത് പിടഞ്ഞു. പക്ഷേ മറ്റ് രണ്ട് ചെന്നായകൾ പിന്മാറാതെ രവിയ്ക്ക് ചുറ്റും നടന്നു. കുതിച്ച് ചാടാൻ അവസരത്തിനായി കാത്തു. അടുത്ത നിമിഷം രണ്ട് ചെന്നായകളും രണ്ട് വശത്ത് നിന്നായി ചാടിവീണു. അതിലൊന്നിനെ അയാൾ തോഴിച്ചെറിഞ്ഞെങ്കിലും രണ്ടാമത്തെ ചെന്നായ അയാളുടെ കാലിൽ പിടുത്തമിട്ടു. അത് കണ്ട പദ്മിനി നിലവിളിച്ചപ്പോൾ ദൂരെ തെറിച്ച് വീണ ചെന്നായ നാവ് നുണഞ്ഞുകൊണ്ട് അവളെ നോക്കി. അപകടം മനസിലാക്കിയ രവി കാലിൽ പിടുത്തമിട്ട ചെന്നായയെ വിടുവിക്കാൻ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു. ഒരിക്കൽ കൂടി അയാൾ മാനത്തേക്ക് നോക്കി വിസിലടിച്ചു. അതിനോപ്പം കാലിൽ കടിച്ച് തൂങ്ങിയ ചെന്നായയെ ദൂരേക്ക് കുടഞ്ഞെറിഞ്ഞു. രവിയുടെ കാലിലെ കുറച്ച് മാംസവുമായാണ് അത് വീണുപോയത്. പക്ഷേ അതിനേക്കാൾ വേഗതയിൽ അത് ചാടിയെണീറ്റു. മുഖത്തെ ചോര നാവുകോണ്ട് നക്കിയെടുത്തിട്ട് വീണ്ടും രവിയ്ക്ക് നേരെ പാഞ്ഞടുത്തു. അപ്പോഴേക്കും രവീ പാറക്കൂട്ടത്തിനുമുകളിൽ നിന്നും താഴെ ഇറങ്ങിയിരുന്നു. ചെന്നായ രവിയ്ക്ക് നേരെ പാഞ്ഞടുത്തു. അതേ സമയത്ത് തന്നെ രണ്ടാമത്തെ ചെന്നായ ജീപ്പിലിരുന്ന പദ്മിനിക്ക് നേരെ പാഞ്ഞടുത്തു.

 

പെട്ടാന്നാണ് മുകളിൽ വല്ലാത്തൊരു ഒച്ച കേട്ടത്. ചെന്നായകളും പദ്മിനിയും ഒരേ പോലെ മേൽപ്പോട്ട് നോക്കി. കടകട ശബ്ദത്തോടെ ചിറകടിച്ച് ഒരു വലിയ കഴുകൻ പറന്ന് വന്നു ജീപ്പിൻറെ ബോണറ്റിലിരുന്നു. കൂർത്ത് വളഞ്ഞ കൊക്കും ബലമേറിയ കനത്ത കാലുകളും നീണ്ട് കൂർത്ത കാൽ നഖങ്ങളും അതിന് ആരു കണ്ടാലും ഭയപ്പെടുത്തുന്ന രൂപം സമ്മാനിച്ചിരുന്നു. അത് രവിയുടെ ജീപ്പിൻറെ ബോണറ്റിൽ ചിറക് വിരിച്ചിരുന്നു.

 

തുടരും....

 

രഞ്ജിത് വെള്ളിമൺ

PART 15

 

ഒരു നിമിഷം ശ്രദ്ധമാറിപ്പോയ ചെന്നായ രവിയ്ക്ക് നേരെ പാഞ്ഞടുത്തു. പക്ഷേ രണ്ടാമത്തെ ചെന്നായ ആ വലിയ കഴുകന് മുന്നിൽ പരുങ്ങുകയായിരുന്നു.  ആ കഴുകനെക്കൂടി കണ്ടതോടെ പദ്മിനി ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. ചെന്നായകളും കഴുകനും ചേർന്ന് ഇന്ന് തങ്ങളെ അവസാനിപ്പിക്കാൻ പോകുന്നതോർത്ത് അവൾ കിടുകിടാ വിറയ്ക്കാൻ തുടങ്ങി.

 

തനിയ്ക്ക് നേരെ പാഞ്ഞ് വന്ന ചെന്നായയെ കയ്യിൽ കിട്ടിയ കൂർത്ത കമ്പുമായി രവി നേരിട്ടു. അൽപനേരത്തിനുള്ളിൽ രവി അതിൻറെ മുൻകാലുകളിൽ തൂക്കിയെടുത്ത് പാറക്കല്ലിൽ അടിച്ചു. ഒരു ഞെരക്കം പോലുമില്ലാതെ അത് പ്രാണൻ വെടിഞ്ഞു. അതേ സമയം രണ്ടാമത്തെ ചെന്നായയെ താഴേക്കിറങ്ങിച്ചെന്ന് കഴുകൻ തൻറെ ബലിഷ്ടമായ കാലുകളും ചുണ്ടും കൊണ്ട് നേരിട്ടപ്പോൾ അൽപം പോലും പിടിച്ച് നിൽക്കാനാവാതെ അത് ഓടിമറഞ്ഞു.

 

രവി മുടന്തി മുടന്തി ജീപ്പിനു മുന്നിൽ വന്ന് ബോണറ്റിൽ ചാരി നിന്നു. കഴുകൻ വീണ്ടും പറന്ന് ബോണറ്റിൽ കയറി രവിയ്ക്ക് സമീപത്തായി ചിറക് വിടർത്തി നിന്നു. പദ്മിനി അവിശ്വസിനീയതയോടെ അത് കണ്ട് ഇരിക്കുകയായിരുന്നു.

 

മിനീ നീയെന്താ പേടിച്ചു പോയോ, മുൻപ് വല്ല്യ വാചകമടിയായിരുന്നല്ലോ. ഇതിപ്പോ രണ്ട് ചെന്നായയെ കണ്ടപ്പോൾ തന്നെ ഇത്ര പേടിച്ചെങ്കിൽ വന്നത് കടുവയോ ആനയോ ആയിരുന്നെങ്കിലോ ? പെണ്ണേ പേടിക്കണ്ടാ ഇറങ്ങി വാ....

 

പക്ഷേ ആ കഴുകനെ ഭയത്തോടെ നോക്കിക്കൊണ്ട് അവൾ ഉള്ളിൽ തന്നെ ഇരിക്കുകയായിരുന്നു. അത് രവിയ്ക് മനസിലായി

 

ഇവനെ നീ പേടിക്കേണ്ട.. ഇത് നിന്നെപ്പോലുള്ളൊരു സുന്ദരിപ്പെണ്ണിനെ ഒന്നും ചെയ്യില്ല. ഇവൻ എൻറെയാളാണ്. നീ ഇറങ്ങി വാ

 

ഭയത്തോടെയാണെങ്കിലും പദ്മിനി പതിയെ ഇറങ്ങി വന്നു. രവിയപ്പോൾ ആ കഴുകൻറെ തലയിൽ മൃദവായി തലോടുകയായിരുന്നു.

 

മിനീ ഇവനെ ഞാൻ വളർത്തിയതാ. കാട്ടിനുള്ളിൽ പേമാരിയിൽ കടപുഴകി വീണ മരത്തിലെ കൂട്ടിൽ നിന്നുമാ ഇവനെ എനിക്ക് കിട്ടയത്. കണ്ണുപോലും തുറക്കാത്ത കുഞ്ഞിക്കഴുകനെ. നമ്മൾ മനുഷ്യരെപ്പോലൊന്നുമല്ല പെണ്ണേ. നല്ല സ്നേഹമാണ് ഈ പക്ഷികൾക്കും മൃഗങ്ങൾക്കും, ഒരിക്കലും സ്നേഹിക്കുന്നവരെ ചതിക്കില്ല.  നീ അടുത്തേക്ക് വാ

 

രവി വിളിച്ചപ്പോൾ മിനി അരികിലേക്ക് ചെന്നു. രവി അവളുടെ കൈ പിടിച്ച് അതിൻറെ തലയിൽ വച്ചു. പതുപതുത്ത ആ തലയിൽ അവൾ തഴുകിയപ്പോൾ ഒരു പ്രാവിൻകുഞ്ഞിനെപ്പോലെ അത് പമ്മിയിരുന്നു. എന്നാൽ അൽപനേരം കഴിഞ്ഞപ്പോൾ ഉള്ളിൽ തോന്നിയ ഭയം കാരണം പദ്മിനി കൈ പിൻവലിച്ചു. പക്ഷേ അപ്പോൾ കഴുകൻ വല്ലാത്തൊരു ഒച്ചയുണ്ടാക്കി. അത് മുകളിലേക്ക് ചിറകടിച്ചുയർന്നു. വലിയൊരു മരക്കൊമ്പിൽ കയറിയിരുന്നു പിന്നെയും ഒച്ചയുണ്ടാക്കി. പദ്മിനിയോട് വണ്ടിക്കുള്ളിൽ കയറിയിരിക്കാൻ രവി ആംഗ്യം കാട്ടി. മറിച്ചൊന്നും പറയാതെ പദ്മിനി അതനുസരിച്ചു. രവി ചുറ്റും കണ്ണോടിച്ചു, കാതോർത്തു. അയാൾക്ക് കാര്യങ്ങൾ ഏകദേശം മനസിലായിരുന്നു. പക്ഷേ പദ്മിനിയെ അവിടെ തനിച്ചാക്കി പോകുന്നത് സുരക്ഷിതമല്ലെന്നത് രവിയ്ക്ക് ചെറിയൊരു പ്രശ്നമായിരുന്നു. എന്നാലും രവി അവളോട് ഭയപ്പെടേണ്ട ഉടനെ വരാമെന്ന് പറഞ്ഞ് ഒരു വിസിലടിച്ച ശേഷം ആ കാട്ടരുവി മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോയി. മരത്തിനു മുകളിൽ നിന്നും കഴുകൻ പറന്നിറങ്ങി ജീപ്പിന് മുകളിൽ വന്നിരുന്നു. ജിപ്പൊന്ന് കുലുങ്ങി. പദ്മിനി പേടിച്ച് വണ്ടിക്കുള്ളിൽ തന്നെയിരുന്നു. ഒരു രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ ഒരു ആന ചിന്നം വിളിക്കുന്ന ശബ്ദം കേട്ടു. അതോടെ ഭയം കാരണം തൻറെ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി. പെട്ടെന്ന് രവി പാഞ്ഞു വന്നു ജീപ്പിൽ കയറി. വിസിലടിച്ചുകൊണ്ട് ജിപ്പ് സ്റ്റാർട്ട് ചെയ്തു. ജീപ്പൊരു മുരൾച്ചയോടെ മുന്നോട്ട് കുതിച്ചു. അതേ സമയത്ത് തന്നെ ജീപ്പിന് മുകളിൽ നിന്നും കഴുകൻ പറന്നുയർന്നു.

 

എന്താ പറ്റിയേ, എന്തായിരുന്നു അവിടെ ? “

 

ഭയം കാരണം പദ്മിനിയുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. രവി പക്ഷേ അപ്പോഴത് ശ്രദ്ധിക്കാതെ റിയർവ്യൂ മിററിൽ നോക്കി അൽപം വേഗതയിൽ തന്നെ വണ്ടിയോടിച്ചു.

 

എന്തൊരു ഭ്രാന്ത് പിടിച്ച പോക്കാ രവീ ഇത്. എനിക്ക് പേടിയാകുന്നു. ഒന്നു പതിയെ പോകൂ.

 

പെണ്ണേ.... പിറകേ വരുന്നത് വീരപാണ്ഡ്യനാണ്. ഇവിടെ നിന്ന് തത്തിക്കളിച്ചാലേ ഒന്നും മിച്ചം കാണില്ല. ഞാനും പെണ്ണും പിന്നെയീ വണ്ടിയും.

 

അതാരാ വീരപാണ്ഡ്യൻ ? വല്ല വേട്ടക്കാരനുമാണോ ? വീരപ്പനെപ്പോലെ

 

വീരപ്പനൊക്കെയങ്ങ് സത്യമങ്കലത്തല്ലേ ? ഇത് വീരപാണ്ഡ്യൻ, ഈ കാട്ടിലെ ഒരു ഒരു കൊച്ച് സാമന്ത രാജാവാണ് അവൻ.

 

രവി മറ്റാരെയെങ്കിലും കുറിച്ച് ബഹുമാനത്തോടെ സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു പദ്മിനി കേൾക്കുന്നത്.

 

പെണ്ണേ ഈ  കാട്ടിലെ വീരപാണ്ഡ്യൻ ഒരു കാട്ടുപോത്താണ്. കൈയ്യിൽ കിട്ടിയാൽ ചവിട്ടിത്തേച്ചുകളയും.

 

പദ്മിനി പിന്നിലേക്ക് തിരിഞ്ഞ് നോക്കി, പൊടി പറത്തി പിന്നാലെ വരുന്ന കൂറ്റനായൊരു കാട്ടുപോത്തിനെ കണ്ടതും അവൾ കണ്ണടച്ച് തിരിഞ്ഞിരുന്നു.

 

കുറച്ചുനേരത്തേ പാച്ചിലിന് ശേഷം രവി ജീപ്പിൻറെ വേഗത കുറച്ചു. ഭയത്തോടെയെങ്കിലും മിനി ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അപ്പോൾ പോത്ത് പിന്നിലില്ലായിരുന്നു. ഒരു ദീർഘ നിശ്വാസത്തോടെ പദ്മിനി തിരിഞ്ഞിരുന്നു. പിന്നെയവൾ അയാളോട് പരമാവധി ചേർന്നിരുന്നു. ഗിയറിനു മുകളിൽ രവിയുടെ കൈപ്പത്തിക്ക് മുകളിൽ തൻറെ വലം കൈ ചേർത്ത് വച്ചു. രവീ ജീപ്പ് പതിയെ കാട്ടുവഴിയിലൂടെ ഓടിച്ചു.

 

കഴുകനെയൊക്കെ ഇണക്കിയെടുക്കാൻ പറ്റുമോ?”

 

നിനക്കെന്താ പെണ്ണേ നേരിട്ട് കണ്ടിട്ടും വിശ്വാസമില്ലേ, ഇവനേ കാട്ടിൽ ഞങ്ങളുടെ തോട്ടത്തിലെ അന്തേവാസിയാ. പക്ഷേ വേറെ ആരോടും ഇണങ്ങില്ല, എന്നോട് മാത്രം. ഞാനല്ലാതെ വേറൊരാൾ ഇവനെ തൊടാൻ സമ്മതിക്കില്ല, കൊത്തിപ്പറിച്ചു കളയും. പക്ഷേ നിന്നെയവന് ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു, ഒന്നും ചെയ്യാതെ പാവത്തെപ്പോലെ ഇരുന്ന് തന്നില്ലേ

 

ദുഷ്ടാ അപ്പോ അതെന്നെ ഉപദ്രവിച്ചെങ്കിലോ ?”

 

അവന് മനസിലായെടോ നീയെൻറെ പെണ്ണാണെന്ന്

 

 ഇതുപൊലെ രവി ഇണക്കി വളർത്തുന്ന വേറെയും മൃഗങ്ങളുണ്ടോ ഈ കാട്ടിൽ ?”

 

പിന്നേ ഈ കാട്ടിലെ സിംഹവും പുലിയും കടുവയുമൊക്കെ എൻറെ ചങ്ങാതിമാരല്ലേ.. ഒന്നു പോ പെണ്ണേ, നിൻറെയീ കൊഞ്ഞല് കേട്ടോണ്ടിരുന്നാലെ വണ്ടി വല്ല കൊക്കയിലും കിടക്കും. ബാക്കി കിന്നാരം നമുക്ക് പുതുമലക്കണ്ടത്തെത്തിയിട്ട് പറയാം.

 

രവി ഗൗരവം നടിച്ച് വണ്ടി ഓടിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു വശത്ത് അഗാധമായ കൊക്കയാണ്. ചാറ്റൽ മഴ പെയ്യാനും തുടങ്ങിയിരുന്നു. പദ്മിനി ആലോചനിയാലായിരുന്നു. മനസിലാക്കിയതിനും അപ്പുറത്തെന്തൊക്കെയോ ആണ് രവിയെന്ന് പദ്മിനിക്ക് മനസിലായി. ഇയാൾ എവിടുന്ന് വന്നതാണെന്ന് പുതുമലക്കണ്ടത്തുള്ള ആർക്കും അറിയില്ല. അയാൾക്ക് ആരെങ്കിലും സ്വന്തക്കാരോ ബന്ധുക്കളോ എവിടെയെങ്കിലും ഉണ്ടോയെന്നും ആർക്കും അറിയില്ല. പലതവണ അത് ചോദിച്ചപ്പോഴൊക്കെ ഒന്നും പറയാതെ ഒഴിഞ്ഞ് മാറി.

 

എന്താ പെണ്ണേ മിണ്ടാതിരുന്ന് ആലോചിച്ച് കൂട്ടുന്നത് ? ഞാൻ വല്ല കാട്ടുമനുഷ്യനും ആണെന്നാണോ, ഈ ടാർസൻ എന്നൊക്കെ പറയും പോലെ ?”

 

മിണ്ടാതിരുന്നപ്പോഴുള്ള ആ നിശബ്ദത അയാളെ വല്ലാതെ ബോറടിപ്പിച്ചിരുന്നു. അവൾ കളിയായി ചിരിച്ചു.

 

എനിക്കിപ്പോ അങ്ങനെയൊരു സംശയമില്ലാതില്ല. ഞാനാലോചിച്ചതും അത് തന്നെയാ. എവിടുന്നു വന്നുവെന്ന് ചോദിച്ചാൽ മൗനം, സ്വന്തക്കാരെക്കുറിച്ച് ചോദിച്ചാൽ മൗനം. മൗഗ്ലി എന്നൊരു കുട്ടിച്ചെറുക്കൻറെ കഥ ഞാൻ കേട്ടിട്ടുണ്ട്. ചെന്നായകൾ വളർത്തിയ ചെക്കൻ, കരിമ്പലിയും കടുവയും പെരുമ്പാമ്പുമൊക്കെ അവൻറെ ചങ്ങാതിമാരായിരുന്നു. ഇതും അതുപോലെ ഏതോ കാട്ടുജീവി വളർത്തിയ കുഞ്ഞാ. കഴുകനൊക്കെയല്ലേ കൂട്ടുകാർ, അതോ ഇനി ഇത് വല്ല കഴുകൻറെയും കുഞ്ഞാണോ. കഴുകൻ രവി

 

പദ്മിനി രവിയുടെ കൈയ്യിലെ മസിലിൽ നോവിച്ച് നുള്ളിക്കൊണ്ടാണ് കഴുകൻ രവി എന്ന് വിളിച്ചത്.

 

എടീ പെണ്ണേ ഞാൻ കഴുകനാണേൽ വല്ല്യ താമസമില്ലാതെ നിൻറെ ഈ വയറ്റിനുള്ളിൽ ഒരു കഴുകൻ കുഞ്ഞായിരിക്കും ജീവൻ വച്ചു വരുന്നത്.

 

രവി അത് പറഞ്ഞ് കൊണ്ട് പൊട്ടിച്ചിരിച്ചു.

 

അയ്യടാ ഒരു പൂതി കേട്ടില്ലേ ? ദേ നാളെത്തന്നെ അച്ഛനെക്കണ്ട് എന്നെ മംഗലം കഴിക്കുന്ന കാര്യം പറഞ്ഞേക്കണം. അച്ഛൻ പൂർണ്ണമനസ്സോടെ ഒന്നും സമ്മതിക്കില്ല. രവിയെ പേടിയായത് കൊണ്ട് അച്ഛൻ മറുത്തൊന്നും പറയില്ല. പിടിച്ച പിടിയാലെ അങ്ങ് സമ്മതിപ്പിക്കണം. അടുത്തമാസം പുതുമലക്കണ്ടം പള്ളിയിലെ പെരുന്നാളാണ്, അതിന് മുൻപ് ദേ ഈ കഴുത്തിലൊരു മിന്നുവേണം. തന്തയില്ലാത്തൊരു കുഞ്ഞിനെ പദ്മിനി ചുമക്കില്ല.

 

പറഞ്ഞ് തുടങ്ങിയത് കളിയായിട്ടാണേലും അവസാനിപ്പിച്ചപ്പോൾ അവളുടെ മുഖത്തിന് വല്ലാത്ത ഗൗരവഭാവം കൈവന്നിരുന്നു. അവളുടെ കൺകോണുകളിലൂടെ മിഴിനീർത്തുള്ളികൾ തുളുമ്പാൻ തയ്യാറായി നിൽക്കുന്നത് മിററിലൂടെ രവി കണ്ടു.

 

നീ പറഞ്ഞില്ലേ രവിയെക്കുറിച്ച് ഇവിടെ ആർക്കും ഒന്നുമറിയില്ലെന്ന്. നീ പറഞ്ഞപോലെ നിൻറെ അച്ഛനോട് ഞാൻ സംസാരിക്കാം, നാളെത്തന്നെ. പെരുന്നാളിന് മുൻപ് തന്നെ കല്ല്യാണവും നടത്താം. രവിയുടെ താലി നിൻറെ കഴുത്തിൽ വീഴും മുൻപ് നീ അറിയും രവിയുടെ എല്ലാക്കാര്യങ്ങളും. അത് ഞാൻ തരുന്ന ഉറപ്പാണ്.

 

കുറച്ച് നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.  വണ്ടി ഒരു വളവ് തിരിഞ്ഞപ്പോൾ മുന്നിൽ ആനകളെ കണ്ട് രവി വണ്ടി നിർത്തി. വണ്ടി പെട്ടെന്ന് നിന്നപ്പോഴാണ് മിനി അൽപം മുന്നിലെ കാട്ടാനകളെ കണ്ടത്. അവൾ ഭയന്ന് പോയി. രവി തൻറെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് മിണ്ടരുതെന്ന് ആഗ്യം കാട്ടി. അൽപനേരം കഴിഞ്ഞപ്പോൾ ആനകൾ ഒരു വശത്തേക്കിറങ്ങിപ്പോയി. അവ അൽപം അകലേക്ക് പോയി എന്നുറപ്പായപ്പോൾ രവി വണ്ടി സ്റ്റാർട്ട് ചെയ്തു.

 

ഞാൻ വല്ലാതെ ഭയന്ന് പോയി. അത്ര ആനകളാ. കൂട്ടത്തിലെ ആ വലിയ കൊമ്പുള്ള ആന. ഹൊ, എന്തൊരു വലിയ കൊമ്പാ. അതിലും വലുതായിരുന്നല്ലേ ഒറ്റക്കൊമ്പൻറെ കൊമ്പ്. ഞാൻ കണ്ടിട്ടുണ്ട് ബെഞ്ചമിൻ മുതലാളിയുടെ വീട്ടിൽ. ഒറ്റക്കൊമ്പനെ കൊന്ന രവിയ്ക്ക് ഈ ആനകളെയൊക്കെ പേടിയാണോ?”

 

ഇത് കാടാണ്. അവരുടെ സ്ഥലം. അവർ വിശപ്പടക്കാനല്ലാതെ ആരെയും ആക്രമിക്കാറില്ല. നമ്മൾ മനുഷ്യരെപ്പോല്ല ഒരു മൃഗവും. അവർ സ്വര്യമായി പോകുമ്പോൾ തടസ്സമുണ്ടാക്കാതെ നമ്മൾ മാറിക്കൊടുക്കണം. പിന്നെ ഒറ്റക്കൊമ്പൻ... അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.

 

വണ്ടി ഒരു വളവിലെത്തിയപ്പോൾ നിർത്തി രവി പുറത്തേക്കിറങ്ങി. താഴ്ചയിലേക്ക് നോക്കി കുറച്ച് നേരം രവി മിണ്ടാതെ നിന്നപ്പോൾ പദ്മിനി ഇറങ്ങി അരികത്ത് ചെന്ന് നിന്നു. ചാറ്റൽ മഴയിൽ താഴേക്കിറങ്ങി വന്ന കോടമഞ്ഞ് നിലാവിൽ കാടിൻറെ ഭംഗി വർദ്ധിപ്പിച്ചിരുന്നു. പക്ഷേ തണുപ്പ് അസഹ്യമായ വിധം കൂടിയിരുന്നു. അവൾക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ അവൾ രവിയുടെ കൈയിൽ കൈ കൊരുത്തുപിടിച്ച് ചേർന്നു നിന്നു.

 

എന്താ ആലോചിക്കുന്നേ. എൻറെ ശിക്കാരിയുടെ മനസൊന്നു പതറിയ പോലെ തോന്നുന്നല്ലോ.

 

ശരിയാ പെണ്ണേ, ഇതു വഴി പോകുമ്പോഴൊക്കെ ഇവിടെയെത്തുമ്പോൾ മനസ്സൊന്ന് പിടിവിട്ട് പോകും. ആ താഴ്ചയിൽ ഇപ്പോഴും ഒറ്റക്കൊമ്പൻറെ ജഡം കിടക്കുന്ന പോലെ തോന്നും. അവനും എന്നെപ്പോലെയായിരുന്നു. ആരെയും കൂസാതെ എല്ലാവരേയും വെല്ലുവിളിച്ച് നടന്നവൻ. കാട്ടിൽ പലപ്പോഴും അവൻറെ സാമീപ്യം അറിഞ്ഞിടത്തൊക്കെ അവനെ പ്രകോപിപ്പിക്കാതെ പോയിട്ടേയുള്ളു. പക്ഷേ അന്ന് എൻറെ അശ്രദ്ധയായിരുന്നു. മുന്നിൽ ആനത്താരയായിരുന്നിട്ടും ആ പീറ്ററിനോട് എന്തൊക്കെയോ പറഞ്ഞ് വണ്ടി ഇരമ്പിച്ച് ചെന്നവൻറെ മുന്നിൽ കയറുകയായിരുന്നു. അവന് തോന്നിക്കാണും അവനെ  ഉപദ്രവിക്കാൻ ചെന്നതാണെന്ന്. അന്ന് ഞാൻ വെടി വച്ചില്ലായിരുന്നുവെങ്കിൽ ഒറ്റക്കൊമ്പൻ രവിയെ കൊല്ലുമായിരുന്നു. വേറെ മാർഗ്ഗമില്ലായിരുന്നു. അത് ന്യായീകരിക്കാവുന്ന തെറ്റായിരുന്നു. വെടിയേറ്റ് താഴേക്ക് പാഞ്ഞ് ആ ചെരിവിൽ കൊമ്പ് കുത്തി വീണു പോയ അവൻറെ അഴകായിരുന്ന ആ ഒറ്റക്കൊമ്പ്, അത് മുറിച്ചെടുത്തത് എന്തിനായിരുന്നു. അപ്പോ തോന്നിയ ഒരു ഭ്രാന്ത്, അല്ലാതെന്താ. ഇപ്പോ ബെഞ്ചമിൻ മുതലാളിയുടെ വീടിൻറെ പൂമുഖത്ത് ഇരിപ്പുണ്ട് അത്. ഒറ്റക്കൊമ്പൻറെ അഭിമാനവും അഹങ്കാരവുമായിരുന്ന കൊമ്പ്. അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ഒരുപാട് തവണ എനിക്ക് തോന്നിയിട്ടുണ്ട്.

 

ആദ്യമായിരുന്നു രവി അങ്ങനെ പതറിപ്പോകുന്നത് പദ്മിനി കണ്ടത്. പദ്മിനിയെന്നല്ല ആരും അയാളെ അങ്ങനെ ഒരവസ്ഥയിൽ കണ്ടിട്ടില്ല.

 

അത് പോട്ടെ ഒത്തിരിപ്പേരെ കൊന്നിട്ടുള്ളവനല്ലേ ഒറ്റക്കൊമ്പൻ. അവന് ദൈവം നൽകിയ ശക്ഷയാണെന്ന് കരുതാം.

 

ദൈവത്തിൻറെ ശിക്ഷയാണ് അതെങ്കിൽ അതുപോലെയൊരു ശിക്ഷയ്ക്ക് ഞാനും അർഹനല്ലേ ? കൊമ്പായിരുന്നു അവൻറെ കരുത്ത് അതാണ് ഞാനെടുത്തത്. അതുപോലെ ഒരു നാൾ രവിയുടെ കൈയ്യോ കാലോ ആരേലുമെടുത്താൽ അതും ദൈവശിക്ഷയാണെന്ന് പറയുമോ പെണ്ണേ നീ...

 

അതിന് മറുപടിയായി പദ്മിനി രവിയെ തൻറെ നെഞ്ചോട് ചേർത്ത് പിടിച്ചു. അൽപ നേരം കൂടി അവിടെ നിന്നതിന് ശേഷം അവർ വണ്ടിയിൽ പുതുമലക്കണ്ടത്തേക്ക് മടങ്ങി.

 

അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കിയപ്പോൾ തന്നെ അവളുടെ അച്ഛനോട് കല്ല്യാണക്കാര്യം രവി സംസാരിച്ചു. അയാൾക്കെതിർക്കാനാവാത്ത വിധം ആധികാരികമായിട്ടായിരുന്നു രവി ആ വിഷയം അവതരിപ്പിച്ചത്. എന്നാലും തനിക്കൊന്ന് ആലോചിക്കണമെന്നും സ്വന്തം നാട്ടിലേക്കൊന്നു പോയി അവിടെയുള്ള കുടുംബക്ഷേത്രത്തിൽ തൊഴുതു വന്നിട്ട് കല്ല്യാണക്കാര്യം ഉറപ്പിക്കാമെന്ന് പറഞ്ഞതിനെ രവി അംഗീകരിച്ചു.

 

ഒരാഴ്ചയ്ക്കിപ്പുറം ഒരു ദിവസം പുതുമലക്കണ്ടം അങ്ങാടിയിൽ നിൽക്കുമ്പോഴാണ് രവി ആ വാർത്ത കേട്ടത്. പദ്മിനിയുടെ അച്ഛൻ രാഘവൻ വീട്ടിലെ ഉത്തരത്തിൽ തൂങ്ങി മരിച്ചു. അടുത്തനിമിഷം തയ്യൽക്കടയിൽ നിന്നും പദ്മിനിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. ആരൊക്കെയോ സ്ത്രീകൾ അവളെ താങ്ങിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു. രവി വേഗം ജീപ്പ് എടുത്ത് ചെന്നു. പദ്മിനിയും മറ്റ് സ്ത്രീകളും വണ്ടിയിൽ കയറി. അവൾ നിർത്താതെ കരയുകയായിരുന്നു. വീടെത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ആ കരച്ചിൽ അതിൻറെ ഉച്ചസ്ഥായിയിലെത്തി. അവൾ അകത്തേക്ക് പാഞ്ഞുകയറി. പിന്നാലെ രവിയും. ആരോ കയർ അറുത്ത് മൃതദേഹം താഴെയിട്ടിട്ടുണ്ടായിരുന്നു. അവൾ ആ ശരീരത്തിൽ കെട്ടിപ്പിടിച്ച അലമുറയിട്ട് കരഞ്ഞു. അവൾക്ക് ഈ  ഭൂമിയിൽ ആകെയുണ്ടായിരുന്ന രക്തബന്ധം അച്ഛന മാത്രമായിരുന്നു.

 

അവളുടെ കരച്ചൽ കണ്ട് നിൽക്കാനാവാതെ രവി പുറത്തേക്കിറങ്ങി. ബെഞ്ചമിൻ മുതലാളിയും ടോമിച്ചനും മറ്റ് ചിലരും അവിടെയുണ്ടായിരുന്നു. അവർ രാഘവൻറെ കാര്യം സംസാരിക്കുകയായിരുന്നു. രവി അവരുടെ അടുത്തേക്ക് നടന്നു ചെന്നപ്പോൾ ടോമിച്ചൻറെ സംസാരമാണ് കേട്ടത്.

 

എൻറെ വീട്ടിലൊരു പാമ്പിനെ കണ്ട് അമ്മ നിലവിളിച്ചപ്പോൾ അപ്പുറത്തെ വീട്ടിലെ അന്തപ്പൻ ചേട്ടനാണ് ഓടിപ്പോയി രാഘവൻ ചേട്ടനെ വിളിച്ചോണ്ട് വന്നത്. രാഘവൻ ചേട്ടൻ സുഖമില്ലെന്ന് പറഞ്ഞ് ഇന്ന് ജോലിക്ക് പോയില്ലായിരുന്നു. പാമ്പിൻറെ കാര്യം കേട്ടപ്പോൾ ചേട്ടൻ ഓടി വന്നു. എൻറെ മുറിയ്ക്കുള്ളിലായിരുന്നു പാമ്പ്. മുഴുത്തൊരു അണലിയായിരുന്നു. ചേട്ടൻ കുറച്ച് പണിപ്പെട്ടാ അതിനെ പിടിച്ചത്. പിടിച്ച് മുറ്റത്ത് കൊണ്ടു വന്ന് തല്ലിക്കൊന്നു കഴിഞ്ഞപ്പോഴാ സംഗതിയറിഞ്ഞ് ഞാനെത്തിയത്. ഞാൻ കുറച്ച് കാശ് കൊടുത്തിട്ട് അതൊന്നും വാങ്ങാതെ ചേട്ടൻ വേഗം അങ്ങ് പോയി. ഞാൻ സ്റ്റുഡിയോയിലോട്ടും പോന്നു. പിന്നെ കേൾക്കുന്നത് ഈ വാർത്തയാ

 

എന്നാലും എന്തിനായിരിക്കും ഈ രാഘവൻ കയറി തൂങ്ങിയത്. അയാൾക്ക് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ ?”

 

ബെഞ്ചമിൻ മുതലാളി പറഞ്ഞത് തന്നെയായിരുന്നു രവിയും അപ്പോൾ ആലോചിച്ചത്. എന്തിനായിരിക്കും രാഘവൻ ആത്മഹത്യ ചെയ്തത് ?

 

 

PART 16

 

രാഘവൻറെ ശവസംസ്കാരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ടോമിച്ചനും അമ്മയും കണ്ടത് മലർക്കെ തുറന്ന് കിടക്കുന്ന വീടാണ്. കതക് പൊളിച്ച് ഉള്ളിൽ കയറിയ മോഷ്ടാവ് അമ്മയുടെ സ്വർണ്ണവും കുറച്ച് പണവും മോഷ്ടിച്ച് കൊണ്ടു പോയിരുന്നു. ചന്ത കൂടുന്ന ദിവസമായിരുന്നതിനാലും ധാരാളം പേർ തമിഴ്നാട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തിയിട്ടുള്ളതിനാലും ആരാണ് അത് ചെയ്തതെന്ന് കണ്ടെത്തുക അത്രയെളുപ്പമായിരുന്നില്ല. അപ്പോൾ തന്നെ പരിസരക്കാരായ ചിലരെയും കൂട്ടി അങ്ങാടിയിൽ പോയി സംശയം തോന്നിയവരെ ചോദ്യം ചെയ്തെങ്കിലും മോഷാടാവിനെ കണ്ടെത്താനായില്ല.

 

           മൂന്ന് ദിവസങ്ങൾക്ക് ശേഷം കാട്ടിലേക്കുള്ള പതിവ് യാത്രയ്ക്കായി രവിയെ ബെഞ്ചമിൻ വിളിച്ചുവെങ്കിലും രവി ആദ്യമായി ബെഞ്ചമിനോട് അനുസരണക്കേട് കാട്ടി. പദ്മിനി തനിച്ചായിപ്പോകുമെന്ന കാരണത്താലാണ്  രവി വരാതിരുന്നതെന്നറിയാവുന്ന ബെഞ്ചമിൻ കൂടുതൽ നിർബന്ധിച്ചുമില്ല. കാരണം ആ യാത്ര കഴിഞ്ഞ് തിരിച്ചെത്താൻ ചുരുങ്ങിയത് ഒരാഴ്ചയെടുക്കുമായിരുന്നു. അവിടെ കാവൽ കിടക്കുന്നവർക്ക് ഭക്ഷണമുണ്ടാക്കുന്നതിനുള്ള സാമഗ്രികളുമായി മാസത്തിലൊരിക്കൽ ഇങ്ങനെ പോകാറുള്ളതാ. രവി സാധാരണ പോയാൽ അവിടെ കാവൽ കിടക്കുന്നവരെ നാട്ടിലേക്കയച്ചിട്ട്  പിന്നെയുള്ള ഒരു മാസം കാവൽ കിടന്നിട്ടാവും ചിലപ്പോൾ വരുന്നത്. പീറ്ററായിരിക്കും സാധാരണ രവിയ്ക്ക് കൂട്ടായി അവിടെയുണ്ടാവുക. നിലവിലെ സാഹചര്യത്തിൽ ഒരു മാസം പോയിട്ട് ഒരു ദിവസം പോലും പദ്മിനിയെ നാട്ടിൽ തനിച്ചാക്കി രവിയ്ക്ക് പോകാനാവില്ലായിരുന്നു. ബെഞ്ചമിനും പീറ്ററും മാത്രമാണ് ഇത്തവണ കാട്ടിലേക്ക് പോയത്.

 

         രണ്ട് ദിവസങ്ങൾക്ക് ശേഷം പദ്മിനി വീട്ടുസാധനങ്ങൾ വാങ്ങാനായി അങ്ങാടിയിലെത്തി. തനിക്ക് ഒരു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ വീട്ടിലേക്കുള്ള വരവ് രവി ഒഴിവാക്കുകയാണെന്ന് പദ്മിനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ രവിയോട് സംസാരിക്കാൻ ഒരവസരം കൂടി കിട്ടുമെന്നുറപ്പോടെയാണ് പദ്മിനി അങ്ങാടിയിലേക്ക് വന്നത്. അവൾക്ക് തെറ്റിയില്ല സാധനങ്ങൾ വാങ്ങി തിരിയുമ്പോൾ രവി അവിടെ ജീപ്പിനരികിൽ  കാത്ത് നിൽപുണ്ടായിരുന്നു. അൽപനേരം രവിയെ നോക്കി ഒന്നും മിണ്ടാതെ നിന്നു പിന്നെയവളുടെ കൺകോണുകളിൽ തുളുമ്പിയ കണ്ണീർക്കണങ്ങൾ കവിളിലേക്കിറങ്ങി.

 

രവീ....... അച്ഛനെന്തിനാവും ഇങ്ങനെ ചെയ്തത്. എന്നെ ജീവനെക്കാളേറെ സ്നേഹിച്ച അച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. എനിക്കൊന്നും മനസിലാകുന്നുമില്ല.

 

      ഉള്ളിലൊരു സങ്കടക്കടൽ അടക്കിപ്പിടിച്ചാണ് അവൾ സംസാരിക്കുന്നതെന്ന് രവിയ്ക്കറിയാമായിരുന്നു.

 

രാഘവൻ ചേട്ടന് പെണ്ണിനെ ഒരുപാടിഷ്ടമായിരുന്നു, അതെനിക്കറിയാം. എന്നെപ്പോലൊരുത്തനെ സ്വന്തം മകൾ തിരഞ്ഞെടുത്തതിലുള്ള ദെണ്ണം കൊണ്ടാവും ചിലപ്പോ രാഘവൻ ചേട്ടൻ...

 

അത് പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ പദ്മിനി രവിയുടെ ചുണ്ടിൽ തൻറെ ചൂണ്ടുവിരൽ ചേർത്ത് പിടിച്ചു. പക്ഷേ പെട്ടെന്ന് അത് അങ്ങാടിയാണെന്ന തിരിച്ചറിവുണ്ടായ പദ്മിനി സ്വയം കൈ പിൻവലിച്ചു.

 

        അച്ഛന് രവിയോട് വലിയ ദേഷ്യമൊന്നുമില്ലായിരുന്നു. പിന്നെ ചെറിയ ഇഷ്ടക്കേടുകൾ, അതിനൊക്കെ അതിൻറേതായ കാരണങ്ങളും ഉണ്ടായിരുന്നു. പക്ഷേ എൻറെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കാൻ സന്നദ്ധനായിരുന്നു അച്ഛൻ. അതുകൊണ്ട് അതല്ലാതെ മറ്റേതോ കാരണമാണ് ഇതിൻറെ പിന്നിൽ..... പക്ഷേ അതെന്താണെന്ന് പറയാതെ പൊയ്ക്കളഞ്ഞില്ലേ....

 

കാരണം നമുക്ക് കണ്ടെത്താം പെണ്ണേ.... ഇപ്പോ നീ സമാധാനമായി സാധനങ്ങളും കൊണ്ട് വീട്ടിലേക്ക് പോകു.. ഞാൻ കൊണ്ടാക്കണോ ?”

 

അവളതിന് സമ്മതിക്കില്ലെന്ന് അറിയാമെങ്കിലും അത് ചോദിക്കണമെന്ന് രവിയ്ക്ക് തോന്നിയിരുന്നു.

 

കൊണ്ടാക്കണം.... പക്ഷേ ഇപ്പോഴല്ല, അച്ഛൻറെ ചടങ്ങുകളൊക്കെ കഴിഞ്ഞ് ഈ കഴുത്തിലൊരു ചരട് ഭഗവതിക്കാവിൽ വച്ച് കെട്ടിയിട്ട്...... ഒറ്റയ്ക്കെനിക്ക് പറ്റില്ല രവീ..... പണ്ട് അമ്മ പോയപ്പോ കുറേ നാൾ മുറിയിൽ നിന്നിറങ്ങാതെ കരഞ്ഞ് തളർന്ന് കിടന്ന എന്നെപ്പറ്റി എപ്പോഴും അച്ഛൻ പറയാറുണ്ടായിരുന്നു. ഇപ്പോ അച്ഛനും പോയപ്പോൾ വല്ലാത്ത ശൂന്യതയാണ്, എനിക്ക് പേടിയാ രവീ... ഒറ്റയ്ക്കിനി പറ്റില്ല... കേൾക്കുമ്പോ നാട്ടാരൊക്കെ പലതും പറയുമായിരിക്കും അച്ഛൻ ചത്തേൻറെ ശ്രാദ്ധം കഴിയും മുൻപേ മിന്നു കെട്ടിയെന്ന്. എന്നാലും കുഴപ്പമില്ല രവീ.....

 

ജീവിതത്തിൽ പെട്ടെന്നുണ്ടായ ഏകാന്തത അവളെ കുത്തിനോവിക്കുന്നുണ്ടായിരുന്നു. അവളുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതിലെ ഔചിത്യമില്ലായ്മയാണ് രവിയെ അലട്ടിയിരുന്നത്. പക്ഷേ ഇപ്പോൾ പദ്മിനി തന്നെ കല്ല്യാണക്കാര്യം പറഞ്ഞത് രവിയ്ക്ക് വലിയ ആശ്വാസമായിരുന്നു.

 

ഞാൻ ഒപ്പമുണ്ട് പെണ്ണേ.... നീ ഇപ്പോ ചെല്ല്. വീട്ടിൽ ഒറ്റയ്ക്ക് ചടഞ്ഞിരുന്ന് വേറൊന്നും ചിന്തിച്ച്  കാടുകയറണ്ട.... നാളത്തെ ചടങ്ങുകൾ കൂടി കഴിഞ്ഞാൽ കടയിൽ വരണം. ഒറ്റയ്ക്കിരുന്നാൽ സങ്കടങ്ങൾ പെരുകുകയേയുള്ളു

 

നടക്കാനായി തിരിഞ്ഞിട്ട് എന്തോ ഓർത്തിട്ട് അവൾ തിരിഞ്ഞ് നിന്നു.

 

എന്താ പെണ്ണേ..... പോണില്ലേ ?”

 

അല്ല രവീ ... ഒരു കാര്യം പറയാൻ മറന്നു, നാലഞ്ച് ദിവസമായി വൈകുന്നേരങ്ങളിൽ ആ ടോമിച്ചൻറെ അമ്മ കുറച്ച് നേരം വീട്ടിൽ വന്നിരിക്കാറുണ്ട്, എനിക്കതൊരു കൂട്ടാണ്. ഇന്നലെ അവരൊരു കാര്യം പറഞ്ഞു, ടോമിച്ചൻറെ പെണ്ണായി ഞാൻ ചെല്ലാമോന്ന്, അവരുടെ വീട്ടിലേക്ക്.  ടോമിച്ചന് എന്നെ വലിയ ഇഷ്ടമാണെന്നും.

 

അത് കേട്ടതും രവിയുടെ മുഖഭാവം മാറി. അയാൾക്ക് വല്ലാതെ ദേഷ്യം വന്നു.

 

എന്നിട്ട് പെണ്ണെന്ത് പറഞ്ഞു ?”

 

ഈ ഭൂമിയിൽ ദൈവം ഒരോരുത്തർക്കും ഒരോരുത്തരെ പറഞ്ഞ് വച്ചിട്ടുണ്ട്, അവർ തമ്മിലേ ചേരുവെന്ന് പറഞ്ഞു.

 

ടോമിച്ചനെ ഞാനൊന്ന് കാണാനിരുന്നതാ, ഇനിയിപ്പോ വൈകിക്കേണ്ട, ശരിക്കൊന്നു കണ്ട് കളയാം, ആഗ്രഹങ്ങളൊക്കെ തീർത്ത് കൊടുക്കുകയും ചെയ്യാം

 

രവിയെ ആ വിഷയം അങ്ങേയറ്റം ചൊടിപ്പിച്ചുവെന്ന് പദ്മിനിക്ക് മനസിലായി.

 

രവീ ഞാൻ പറഞ്ഞത് കേട്ട് വെറുതേ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്. എൻറെ പേരിൽ രണ്ടാണുങ്ങൾ തമ്മിൽ തല്ലുന്നത് എനിക്ക് പേരുദേഷമുണ്ടാക്കുകയേയുള്ളു. ഞാൻ രവിയുടെ പെണ്ണാണെന്ന് രവിയ്ക്കറിയാമല്ലോ ? അത് മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. അതുകൊണ്ട് കേട്ടത് മനസിൽ വച്ചാൽ മതി. ഇതിൻറെ പേരിൽ ആ ടോമിച്ചനോട് ഒരുപ്രശ്നത്തിന് പോയാൽ പിന്നെ എന്നെ കാണാൻ വരണ്ടാ......

 

പദ്മിനിയുടെ കളിയായി പിണങ്ങി പറഞ്ഞതല്ല അതെന്ന് രവിയ്ക്കറിയാമായിരുന്നു, ആ വിഷയത്തിൽ കൂടുതൽ സംസാരമുണ്ടായാൽ അവൾക്കത് കൂടുതൽ വിഷമമാവുകയേയുള്ളു. അതുകൊണ്ട് തല്ക്കാലം പദ്മിനിയെ വീട്ടിലേക്ക് പറഞ്ഞ് വിടുന്നതാണ് ഉചിതമെന്ന് രവിയ്ക്ക് തോന്നി.

 

ശരീ പെണ്ണേ.... പെണ്ണിന് കേടു വരുന്ന ഒന്നും ഞാൻ ചെയ്യില്ല. സമാധാനമായി വീട്ടിലേക്ക് പൊക്കോ...

 

അൽപമൊന്നു മടിച്ചു നിന്നെങ്കിലും പിന്നെ ഒന്നുരണ്ടു വട്ടം പിന്തിരിഞ്ഞ് നോക്കിക്കൊണ്ട് പദ്മിനി പോയി. അവൾ അങ്ങാടിയുടെ അങ്ങേയറ്റത്ത് മറയുന്നത് വരെ രവി ചുണ്ടിൽ  ചെറിയൊരു പുഞ്ചിരിയോടെ നിന്നു. അവൾ മറഞ്ഞതോടെ രവി ടോമിച്ചൻറെ സ്റ്റുഡിയോയിലേക്ക് നടന്നു. രവിയെ കണ്ടപ്പോൾ അയാളെണീറ്റു. അവിടെ ഭിത്തിയിൽ പദ്മിനിയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു. അങ്ങാടിയിൽ കപ്പകയറ്റി വന്ന കൈവണ്ടിയുടെ പിടിയിൽ കുസൃതിയോടെ പിടിച്ച് വലിക്കുന്ന പദ്മിനിയുടെ ചിത്രം. അവളറിയാതെ എടുത്ത ഫോട്ടോയാണത്. അതു കൂടാതെ പദ്മിനിയുടെ വേറെ ഒന്നുരണ്ട് ഫോട്ടോകളും അവിടെയുണ്ടായിരുന്നു. രവി അവിടെയെല്ലാമൊന്ന് കണ്ണോടിച്ചു.

 

എന്താ രവിയേട്ടാ ? ഫോട്ടോയെടുക്കാൻ വന്നതാണോ ?”

 

ഒരു പടമെടുക്കണം പക്ഷേ അതെപ്പോൾ വേണമെന്ന് തീരുമാനിച്ചിട്ടില്ല. നിൻറെ വീട്ടിൽ കള്ളൻ കയറിയിട്ടെന്തായി. ആരാന്ന് വല്ല പിടിയും കിട്ടിയോ ?”

 

ഇല്ല രവിയേട്ടാ. അന്ന് അങ്ങാടി കൂടുന്ന ദിവസമല്ലാരുന്നോ. പിന്നെ എല്ലാരും അവിടെ മരണവീട്ടിലുമല്ലാരുന്നോ.  വല്ല വരത്തൻമാരുമായിരിക്കും. അമ്മച്ചീടെ സ്വർണ്ണാഭരണങ്ങളും കുറച്ച് വീട്ടുസാധനങ്ങളും പോയി.

 

അത് മാത്രമേ കാണാതായുള്ളോ ? വേറെ വിലപിടിച്ചതൊന്നും കൊണ്ട് പോയില്ലേ ?”

 

രവിയെന്താണിങ്ങനെ പോലീസുകാരെപ്പോലെ ചോദിക്കുന്നതെന്ന് ടോമിച്ചന് മനസിലായില്ല.

 

ഇല്ല ചേട്ടാ, വേറൊന്നു കൊണ്ടുപോയിട്ടില്ല.

 

നമ്മുടെ രാഘവൻ ചേട്ടനെന്തിനായിരിക്കും ആത്മഹത്യ ചെയ്തത് ? അന്ന് നിൻറെ വീട്ടിൽ പാമ്പിനെ പിടിക്കാൻ വന്നപ്പോ പ്രത്യേകിച്ചെന്തെങ്കിലും പറഞ്ഞാരുന്നോ ?”

 

ഇതെന്താ ചേട്ടാ പോലീസുകാരെപ്പോലെ ചോദ്യം ചോദിക്കുന്നത് ? രാഘവൻ ചേട്ടൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഞാനെങ്ങനെ അറിയും ? പിന്നെ അന്ന് ഞാൻ വീട്ടിലെത്തിയപ്പോഴേക്കും ചേട്ടൻ പാമ്പിനെ പിടിച്ച് തല്ലിക്കൊന്ന് കഴിഞ്ഞിരുന്നു. ഞാൻ കാശ് കൊടുക്കുന്ന കാര്യമൊക്കെ പറഞ്ഞതൊന്നും കേൾക്കാതെ പോവുകയും ചെയ്തു. പിന്നെ മനുഷ്യൻറെ കാര്യമല്ലേ ചേട്ടാ, എപ്പോ എങ്ങനെയാ ചിന്തിക്കുകയെന്ന് ആർക്കേലും ഊഹിക്കാൻ പറ്റുമോ ?”

 

ടോമിച്ചൻറെ മറുപടി കേട്ട് അൽപനേരം എന്തോ ചിന്തയിലായിരുന്നു രവി.

 

അത് ശരിയാ ടോമിച്ചാ. ചില മനുഷ്യൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമൊക്കെ മറ്റാർക്കും ഊഹിച്ചെടുക്കാൻ പറ്റില്ല. ചിലരുടെ ഉള്ള് കാണണമെങ്കിൽ ചങ്ക് കീറിത്തന്നെ നോക്കേണ്ടിയും വരും.

 

അതും പറഞ്ഞ് രവി തൻറെ അരയിലിരുന്ന പുതിയൊരു കത്തി കൈയ്യിലെടുത്ത് അതിൻറെ വായ്ത്തല വിരലുകൊണ്ട് തലോടി. എന്നിട്ട് വേറെയൊന്നും പറയാതെ പുറത്തേക്ക് ഇറങ്ങിപ്പോയി. ടോമിച്ചൻ ഒന്ന് ഭയന്നെങ്കിലും അയാൾ പോയപ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. എന്നാൽ പോയ അതേ സ്പീഡിൽ രവി തിരികെ വന്നു. ഭിത്തിയിൽ ഒട്ടിച്ചു വച്ചിരുന്ന പദ്മിനിയുടെ ഫോട്ടോ ഇളക്കിയെടുത്തു.

 

ഇത് കൊള്ളാം അല്ലേ ടോമിച്ചാ... എന്തായാലും എനിക്കിഷ്ടപ്പെട്ടു.. അതുകൊണ്ട് ഇനി ഇതിവിടെയിരിക്കണ്ടാ....

 

പിന്നെ എന്തോ ആലോചിക്കുന്ന പോലെ കത്തിയുടെ വായ്ത്തല കൊണ്ട് താടിയിൽ ചോറിഞ്ഞുകൊണ്ട് അൽപനേരം കൂടി നിന്നു.

 

ടോമിച്ചാ കാട്ടിൽ മൃഗങ്ങളുടെ ഫോട്ടോയെടുക്കാൻ പോകാറുണ്ടോ ?  ഈ ഫോട്ടോയെടുത്തപോലെ മറഞ്ഞിരുന്ന് കാട്ടിലെ ഫോട്ടോ എടുക്കാറുണ്ടോ ? “

 

രവിയേട്ടനെന്താ എന്നെ കളിയാക്കിയതാണോ ?”

 

അപ്പോൾ രവിയുടെ മുഖത്ത് വല്ലാത്തൊരു ദേഷ്യം ടോമിച്ചൻ കണ്ടു.

 

കളിയാക്കിയതല്ല ടോമിച്ചാ,   കാര്യമായിട്ടാ....  നിനക്ക് ഞാനൊരു സമ്മാനം കരുതി വച്ചിട്ടുണ്ട്... ഈ ഫോട്ടോ പിടിത്തത്തിന്.  ഞാൻ അതങ്ങ് തരുന്നുണ്ട് കേട്ടോ. അധികം വൈകാതെ തന്നെ

 

പിന്നെയൊരു മറുപടിക്ക് കാത്ത് നിൽക്കാതെ രവി പുറത്തേക്കിറങ്ങിപ്പോയി.

 

പിറ്റേദിവസം ടോമിച്ചൻറെ സ്റ്റുഡിയോ തുറന്നില്ല. അയാളും അമ്മയും അടിവാരത്തുള്ള ബന്ധുവീട്ടിൽ പോയതാണെന്നാണ് തിരക്കി ചെന്ന ചിലരോട് അയാളുടെ അയൽക്കാർ പറഞ്ഞത്. കാട്ടിൽ പോയ ബെഞ്ചമിനും സംഘവും പതിവിന് വിപരീതമായി അന്ന് രാത്രി തിരിച്ചെത്തി.  അടുത്ത പകൽ അങ്ങാടി കൂടുന്ന ദിവസമായിരുന്നു. അന്ന് ഉച്ചയ്ക്ക് മുന്നേ അമ്മയെ കൂടാതെ ടോമിച്ചൻ തിരികെയെത്തി.

 

ഉച്ച മുതൽ അങ്ങാടിയിൽ അസ്വാഭാവികമായി ചിലരുടെ സാന്നിദ്ധ്യം രവി ശ്രദ്ധിച്ചിരുന്നു. ഒത്തവണ്ണവും ആരോഗ്യവുമുള്ള നാലഞ്ച് തമിഴൻമാർ,  അവരിൽ ചിലരെ രവിയറിയുമായിരുന്നു. കാശ് വാങ്ങി ആളെ തല്ലാനും കൊല്ലാനും നടക്കുന്ന ചട്ടമ്പികൾ. കച്ചവടം ചെയ്യാനും വാങ്ങാനുമല്ലാതെ അവർ അവിടെ വെറുതേ കറങ്ങി നടക്കുകയായിരുന്നു. തൻറെ നീക്കങ്ങൾ നിരീക്ഷിച്ച് അവന്മാർ പിന്നാലെ നടക്കുകയാണെന്ന് രവിയ്ക്ക് ഉറപ്പായിരുന്നു. ബെഞ്ചമിൻ മുതലാളിയുടെ വേഗത്തിലുള്ള മടങ്ങി വരവും ടോമിച്ചൻറെ യാത്രയും ഒക്കെ കൂട്ടിവായിച്ച രവിയ്ക്ക് കാര്യങ്ങൾ ഏറെക്കുറേ മനസിലായിട്ടുണ്ടായിരുന്നു. അതുകൊണ്ട് രവിയും കരുതി തന്നെയായിരുന്നു നിന്നത്.

 

അങ്ങാടിയിലെ ഹോട്ടലിലിരുന്ന് രവി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് എക്സൈസിൻറെ ജീപ്പ് അവിടേക്ക് വന്നത്. അതിൽ നിന്നും ഇൻസ്പെക്ടർ ജിതേന്ദ്രൻ ഉൾപ്പെടെയുള്ളവർ പുറത്തേക്കിറങ്ങി രവിയുടെ സമീപത്തേക്ക് വന്നു. ജിതേന്ദ്രൻ മുന്നിലേക്ക് കയറി നിന്നു. അയാൾ രവിയെ അടിമുടിയൊന്ന് നോക്കി. രവി പക്ഷേ അവരുടെ സാന്നിദ്ധ്യം അറിയാത്ത പോലെ ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നിയിരുന്നു.

 

രവിയൊന്ന് ഞങ്ങളുടെ കൂടെ കാട് കയറാൻ വരണമല്ലോ

 

ഇൻസ്പെക്ടർ ജിതേന്ദ്രൻ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ രവി കറിയിൽ നിന്നും ഒരു മുരിങ്ങക്കോലെടുത്ത് ആസ്വദിച്ച് ഊറി വലിച്ച ശേഷം അത് അറിയാതെ എന്ന പോലെ ഇൻസ്പെക്ടറുടെ മുന്നിലേക്കിട്ടു

 

ഇപ്പോ കാട് കയറാനൊന്നും സമയമില്ല സാറേ, സൗകര്യവും തീരെയില്ല, സാറന്മാര് എല്ലാം കൂടിയങ്ങ് പോയേച്ചും വാ.

 

വളരെ പുച്ഛത്തോടെയുള്ള രവിയുടെ പറച്ചിൽ കേട്ട് ജിതേന്ദ്രന് കലി കയറി.

 

ടാ പു...ന്നാര മോനേ.... കൊണ്ടോകാനറിയാം.... നിന്നെയും കൊണ്ടേ പോകൂ. കാട്ടിനുള്ളിലെ നിൻറെ കഞ്ചാവ് തോട്ടത്തിലേക്ക് നമ്മളൊന്നിച്ച് തന്നെ പോകും. എല്ലാമൊന്ന് കണ്ട് തിരികെ വന്നിട്ട് നിന്നെ ഞങ്ങടെ കൂടെ കൊണ്ടുപോവുകയും ചെയ്യും. സർക്കാർ ചിലവിൽ ഭക്ഷണവും കിടപ്പാടവും തരാൻ. തിന്നേച്ച് എണീറ്റ് വാടാ

 

രവിയ്ക്ക് അത് കേട്ടിട്ടും വലിയ കുലുക്കമൊന്നുമില്ലായിരുന്നു. മോരൊഴിച്ച് കലക്കിയ ചോറ് പാത്രം ചുണ്ടോട് ചേർത്ത് ശബ്ദമുണ്ടാക്കിക്കൊണ്ട് രവി കുടിച്ചു. എന്നിട്ട് ധൃതിയൊട്ടും കൂട്ടാതെ പാത്രം മേശമേൽ വച്ചു പിന്നെ മീശയിൽ പുരണ്ട കറി നാവുകൊണ്ട് നുണഞ്ഞെടുത്തു. പതിയെ എണീറ്റ് വീപ്പയിൽ നിന്നും വെള്ളം കോരിയെടുത്ത് കൈയ്യും വായും കഴുകി. വായിൽ വെള്ളം നിറച്ച് ശബ്ദമുണ്ടാക്കി നീട്ടിത്തുപ്പി. പിന്നെ കൈലിയുടെ തലപ്പുകൊണ്ട് കൈയ്യും മുഖവും തുടച്ച് കൊണ്ട് എക്സൈസുകാർക്കരികിലേക്കെത്തി.

 

സാറേ കാട്ടിനുള്ളിൽ രവിയ്ക്ക് കഞ്ചാവ് തോട്ടമില്ല. സാറന്മാര് പോയി അങ്ങനെയൊന്ന് ഉണ്ടെന്ന് തെളിയിച്ചിട്ട് വന്നാൽ ഞാൻ കൂടെ വന്നേക്കാം. ഇപ്പോ സാറന്മാര് ചെല്ല്. വേഗം ചെന്നാൽ നല്ല  പുക കിട്ടും. .....

 

ടാ നിന്ന് വിളച്ചിലെടുക്കാതെടാ.. എല്ലാം കൃത്യമായി മനസിലാക്കിയിട്ട് തന്നെയാ ഞങ്ങൾ വന്നിരിക്കുന്നത്.... എവിടെയാണ് തോട്ടമെന്നും എങ്ങനെയാ പോകേണ്ടതെന്നും ഒക്കെ മനസിലാക്കിയിട്ടാ വന്നിരിക്കുന്നത്.

 

അതെനിക്കും മനസിലായി.... സാറന്മാരെന്തൊക്കെയോ മനസിലാക്കിയിട്ടാ വന്നതെന്ന്. പക്ഷേ സാറന്മാർക്ക് ഈ രവിയെ തീരെ മനസിലായിട്ടില്ല. കാട്ടിലെങ്ങാണ്ടോ ഒരു തോട്ടമുണ്ടായിരുന്നു,  പക്ഷേ എന്താണെന്നറിയില്ല. എന്തായാലും ഇന്ന് വെളുപ്പിന് എങ്ങനെയോ അതിന് തീ പിടിച്ചു. ഇപ്പോ ഏകദേശം എല്ലാം കത്തിപ്പോയിക്കാണും. വേഗം ചെന്നാൽ നിങ്ങൾക്ക് കുറച്ച് പൊകയെങ്കിലും കിട്ടും. പോയിട്ട് വലിച്ചോണ്ട് പോരാൻ നോക്ക്.

 

അവരുടെ അനുവാദത്തിനൊന്നും കാത്ത് നിൽക്കാതെ രവി അങ്ങാടിയിലെ തിരക്കിലേക്ക് നടന്നു പോയി. ജിതേന്ദ്രൻ ഒന്നും ചെയ്യാനാകാതെ അവിടെ നിന്നു പോയി. പിന്നെ രണ്ട് പേരെ അവിടെ അങ്ങാടിയിൽ നിർത്തിയ ശേഷം ജീപ്പെടുത്ത് തൻറെ ശേഷിച്ച സംഘവുമായി കാട്ടിലേക്ക് പോയി. എക്സൈസ് സംഘം പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾ ടോമിച്ചൻ വന്ന് സ്റ്റുഡിയോ തുറന്നു. ബെഞ്ചമിൻ മുതലാളിയുടെ ജീപ്പ് പള്ളിക്കവലയിൽ നിന്നും അങ്ങാടിയുടെ തെക്കേയറ്റത്ത് വന്നു നിന്നു. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ബെഞ്ചമിന് അവിടെയിരുന്ന് അങ്ങാടി മുഴുവൻ കാണാമായിരുന്നു. ടോമിച്ചൻ പുറത്തേക്കിറങ്ങി വന്നു.

 

രവി അങ്ങാടിയുടെ മദ്ധ്യത്തിൽ ഉണ്ടായിരുന്ന കൈവണ്ടിയുടെ കൈയ്യിൽ വന്നിരുന്നു. അരയിൽ കൈലിത്തലപ്പിൽ പൊതിഞ്ഞ് വച്ചിരുന്ന മുറുക്കാൻ പൊതിയെടുത്ത് മടിയിൽ വച്ചു. വെറ്റിലയിലേക്ക് ചുണ്ടാമ്പ് തേച്ച് പിടിപ്പിച്ച്  മുറിച്ച് വച്ചിരുന്ന അടയ്ക്കായും പുകയിലയും ഒപ്പമൊരു കാന്താരി മുളകും വച്ച് പൊതിഞ്ഞെടുത്തു. വായിൽ ഒരു വശത്തേക്ക് വച്ച് പതിയെ ചവച്ചരച്ചു. അങ്ങാടിയിലെത്തിയിരുന്ന തമിഴൻ ചട്ടമ്പിമാർ രവിയ്ക്കരികിലേക്ക് നടന്നടുത്തു. അവർ നാലാളും രവിയ്ക്ക് ചുറ്റിലുമായി നിന്നു.

 

കതിരേശൻ, ആളെക്കൊല്ലൽ ഹരമാക്കിയ ചെന്നായ, കൊടും ഭീകരനാണവൻ... പോലീസൊന്നു അവനെ തൊടില്ല, മന്ത്രിമാർക്ക് വരെ പ്രിയപ്പെട്ടവൻ.. പിശാശ്

 

നാല് പേരിൽ ആറടിയിലേറെ പൊക്കമുള്ള ഒരുത്തനെ ചൂണ്ടി കാളവണ്ടിക്കാരൻ മുത്തു മത്തായിച്ചനോട് പറഞ്ഞത് അവിടെ നിന്ന പലരും കേട്ടു. അത് ഒരു കാതിൽ നിന്നും മറ്റ് കാതുകളിലേക്ക് അതിവേഗം പടർന്നു. എല്ലാവരുടെയും കണ്ണുകൾ രവിയിലേക്കും ചുറ്റിലുമുള്ളവരിലേക്കും ചുരുങ്ങി.

 

കതിരേശൻറെ കൂടെയുള്ളതൊക്കെ ആരാ

 

മത്തായി ആകാക്ഷ അടക്കാനാവാതെ മത്തായിച്ചൻ മുത്തുവിനോട് ചോദിച്ചു.

 

കതിരേശൻറെ ഇടത്തും വലത്തും നിൽക്കുന്നത് അയാളുടെ അനിയൻമാരാ, കൈക്കരുത്തിലും ക്രൂരതയിലും കതിരേശനൊപ്പം നിൽക്കുന്നവൻമാർ. അഴകേശനും മുരുകേശനും. പിന്നെ മറ്റവൻ ഇവന്മാരുടെ കൂട്ടാളിയാ മാരിമുത്തു.

 

അത്ര ദൂരത്താണവരെങ്കിലും താൻ പറയുന്നതെങ്ങാനും അവർ കേൾക്കുമോയെന്ന് ഭയന്ന് പതിഞ്ഞ ശബ്ദത്തിൽ മന്ത്രിക്കും പോലെയാണ് മുത്തു പറഞ്ഞതെങ്കിലും അവിടെ പെട്ടെന്നുണ്ടായ നിശബ്ദതയിൽ മുത്തു പറഞ്ഞത് ഒരു പാടു പേർ കേട്ടു.

 

രവി പതിയെ എഴുന്നേറ്റു. മുണ്ടൊന്ന് മുറുക്കിയുടുത്തിട്ട് വലം കൈ മുഷ്ടി ചുരുട്ടി ചുണ്ടോട് ചേർത്തു. പിന്നെ തള്ളവിരലും ചൂണ്ടുവിരലും  ഒഴികെയുള്ള വിരലുകൾ നീവർത്തിയ ശേഷം ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലെ ചെറിയ വൃത്തത്തിലൂടെ വായിലെ ചോരച്ചുവപ്പായ മുറുക്കാൻ നീട്ടിത്തുപ്പി. അത് കാലിൽ വീഴാതിരിക്കാൻ കതിരേശൻ കാല് മാറ്റി.

 

PART 17

കതിരേശൻ രണ്ട് അടിവച്ച് രവിക്ക് തൊട്ട് മുന്നിലേക്ക് എത്തി. തനിക്കും രവിക്കും ഇടയിൽ ഒരു കൈയ്യകലം മാത്രമായപ്പോൾ കതിരേശന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി തെളിഞ്ഞു. തൊട്ടടുത്ത നിമിഷം രവി തന്റെ ചുണ്ടോടു ചേർത്തിരുന്ന വലം കൈ മുഷ്ടി ചുരുട്ടി ആഞ്ഞ് വീശി. എന്താണ് സംഭവിച്ചതെന്ന് കതിരേശന് മനസ്സിലായത് തന്നെ, തറയിൽ വീണ് അല്പം നിമിഷത്തിന് ശേഷമാണ്.  തൻറെ കീഴ്ത്താടിയെല്ല് ഇളകി പോയിട്ടില്ല എന്ന് ഉറപ്പാക്കാൻ കതിരേശൻ താടിയിൽ പിടിച്ചു നോക്കി. താഴെ നിരയിൽ ഇളകിയ പല്ലൊരെണ്ണം അയാൾ അറിയാതെ വിഴുങ്ങിപ്പോയി. വായിൽ നിറഞ്ഞ ചോര അയാൾ തുപ്പിക്കളഞ്ഞു.

 

"എന്താടാ പാണ്ടീ ഞാൻ മുറുക്കിയത് നീയാണോ തുപ്പിയത്. നല്ല കളറാണല്ലോ?"

 

വായിൽ മുറുക്കാനിട്ടുകൊണ്ട് അത് പറഞ്ഞ ശേഷം കതിരേശൻ ചോര തുപ്പിയതിന്റെ അരികിലേക്ക് വായിൽ അവശേഷിച്ച മുറുക്കാൻ രവി നീട്ടിത്തുപ്പി.

 

രവിയുടെ ഒറ്റ അടിയിൽ കതിരേശൻ വീണു പോയത് കണ്ട് ഒന്ന് പകച്ചു പോയെങ്കിലും,  കൂട്ടാളികൾ രവിയുടെ നേരെ പാഞ്ഞടുത്തു. രവി പെട്ടെന്ന് ഒരു വശത്തേക്ക് വെട്ടിയൊഴിഞ്ഞ്, തന്റെ കഴുത്തിന് നേരെ നീണ്ടു വന്ന മുരുകേശന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച് വശത്തേക്ക് തള്ളി. ബാലൻസ് തെറ്റിയ മുരുകേശൻ മുഖമടച്ച് തറയിൽ വീണുപോയി. അതേസമയത്ത് തന്നെ അഴകേശനെ  ഇടംകാലിട്ട് വീഴ്ത്താനും രവിക്ക് കഴിഞ്ഞിരുന്നു. തറയിലേക്ക്  വീണുപോയ അഴകേശന്റെ മുതുകിൽ ചവിട്ടി ഉയർന്ന ചാടിയ രവിയുടെ കാൽമുട്ട് ഒരു കൂടം കണക്കെ മാരിമുത്തുവിന്റെ  നെഞ്ചിന് താഴെ പതിച്ചു. ശ്വാസം നിലച്ച പോലെ അവൻ താഴെ ഇരുന്നുപോയി. രവി അവന്റെ പിന്നിലേക്ക് ചെന്ന് കൈകൾ രണ്ടും വലിച്ച് പിടിച്ചു പിരിച്ചു. രണ്ട് കൈകളുടെയും കുഴ തെറ്റിയ വേദനയിൽ മാരി മുത്തു അലറിക്കരഞ്ഞു. രവി അയാളുടെ കൈകളിലെ പിടി വിട്ട് മുതുകിൽ കാൽമുട്ട് കൊണ്ട് പ്രഹരിച്ചപ്പോൾ മുഖമടിച്ച് മാരിമുത്തു കമിഴ്ന്ന് വീണു.

 

ചാടിയെണീറ്റ് വന്ന മുരുകേശൻ പിന്നിലൂടെ രവിയെ ലോക്ക് ചെയ്ത് പിടിക്കാനായി പാഞ്ഞെത്തിയതായിരുന്നു. പക്ഷേ ആ നീക്കം മുന്നേ മനസിലാക്കിയ രവി ക്ഷണനേരം കൊണ്ട് വെട്ടിത്തിരിഞ്ഞ് കുനിഞ്ഞ് മുരുകേശന്റെ രണ്ട് കാലിലും പിടുത്തമിട്ട് ഒറ്റ വലി. തറയിലേക്ക് നടുവിടിച്ച് വീണ അവന്റെ വയറിന് മുകളിൽ കയറിയിരുന്ന രവി കൈ നിവർത്തി ഇരു കവിളുകളിലും ആവർത്തിച്ച് ആഞ്ഞ് തല്ലി. ശക്തിയേറിയ അടി കൊണ്ട മുരുകേശന് തന്റെ ചുറ്റിലും ഭൂമി അതിവേഗതയിൽ കറങ്ങുന്നത് പോലെയാണ് തോന്നിയത്. ചെവിയിൽ ഒരു മൂളൽ മാത്രം അയാൾ കേട്ടു.

 

അഴകേശൻ കൈയ്യിൽ കിട്ടിയ തടിക്കഷ്ണം കൊണ്ടുവന്ന് അടിച്ചപ്പോൾ രവി അയാളുടെ പുറത്ത് നിന്നും തെറിച്ചു പോയി. തറയിലേക്ക് വീണു പോയ രവിയുടെ മേലേ കയറി തടിക്കഷ്ണം അയാളുടെ കഴുത്തിൽ ചേർത്ത് അഴകേശൻ അമർത്തി. രവിക്ക് ശ്വാസം മുട്ടി. തറയിലെ പൂഴി മണ്ണിൽ വിരലുകളാഴ്ത്തിയ രവി ഒരു പിടി മണ്ണുവാരി അഴകേശന്റെ മുഖത്തേക്കെറിഞ്ഞു. കണ്ണിൽ മണ്ണ് വീണതോടെ അയാളുടെ പിടി അയഞ്ഞു. രവി തടിക്കഷ്ണം തട്ടിയെറിഞ്ഞിട്ട് അയാളെ തള്ളിമാറ്റി എണീറ്റു. ഒന്നും കാണാൻ വയ്യാതെ നീറ്റലോടെ കണ്ണു തിരുമുന്ന അഴകേശന്റെ നെഞ്ചിന് താഴെ ശക്തിയോടെ ഇടിച്ചു. അയാൾ മുന്നിലേക്ക് വേച്ചു തറയിൽ മുട്ടുകുത്തി. രവി തന്റെ രണ്ട് കൈകളും വിടർത്തി അഴകേശന്റെ ഒരു ചെവിയും പൊത്തി അടിക്കാനോങ്ങിയപ്പോൾ എണീറ്റ് പിന്നിലെത്തിക്കഴിഞ്ഞിരുന്ന കതിരേശൻ രവിയുടെ കൈകൾക്കടിയിലൂടെ കൈകൾ കൊരുത്ത് കഴുത്തിന് പിന്നിലൂടെ ലോക്കിട്ട് രവിയെ വരുതിയിലാക്കി.  തന്റെ ഇടതു വശത്തേക്കും വേഗത്തിൽ കുതറിയ രവി  വലത് കാൽ  കതിരേശന്റെ കാലുകൾക്ക് പിന്നിലാക്കി തന്റെ ശരീരത്തിന്റെ ഭാരം മുഴുവൻ കതിരേശന്റെ കൈകളിലേക്കിട്ട് അയാളെ പിന്നിലേക്ക് വലിച്ചു.  ആ സമയത്ത് തന്നെ തന്റെ കാൽമുട്ട് കതിരേശന്റെ തുടയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറ്റാനും രവിക്ക് കഴിഞ്ഞു. ബാലൻസ് തെറ്റിപ്പോയ കതിരേശനെ ഒരു വശത്തേക്ക് മറിച്ചുകൊണ്ട് രവി തന്റെ ശരീരം അയാളുടെ പുറത്തേക്കിട്ടു. അയാളുടെ വയറിൻറെ ഒരു വശത്തേക്ക് തന്റെ മുഷ്ടി ചുരുട്ടി രവി തുടർച്ചയായി പ്രഹരിച്ചു.

 

അപ്പോഴേക്കും അഴകേശൻ എണീറ്റിരുന്നു. രവി കതിരേശന്റെ നെഞ്ചിലേക്ക് കയറിയിരുന്ന് മൂക്കിലേക്ക് മുഷ്ടി ചുരുട്ടി തുടർച്ചയായി ആഞ്ഞിടിച്ചു. അയാൾ കിടന്നു പിടഞ്ഞു. തന്റെ ചേട്ടനെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട അഴകേശൻ രവിയെ ആഞ്ഞു ചവിട്ടി. രവി ഒരു വശത്തേക്ക് വീണു.   വീണു കിടന്ന രവിയുടെ നെഞ്ചിന് നേരെ അഴകേശൻ കാലുയർത്തി. രവി ഉരുണ്ട് മാറി. പള്ളിപ്പെരുന്നാളിന്റെ വിളംബരത്തിന്റെ ഭാഗമായി അവിടെ കൊടി നാട്ടിയിരുന്ന മരക്കുറ്റി അഴകേശൻ പിഴുതെടുത്ത് രവിയുടെ കഴിത്തിന് നേരെ കുത്താനോങ്ങി. അതിന്റെ കൂർത്ത മുന കഴുത്തിൽ സ്പർശിക്കുന്നതിന് തൊട്ട് മുൻപ് രവി രണ്ട് കൈ കൊണ്ടും അതിൽ പിടുത്തമിട്ടു.  തന്റെ മുഴുവൻ ശക്തിയുമെടുത്ത് അഴകേശൻ ആ മരക്കുറ്റി രവിയുടെ ശരീരത്തിൽ കുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ആ സമയത്ത് തപ്പിത്തടഞ്ഞെണീറ്റ മുരുകേശനെ നോക്കി അഴകേശൻ അലറി.

 

"വെട്ടിക്കൊല്ലെടാ ഇവനെ "

 

തറയിൽ കിടന്ന് പോരടിക്കുന്ന രവിയെയും മുഖം മുഴുവൻ ചോര പടർന്ന് ബോധമില്ലാതെ കിടക്കുന്ന കതിരേശനെയും കണ്ട മുരുകേശൻ ടോമിച്ചന്റെ കട ലക്ഷ്യമാക്കി ഓടി. കടയുടെ മുന്നിലേക്കുള്ള ഇറക്കിൽ ഉത്തരത്തിൽ വച്ചിരുന്ന വടിവാളുമെടുത്ത് മുരുകൻ കുതിച്ചു. അയാൾ വടിവാളെടുക്കുന്നതും തന്റെ നേർക്ക് പാഞ്ഞ് വരുന്നതും രവി കണ്ടിരുന്നു. രവി കമ്പിൽ മുറുകെപ്പിടിച്ച് തന്റെ ശരീരം ഒരു വശത്തേക്ക് മാറ്റി. ഒരു നിമിഷം കമ്പിലെ പിടി ഒന്ന് അയച്ച് കൊടുത്തപ്പോൾ അത് മണ്ണിലേക്ക് ആഴ്ന്നിറങ്ങി. അടുത്ത നിമിഷം കമ്പിൽ മുറുകെപ്പിടിച്ചു കൊണ്ട് രവി തന്റെ വലം കാൽ ഉയർത്തി അഴകേശന്റെ വാരിയെല്ലുകളിലേക്ക് ശക്തിയായി  പ്രഹരിച്ചു. അതയാൾ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അഴകേശന് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് രവി അയാളുടെ വലം കാലിന്റെ മുട്ടുചിരട്ട തറയിൽ കിടന്ന പാറക്കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചിരുന്നു. വേദന കൊണ്ടയാൾ അലറി. തറയിൽ നിന്നും എഴുന്നേറ്റ രവി അഴകേശന്റെ കഴുത്തിലേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു. അയാൾ പിന്നിലേക്ക് വീണു പോയി.

ഓടിയെത്തിയ മുരുകേശന്റെ  മുന്നിലേക്കാണ് അയാൾ വീണത്. രവി അവൻ കാൺകേ തറയിൽ കിടക്കുന അഴകേശന്റെ വാരിയെല്ലുകളിലേക്ക് ആണ് ചവിട്ടി. മുരുകേശൻ വടിവാളുയർത്തി വെട്ടാനായി ഓങ്ങിയ നിമിഷത്തിൽ രവി മുന്നിലേക്ക് കയറി അവന്റെ കൈകളിൽ പിടിച്ചു. എന്നിട്ട് കാല് മടക്കി മുട്ടുകൊണ്ട്  മുരുകേശന്റെ വയറിൽ ഇടിച്ചു. അതോടെ വാളിന്മേലുള്ള അവന്റെ പിടി അയഞ്ഞു. രവി മുരുകന്റെ കൈകൾ ബലമായി ഇരുവശത്തേക്കും അകറ്റി, തന്റെ നെറ്റി കൊണ്ട് അയാളുടെ മൂക്കിലേക്ക് ഇടിച്ചു. മുരുകന്റെ മൂക്കിൽ നിന്നും ചോര ചാടി. വടിവാൾ രവിയുടെ കൈയ്യിലായി. മുരുകൻ  മൂക്ക് പൊത്തി കൊണ്ട് പിന്നിലേക്ക് ചുവടു വച്ചു. രവി അവന്റെ നെഞ്ചിന് നേരെ കാലുയർത്തിച്ചവിട്ടി. തറയിലേക്ക് വീണ മുരുകേശന്റെ നെഞ്ചിൽ രവി വടിവാളിന്റെ മുന ചേർത്ത് പിടിച്ചു.

 

അങ്ങാടിയിൽ എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നിൽക്കുകയാണ്. ആരോ പറഞ്ഞ് കേട്ട് പദ്മിനിയും ഓടി അവിടെയെത്തിയിരുന്നു.

 

രവിയ്ക്ക് മുന്നിൽ തറയിലെ ചെമ്മണ്ണിൽ കിടന്ന് മുരുകേശൻ ജീവന് വേണ്ടി യാചിക്കുകയായിരുന്നു.

 

രവി വാൾ മണ്ണിലേക്ക് കുത്തിയിറക്കി. എന്നിട്ട് മുരുകേശനോടായി പറഞ്ഞു.

 

" എണീക്ക്..."

 

മുരുകേശൻ പ്രയാസപ്പെട്ട് എണീറ്റു.

 

"കൂലിക്ക് തല്ലാൻ വന്നതാ അല്ലേ?"

 

അയാൾ ഒന്നും മിണ്ടാതെ നിലത്ത് നോക്കി നിന്നു.

 

" കിട്ടിയ കൂലിയും കൊണ്ട് വേഗം സ്ഥലം കാലിയാക്കിക്കോ. .ഇനി ഇവിടെ കാണരുത്. അബദ്ധത്തിൽ പോലും തമിഴ്നാട് അതിർത്തി കടന്ന് ഇങ്ങോട്ടേക്ക് വന്നു പോകരുത്. വന്നാൽ പിന്നെ പോകാൻ പറ്റുന്നത് ശവത്തിന് മാത്രമായിരിക്കും. "

 

രവി തറയിൽ നിന്നും വടിവാൾ ഊരിയെടുത്ത് ടോമിച്ചന് നേരെ നടന്നടുത്തു. ടോമിച്ചന്റെ ഹൃദയം നിയന്ത്രണങ്ങൾ നഷ്ടമായി പെരുമ്പറ കൊട്ടാൻ തുടങ്ങി. രവിയുടെ പോക്ക് ടോമിച്ചന്റെ അടുത്തേക്കാണെന്ന് മനസിലാക്കിയ പദ്മിനി അവർക്കിടയിലേക്ക് ഓടിയെത്തി.

 

 

രവീ മതിയാക്ക് ഇനി വേണ്ട.

 

 രവിയുടെ കയ്യിലുണ്ടായിരുന്ന വടിവാൾ പിടിച്ച് വാങ്ങാൻ ശ്രമിച്ച പദ്മിനിയെ അയാൾ തള്ളിമാറ്റി.

 

പെണ്ണേ നീ മാറി നിൽക്ക് , ഇത് ആണുങ്ങളുടെ അങ്കമാണ്.  ഇതിൻറെ ആരംഭവും അവസാനവും ഇന്ന് തന്നെയാവണം.

 

 പദ്മിനി പിന്നാലെയെത്തി പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും രവി അവളെ വീണ്ടും തള്ളിമാറ്റി. അവൾ തറയിലേക്ക് വീണു പോയത് മനസിലായിട്ടും രവി ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ മുന്നിലേക്ക് തന്നെ നടന്നു. രവി ടോമിച്ചന് മുന്നിലേക്കെത്തി , ടോമിച്ചൻ തൻറെ കാലുകൾ ഭൂമിയിൽ ഉറച്ചപോലെ നിന്നുപോയി. അവടെയുണ്ടായിരുന്നവരൊക്കെ ദൂരേക്ക് മാറി.

 

ടോമിച്ചാ നീ ഈ നാട്ടിൽ വന്നത് മുതൽ പദ്മിനിയുടെ പിന്നാലെയായിരുന്നു. അവളെന്നോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിട്ടും നീ പിന്മാറിയില്ല. അവൾ വിലക്കിയത് കൊണ്ട് ഞാനിതുവരെയും നിൻറെ മുന്നിൽ ഇതുപോലെ വന്നില്ല. പക്ഷേ പുറമേ വെളുക്കെ ചിരിച്ച് നടക്കുന്ന നീ ചെയ്ത് കൂട്ടിയതൊന്നും വേറെ ആരും അറിയില്ലെന്ന് കരുതിയോ ? എങ്കിൽ നിനക്ക് തെറ്റി, നിൻറെ വീട്ടിൽ കയറിയ കള്ളൻ ഞാനാണ്. ഇപ്പോ നിനക്ക് മനസിലായിക്കാണുമല്ലോ കാര്യങ്ങൾ.

 

രവി ഒച്ച താഴ്ത്തിയാണ് സംസാരിച്ചത്. മറ്റാർക്കും അവരുടെ സംസാരം കേൾക്കാൻ കഴിയുമായിരുന്നില്ല. ടോമിച്ചന് അപകടം മനസിലായി.

 

രാഘവൻ ചേട്ടൻ ആത്മഹത്യ ചെയ്തത് അന്ന് പാമ്പിനെ പിടിക്കാൻ നിൻറെ വീട്ടിൽ കയറിയപ്പോൾ അവിടെ നിന്ന് കിട്ടിയ സ്വന്തം മകളുടെ ഫോട്ടോ കാരണമാണ്. ഒരച്ഛനും കാണാൻ പാടില്ലാത്ത ഫോട്ടോ. എന്നോടുള്ള വിശ്വാസം കാരണം, കാടകത്തിൻറെ സുരക്ഷിതത്വത്തിൽ വിശ്വസിച്ച് അവൾ കാണിച്ച കുറുമ്പത്തരം നീ ഒളിച്ച് നിന്നു കാമറയിൽ പകർത്തി. അവിടെ അന്ന് മനുഷ്യൻറെ സാന്നിദ്ധ്യം ഞാനറിഞ്ഞതാ. പക്ഷേ അവളെ ഭയപ്പെടുത്താനും ഒറ്റയ്ക്കാക്കി പോകാനും കഴിയാത്തത് കൊണ്ടാ ഞാൻ പിൻതുടരാതിരുന്നത്.  രാഘവൻ ചേട്ടൻറെ മരണം എന്നിൽ ചില സംശയങ്ങൾ ഉണർത്തി. അത് തീർക്കാൻ വേണ്ടിയാണ് അന്ന് നിൻറെ വീട്ടിൽക്കയറിയത്. അതോടെ സംശയം ശരിയാണെന്ന് തെളിഞ്ഞു. എനിക്ക് അപ്പോൾ തന്നെ നിന്നെയങ്ങ് തീർക്കാമായിരുന്നു. പക്ഷേ കൂട്ടുപ്രതികളെക്കൂടി എനിക്ക് വേണമായിരുന്നു. നീയൊരിക്കലും കാട്ടിൽ ഒറ്റയ്ക്ക് കയറില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് ആദ്യം ഞാൻ കാട് കയറി കൂട്ട് പ്രതികൾക്കുള്ള ശിക്ഷയങ്ങ് നൽകി. അവർ പറഞ്ഞത് നിനക്ക് വേണ്ടി, നീ നിർബന്ധിച്ചത് കൊണ്ട് കൂട്ട് വന്നതാണെന്നാ. എനിക്കവരെ വേണമെങ്കിൽ അവരെ മാപ്പുസാക്ഷികളാക്കാമായിരുന്നു. പക്ഷേ കാമറിയലൂടെ അല്ലാതെ അന്നവരും കണ്ടില്ലേ എൻറെ പെണ്ണിനെ. അതെനിക്ക് ക്ഷമിക്കാൻ പറ്റുമോ

 

അത്രയും പറഞ്ഞ രവി ക്രൂരമായി ചിരിച്ചു. അയാളുടെ കണ്ണിൽ ടോമിച്ചൻ തൻറെ കാലനെ കണ്ടു. ടോമിച്ചൻ ക്ഷമാപണത്തോടെ കൈകൂപ്പി.

 

ഇല്ല ടോമിച്ചാ ... നിനക്കൊരിക്കലും മാപ്പില്ല.

 

പറഞ്ഞ് തീർന്നതും രവി വടിവാൾ ആഞ്ഞു വീശി. ടേമിച്ചൻറെ വലം കൈ അറ്റ് തൂങ്ങി. അയാൾ ഉറക്കെ നിലവിളിച്ചുകൊണ്ട് രവിയെ തള്ളിമാറ്റി ഓടി. ചോരയൊലിപ്പിച്ചുകൊണ്ട് തൻറെ നേരെ ഓടി വരുന്ന ടോമിച്ചനെ കണ്ട് പദ്മിനി തളർന്നിരുന്നു പോയി. ഒച്ച അവളുടെ തൊണ്ടയിൽ കുരുങ്ങി. ടോമിച്ചൻറെ പിന്നാലെ കുതിച്ച രവി അയാളെ പിന്നിൽ നിന്നും വെട്ടി. ഇത്തവണ കാലിലാണ് വെട്ട് കൊണ്ടത്. ചീറ്റിത്തെറിച്ച രക്തം പദ്മിനിയുടെ മുഖത്തേക്ക് വീണു. ഇത്തവണ അവൾ അലറിക്കരഞ്ഞു കൊണ്ട് ചാടിപ്പിടഞ്ഞെണീറ്റു. വീണു പോയ ടോമിച്ചൻറെ മുതുകിലേക്ക് രവി വീണ്ടും ആഞ്ഞ് വെട്ടി.  പദ്മിനി വല്ലാതെ ഒച്ച വച്ച് അലറിവിളിച്ചുകൊണ്ട് അകലേക്ക് ഓടി. രവി വാൾ തറയിലേക്കിട്ട് അവളുടെ പിന്നാലെ ചെന്നു. പെട്ടെന്നൊരു വെടിയൊച്ച മുഴങ്ങി. ശബ്ദം കേട്ടതൊടെ കൂടുതൽ ഭയന്ന പദ്മിനി അവിടെ കൂടി നിന്ന ആൾക്കാർക്കിടയിലൂടെ ഓടി അവിടെ ചായക്കടയിലെ മേശയുടെ കീഴിൽ കയറി കൊച്ചുകുട്ടികളെപ്പോലെ രണ്ട് ചെവിയും പൊത്തി കണ്ണുകളിറുക്കിയടച്ചിരുന്നു. അവളറിഞ്ഞിരുന്നില്ല വെടിയേറ്റത് രവിയ്ക്കാണെന്ന്. ജീപ്പിനു പുറത്തേക്കിറങ്ങി നിന്ന ബെഞ്ചമിൻ മുതലാളിയുടെ കൈയ്യിൽ ഇരട്ടക്കുഴൽ തോക്കുണ്ടായിരുന്നു. അതിലുണ്ടായിരുന്ന ഒരു ബുള്ളറ്റ് രവിയുടെ ഇടത് ഷോൾഡറിൽ തുളഞ്ഞ് കയറിയിരുന്നു. രക്തം ചീറ്റീത്തെറിച്ചതൊടെ രവി മുറിവിൽ അമർത്തിപ്പിടിച്ചു. ബെഞ്ചമിൻ വീണ്ടും രവിയ്ക്ക് നേരെ ഉന്നം പിടിച്ചു. അതേ സമയം കിട്ടിയ അവസം പാഴാക്കാതെ രവിയുടെ പിന്നിലൂടെയെത്തിയ മുരുകേശൻ അവിടെ തേങ്ങാക്കച്ചവടം ചെയ്യുന്ന വറീതേട്ടൻറെ കടയുടെ മുന്നിൽ കുത്തി നിർത്തിയിരുന്ന പാരയെടുത്ത് രവിയുടെ തലയുടെ പിന്നിലടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ മുന്നിലേക്ക് ആഞ്ഞ് പോയ രവി തറയിൽ വീഴാതിരിക്കാൻ വലത് കൈ തറയിൽ കുത്തി. പിന്നിൽ മുരുകേശൻ വീണ്ടും ആക്രമിക്കാൻ വരുന്നത് അയാൾ കണ്ടിരുന്നു. രവി പെട്ടെന്ന് ഒരു വശത്തേക്ക് ചെരിഞ്ഞ് തറയിലിരുന്നു. രവിയുടെ മുന്നിൽ കൊലച്ചിരിയുമായി മുരുകേശൻ ആ പാര മുകളിലേക്കുയർത്തി. രവി തൻറെ അരയിൽ കരുതിവച്ചിരുന്ന കത്തി എടുത്ത് മുരുകേശൻറെ കാൽപാദത്തിൽ കുത്തിയിറക്കി. അങ്ങനെയൊരാക്രമണം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ കയ്യിൽ നിന്നും പാര വഴുതിവീണു. തൻറെ മുന്നിലേക്ക് വീണ പാര രവി മണ്ണിൽ കുത്തി നിർത്തിയിട്ട് അതിൽ പിടിച്ചെണീറ്റു. പ്രത്യാക്രമണത്തിന് മുതിർന്ന മുരുകേശൻറെ കരണം പുകച്ചൊരടി കൊടുത്തിട്ട് അയാളുടെ കഴുത്തിൽ പിടിച്ച് മുന്നിലേക്ക് കുനിച്ചു. തറയിൽ കുത്തി നിർത്തിയ പാരയുടെ വശത്തേക്ക് അയാളുടെ നെറ്റി പിടിച്ചിടിച്ചു. ചോര ചീറ്റീത്തെറിച്ച് അയാളുടെ ബോധം മറഞ്ഞ മുരുകേശനെ രവി  നിലത്തേക്കിട്ടു. രവിയ്ക്കപ്പോഴേക്കും കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങിയിരുന്നു. അങ്ങാടി തനിക്ക് ചുറ്റും കീഴ്മേൽ മറിയാൻ തുടങ്ങുന്നതായി മനസിലാക്കിയ നിമിഷം  വേദന കടിച്ചമർത്തിക്കൊണ്ട് രവി ഉറക്കെ വിളിച്ചു.

 

വീരപാണ്ഡ്യാ........

 

രവിയുടെ ശബ്ദം ആ അങ്ങാടിയിലെ നിശബ്ദതയിൽ പ്രതിധ്വനിച്ചു. വീരപാണ്ഡ്യനെന്ന പേര് കേട്ടതും ബെഞ്ചമിൻ ഒന്നു ഭയന്നു. അയാൾ തൻറെ ഇടത് വശത്ത് അതിരിട്ട് നിൽക്കുന്ന കാട്ടിലേക്ക് ഭയത്തോടെ നോക്കി. അങ്ങാടിയിലുള്ള മറ്റുള്ളവർ രവി ആരെയാണ് വിളിച്ചതെന്നറിയാതെ നാലുപാടും നോക്കി. ബഞ്ചമിൻ തൻറെ ജീപ്പിലേക്ക് ചാടിക്കയറി അത് സ്റ്റാർട്ട് ചെയ്തു. അതേ സമയം അങ്ങാടിയുടെ മറുവശത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയും സ്റ്റാർട്ടായി, ഒരു മുരൾച്ചയോടെ രവിയ്ക്ക് നേരെ കുതിച്ചു. രവിയുടെ അരികിൽ അത് ബ്രേക്കിട്ട് നിന്നപ്പോൾ പൊടിമണ്ണ് അവിടെ കൂടിയവരുടെ കാഴ്ച മറച്ചു. അൽപം ആയാസപ്പെട്ടാണെങ്കിലും രവി ലോറിയിലേക്ക് കയറി. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് പഴയ തമിഴൻ ലോറി ഡ്രൈവറായിരുന്നു. രവി ലോറിയിൽ കയറിയത് കണ്ട ബെഞ്ചമിൻ വീണ്ടും ജീപ്പിൽ നിന്നും ചാടിയിറങ്ങി, രവിയ്ക്ക് നേരേ ഉന്നം പിടിച്ച് വെടിവച്ചു. പക്ഷേ അതിന് മുന്നേ ബോധം നഷ്ടപ്പെട്ട രവി സീറ്റിൽ വീണുപോയിരുന്നു. വണ്ടിയുടെ ചില്ല് തകർത്ത വെടിയുണ്ട് പിന്നിലെ പലകയിൽ തറഞ്ഞ് കയറി. വീരപാണ്ഡ്യൻറെ കാൽ ആക്സിലേറ്ററിൽ അമർന്നു. അപകടം മനിസിലാക്കിയ ബെഞ്ചമിൻ ജീപ്പിൽ ചാടിക്കയറി, ക്ഷണനേരം കൊണ്ട് ജീപ്പ് വെട്ടിത്തിരിഞ്ഞു, പിന്നാലെ ലോറിയും. ഒരു ഇരുന്നൂറ്റമ്പത് മീറ്ററിനപ്പുറം ജീപ്പിൻറെ പിന്നിൽ വീരപാണ്ഡ്യൻറെ ലോറി ഇടിച്ചു. ജീപ്പ് താഴ്ചയിലേക്ക് ഉരുണ്ടുപോയി. ബോധം മറഞ്ഞ രവിയേയും കൊണ്ട് വീരപാണ്ഡ്യൻറെ ലോറി അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് കുതിച്ചു പാഞ്ഞു.

 

കഥ പറച്ചിൽ നിർത്തിയ കഴുകൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് രാജേഷ് കണ്ടു.

 

അതിന് ശേഷം രവി പദ്മിനിയെ കണ്ടിട്ടുണ്ടോ ?”

 

രാജേഷിൻറെ ചോദ്യം കേട്ട് പെട്ടെന്ന് രവിയുടെ ഭാവം മാറി, മുഖത്ത് അയാളുടെ സ്വതസിദ്ധമായ പരിഹാസച്ചിരി വന്നു.

 

സാറേ രവി ഇത്രയും പറഞ്ഞത് കുറ്റബോധം കൊണ്ടൊന്നുമല്ല. എനിക്കെതിരേ പോലീസ് ചാർജ്ജ് ചെയ്ത ആദ്യത്തെ കേസ്. പുതുമലക്കണ്ടം അങ്ങാടിയിൽ വച്ച് ടോമിച്ചനേയും തമിഴൻമാരെയും വധിക്കാൻ ശ്രമിച്ചതിന്. പോലീസെഴുതിയ എഫ് ഐ ആർ പ്രകാരം പദ്മിനിയെന്ന പെണ്ണിനെ പ്രേമിച്ച കുറ്റത്തിന് ടോമിച്ചനെന്ന സൽഗുണസമ്പന്നനെയും അയാളെ കാണാൻ തമിഴ് നാട്ടിൽ നിന്നെത്തിയ കൂട്ടുകാരെയും രവി ആക്രമിച്ചു കൊല്ലാൻ നോക്കി. അവരെ രക്ഷപെടുത്താൻ ശ്രമിച്ച ബെഞ്ചമിൻ ലോറൻസെന്ന സ്ഥലത്തെ പ്രമുഖനെ ലോറിയിടിച്ച് കൊല്ലാൻ നോക്കിയിട്ട് കൂട്ടാളിയായ വീരപാണ്ഡ്യനുമായി അതിർത്തി കടന്ന് തമിഴ് നാട്ടിലേക്ക് രക്ഷപെട്ടു. ശരിക്കും ഞാനന്ന് മരിച്ച് പോയെന്നാ വീരപാണ്ഡ്യൻ കരുതിയത്. ഞാൻ മാത്രമല്ല ബെഞ്ചമിനും താഴ്ചയിലേക്ക് വീണതോടെ മരിച്ചുവെന്നാ അവൻ കരുതിയത്. പക്ഷേ ബഞ്ചമിൻ മരണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. നിങ്ങടെ കഥയിലെ നായകൻ രക്ഷപെട്ടപ്പോൾ വില്ലനും രക്ഷപെടണമല്ലോ ? എന്നാലല്ലേ ക്ലൈമാക്സിൽ ഒരു ത്രില്ലുണ്ടാകു. തലയോട്ടി പൊട്ടി ബോധമില്ലാതെ കുറേ മാസങ്ങൾ കിടന്നുപോയി വീരപാണ്ഡ്യൻറെ സുരക്ഷയിൽ. ആരോഗ്യം വീണ്ടെടുത്ത് ഒരു നാൾ ടോമിച്ചനെ പോയി കണ്ടു അവൻറെ നാട്ടിൽ, ജീവച്ഛവമായി കട്ടിലിൽ കിടപ്പായിരുന്നു ടോമിച്ചൻ. അന്നവൻ പറഞ്ഞു അതിനുമുൻപത്തെ കൂടിക്കാഴ്ചയിൽ എന്നോട് പറയാൻ അവസരം കിട്ടാതെ പോയൊരു സത്യം. അന്ന് കാട്ടിൽ അവൻ വന്നിട്ടില്ലായിരുന്നു, ഫോട്ടോയെടുത്തതും തൻറെ പണിക്കാരെകൊണ്ട് ടോമിച്ചൻറെ പേര് പറയിച്ചതും ബെഞ്ചമിനായിരുന്നുവെന്ന സത്യം. അയാളെടുത്ത ഫോട്ടോ പ്രിൻറെ എടുക്കുക മാത്രമാണ് ടോമിച്ചൻ ചെയ്തതെന്നും. എനിക്കത് കേട്ടപ്പോൾ കുറ്റബോധമൊന്നും തോന്നിയില്ല സാറേ... അവിടുന്നിറങ്ങിയ ഞാൻ വീരപാണ്ഡ്യനുമായി ഒരിക്കൽ കൂടി പുതുമലക്കണ്ടത്തേക്കുള്ള ചുരം കയറി തമിഴ്നാട്ടിലേക്ക് പോയി. അന്ന് രാത്രി ബെഞ്ചമിൻ ലോറൻസിനെ ആരോ അങ്ങാടിയിലിട്ട് വെട്ടിക്കൊന്നു. വിധി, അല്ലേ സാറേ.....

 

രവിയുടെ ചുണ്ടിലേ പരിഹാസച്ചിരിയിൽ, അയാളുടെ കഴുകൻ കണ്ണുകളിൽ ഒക്കെ രാജേഷിന് പലതും കാണാൻ കഴിയുമായിരുന്നു. ആ രാത്രിയിൽ പുതുമലക്കണ്ടം അങ്ങാടിയിൽ തമിഴൻ വീരപാണ്ഡ്യൻറെ ലോറിയുടെ ഹെഡ് ലൈററിൻറെ വെളിച്ചത്തിൽ ചാറ്റൽ മഴ നനഞ്ഞ് നിൽക്കുന്ന രവിയേയും അയാളുടെ കയ്യിൽ തിളങ്ങുന്ന വാളും തറയിൽ ജീവനു വേണ്ടി യാചിച്ച് കരയുന്ന ബെഞ്ചമിൻ ലോറൻസിനേയും.

 

 

രവീ ഞാനൊരു സംശയം ചോദിച്ചോട്ടെ, നിൻറെ സാരഥി തമിഴൻ ഡ്രൈവറുടെ പേര് വീരപാണ്ഡ്യൻ എന്നാണല്ലോ?”

 

ചോദ്യം പൂർത്തിയാക്കാൻ രാജേഷിനെ അനുവദിക്കാതെ രവി ഇടയ്ക്ക് കയറി സംസാരിച്ചു.

 

അയാളെ ഞാനങ്ങനെയാ വിളിച്ചിരുന്നത്..... വീരപാണ്ഡ്യൻആ പേര് പറഞ്ഞ് രവി ഒച്ചയുണ്ടാക്കി ചിരിച്ചു.

 

വേറൊരു വീരപാണ്ഡ്യനെക്കുറിച്ച് നീ കാട്ടിൽ വച്ച് പദ്മിനിയോട് പറഞ്ഞിരുന്നില്ലേ ?”

 

അവനേയും ഞാനങ്ങനെയാ വിളിച്ചിരുന്നത് വീരപാണ്ഡ്യൻ.......വീണ്ടും രവി ഉറക്കെച്ചിരിച്ചു.

 

അന്ന് ശരിക്കും നീയെന്താണ് ആ കാട്ടിൽ ചെയ്തത്, നീയെന്തിനാ ആ കഞ്ചാവ് തോട്ടം കത്തിച്ചത്. അവിടെ ഉണ്ടായിരുന്നവരെ നീയെന്താ ചെയ്തത് ?”

 

രവി പിന്നെയും ചിരിച്ചു.

 

സാറെ കഥയിൽ നിന്നും തെളിവുണ്ടാക്കാൻ നോക്കുകയാണോ... അത് നടക്കില്ല സാറേ.. പിന്നെ അന്ന് കാട്ടിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ ആ വീരപാണ്ഡ്യനോട് തന്നെ ചോദിക്കണം, ചത്തുപോയ തമിഴൻ വീരപാണ്ഡ്യനല്ല... കാട്ടിൽ മദിച്ച് നടക്കുന്ന കാട്ടുപോത്തിനോട്....ദൃക്സാക്ഷിയും കൂട്ടുപ്രതിയും അവൻ മാത്രമായിരുന്നു..... ഇപ്പോ ജീവനോടെ ഉണ്ടോ ആവോ.. ആർക്കറിയാം......മുപ്പത് വർഷത്തിൽ കൂടതലൊന്നും ആയുസ്സുണ്ടാവാൻ സാദ്ധ്യതയില്ല.. അല്ലേ സാറേ....... അപ്പോ സാക്ഷിപറയാൻ അവനെ കിട്ടില്ല.  അല്ലെങ്കിൽ പിന്നെ പുതുമലക്കണ്ടത്ത് നിങ്ങളോട് എന്നെപ്പറ്റിയുള്ള കഥ പറഞ്ഞ് തന്ന പീറ്ററില്ലേ.... അവനോട് ചോദിച്ചാലും മതി...... കാര്യങ്ങൾ കേട്ടറിഞ്ഞത് പലതും അവൻ പറയും.. .

 

രവിയുടെ വാക്കുകളിൽ നിറയേ പരിഹാസമായിരുന്നു.

 

സാറേ.. പദ്മിനിയുടെ പേര് പറഞ്ഞ് സാറിനി ഭൂതകാലം ചികഞ്ഞെടുക്കാൻ ഇങ്ങോട്ട് വരണ്ട... ഞാൻ മുൻപ് പലവട്ടം പറഞ്ഞതാണ് രവിയെ അളക്കാൻ നിങ്ങളായിട്ടില്ലെന്ന്. ഇവിടെ ഈ വർത്തമാനകാലത്തിൽ അന്വേഷിക്കാൻ നിറയേ കേസുകളുണ്ടല്ലോ, അതിൻറെ പിന്നാലെ പോകാതെ രവിയുടെ ഭൂതം ചികയാൻ സമയം മെനക്കെടുത്തേണ്ട. എനിക്കുറപ്പുണ്ട് എന്നെ ഈ കിടപ്പ് കിടത്തിയവൻ ഭൂതകാലത്തിൽ നിന്ന് പകയുമായി വന്നവനല്ല. ഇവിടെയെവിടെയോ പുതുതായി വന്നൊരു ശത്രുവാ. ഒരിക്കലും പിടിക്കപ്പെടാതെ  സമൂഹത്തിൽ മുഖം മൂടിയണിഞ്ഞ് ജീവിക്കാനാഗ്രഹിക്കുന്ന ഒരുത്തൻ. അതാരാണെന്ന് നിങ്ങൾ പോലീസ് കണ്ടെത്തും മുൻപ് ഞാൻ കണ്ടെത്തും.

PART 18

 

രവിയ്ക്കെന്താ അക്കാര്യത്തിലിത്ര ഉറപ്പ്? ഭൂതകാലത്തിലെ ശത്രുക്കളൊന്നുമല്ല നിന്നെ വേട്ടയാടിയതെന്ന് എങ്ങനെ പറയാനാകും ?”

 

സാറെ അതങ്ങനെയാണ്, രവിയുടെ ബോധ്യങ്ങൾ തെറ്റാറില്ല, പിന്നെ ഞാനാദ്യം മുതലേ പറയുന്നതല്ലേ സാറേ, ഇത് ചെയ്തവൻ പറഞ്ഞതൊക്കെ എന്നെയും അതിലൂടെ പോലീസിനെയും വഴിതെറ്റിക്കാൻ വേണ്ടിയുള്ളതാണെന്ന്. അവൻ അരികിൽ തന്നെയുണ്ട് ആരും തിരിച്ചറിയില്ലെന്ന ഉറപ്പിൽ

 

എങ്കിൽ അത് രവിയുടെ മകനായിക്കൂടെ...? രവി അന്ന് പുതുമലക്കണ്ടത്ത് നിന്നും പോയശേഷം മനസിൻറെ സമനില തെറ്റിപ്പോയ പദ്മിനിയെ നാട്ടുകാർ മെൻറൽ ഹോസ്പിറ്റലിൽ ആക്കി. അവൾ ഗർഭിണിയായിരുന്നു. ആ ഫോട്ടോയുടെ കാര്യവും രാഘവൻറെ ആത്മഹത്യയുടെ യഥാർത്ഥ കാരണവും അവൾക്കുപോലും അറിയില്ല. എൻറെ ഊഹം ശരിയാണെങ്കിൽ രവി ഈ ഫോട്ടോക്കാര്യം എന്നോടാണ് ആദ്യമായി പറയുന്നത്. അപ്പോൾ മറ്റെല്ലാവരുടെയും കാഴ്ചപ്പാടിൽ പദ്മിനിയെ പ്രേമിച്ചുവെന്ന  കുറ്റത്തിനാണ് രവി അയാളെ ആക്രമിച്ചത്, അത് തന്നെയല്ലേ പദ്മിനിയും വിശ്വസിച്ചിട്ടുണ്ടാവുക. അതിലൂടെ പദ്മിനി പ്രസവിച്ച മകനും നിങ്ങളോട് പകയുണ്ടാവില്ലേ ? അമ്മയെ മാനസിക രോഗിയാക്കിയ നിങ്ങളോടുള്ള പക അവനുണ്ടാവില്ലേ ? “

 

രാജേഷ് പറഞ്ഞതൊക്കെ കേട്ട് രവി സ്വതസിദ്ധമായ പരിഹാസഭാവത്തിൽ ചിരിച്ചു.

 

അപ്പോൾ അതൊരു മകനാണെന്ന് സാറങ്ങ് ഉറപ്പിച്ചോ ? അല്ല സാറെ ഒരു സംശയം ? സാറ് പദ്മിനിയെ കണ്ടിട്ടുണ്ടോ ? ഇല്ലെന്ന് ഞാനുറപ്പിച്ച് പറയാം. പദ്മിനിയെ പിന്നെ പുതുമലക്കണ്ടത്തെ ആരും കണ്ടിട്ടില്ല. പിന്നെയല്ലേ അവൾ പ്രസവിച്ച കുഞ്ഞ്.  സാറേ അവൾ പ്രസവിച്ചിട്ടുണ്ടെങ്കിൽ അത് രവിയുടെ ചോരയാ, ഒരിക്കലും അത് രവിയെത്തിരിഞ്ഞ് കൊത്തില്ല. സാറ് ചെന്നാട്ടെ

 

രവിയ്ക്ക് ആ സംസാരം തുടരാൻ താല്പര്യമില്ലെന്ന് രാജേഷിന് മനസിലായി. അതുകൊണ്ട് തന്നെ വിഷയം മാറ്റാൻ അയാൾ തീരുമാനിച്ചു.

 

അത് പോട്ടെ രവീ. ഞാൻ വേറൊരു കാര്യം ചോദിച്ചാൽ രവി ആത്മാർത്ഥമായി മറുപടി പറയുമോ ?”

 

എന്താ സാറേ , എൻറെ വായിൽ നിന്നും എന്തെങ്കിലും കിട്ടിയിട്ട് അതിൽ പിടിച്ച് കയറി,  പോയ തൊപ്പി തിരിച്ച് പിടിക്കാനുള്ള പരാക്രമമാണോ ഇതൊക്കെ

 

താൻ സസ്പെൻഷനിലായ കാര്യമൊക്കെ ആശുപത്രിക്കിടക്കിയിൽ കിടന്ന് രവി അറിഞ്ഞിരിക്കുന്നു. അപ്പോൾ തീർച്ചയായും പുറത്ത് അയാളെ സഹായിക്കാൻ ആളുണ്ടാകും. അത്കൊണ്ട് തന്നെയാണ് തന്നെ ഇങ്ങനെ കിടത്തിയവനെ താൻ തന്നെ കണ്ട് പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ രവി പറയുന്നതും. രാജേഷ്  ചിന്തകളിൽ കുരുങ്ങിപ്പോയി.

 

എന്താ സാറെ പുതിയ കള്ളത്തരം വല്ലതും ആലോചിച്ചുണ്ടാക്കുവാണോ ?”

 

അല്ല രവി .... രവി മുൻപ് പലവട്ടം പറഞ്ഞൊരു കാര്യം ഓർത്ത് പോയതാ, ഞങ്ങളൊക്കെ മനസിലാക്കിയതൊന്നുമല്ല രവിയെന്ന് പറഞ്ഞത്.

 

അത് സാറിനിപ്പോഴെങ്കിലും മനസിലായല്ലോ. നല്ലത്. അപ്പോ സാറ് എന്താ ചോദിക്കാൻ വന്നത് അത് ചോദിക്ക്.

 

അന്ന് പുതുമലക്കണ്ടത്ത് ആ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുകയും പദ്മിനിയെ രവി കല്ല്യാണം കഴിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് പോലീസിൻറെ നിരവധി കേസുകളിൽ പ്രതിയായി കഴുകൻ രവി ഉണ്ടാകില്ലായിരുന്നുവെന്ന് പറഞ്ഞാൽ രവിയതിനോട് യോജിക്കുമോ?

 

ആ ചോദ്യത്തിന് കുറച്ച് നേരത്തെ മൗനത്തിന് ശേഷമാണ് രവി മറുപടി പറഞ്ഞത്.

 

സാറേ പുതുമലക്കണ്ടത്തെത്തും മുൻപ് രവി കള്ളനായിരുന്നു. പുതുമലക്കണ്ടത്ത് പോയതും കക്കാനായിരുന്നു. പിന്നെ പദ്മിനി, ആദ്യമായി എൻറെ മനസൊന്ന് കുലുക്കിയ പെണ്ണ്. ചിലപ്പോ അവളെ കിട്ടിയിരുന്നെങ്കിൽ ഞാനെല്ലാം നിർത്തി നല്ലൊരു കൊച്ച് ജീവിതം നയിച്ചേനെ. ഈ മോഷണത്തിൻറെ ഒരു ഹരം നമ്മളെ കീഴടിക്കി കഴിഞ്ഞാൽ അത് പിന്നെ നിർത്താൻ പാടാ സാറെ, മോഷ്ടിക്കാൻ നമുക്കിങ്ങനെ കൈ തരിച്ചുകൊണ്ടിരിക്കും. പിന്നെ ചില അലമ്പൻമാരെപ്പറ്റി കാർന്നോന്മാർ പറയാറില്ലേ, ഒരു പെണ്ണൊക്കെ കെട്ടിക്കഴിഞ്ഞാൽ അവൻ നന്നാവുമെന്ന്.  ചിലപ്പോ രവിയും നന്നായിപ്പോയേനെ, പക്ഷേ കഴിഞ്ഞില്ല.

 

 

ചിലപ്പോഴല്ല... ആ കല്ല്യാണം നടന്നിരുന്നുവെങ്കിൽ രവി നന്നായേനെ. കാരണം രവിയുടെ ഉള്ളിൻറെയുള്ളിൽ ഒരു നല്ല മനുഷ്യനുണ്ട്.

 

രാജേഷ് പറഞ്ഞത് കേട്ട് രവി അൽപം അതിശയത്തോടെ രാജേഷിനെ നോക്കി.

 

അതൊരു പുതിയ അറിവാണല്ലോ സാറേ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൃഗം എന്നാണ് എന്നെക്കുറിച്ചെല്ലാരും സാധാരണ പറയാറുള്ളത്. ആദ്യമാ ഇങ്ങനെയൊന്ന് കേട്ടത്. സാറെന്നെ കളിയാക്കിയതാണല്ലേ?”

 

അല്ല രവീ ഞാനൊരു പഴയ സംഭവം പറയാം. രവി പണ്ടൊരിക്കൽ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി. മോഷണം കഴിഞ്ഞ് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് മറ്റൊരു സംഘം ആ വിട്ടിൽ അതിക്രമിച്ച് കയറിയത്. അവരുടെ ലക്ഷ്യം മോഷണമായിരുന്നില്ല, പോലീസ് ഉദ്യോഗസ്ഥനായ ഗൃഹനാഥൻറെ മകനെ തട്ടിക്കൊണ്ട് പോയി വിലപേശാനും അതുവഴി  ഒരു നേതാവിനെ ഏതോ കേസിൽ നിന്നും ഊരിയെടുക്കാനുമായിരുന്നു. അവർ സമർത്ഥമായി ആ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി, സാക്ഷിയായി കഴുകൻ രവി മറഞ്ഞിരുന്നു. വിവരമറിഞ്ഞ് അടുത്ത പകൽ പോലീസ് നാടുമൊത്തം തിരഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല.  പക്ഷേ അന്ന് രാത്രി ആ കുഞ്ഞിനെ ഒരാൾ പോലീസ് സ്റ്റേഷൻറെ ഗേറ്റിന് മുന്നിൽ കൊണ്ടുവിട്ടിട്ട്  ഇരുളിൽ മറഞ്ഞു. ആ ക്രിമിനലുകളെ ആക്രമിച്ച് കൊല്ലാറാക്കിയിട്ട് ആ കുഞ്ഞിനെ രക്ഷിച്ച് അവിടെ കൊണ്ട് വിട്ട രവിയുടെ ഉള്ളിൻറെയുള്ളിൽ ഒരു നല്ല മനുഷ്യൻ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ ആരെങ്കിലും അത് നിഷേധിക്കുമോ?”

 

വല്ലാത്തൊരമ്പരപ്പോടെയാണ് രവി അത് കേട്ടത്. അയാളുടെ കണ്ണുകളിലെ നടുക്കം രാജേഷിന് കാണാമായിരുന്നു. തൻറെ പതർച്ച് രാജേഷിനെ അറിയിക്കാതിരിക്കാൻ തൻറെ മുഖത്തെ പരിഹാസഭാവം തിരികെക്കൊണ്ട് വരാൻ ശ്രമിച്ച് രവി പരാജയപ്പെടുന്നത് കണ്ട് രാജേഷ് ഉള്ളിൽ ചിരിച്ചു.

 

സാറേ വെറുതേ കഥകളുണ്ടാക്കി പറയല്ലേ... രവി അതൊന്നും ചെയ്തിട്ടില്ല. മാത്രമല്ല ഇങ്ങനെയൊരു കഥ പോലീസ് പോലും പറഞ്ഞിട്ടില്ല. ഞാനങ്ങനെയൊന്നിനും സാക്ഷിയായിട്ടുമില്ല.

 

എല്ലാം നിഷേധിച്ച് പറയുമ്പോഴും രവിയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു.

 

പോലീസ് ഇങ്ങനെയൊരു കഥ പറഞ്ഞിട്ടില്ലെന്നത് ശരിയാണ്. അത് ഞാനും അംഗീകരിക്കുന്നു. പക്ഷേ ആ വീട്ടിൽ രവി അന്ന് രാത്രി മോഷ്ടിക്കാൻ കയറിയിട്ടില്ല എന്ന് പറയരുത്. രവി അവിടെ കയറി മോഷ്ടിച്ചു, പിന്നെ ആ അക്രമികളെ പിന്തുടർന്ന് അവരുടെ താവളം കണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന അഞ്ചാൾക്കാരെ ഇടിച്ച് ചതച്ച് ഇഞ്ചപ്പരുവമാക്കിയിട്ട് ആ കൊച്ച് പയ്യനെ രക്ഷിച്ച് പോലീസ് സ്റ്റേഷന് മുന്നിലാക്കി. ഇതൊക്കെ സത്യമല്ലാതാകില്ല. കാരണം അന്ന് രവി മോഷ്ടിക്കാൻ കയറിയത് ഡി വൈ എസ് പി വർഗ്ഗീസ് ജോണിൻറെ വീട്ടിലായിരുന്നു. അന്ന് രവി രക്ഷിച്ച പയ്യൻറെ പേര് രാജേഷ് വർഗ്ഗീസ് എന്നാണ്. അച്ഛൻറെ പാത പിന്തുടർന്നെത്തിയ മകനും ഇന്ന് പോലീസിലാണ്. സർക്കിൾ ഇൻസ്പെക്ടർ രാജേഷ് വർഗ്ഗീസ്.

 

അത്രയും പറഞ്ഞ് രാജേഷ് എണീറ്റു. അവിശ്വസനീയതയോടെ നോക്കി കിടക്കുകയായിരുന്നു രവി.

 

കഴുകൻ രവിയെ ഈ കിടപ്പ് കിടത്തിയവനെ ഞാൻ കണ്ടെത്തും. അത് രവി ചെയ്ത് കൂട്ടിയ തെറ്റുകളൊക്കെ മറന്നുകൊണ്ടല്ല. ഇതൊരു കടം വീട്ടലായി മാത്രം കരുതിയാൽ മതി.

 

രവിയുടെ മറുപടിക്ക് കാക്കാതെ രാജേഷ് പുറത്തേക്ക് പോയി. രവി ആ അന്ധാളിപ്പ് മാറാതെ രാജേഷ് അടച്ചിട്ട് പോയ വാതിൽക്കലേക്ക് നോക്കി കിടക്കുകയായിരുന്നു.

 

അന്ന് രാത്രി. പോലീസ് സ്റ്റേഷൻ

 

എസ് ഐ ജയമോഹനും ചന്തുനാഥും പുറത്ത് ജീപ്പിനരികിലുണ്ട്

 

സാറേ ഇതിപ്പോ വെറുതെ പൊടിപിടിച്ചൊരു ഫയലായി നമ്മുടെ ഷെൽഫിലിരിക്കും എന്ന് കരുതിയ കഴുകൻ രവി വധശ്രമക്കേസ് വേറെ ഏതൊക്കെയോ തലത്തിലെത്തിയല്ലോ ? ഇതൊടുവിലൊരു വള്ളിക്കെട്ടായി മാറുമോ ?”

 

അങ്ങനെയൊന്നുമില്ലെടാ ചന്തൂ. ഇത് ആ സി ഐ സാറിന് വേറെ പണിയില്ലാത്തോണ്ട് കുത്തിപ്പൊക്കിക്കൊണ്ട് നടക്കുന്നതല്ലേ, പിന്നെ ആ രമേശൻറെ കേസ് ഇതിനിടയിൽ വന്നു കയറിയതാ വല്ല്യ പ്രശ്നമായത്. കൂടെ ആ തലതെറിച്ച പിള്ളേര് നാട് വിട്ട് പോവുകയും ചെയ്തു. അതൊടെ എല്ലാം കൂടി കുഴഞ്ഞ് അവിയലു പരുവമായി. നമ്മുടെ വേണുസാറ് കഴുകൻ രവിയുടെ കേസിൽ വല്ല്യ ശുഷ്കാന്തിയൊന്നും കാണിക്കുന്നില്ല. പക്ഷേ തൊപ്പിയില്ലാതെ തന്നെ രാജേഷ് സാറ് അന്വേഷണം തുടരുന്നുണ്ട്. പിന്നെ ഡി വൈ എസ് പി ഹബീബ് സാറിന് രമേശനെ തട്ടിയ കേസ് എത്രയും വേഗം തീർത്തേ പറ്റു. നാളെ രാവിലെ രമേശൻറെ ശവസംസ്കാരത്തിന് മുൻപ് എന്തേലും ചെയ്തില്ലേൽ ആ മന്ത്രി കലിപ്പാവും. രാജേഷ് സാറിന് കിട്ടിയതിൻറെ ബാക്കി അങ്ങേർക്ക് കിട്ടും.

 

അവർ സംസാരിച്ചുകൊണ്ടിരിക്കുന്നിടത്തേക്ക് ജോഷി ധൃതിയിൽ വന്നു.

 

സാറേ അറിഞ്ഞോ? ആ ഒളിച്ചോടിപ്പോയ ജോബിനേയും ശരത്തിനേയും ഡി വൈ എസ് പി സാറ് പൊക്കിയെന്ന്. അവന്മാര് ബംഗളൂരുവിലുണ്ടെന്ന്. എസ് പി കിരൺ സാർ ഇടപെട്ട് അവിടുത്തെ പോലീസിൻറെ കസ്റ്റഡിയിലാക്കിയേക്കുവാ അവന്മാരെ. നാളെ പുലരും മുൻപ് ഇവിടെയെത്തിക്കുമെന്നാ അറിഞ്ഞത്. ഇതോടെ കഥ ക്ലൈമാക്സിലെത്തുമെന്ന് തോന്നുന്നു. അല്ലേ സാറേ

 

ജോഷി പറഞ്ഞത് കേട്ടും എസ് ഐ ജയമോഹനും കോൺസ്റ്റബിൾ ചന്തുനാഥും മുഖാമുഖം നോക്കി.

 

ഈ പിള്ളേര് അന്ന് വല്ലതും കണ്ടുകാണുമോടാ ചന്തൂ....

 

ആർക്കറിയാം സാറേ..... എന്തായാലും അവർ വരട്ടെ...... എത്ര സമർത്ഥമായി തെളിവുകൾ ഒളിപ്പിച്ചാലും കുറ്റവാളിയെക്കുടുക്കാൻ ദൈവമായിട്ട് ചിലതൊക്കെ അവശേഷിപ്പിക്കുമെന്ന് പറയാറില്ലേ... ഈ കേസിൽ ആ തെളിവ് അവന്മാരാണേലോ ?”

 

പറയുമ്പോൾ ചന്തുവിൻറെ സ്വരം ഇടറിയിരുന്നു. ജയമോഹൻറെ മുഖത്ത് എന്തോ ഒരു ഭയാശങ്ക ഉണ്ടായിരുന്നു.

 

പ്രതീക്ഷിച്ചപോലെ സൂര്യൻ ഉദിക്കും മുൻപ് തന്നെ ജോബിനേയും ശരത്തിനേയും ഡി വൈ എസ് പി ഹബീബിൻറെ കസ്റ്റഡിയിൽ കിട്ടിയിരുന്നു. ബാംഗ്ലൂർ പോലീസിൻറെ പിടിയിലായതോടെ തന്നെ അവന്മാർ വിരണ്ടുപോയിരുന്നു. അതുകൊണ്ട് തന്നെ അവരെക്കൊണ്ട് നടന്ന സംഭവങ്ങൾ പറയിപ്പിക്കാൻ ഡി വൈ എസ് പി ഹബീബിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സസ്പെൻഷനിലാണെങ്കിലും സി ഐ രാജേഷിനെ ഹബീബ് വിളിപ്പിച്ചിരുന്നു. അന്ന് രാത്രിയിൽ ആ റെയിൽവേ ട്രാക്കിലെത്താനുണ്ടായ സാഹചര്യം ശരത്തും ജോബിനും വിശദീകരിച്ചു. ആ സംഭവങ്ങൾ ഡി വൈ എസ് പി ഹബീബ് എസ് പി കിരൺ മാത്യുവിൻറെ സാന്നിദ്ധ്യത്തിൽ വിശദീകരിച്ചു.

 

ജോബിന് ഒരു പെൺകുട്ടിയോട് കടുത്ത പ്രണയമായിരുന്നു. ഒരു കാരണവശാലും ആ പെൺകുട്ടിയുടെ വീട്ടുകാർ അവരുടെ ബന്ധത്തെ അംഗീകരിക്കില്ലായിരുന്നു എന്ന് മാത്രമല്ല, അവർ ജോബിനെ അപായപ്പെടുത്തിയേക്കുമെന്നും അവർ ഭയന്നിരുന്നു. അതുകൊണ്ട് തന്നെ നാട്ടിൽ നിന്നും ഒളിച്ചോടി പോയി വിവാഹം കഴിക്കുവാൻ കൂട്ടുകാരനായി ശരത്തുമായി ചേർന്ന് ജോബിനും ആ പെൺകുട്ടിയും പ്ലാൻ ചെയ്തു. ജോബിന് പ്രശ്നം പണമായിരുന്നു, അതിനവർ കുറേ ആലോചനയ്ക്ക് ശേഷം കണ്ടെത്തിയ മാർഗ്ഗമായിരുന്നു അന്നമ്മ ടീച്ചർ. തൻറെ ശിഷ്യരെ നിർല്ലോഭം സഹായിക്കുന്ന ടീച്ചറിനെ സമീപിച്ച് ജോബിൻറെ സഹോദരിയുടെ ചികിത്സയുടെ ആവശ്യത്തിനായി പണം ചോദിച്ചു. അത് കൊടുക്കാമെന്ന് ടീച്ചർ ഉറപ്പും കൊടുത്തു. പക്ഷേ അതിനിടയിൽ അന്നമ്മ ടീച്ചർ ആക്രമിക്കപ്പെട്ടു. അതൊടെ എല്ലാം പൊളിഞ്ഞു എന്ന് കരുതി നിരാശരായിരിക്കുമ്പോഴാണ് സംഭവദിവസം പകൽ ജോബിൻറെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടത്. അതോടെ അവർ പെട്ടെന്ന് പ്ലാനുണ്ടാക്കി, ആ രാത്രി തന്നെ പെൺകുട്ടിയെക്കൂട്ടി ഒളിച്ചോടാൻ. അത്ര തിരക്ക് കൂട്ടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, അടുത്ത ദിവസം അവളുടെ വിവാഹം ഉറപ്പിക്കാൻ ഒരു കൂട്ടർ വരുന്നുണ്ടായിരുന്നു. ഈ പെൺകുട്ടിയുടെ വീടിൻറെ പിന്നിലാണ് റെയിൽവേ ട്രാക്ക്. ശരത്തും ജോബിനും റെയിൽവേ ട്രാക്കിലെത്തി, പാളം മുറിച്ച് കടന്ന് സർപ്പക്കാവിനരികിലെത്തി. പിന്നെ ട്രാക്കിനരികിലുള്ള നടവഴിച്ചാലിലൂടെ ആ പെൺകുട്ടിയുടെ വീടിനും പിന്നിലെത്തി. അവൾക്ക് സിഗ്നൽ നൽകി മതിലിനിപ്പുറം കാത്തിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അവൾ വന്നു. ജോബിൻ മതിലിനും മുകളിലൂടെ അവളെ പിടിച്ചുകയറ്റി റെയിൽവേ ട്രാക്കിലെത്തിച്ചു. ആ സമയത്താണ് ഗുഡ്സ് ട്രെയിൻ അവരെക്കടന്ന് പോയത്. അത് പോയ ശേഷം മൂവരും സർപ്പക്കാവിൻറെ ഭാഗത്തേക്ക് നടന്നു. സർപ്പക്കാവ് കഴിഞ്ഞാൽ റെയിൽവേ ട്രാക്ക് കായലിന് മുകളിലെ പാലത്തിലൂടെയാണ് പോകുന്നത്. പാലം വഴി അക്കരെ ഇറങ്ങി ഒരു നാനൂറ് മീറ്റർ നടന്നാൽ ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനുമുണ്ട്. സർപ്പക്കാവിനരികിലൂടെയുള്ള കുറ്റിക്കാട്ടിലൂടെ ഒരു ഇരുന്നൂറ് മീറ്റർ നടന്നാൽ ഹൈവേയിലെത്താം. പള്ളിക്കവലക്കാർക്ക് ഠൗണിലേക്ക് പോകാനുള്ള ഷോർട്ട്കട്ടാണ് ആ പാലം. റെയിൽവേ സ്റ്റേഷനിൽ നിന്നും 11.20 ന് പോകുന്ന ബാംഗ്ലൂർ ട്രെയിനിൽ കയറിപ്പോവുകയായിരുന്നു അവരുടെ ലക്ഷ്യം. ബാംഗ്ലൂരിലെത്തിയ ശേഷം അവിടെയുള്ള ഒരു സുഹൃത്തിൻറെ സഹായത്തോടെ ഹൈദരാബാദിലേക്ക് പോയി തല്ക്കാലം കുറച്ചു നാൾ താമസിച്ച് നാട്ടിലെ സ്ഥിതിഗതികൾ അനുസരിച്ച് ഭാവിപരിപാടികൾ പ്ലാൻ ചെയ്യാനാണ് ജോബിനും ശരത്തും തീരുമാനിച്ചിരുന്നത്. പക്ഷേ സർപ്പക്കാവിന് മുന്നിലെത്തിയപ്പോൾ പാളത്തിലെ ഞരക്കം കേട്ട് മൊബൈലിൻറെ ഫ്ലാഷ് ലൈറ്റ് അങ്ങോട്ടെക്ക് തെളിച്ചപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന കഴുകൻ രവിയെ അവർ മൂവരും ഒരു പോലെ കണ്ടത്. ഭയന്ന് പോയ ആ പെൺകുട്ടി നിലവിളിക്കുമെന്ന് മനസിലാക്കിയ ജോബിൻ അവളുടെ വായ പൊത്തി. പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ജോബിനെ തള്ളിമാറ്റി അവൾ പിന്തിരിഞ്ഞോടി. ജോബിൻ പിന്നാലെയോടി അവളെ പിടിച്ചുനിർത്തിയെങ്കിലും അവളുടെ ബോധം മറഞ്ഞിരുന്നു.

 

        ശരത്ത് കഴുകൻ രവിയുടെ സമീപത്ത് തന്നെ നിൽക്കുകയായിരുന്നു. കാലുകളും കൈപ്പത്തിയും അറ്റ് പോയിട്ടും ബോധം മറഞ്ഞിട്ടില്ലാത്ത രവിയുടെ പിടച്ചിൽ കണ്ട് അവൻ തളർന്ന് നിന്ന് പോയതാണ്. ഒരു വർഷം മുൻപ് സ്വന്തം സഹോദരൻ സുജിത്ത് ലാലിനെ  എതിർപാർട്ടിക്കാർ ആക്രമിക്കുന്നതറിഞ്ഞ് ഓടിയെത്തിയതായിരുന്നു ശരത്ത്. അന്ന്  അവൻറെ മടിയിൽ കിടന്നായിരുന്നു സുജിത്ത് അന്ത്യശ്വാസം വലിച്ചത്. അക്രമികൾ വെട്ടിയരിഞ്ഞ് വികൃതമാക്കിയ സഹോദരൻറെ മുഖം നെഞ്ചിൽ ചേർത്ത് അവൻ പൊട്ടിക്കരയുന്ന ചിത്രം ആരോ മൊബൈലിലെടുത്തത് അടുത്ത ദിവസത്തെ പത്രങ്ങളിലെ മുൻപേജിലുണ്ടായിരുന്നു. ആ ഓർമ്മയിൽ തികട്ടി വന്നത് കൊണ്ടാവും ശരത് ഫോണെടുത്ത് 100 ഡയൽ ചെയ്ത് അപകട വിവരം അറിയിച്ചത്. അതിന് ശേഷമാണ് തൻറെ ഒപ്പമുണ്ടായിരുന്ന ജോബിനെക്കുറിച്ചും പെൺകുട്ടിയെക്കുറിച്ചും ശരത് ഓർത്തത്. അവരിരുവരും അൽപം അകലെയായിരുന്നു. ശരത് ഓടി അവർക്കരികിലെത്തി.  രണ്ടാളും ചേർന്ന് അവളെ താങ്ങിയെടുത്ത് അവളുടെ വീടിൻറെ മതിലരികിൽ എത്തിച്ചു.

 

  ശരത് പോലീസിനെ വിളിച്ചു പോയതുകൊണ്ടും പെൺകുട്ടിയുടെ ബോധം പോയതുകൊണ്ടും അവർക്ക് വേറെ മാർഗ്ഗമില്ലായിരുന്നു. മതില് ചാടിക്കടന്ന് ജോബിൻ കുറച്ച് വെള്ളമെടുത്തുകൊണ്ടു വന്ന് മുഖത്ത് തളിച്ചപ്പോൾ അവൾക്ക് ബോധം വന്നെങ്കിലും ഭയം വിട്ടുമാറിയിട്ടില്ലായിരുന്നു. വിയർത്ത് നനഞ്ഞ അവളുടെ ശരീരം വിറയ്ക്കുകയായിരുന്നു. ഒരു വിധം അവളെ ആശ്വസിപ്പിച്ച് മതിലിനു മുകളിലൂടെ ജോബിൻ അവളെ തിരികെ വീട്ടിലെത്തിച്ചു. പെട്ടെന്ന് തന്നെ തിരികെ വന്ന അവൻ ശരത്തിനെ കൂട്ടി കഴുകൻ രവി കിടക്കുന്ന സ്ഥലത്തെത്തി. ഒരു കാരണവശാലും പോലീസിനോട് ആ പെൺകുട്ടിയുടെ കാര്യം പറയാതിരിക്കേണ്ടതുള്ളതിനാൽ ഒരു കള്ളക്കഥ പ്ലാൻ ചെയ്തു. അതാണ് മീൻപിടിക്കാൻ പോയതാണെന്ന് പോലീസിനോട് അവർ പറഞ്ഞ മൊഴി.

 

ഈ പറഞ്ഞ കഥ ജെനുവിനാണെന്ന് ഹബീബിന് തോന്നുന്നുണ്ടോ ?”

 

ഉണ്ട് സാർ. അവർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ കഥയിലെ പെൺകുട്ടിയെ ഞാൻ അൽപം മുൻപ് ഫോണിൽ വിളിച്ചിരുന്നു. അന്നത്തെ സംഭവത്തോടെ പേടിച്ച് പനിപിടിച്ച് ആശുപത്രിയിലായിപ്പോയ അവൾ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ്ജായത്. റെയിൽവേ ട്രാക്കിനരികിലുള്ള വീടായതിനാൽ ട്രാക്കിൽ മരണപ്പെട്ടവരുടെ അലയുന്ന ആത്മാക്കളുടെ കഥ പറഞ്ഞ് അവളെ കൂട്ടുകാരികൾ സ്ഥിരമായി പേടിപ്പിക്കുമായിരുന്നു. ഉപബോധ മനസിലെ ആ ഭയവും, അന്ന് നേരിൽ കണ്ട കഴുകൻ രവിയുടെ ചോരയിൽ കുളിച്ച ശരീരവും അവളുടെ മനസിനെ ഭീകരമായി വേട്ടയാടി. എന്തായാലും ഇപ്പോൾ അവൾ ഓക്കെയാണ്. ഇവർ പറഞ്ഞ കഥ ഒക്കെ സത്യമാണെന്ന് ആ കുട്ടിയിൽ നിന്നും എനിക്ക് ബോദ്ധ്യമായിട്ടുണ്ട്.

 

എസ് പി കിരൺ മാത്യുവിൻറെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെയായിരുന്നു ഹബീബിൻറെ മറുപടി.

 

ആരാണ് ആ പെൺകുട്ടി ?”

 

എസ് പി യുടെ ആ ചോദ്യത്തിനുത്തരം അതിനു മുൻപേ രാജേഷിനും എസ് ഐ വേണുവിനും മനസിലായിക്കഴിഞ്ഞിരുന്നു.

 

എ എസ് ഐ അശോകൻറെ മകൾ വൃന്ദ , അല്ലേ ഹബീബ് സാറേ

 

സി ഐ രാജേഷ് ചോദിച്ചപ്പോൾ അതേ എന്നർത്ഥത്തിൽ ഹബീബ് തലകുലുക്കി.

 

അപ്പോൾ ഇവന്മാർ ആ അക്രമിയെ കണ്ടിട്ടില്ല. രമേശനെയും, എന്നാണോ ഹബീബേ?”

 

എസ് പി യുടെ ചോദ്യത്തിനും അതേയെന്നർത്ഥത്തിൽ ഹബിബ് തയാട്ടുകയാണ് ചെയ്തത്.

 

ശരത്തും ജോബിനും കസ്റ്റഡിയിലാകുമ്പോൾ എല്ലാത്തിനും ഉത്തരം കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതിൻറെ നിരാശ എല്ലാവരുടെയുംവ മുഖങ്ങളിലുണ്ടായിരുന്നു.

 

ഡി വൈ എസ് പി ഓഫീസിലെ വിവരങ്ങൾ രാജേഷ് എസ് ഐ ജയമോഹനെ വിളിച്ച് പറഞ്ഞിരുന്നു. നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ചന്തുവിനോട് ജയമോഹൻ വിവരങ്ങൾ പറഞ്ഞു.

 

അപ്പോൾ ഭയന്നത് പോലെ ഒന്നും ഉണ്ടായിട്ടില്ല അല്ലേ സാറേ ? ശരത്തും ജോബിനും ഈ കഥയിലെ വെറും വഴിപോക്കർ മാത്രമായി അല്ലേ. അവർ ഒന്നും കണ്ടിട്ടുമില്ല.

 

ചന്തു പറഞ്ഞത് കേട്ട് എസ് ഐ ജയമോഹൻ അൽപം ദീർഘമായി ശ്വാസം ഉള്ളിലേക്കെടുത്തു.

 

മോനേ ഇത് കേൾക്കുന്നത് വരെയും ചങ്കിൽ തീയായിരുന്നു, അവന്മാർ എന്തെങ്കിലും കണ്ടിട്ടുണ്ടാവുമെന്ന് ഞാൻ ഭയന്നിരുന്നു. ഇപ്പോഴാ ശരിക്കും ഒന്നു ശ്വാസമെടുത്തത് പോലും.

 

അങ്ങിനെയൊന്നും ദൈവം എന്നെ കൈവിടില്ല സാറേ. ഞാൻ ചെയ്തത് ഒരു തെറ്റല്ല. കഴുകൻ രവിയെ ഈ അവസ്ഥയിൽ കാണുമ്പോൾ സന്തോഷിക്കുന്ന ഒരുപാടുപേരുണ്ട്. അവൻ കൊന്നവർ, അവൻ കാരണം വീണുപോയ എൻറെ അന്നമ്മ ടീച്ചറെപ്പോലെയുള്ളവർ, ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ഒറ്റ രാത്രികൊണ്ട് കഴുകൻ രവി കട്ടോണ്ട് പോയപ്പോൾ നെഞ്ച് തകർന്ന് നിലവിളിച്ചവർ, അവരുടെയൊക്കെ പ്രാർത്ഥനയുണ്ട് ജയൻ സാറെ ഈ ചന്തുവിൻറെ രക്ഷയ്ക്ക്. കഴുകൻ രവിയുടെ കൈപ്പത്തി വെട്ടിയെടുത്തപ്പോൾ എൻറെ കൈ വിറച്ചിട്ടില്ല. അവൻറെ കാലുകളിലൂടെ ട്രെയിനിൻറെ ഇരുമ്പ് ചക്രങ്ങൾ കയറിയിറങ്ങിപ്പോയത് കണ്ട് നിന്നപ്പോൾ കണ്ണുകളും ഞാനടച്ചിട്ടില്ല. കഴുകൻ രവി ശിക്ഷാർഹനാണ്. അവനർഹിക്കുന്നത് മരണശിക്ഷയുമല്ല, അതിലും വലുതാണ്. അതാണ് ഞാൻ നടപ്പിലാക്കിയത്. എൻറെ ടീച്ചർക്ക് വേണ്ടി.

 

 

PART 19

 

 

അന്ന് പകൽ രമേശൻറെ മൃതദേഹം കെ ആർ പിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചു. രമേശന് അന്ത്യാഭിവാദ്യം അർപ്പിച്ച ശേഷം പുറത്തേക്കിറങ്ങിയ മന്ത്രി രാജൻ അമ്പലക്കുന്നേലിനെ ചാനൽ റിപ്പോർട്ടർമാർ വളഞ്ഞു.

 

സർ രമശൻറെ ഘാതകരെക്കുറിച്ച് പോലീസിന് എന്തേലും വിവരങ്ങൾ കിട്ടിയോ?”

ഈ കൊലപാതകത്തിൽ ആർ ഡി പി ക്ക് പങ്കുണ്ടോ ?”

ഇതൊരു രാഷ്ട്രീയ കൊലപാതകമാണോ?”

ഇതുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട പ്രദേശവാസികളായ രണ്ട് ചെറുപ്പക്കാരാണോ കൊലയാളികൾ?”

അവർ മന്ത്രിയ്ക്ക് നേരേ ചോദ്യശരങ്ങളെയ്തു. കൈ ഉയർത്തി എല്ലാവരോടും ശാന്തരാകുവാൻ പറഞ്ഞിട്ട് മന്ത്രി അവർക്ക് മറുപടി നൽകാൻ തുടങ്ങി.

 

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാം. ഈ നാട് ഭരിക്കുന്നത്  കെ ആർ പി യാണ്. ജനലക്ഷങ്ങൾ ജീവനും രക്തവും നൽകി വളർത്തിയ പാർട്ടി.  പാർട്ടിക്ക് ഏറ്റവും വിലപ്പെട്ട ഒരു പ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്. മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ രമേശൻ. തീർത്തും പ്രതികൂല സാഹചര്യങ്ങളിൽ നിന്നും വളർന്ന് വന്ന യുവനേതാവ്. ഈ ധീരനായ ചെറുപ്പക്കാരൻറെ ചിതയിൽ തീ പടരും മുൻപ് പ്രതിയെ കണ്ടെത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കാരണം കെ ആർ പി യാണ് നാട് ഭരിക്കുന്നത്. പറയുന്നത് അതേപടി പ്രവർത്തിക്കുന്ന പാർട്ടിയാണിത്. പ്രതിയെ കണ്ടെത്തിക്കഴിഞ്ഞു. അയാളിപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇനി വേണ്ടത് ഗുഢാലോചനയിൽ പങ്കെടുത്തവരെയാണ്.  അത് കണ്ടെത്തും അധികം വൈകാതെ

 

അരാണ് സാർ ആ കൊലപാതകി?” മന്ത്രി പറയുന്നതിനിടയിൽ കയറി ഒരു റിപ്പോർട്ടർ ചോദിച്ചത് മന്ത്രിയ്ക്ക് അത്രയിഷ്ടപ്പെട്ടില്ല. തൻറെ നോട്ടത്തിലൂടെ ആ അനിഷ്ടം അദ്ദേഹം പ്രകടമാക്കുകയും ചെയ്തു.

 

രമേശനെ കൊന്നത് കഴുകൻ രവി എന്നൊരു വാടകക്കൊലയാളിയാണ്. രമേശനെ കൊന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അയാളെ ട്രെയിനിടിച്ചു. ആ അപകടത്തിൽ രണ്ട് കാലുകളും വലത് കൈപ്പത്തിയും നഷ്ടപ്പെട്ട കഴുകൻ രവി ഇപ്പോൾ ഹോസ്പിറ്റലിലാണ്. അതിനിടയിൽ ഹാർട്ട് അറ്റാക്ക് കൂടി വന്നതിനാൽ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അയാളെ ചോദ്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതോടെ ഈ ഗൂഢാലോചനയിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരം ലഭിക്കും.

 

സാർ അയാൾ കുറ്റം സമ്മതിച്ചോ? ഇതിന് സാക്ഷികളുണ്ടോ ?”

 

റിപ്പോർട്ടർമാർക്കിടയിൽ നിന്നും ചോദ്യങ്ങളുയർന്നു.

 

ഇത്തരം ക്രിമിനലുകളൊന്നും കുറ്റം സമ്മതിക്കില്ലല്ലോ ? സാഹചര്യത്തെളിവുകളുണ്ട് പിന്നെ സാക്ഷികളും. ജോബിൻ, ശരത്ത് എന്നീ രണ്ട് പയ്യൻമാർ ദൃക്സാക്ഷികളാണ്. രമേശനെ കൊന്ന് കായലിൽ താഴ്ത്തുന്നതിന്. സംഭവം കണ്ട് ഭയന്ന് പോയ അവർ പേടിച്ച് നാട് വിട്ട് പോയതായിരുന്നു. ഇപ്പോഴവർ പോലീസ് കസ്റ്റഡിയിലുണ്ട്...... അപ്പോ എല്ലാം ക്ലിയർ അല്ലേ? ഇനിയുള്ള വിവരങ്ങൾ എസ് പി തരും.അത്രയും പറഞ്ഞ് മന്ത്രി തൻറെ കാറിനടുത്തേക്ക് നീങ്ങി. ചാനലുകാർ മന്തിയുടെ പിന്നിലുണ്ടായിരുന്ന എസ് പി കിരൺ മാത്യുവിനെ വളഞ്ഞു.

 

മന്ത്രി കാറിൽ കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു. അയാൾക്കറിയാമായിരുന്നു ചാനലുകാർക്ക് മുന്നിൽ എസ് പി കിരൺ മാത്യു ശരിക്കും വിയർക്കുമെന്ന് .ആ പയ്യൻമാരെ കിട്ടിയപ്പോൾ എസ് പി വാക്ക് തന്നതായിരുന്നു ഇന്ന് രാവിലെ ചാനലുകാർക്ക് മുന്നിൽ പ്രതികളെ ഹാജരാക്കുമെന്ന്. പക്ഷേ അതേ എസ് പി രാവിലെ ഏഴ് മണിക്ക് വിളിച്ച് പറഞ്ഞിരിക്കുന്നു ആ പയ്യന്മാരല്ല അത് ചെയ്തത്, അവന്മാരൊന്നും കണ്ടിട്ടുമില്ല. അങ്ങനെ തുമ്പുമില്ല തുരുമ്പുമില്ലാതെ കേസ് വഴിമുട്ടിയെന്ന്. തൻറെയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച എസ് പി യ്ക്ക് മൗനമായിരുന്നു മറുപടി കിട്ടിയത്. അൽപം മുൻപ് താൻ ചാനലുകാർക്ക് മുന്നിൽ വിളിച്ച് പറഞ്ഞതൊക്കെയും പാർട്ടി മീഡിയാ സെൽ തലവൻ സിദ്ദാർത്ഥ് മേനോൻ എഴുതിത്തന്നൊരു കഥയാണെന്ന് ചാനലുകാർക്കറിയില്ലല്ലോ. താൻ പറഞ്ഞത് തള്ളാനും കൊള്ളാനുമാകാതെ എസ് പി വിയർക്കും. താൻ പറഞ്ഞതിന് തുടർച്ചയായൊരു കഥമാത്രമേ ഇനി പോലീസിന് പറയാൻ കഴിയു. കഥ മാത്രമല്ല, തെളിവുകളും അതനുസരിച്ച് അവരുണ്ടാക്കേണ്ടി വരും.

 

മന്ത്രി രാജൻ അമ്പലക്കുന്നേലിൻറെ മുഖത്തൊരു നിഗൂഢമായ പുഞ്ചിരി വിടർന്നു. മന്ത്രിയുടെ വാഹനം ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു.

 

കിട്ടിയവനെ പ്രതിയാക്കാൻ മുകളിൽ നിന്നുള്ള നിർദ്ദേശം വന്നിട്ടും ചെവിക്കൊള്ളാതിരുന്നത് കൊണ്ടാണ് മന്ത്രി തനിക്കിട്ട് ചെക്ക് വച്ചിട്ട് പോകാൻ കാരണമെന്ന് എസ് പി കിരൺ മാത്യുവിന് അറിയാമായിരുന്നു. പാർട്ടി തീരുമാനം മന്ത്രി നേരിട്ടങ്ങ് എക്സിക്യൂട്ട് ചെയ്തു. മന്ത്രി പറഞ്ഞതിനെ തള്ളിപ്പറയാനാകില്ല. അത് കൊണ്ട്  മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആ കഥയുടെ ബാക്കി പൂരിപ്പിച്ചുകൊടുത്തു. അതിൻ പ്രകാരം ജോബിനെയും ശരത്തിനെയും ഭീഷണിപ്പെടുത്തി ഇല്ലാത്ത സാക്ഷിമൊഴിയെഴുതി വാങ്ങിച്ചു. ആശുപത്രിയിൽ കഴുകൻ രവിയെ പോലീസ് തടങ്കലിലാക്കി. പത്രങ്ങളും ചാനലുകളും ആ ദിവസം ആ വാർത്തയുമായി ആഘോഷിച്ചു.

 

   

                ചന്തു രക്ഷപെട്ടതിലുള്ള സന്തോഷത്തിലായിരുന്നു എസ് ഐ ജയമോഹൻ. തീരെ അപ്രതീക്ഷിതമായി കഴുകൻ രവിയെ മുന്നിൽ കിട്ടിയപ്പോ ഒരാവേശത്തിൽ അവൻ ചെയ്തതാണ്. അത്രയ്ക്കും പകയുണ്ടായിരുന്നു കഴുകൻ രവിയോട്. രണ്ട് തവണയാണ് കഴുകൻ ചന്തുവിൻറെ ജീവിതത്തിൽ വില്ലനായി വന്നത്. ഒന്ന് അവൻറെ കുട്ടിക്കാലത്ത്,  അമ്മയുടെ അനുജത്തിയുടെ വിവാഹത്തലേന്ന് രാത്രിയിൽ കല്ല്യാണത്തിനായി കരുതി വച്ച സ്വർണ്ണവും പണവും കൈക്കലാക്കി ഓടിയ കള്ളന് പിന്നാലെ അവൻറെ അച്ഛനുമോടി. പക്ഷേ ഇരുട്ടിൽ കരുത്തനായ കള്ളനെ കീഴ്പ്പെടുത്താൻ അച്ഛന് കഴിഞ്ഞില്ല. കള്ളൻ അച്ഛനെ കുത്തിയിട്ട് രക്ഷപെട്ട് കളഞ്ഞു. കഴുകൻ രവിയാണത് ചെയ്തതെന്ന് പോലീസുകാർ പറഞ്ഞു. മൽപ്പിടിത്തത്തിനിടയിലെ വീഴ്ചയിൽ തലയ്ക്ക് പറ്റിയ പരിക്ക് ചന്തുവിൻറെ അച്ഛൻറെ വലം കൈയും കാലും തളർത്തിക്കളഞ്ഞു. കുത്തേറ്റ് മുറിഞ്ഞുതൂങ്ങിയ കുടലുമായി ആശുപത്രിയിലും പിന്നെ വീട്ടിലും കുറേക്കാലം കിടന്ന് നരകിച്ചിട്ടാ അച്ഛൻ മരിച്ചത്. ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ കടം കുടുംബത്തെ തകർത്തു. അവിടെ രക്ഷകയായി എത്തിയത് ചന്തുവിൻറെ ക്ലാസ് ടീച്ചറായിരുന്ന അന്നമ്മ തങ്കച്ചനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന അവൻറെ പഠനം ഏറ്റെടുത്തത് മാത്രമല്ല, ആ കുടുംബത്തിനെ പട്ടിണിയാകാതെ കാത്തതും അന്നമ്മ ടീച്ചറായിരുന്നു. കാലങ്ങൾക്കിപ്പുറം അതേ കള്ളൻ വീണ്ടുമെത്തി ചന്തുവിന് ഏറ്റവും പ്രിയപ്പെട്ട അവൻറെ ടീച്ചറമ്മയുടെ അടുത്തേക്ക്. ചന്തു പോലീസായത് തന്നെ കഴുകൻ രവിയെന്ന കള്ളനോടുള്ള ഒടുങ്ങാത്ത പക മൂലമായിരുന്നു. രാത്രിയിൽ ആ വിജനതയിൽ അപ്രതീക്ഷിതമായി കഴുകനെ മുന്നിൽ കിട്ടിയപ്പോ ഒരു നിമിഷം ചന്തു നിയമത്തെ മറന്നു, വെറും പ്രതികാര ദാഹിയായി മാറി. എല്ലാം സി ഐ രാജേഷ് സാറിനോട് ഏറ്റ് പറഞ്ഞ് ശിക്ഷ വാങ്ങാനിരുന്ന ചന്തുവിനെ പറഞ്ഞ് പിന്തിരിപ്പിച്ചത് എസ് ഐ ജയമോഹനായിരുന്നു. തന്നോട് പറഞ്ഞത് പോലെ നടന്ന സംഭവങ്ങൾ മറ്റൊരാളോടും പറയരുതെന്ന് ജയമോഹൻ ചന്തുവിനെ താക്കിത് ചെയ്തിരുന്നു. ഒരു വെറുക്കപ്പെട്ടവന് വേണ്ടി സ്വന്തം ജീവിതം തുലയ്ക്കാൻ ചന്തുവിനെ അനുവദിച്ചില്ല. പക്ഷേ പിന്നീട് രമേശൻറെ മരണവും ആ പിള്ളേരുടെ ഒളിച്ചോട്ടവും കൂടിയായപ്പോൾ കേസ് ആകെ കുഴഞ്ഞ് മറിഞ്ഞു. എന്തായാലും കഴുകൻ രവിയെ ട്രെയിനിടിച്ചിട്ടതാണെന്ന് മന്ത്രി തന്നെ പ്രഖ്യാപിച്ചതോടെ അക്കാര്യത്തിൽ മറിച്ചൊന്നാണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കാൻ ഒരു അന്വേഷണമുണ്ടാകില്ലെന്ന് ജയമോഹൻ വിശ്വസിച്ചു.

 

        ജയമോഹൻ ചന്തുവിനെ ഫോണിൽ വിളിച്ചു.  അവൻറെ അച്ഛൻ മരിച്ചതിൻറെ ആണ്ട് കർമ്മങ്ങൾക്കായി ലീവിലായിരുന്നതിനാലും വാർത്ത കണ്ടിരിക്കാൻ സാദ്ധ്യതയില്ലാത്തതിനാലും സന്തോഷം അറിയിക്കാനായിരുന്നു ഫോൺ ചെയ്തത്. ചന്തു കൊളെടുത്തു.

 

ടാ മോനേ നമ്മൾ രക്ഷപെട്ടെടാ. ആ മന്ത്രി രാജൻ അമ്പലക്കുന്നേൽ ചാനലുകാർരോട് വിളിച്ചു പറഞ്ഞു, രമേശനെ കൊന്നത് കഴുകൻ രവിയാണെന്ന്. അത് കഴിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുകനെ ട്രെയിനിടിച്ചതാണെന്നും. ഇപ്പോഴാ എനിക്ക് സമാധാനമായത്. ഇനി അതിന്മേൽ ഒരു അന്വേഷണം ഉണ്ടാകില്ലല്ലോ

 

ജയമോഹൻ അത്യധികം സന്തോഷത്തിലായിരുന്നു. പക്ഷേ ആ സന്തോഷം ചന്തുവിന് ഇല്ലായിരുന്നു.

 

ജയൻ സാറേ അങ്ങനെ സന്തോഷിക്കാറായിട്ടില്ല. പോലീസ് അന്വേഷിക്കില്ലയെന്ന് സാറ് പറഞ്ഞത് ശരിയായിരിക്കും. ഒരു പക്ഷേ കഴുകൻ രവിയെ ആക്രമിച്ചത് ആരെന്ന് കണ്ടെത്താൻ ഔദ്യോഗികമായ ഒരു അന്വേഷണം ഇനി പോലീസിൻറെ ഭാഗത്ത് നിന്നുണ്ടാകില്ലായിരിക്കാം. പക്ഷേ എല്ലാം തുടങ്ങി വച്ച ഒരാളുണ്ടല്ലോ, സി ഐ രാജേഷ് സാർ, സാറൊന്നും അവസാനിപ്പിച്ചിട്ടില്ല. സാറിപ്പോഴും കഴുകൻ രവിയുടെ പിന്നാലെ തന്നെയാണ്. കുറച്ച് മുന്നേ എന്നെ വിളിച്ചിരുന്നു.

 

ചന്തു പറഞ്ഞപ്പോഴാണ് സി ഐ രാജേഷിൻറെ കാര്യം ജയമോഹൻ ഓർത്തത്.

 

എന്തിനാടാ രാജേഷ് സാർ നിന്നെ വിളിച്ചത്?”

 

ഞാൻ ലീവാണെന്ന് അറിഞ്ഞ് വിളിച്ചതാണെന്നാ ആദ്യം പറഞ്ഞത്. പക്ഷേ സാറെന്നോട് മറ്റൊരു കാര്യമാണ് പിന്നെ ചോദിച്ചത്. കഴുകൻ രവി ആക്രമിക്കപ്പെട്ട സ്ഥലത്ത് ആ സമയത്ത് ആക്ടീവ് ആയി ഉണ്ടായിരുന്ന മൊബൈൽ നമ്പരുകളുടെ ലിസ്റ്റ് എടുത്തപ്പോൾ അതിൽ എൻറെ നമ്പരും കണ്ടല്ലോയെന്ന് പറഞ്ഞു.

 

എന്നിട്ട് നീയെന്ത് പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന അങ്കലാപ്പ് ജയമോഹൻറെ ശബ്ദത്തിലുണ്ടായിരുന്നു.

 

കഞ്ചാവ് പിള്ളേരെപ്പിടിക്കാൻ എക്സൈസുമായി ചേർന്നുള്ളൊരു ജോയിൻറ് ഇൻസ്പെക്ഷൻ അന്നുണ്ടായിരുന്നു. അതിൻറെ ഭാഗമായി മഫ്ടിയിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ സർപ്പക്കാവിൻറെ അപ്പുറത്തുള്ള ഇടവഴിയിൽ കൂടി ബൈക്കിൽ പോയിരുന്നുവെന്നും ഇടയക്ക് മൂത്രമൊഴിക്കാനായി ബൈക്ക് നിർത്തിയിരുന്നുവെന്നും പറഞ്ഞു. അത് കഴിഞ്ഞ് കായൽക്കരയിൽ ബോട്ട് ജെട്ടി വരെ പോയി അൽപസമയം അവിടെ നിന്ന് ഒരു സിഗററ്റും പുകച്ച ശേഷം ഞാൻ റിട്ടേൺ വരുന്ന സമയത്താണ് നമ്മുടെ ടീം സ്പോട്ടിലെത്തിയതും, വണ്ടിയുടെ സൈറൺ കേട്ട് ഞാൻ സ്പോട്ടിലെത്തിയതും സംഭവമറിഞ്ഞതുമെന്നും പറഞ്ഞു.

 

എടാ എന്നിട്ട് നീ പറഞ്ഞതൊക്കെ സാറ് വിശ്വസിച്ചോ, സംശയമെന്തെങ്കിലും ?” ജയമോഹന് ആശങ്ക അടങ്ങിയിരുന്നില്ല. പക്ഷേ അക്കാര്യത്തിൽ ചന്തുവിന് യാതൊരു പരിഭ്രമവും ഇല്ലായിരുന്നു.

 

സാറേ കള്ളത്തരം പറയുമ്പോളും, ഇല്ലാത്തൊരു സംഭവം ഉണ്ടാക്കി പറയുമ്പോഴുമൊക്കെ പ്രതി പരുങ്ങുന്നതും, വാക്കുകൾക്കായി പരതുന്നതും, അവൻറെ കണ്ണുകളുടെ ചലനവും,  അവൻറെ വെപ്രാളവുമൊക്കെ നോക്കിയല്ലേ പറഞ്ഞത് കള്ളമാണോ സത്യമാണോ എന്നൊക്കെ നമ്മൾ പോലീസുകാർ തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ ഞാൻ പരഞ്ഞതൊന്നും കള്ളമല്ലല്ലോ, എല്ലാം അന്ന് നടന്ന കാര്യങ്ങൾ തന്നെയാണ്. അതിനിടയിലെ ഒരു അഞ്ച് മിനിട്ട് സമയം ഞാൻ മറച്ചുവെച്ചു. കഴുകൻ രവിയുടെ ശിക്ഷ നടപ്പാക്കാനെടുത്ത അഞ്ച് മിനിറ്റ്.

 

 

എസ് ഐ ജയമോഹൻ ഒരു ദീർഘശ്വാസമെടുത്തു.

 

ഭാഗ്യം ... ഞാൻ ചെറുതായൊന്ന് ഭയന്നിരുന്നു. ഇപ്പോ ആശ്വാസമായി

 

ആശ്വസിക്കാറായിട്ടില്ല എസ് ഐ സാറേ.... ഒന്നും അവസാനിച്ചിട്ടുമില്ല. ചെയ്ത കുറ്റം എങ്ങനെയൊക്കെ മറച്ച് പിടിച്ചാലും ഒരു നാൾ അത് ആരെങ്കിലും ചികഞ്ഞ് പുറത്തിടും. ആ ഒരു ദിനത്തെ കാത്തിരിക്കുന്നത് ഭീകരമായൊരു ശിക്ഷയാണ്. ഞാനല്ല, ലാലേട്ടൻ ഒരു സിനിമയിൽ പറഞ്ഞതാണ്. അതൊരു വലിയ സത്യമാണ് സാറേ...... രാജേഷ് സാറ് ആ കേസ് വിടില്ല. എന്നെ സംശയം തോന്നി എൻറെ ഭൂതകാലം സാറ് ചികഞ്ഞാൽ അവിടെുണ്ട് കഴുകൻ രവിയെ എന്നിലേക്ക് ബന്ധിപ്പിക്കുന്ന കുടുക്കുകൾ, ഒരിക്കലും അഴിച്ച് മാറ്റാനാവാത്ത കുടുക്കുകൾ. അച്ഛനും അന്നമ്മ ടീച്ചറും.

 

അൽപം മുൻപ് തോന്നിയ ആശ്വാസം അതിനേക്കാൾ വലിയൊരു ആശങ്കയായി മാറിയപ്പോൾ ജയമോഹൻ എന്താണ് പറയേണ്ടതെന്നറിയാതെ നിന്നുപോയി.  മൗനത്തിൻറെ ആ ഇടവേള ചന്തു തന്നെ ഭേദിച്ചു.

 

സാറേ തല്ക്കാലം പേടിക്കേണ്ടതില്ല. ഞാൻ പറഞ്ഞത് സാറ് വിശ്വസിച്ചിട്ടുണ്ട്.  സാറിപ്പോ കഴുകൻറെ ഭൂതകാലം ചികയുന്ന തിരക്കിലാണ്. അയാളുടെ കഥയിലെ  ടോമിച്ചനെയും തിരഞ്ഞ് അടിവാരത്തേക്ക് പോവുകയാണ് സാറ്. എന്നെയും വിളിച്ചു,  ലീവിലല്ലേ ചടങ്ങുകളൊക്കെ കഴിഞ്ഞെങ്കിൽ ഒപ്പം ചെല്ലുന്നോയെന്ന് ചോദിച്ചു

 

എന്നിട്ട് നീയെന്ത് പറഞ്ഞു ?”

 

ഞാൻ ചെല്ലാമെന്ന് പറഞ്ഞു. സാറിൻറെ ഒപ്പം നിന്ന് രീതികളൊക്കെ മനസിലാക്കാൻ കിട്ടുന്ന അവസരമല്ലേ, എന്തായാലും രണ്ട് ദിവസത്തേക്കാണ് ലീവെടുത്തത്. അതിങ്ങനെയാകട്ടെ

 

കൂടെ പോകുന്നതൊക്കെ കൊള്ളാം... പക്ഷേ മനസ് പതറിപ്പോകരുത്. അറിയാതെ മനസിലൊളിപ്പിച്ച് വച്ചിട്ടുള്ള രഹസ്യങ്ങളൊന്നും രാജേഷ് സാറിനോട് പറഞ്ഞേക്കരുത്. സാറ് നിയമം വിട്ട് ഒന്നും ചെയ്യാത്തൊരാളാണ്, അതിനി ഏത് കൊമ്പത്തുള്ളവൻ പറഞ്ഞാലും. സോ ബീ കെയർഫുൾ

 

അങ്ങനെ ഒരു മുന്നറിയിപ്പ് ചന്തുവിന് നൽകിക്കൊണ്ടാണ് ജയമോഹൻ കോൾ കട്ട് ചെയ്തത്.

 

സി ഐ രാജേഷിൻറെ കാറിലായിരുന്നു അടിവാരത്തേക്കുള്ള യാത്ര. തളർന്ന് കിടപ്പിലായ ടോമിച്ചനെ കാണാനുള്ള യാത്ര. രാജേഷിനൊപ്പം ചന്തു മാത്രമേയുണ്ടായിരുന്നുള്ളു.

 

കുറച്ച് ദിവസം മുൻപ് കഴഴുകൻറെ ചരിത്രം ചികയാൻ പുതുമലക്കണ്ടത്തേക്ക് പോകും മുൻപ് നമ്മുടെ പോലീസ് റെക്കോർഡിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് നീയും അഭയനും ഒരു മണിയൻ സാറിനെ കാണാൻ പോയിരുന്നില്ലേ?”

 

അതേ സാറ് പറഞ്ഞിട്ടല്ലേ ഞങ്ങളന്ന് പോയത്, അവിടെ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ചല്ലേ പിന്നെ പുതുമലക്കണ്ടത്തേക്ക് പോയതും. എന്താ സാറേ ഇപ്പോ അതേപ്പറ്റി ചോദിച്ചത്?

 

ഒന്നുമില്ല.... വെറുതേ ഓർത്തപ്പോൾ ചോദിച്ചതാണ്......ഞാനായിരുന്നു അന്ന് ഈ മണിയൻ സാറിൻരെ സ്ഥാനത്തുണ്ടായിരുന്നതെങ്കിൽ തീർച്ചയായും പദ്മിനിയെ പോയി കാണുമായിരുന്നു. രവി അവളെ കാണാൻ നിശ്ചയമായും ചെല്ലുമെന്ന്  ഒരു പോലീസുകാരൻ പ്രതീക്ഷിക്കുമല്ലോ ? അതേപ്പറ്റി ഈ മണിയൻ സാർ ഒന്നും പറഞ്ഞില്ലേ ? അതോ നിങ്ങൾ അതേപ്പറ്റി ചോദിച്ചില്ലേ ?”

 

ഒന്നുമില്ലെന്ന് സി ഐ രാജേഷ് പറഞ്ഞെങ്കിലും അയാളുടെ ഉള്ളിൽ എന്തൊക്കെയോ കൂട്ടലും കിഴിക്കലും നടക്കുകയാണെന്ന് ചന്തുവിന് ഉറപ്പുണ്ടായിരുന്നു.

 

അഭയൻ അതേപ്പറ്റി ചോദിച്ചിരുന്നു സാർ. പക്ഷേ മനസിൻറെ സമനില തെറ്റിയ അവരെത്തിരഞ്ഞ് പോയാൽ എന്ത് കിട്ടാനാ അതുകൊണ്ട് അതവിടെ വിട്ടിട്ട് പോരുന്നു എന്ന് പറഞ്ഞു. ഞങ്ങൾ പുതുമലക്കണ്ടത്ത് പോയി അന്വേഷിച്ചപ്പോഴും പദ്മിനിയെക്കുറിച്ച് കാര്യമായ വിവരമൊന്നും കിട്ടിയില്ല.  തൊണ്ണൂറ്റിനാലിലെ ഉരുൾപൊട്ടലിൽ അവിടെയുണ്ടായിരുന്ന ഗ്രാമം ഏതാണ്ട് പൂർണ്ണമായും തുടച്ച് നീക്കപ്പെട്ടിരുന്നു. പിന്നെ അവശേഷിച്ചവരിൽ ഈ കഥയൊക്കെ അറിയാവുന്ന ഒരേയൊരാൾ പീറ്ററാണ്. പിന്നെയുള്ളത് മുൻ എം പി ജോൺ വർഗ്ഗീസാണ്, കൊല്ലപ്പെട്ട ബെഞ്ചമിൻ ലോറൻസിൻറെ അനുജൻ. പക്ഷേ ഈ സംഭവങ്ങളൊക്കെ നടക്കുന്ന കാലത്ത് അയാൾ വിദേശത്തെവിടെയോ പഠിക്കുകയായിരുന്നു. പീറ്റർ പറഞ്ഞത് ആദ്യം പദ്മിനിയെ ചികിത്സിച്ചിരുന്നത് തമിഴ്നാട്ടിൽ കേരള അതിർത്തിയിൽ നിന്നും ഒരു അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു മാനസികരോഗാശുപത്രിയിലാണെന്നാ. പീറ്റർ ഒന്ന് രണ്ട് തവണ അവിടെപ്പോയി പദ്മിനിയെ കണ്ടിട്ടുണ്ടായിരുന്നു. ബഞ്ചമിനായിരുന്നു ചികിത്സയ്ക്ക് പണം കൊടുത്തിരുന്നത്. ബഞ്ചമിനൊപ്പമായിരുന്നു പീറ്റർ അവിടെപ്പോയിട്ടുള്ളത്. പക്ഷേ ആശുപത്രിയിൽ നിന്നും ആരോ ബന്ധു വന്ന് കൂട്ടിക്കൊണ്ട് പോയി എന്നാണ് പിന്നീടൊരിക്കൽ അവിടെപ്പോയ പീറ്റർ അറിഞ്ഞത്. പക്ഷേ അതാരാണെന്ന് അറിയില്ല. ബെഞ്ചമിനോട് ചോദിച്ചപ്പോഴും അതേക്കുറിച്ചറിയില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു എന്നാണ് പീറ്റർ പറഞ്ഞത്.

 

 

ബഞ്ചമിൻറെ മരണശേഷം പദ്മിനിയെ ആരായിരിക്കും കൊണ്ട് പോയിട്ടുണ്ടാവുക. തീർച്ചയായും അത് രവിയായിരിക്കും. കഴുകൻ രവി. ഇപ്പോഴും അയാളുടെ തണലിൽ എവിടെയോ സുഖമായി കഴിയുന്നുണ്ട് പദ്മിനിയും രവിയുടെ ചോരയിൽ പിറന്ന കുഞ്ഞും. അന്നത്തെ ആ കുഞ്ഞിനിപ്പോൾ മുപ്പത്തിയൊന്ന് വയസ്സുണ്ടാകും. അത് ആൺകുട്ടിയായിരുന്നോ പെൺകുട്ടിയായിരുന്നോ എന്ന് നമുക്കറിയില്ല. തൻറെ അച്ഛനെ ഈ വിധം കിടപ്പിലാക്കിയവനെത്തേടി പകയോടെ പുറത്ത് കാത്തിരിക്കുകയാവും. അതാണ് രവി പറഞ്ഞത് നമുക്ക് മുൻപേ അവൻ ആളിനെ കണ്ടെത്തുമെന്ന്. തുണയായി ആരോ ഉള്ളതിൻറെ ധൈര്യം അവൻറെ വാക്കുകളിൽ ഞാൻ കണ്ടിരുന്നു. കഴുകൻറെ രക്തത്തിൽ പിറന്നതല്ലേ, അതിപ്പോ ആണായാലും പെണ്ണായാലും വീര്യമൊട്ടും കുറയില്ല. അത് കൊണ്ട് അത് ചെയ്തയാളിനെ കഴുകൻ കണ്ടെത്തും മുൻപേ നമുക്ക് കണ്ടെത്തണം, അല്ലെങ്കിൽ ഒരു മരണം ഉറപ്പായും സംഭവിക്കും. അതൊഴിവാക്കണം.

രാജേഷ് പറയുന്നതിനിടിയിൽ മിററിലൂടെ ചന്തുവിനെ നോക്കുന്നുണ്ടായിരുന്നു. അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ചന്തുവിൻറെ പതർച്ച രാജേഷ് വ്യക്തമായി മനസിലാക്കിയിരുന്നു. അയാളുടെ ചുണ്ടിൻറെ കോണിൽ നിഗൂഢമായൊരു മന്ദഹാസം വിരിഞ്ഞു. തൻറെ മനസിൻറെ പിരിമുറുക്കം സി ഐ രാജേഷ് കാണാതിരിക്കുവാൻ ചന്തു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.

 

ചന്തൂ .... നിങ്ങൾ പുതുമലക്കണ്ടത്ത് നിന്നറിഞ്ഞതും, കഴുകൻ രവിയിൽ നിന്ന് ഞാനറിഞ്ഞതും ഒക്കെ കൂട്ടിച്ചേർത്ത് ഞാനുണ്ടാക്കിയ ഒരു സ്റ്റോറി പറയാം... അന്നത്തെ ആ അക്രമസംഭവങ്ങൾക്ക് ശേഷം മാസങ്ങൾക്ക് ശേഷം ബോധം തിരിച്ച് കിട്ടിയ കഴുകൻ രവി പദ്മിനിയെ തേടി കണ്ട് പിടിച്ച് മറ്റെവിടേക്കോ മാറ്റി. അതിന് ശേഷം പുതുമലക്കണ്ടത്തെത്തി ബഞ്ചമിനെ കൊന്നു. പദ്മിനി പ്രസവിച്ച കുഞ്ഞിനെ രവി വളർത്തി വലുതാക്കി. ഈ സമൂഹത്തിൽ ആരാലും അറിയപ്പെടാതെ രവി അവരെ സംരക്ഷിച്ച് നിർത്തി. ആ മകൻ ഇപ്പോ ചിലപ്പോ പഠിച്ച് ജോലിയൊക്കെ നേടി നല്ല നിലയിലാണെങ്കിലോ?, അതല്ലെങ്കിൽ കഴുകൻ രവി മോഷ്ടിച്ച മുതലൊക്കെ കൊണ്ട് ബിസിനസ് ചെയ്ത് വലിയ പണക്കാരനായെങ്കിലേ? സത്യം പറഞ്ഞാൽ ഈ കഴുകൻ രവിയുടെ മകൻ വളർന്ന് ഇന്നൊരു പോലീസുകാരനായി നമ്മുടെ ഇടയിൽ തന്നെയുണ്ടോ എന്ന് പോലും ഞാൻ ഭയക്കുന്നു. കാരണം പോലീസ് അവനെ പിടിക്കാനായി വലവീശുമ്പോഴൊക്കെ അവൻ എല്ലാം മുൻകൂട്ടിയറിഞ്ഞെന്ന പോലെ സമർത്ഥമായി രക്ഷപെട്ടിട്ടുണ്ട്. ഇങ്ങനെ പരസഹായമില്ലാതെ ഒന്നെണീക്കാൻ പോലുമാകാതെ ആശുപത്രിയിൽ ഐ സി യു വിൽ കിടക്കുമ്പോഴും ഞാൻ സസ്പെൻഷനിലായ വിവരം കഴുകൻ കൃത്യമായി അറിഞ്ഞിട്ടുണ്ട്. എങ്ങനെ?”

 

ഇത്തവണ ചന്തു ശരിക്കും ഞെട്ടി. പരിചിതമായ പല പോലീസ് മുഖങ്ങളും ചന്തുവിൻറെ മനസിലൂടെ മിന്നിമാഞ്ഞു. അഭയൻ, ജോഷി, ...

 

അതൊക്കെ വെറും സാദ്ധ്യതകൾ മാത്രമല്ലേ സാറേ....കഴുകൻ രവിയ്ക്ക് അങ്ങനെയൊരു മകനുണ്ടെങ്കിൽ അവരുമായി കഴുകൻ രവി ബന്ധപ്പെട്ടിരുന്നുവെങ്കിൽ ഇതിന് മുൻപേ നമ്മുടെ പോലീസ് സംവിധാനം അവരെ ട്രെയിസ് ചെയ്യേണ്ടിയിരുന്നതല്ലേ ?

 

ചന്തൂ സുകുമാരക്കുറിപ്പിനെ കണ്ടെത്താൻ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. അവിടെ കണ്ടു ഇവിടെ കണ്ടും എന്നൊക്കെ പലരും പറഞ്ഞ് കേട്ടതല്ലാതെ.... എടോ ഒരു ക്രിമിനൽ ഇൻറലിജൻറാണേൽ നമ്മൾ പോലീസ് ശരിക്കും വിയർക്കും. ഇന്നത്തെ കാലത്ത് ആൾക്കാരെല്ലാം ഫോണുകൾ ഉപയോഗിക്കുന്നു,ക്രിമിനലുകളും. നമ്മൾ നൈസായിട്ട് കോൾ ട്രാക്ക് ചെയ്തും ജിപിഎസ് ട്രാക്ക് ചെയ്തമൊക്കെ ഈസിയായി അവരെ കണ്ട് പിടിക്കുന്നു. ഈ ക്രിമിനലുകൾ ഫോൺ ഉപയോഗിച്ചില്ലെങ്കിൽ എന്തു ചെയ്യും?”

 

സാറ് പറഞ്ഞ് വരുന്നത് സുകുമാരക്കുറുപ്പിനെയൊക്കെ പോലെ അതിസമർത്ഥനായ, ബുദ്ധിരാക്ഷസനായ ഒരു ക്രിമിനലാണ് ഈ കഴുകൻ രവിയെന്നാണോ?”

 

എന്താ ചന്തൂ നിനക്ക് അക്കാര്യത്തിൽ എന്തേലും സംശയമുണ്ടോ ? എടാ അന്ന് ആ സംഭവദിവസത്തെ മൊബൈൽ കോൾ റിക്കാർഡ്സും ഡേറ്റായും നമ്മൾ കണ്ടതല്ലേ. സിസിറ്റിവിയിൽ കണ്ടത് രമേശൻ ഫോണിൽ സംസാരിച്ചോണ്ട് പോകുന്നത്. പക്ഷേ ആ സിംകാർഡ് കഴുകൻ രവിയുടെ പേരിലുള്ളത്. ആ ഫോണിൽ നിന്ന് സംസാരിച്ചതും കഴുകൻ രവിയുടെ പേരിൽ അതേ ടവർ ലൊക്കേഷനിൽ തന്നെയുള്ള മറ്റൊരു ഫോണിലേക്ക്. ആ രണ്ട് ഫോണും അതിന് ശേഷം ഓണായിട്ടില്ല. നമുക്ക് റിക്കവർ ചെയ്യാൻ പറ്റിയിട്ടുമില്ല. ഇത്രയൊക്കെ പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്ത കഴുകൻ രവിയെയാണോ ചന്തൂ അണ്ടർഎസ്റ്റിമേറ്റ് ചെയ്യുന്നത്.

 

ശരിക്കും ചന്തു മറന്ന് പോയിരുന്ന സംഗതിയായിരുന്നു അത്. ഒരു പക്ഷേ ഇതൊക്കെ കഴുകൻ രവിയുടെ ബുദ്ധിയാകണമെന്നില്ല, രാജേഷ് സാർ പറഞ്ഞപോലെ ആ മകൻറെ ബുദ്ധിയാണെങ്കിലോ ? അങ്ങനെയെങ്കിൽ അധികം വൈകാതെ ആ മകൻ തന്നെ തേടിയെത്തും. ചന്തുവിൻറെ ചിന്തകൾ നൂലുപൊട്ടിയ പട്ടം പോലെ ആടിയുലഞ്ഞു.

 

 

ശരിക്കും സാറ് പറഞ്ഞപോലെ ആ കഴുകൻ രവിയുടെ മകൻ വളർന്ന് ഇന്ന് ഒരു പോലീസുകാരനായി മാറിയിട്ടുണ്ടാകുമോ ?”

 

ചന്തുവിൻറെ ചോദ്യം കേട്ട് രാജേഷ് ഉറക്കെ ചിരിച്ചു.

 

എടോ ചന്തൂ, ഈ ഇൻവെസ്റ്റിഗേഷൻ സിനിമകൾ സ്ഥിരമായി കാണുന്നതിൻറെ കുഴപ്പമായിരിക്കും എന്തിലും ഏതിലും ഞാനിങ്ങനത്തെ ട്വിസ്റ്റുകൾ പ്രതീക്ഷിക്കും. ചിലപ്പോഴൊക്കെ ഇത്തരം ഭ്രാന്തൻ നിഗമനങ്ങൾ സത്യമായും വരാറുണ്ട് കേട്ടോ.... അതുപോലെയൊന്നാണ് പോലീസുകാരനായ മകൻ... പക്ഷേ അത് സംഭവിക്കാവുന്നൊരു ട്വിസ്റ്റാണ്.

 

രാജേഷ് അത് പറയുമ്പോൾ ചോദിച്ചതൊരു മണ്ടത്തരമായോ എന്നോരു ആശങ്ക ചന്തുവിനുണ്ടായിരുന്നു. ജയമോഹൻ സാർ പറഞ്ഞിരുന്നതാണ് രാജേഷ് സാറിനെപ്പറ്റി. ഇൻവെസ്റ്റിഗേഷൻ എന്നത് സി ഐ രാജേഷ് വർഗ്ഗീസിന് വല്ലാത്തൊരു ലഹരിയാണ്. കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോൾ അവരുടെ മൊഴികളിലെ സൂചിപ്പഴുതുകളിൽ കൂടി നുഴഞ്ഞ് കയറി സത്യം ചികഞ്ഞെടുക്കുന്നതിന് അസാമാന്യമായ വിരുതുള്ളയാൾ. അതുകൊണ്ട് പറയുന്ന ഒരോ വാക്കും സൂക്ഷിച്ച് വേണമെന്ന് ജയമോഹൻ സാർ വാണിംഗ് തന്നിരുന്നതുമാണ്.

 

എന്താടോ ചന്തൂ വലിയ ആലോചനയിലാണല്ലോ ? താൻ കഴുകൻ രവിയുടെ പോലീസുകാരനായ മകൻറെ പിന്നാലെയാണോ ?”

 

ചന്തു ഒന്നും മിണ്ടാതെയിരിക്കുന്നത് കണ്ട് കളിയാക്കിയാണ് രാജേഷത് ചോദിച്ചത്.

 

ഹേയ് അങ്ങനെയൊന്നുമില്ല സാറേ, ഞാനെന്തോ വെറുതേയൊർത്തിരുന്നു പോയതാ

 

അത് താൻ വിട്ടുകളയെടോ.... നമുക്ക് കഴുകൻ രവിയുടെ മകനെ വിട്ടിട്ട് കഴുകനിലേക്ക് വരാം. ആ അന്നമ്മ ടീച്ചറിനെ ആക്രമിച്ചതാണല്ലോ കഴുകനെതിരേ നമ്മുടെ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസ്. അതിൻറെ തുടർച്ചയാണല്ലോ പിന്നെ ഉണ്ടായതെല്ലാം... ആ ടീച്ചറമ്മ ഒരു വല്ലാത്ത മനുഷ്യ സ്നേഹിയായിരുന്നല്ലേ..... സമ്പാദിക്കുന്നതിൻറെ വലിയ പങ്കും ദാനം ചെയ്തിരുന്നവർ..... അവർ പഠിപ്പിച്ച്, അവരുടെ ചിലവിൽ പഠിച്ച് വലിയ സ്ഥാനങ്ങളിലെത്തിയവർ ഒത്തിരി പേരുണ്ട്. നമ്മുടെ അസിസ്റ്റൻറ് കളക്ടർ വീണ മാഡവും അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് എബ്രഹാം സാറുമൊക്കെ അന്നമ്മ ടീച്ചറിൻറെ ശിഷ്യരല്ലായിരുന്നോ.  വീണ മാഡം ഈ കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ ചാനലിൽ പറയുന്നത് കേട്ടു. അന്നമ്മ ടീച്ചർ എന്നും കൊണ്ടു കൊടുത്തിരുന്ന പൊതിച്ചോറിൻറെ രുചിയെപ്പറ്റിയും വാങ്ങിക്കൊടുത്ത കുട്ടിയുടുപ്പുകളുടെ ചന്തത്തെപ്പറ്റിയും. അച്ഛൻ വീണുപോയ ശേഷം ചികിത്സയ്ക്കും വീട്ടുചിലവുകൾക്കും തൻറെ പഠനത്തിനും ഈ അന്നമ്മ ടീച്ചർ വലിയൊരു തുക തന്നെ ചിലവാക്കിയിട്ടുണ്ടാകില്ലേ ചന്തൂ....

 

യാതൊരു ഭാവഭേദങ്ങളുമില്ലാതെ സി ഐ രാജേഷ് വർഗ്ഗീസ് അത് പറയുമ്പോൾ ചന്തുവിൻറെ മനസിൽ കൊടുങ്കാറ്റ് വീശുകയായിരുന്നു. അടിവയറ്റിൽ വല്ലാത്തൊരു വേദന ഉരുണ്ട് കൂടാൻ തുടങ്ങിയത് ചന്തുവിനെ അസ്വസ്ഥനാക്കി. അവൻ കയ്യിൽ കരുതിയിരുന്ന മിനറൽ വാട്ടറിൻറെ ബോട്ടിൽ തുറന്ന് കുറച്ചധികം വെള്ളം കുടിച്ചു. പക്ഷേ പരവേശം അടങ്ങുന്നുണ്ടായിരുന്നില്ല. രാജേഷ് അതൊന്നും ശ്രദ്ധിക്കാത്തപോലെ ഇരുന്ന വണ്ടി ഓടിക്കുകയാണ്. ബോട്ടിൽ അടച്ച് വച്ച ശേഷം ചന്തു സംസാരിക്കാൻ തുടങ്ങിയപ്പോൾ അത് ശ്രദ്ധിക്കാതെ രാജേഷ് പറഞ്ഞതിന് തുടർച്ചയായി സംസാരിച്ചു.

 

സ്വന്തം അച്ഛൻറെ വലത് വശം അപ്പാടെ തളർത്തിക്കിടത്തിയവനോട്, തൻറെ കുടുംബം കടത്തിൻറെ നടുക്കടലിൽ വീഴാൻ കാരണക്കാരനായവനോട് പകയുണ്ടാവുക സ്വാഭാവികം. വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരിക്കൽ കൂടി ഏറ്റവും പ്രിയപ്പെട്ടൊരാളെ അതേ കഴുകൻ ആക്രമിക്കുമ്പോൾ ഉള്ളിലെ കനലൊടുങ്ങതെ കിടന്ന പക ആളിക്കത്തും. അത് തികച്ചും സ്വാഭാവികം. തരത്തിനൊത്ത് കിട്ടിയാൽ ഞാനായാലും കാച്ചും, അതിപ്പോ ഏത് കഴുകനാണെങ്കിലും. നിയമത്തിൻറെ കണ്ണിൽ ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റമാണെന്നൊന്നും ആവേശത്തിൽ ഒരോന്ന് ചെയ്യുമ്പോൾ നമ്മൾ ഓർക്കില്ല അല്ലേ ചന്തൂ....

 

സി ഐ രാജേഷ് വർഗ്ഗീസ് കാർ സൈഡിലേക്ക് നിർത്തി,  ഡോർ തുറന്ന് പുറത്തിറങ്ങി. അവിടെയൊരു പെട്ടിക്കടയുണ്ടായിരുന്നു. രണ്ട് സോഡാ നാരങ്ങാ ഒഴിക്കാൻ പറഞ്ഞ ശേഷം കാറിനരികിലെത്തി. ചന്തു കാറിൽ തന്നെയിരിക്കുകയായിരുന്നു. രാജേഷ് ചന്തുവിനടുത്തേക്ക് കുനിഞ്ഞ് നിന്നു.

 

സർ ആവേശം കാണിച്ച അബദ്ധം പറ്റിയതല്ല, വരും വരായ്കകൾ അറിഞ്ഞ് തന്നെ ചെയ്തതാണ്.....

 

ചന്തു പറയാൻ സമ്മതിക്കാതെ രാജേഷ് തടഞ്ഞു.

 

ചന്തൂ... നിൻറെ കൺഫെഷനൊന്നും എനിക്ക് കേൾക്കേണ്ട..... അത് കേൾക്കാനല്ല ഈ യാത്രയിൽ ഒപ്പം കൂട്ടിയതും. എൻറെ ലക്ഷ്യം നിനക്ക് കിട്ടാൻ പോകുന്ന ശിക്ഷ കുറയ്ക്കുക എന്നത് മാത്രമാണ്. അത് പക്ഷേ ഇൻഡ്യൻ പീനൽ കോഡ് നിനക്ക് വിധിക്കാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് കുറയ്ക്കാനല്ല. കഴുകൻ രവിയുടെ കോടതി വിധിക്കുന്ന ശിക്ഷയാണ് ഞാൻ ഭയക്കുന്നത്. കാരണം വിധി നടത്താൻ വരുന്നതൊരു അജ്ഞാതനാണ്. കഴുകൻ രവിയുടെ മകൻ.

തുടരും.....

 

രഞ്ജിത് വെള്ളിമൺ

 

 

 

 

 

No comments:

Post a Comment

Type your valuable comments here