മിനിക്കഥ
നട്ടുച്ച നേരത്തെ എരിവെയിലിൽ ബൈക്ക് ഓടിക്കുമ്പോൾ ദേഹത്ത് തീ കോരിയിടും പോലെ അവന് പൊള്ളുന്നുണ്ടായിരുന്നു. തണലിനായി ഒരു മരത്തലപ്പ് പോലും ഇല്ലാത്ത ഹൈവേയാണ്. ഏറെ നേരത്തെ അലച്ചിലിനൊടുവിൽ തണലിടം കിട്ടി. ബൈക്ക് ഒതുക്കി വച്ച് അവിടെ കണ്ട സിമൻ്റ് ബഞ്ചിൽ ഇരുന്ന് ബാഗിലെ കുപ്പിയിൽ നിന്നും അൽപം വെള്ളം കുടിച്ച് കൈയ്യും കഴുകി ചോറുപൊതി നിവർത്താൻ തുടങ്ങി. അപ്പോഴാണ് മരത്തിൻ്റെ ചുവട്ടിൽ പഴന്തുണിക്കെട്ട് പോലെ കിടന്നൊരു അമ്മുമ്മയെ കണ്ടത്, അവശയാണ്, ദൈന്യതയോടെ നോക്കി, വയറ് നട്ടെല്ലിനോട് ഒട്ടികിടക്കുന്നു.
അവൻ എഴുന്നേറ്റ് ചെന്ന് കൈയ്യിലെ പൊതി അവർക്ക് നേരേ നീട്ടി
"ഇത് അമ്മൂമ്മ കഴിച്ചോളു, ഞാൻ അൽപം മുൻപ് വയറ് നിറച്ച് ഭക്ഷണം കഴിച്ചതേയുള്ളു"
പൊതി നൽകി അവൻ തിരികെ ബൈക്കിനടുത്തേക്ക് നടന്നു.
രഞ്ജിത് വെള്ളിമൺ
Tags
Short Story
